Tuesday 23 June 2015

അരുവിക്കരയിൽ താമര വിരിയുമോ?

"അരുവിക്കരയിൽ ആര് ജയിക്കും?", ഇന്നുരാവിലെ ഞാൻ സുഹൃത്തിനോട് ചോദിച്ചു.

പെട്ടെന്ന് ഉത്തരം വന്നു, "വിജയൻ ജയിക്കുമോ, ശബരി ജയിക്കുമോ എന്ന് പറയാൻ പ്രയാസമാണ്"

അപ്പോൾ മലയാളികളുടെ രാഷ്ട്രീയ കൂട്ടിക്കിഴിക്കലുകളിൽ ഇപ്പോഴും ഇടതനും വലതനും മാത്രമേ ഉള്ളൂ.

താമര കേരളത്തിലുള്ള കുളങ്ങളിൽ വിരിയാറുണ്ടെങ്കിലും, ദേശീയമായി വീശുന്ന കൊടുങ്കാറ്റുകൾ പോലും വലിയ ചലനം സൃഷ്ടിക്കാത്ത കേരളത്തിലെ രാഷ്ട്രീയമണ്ണിൽ, ഇപ്പോഴും താമര വിരിയാൻ സാധ്യത ആരും കൽപ്പിക്കുന്നില്ല എന്ന് സാരം.

"എങ്കിൽ ഒരു പന്തായത്തിനുണ്ടോ?" ഒന്ന് നിർത്തിയിട്ട്, ഞാൻ ഇത്രയും കൂടി കൂട്ടിച്ചേർത്തു, "ഇത്തവണ രാജേട്ടൻ ജയിക്കും"

ഞാനൊരു പൊട്ടൻ ആണെന്ന് സുഹൃത്തിന് നന്നായി  അറിയാം. എന്നാലും ഇത്രയും വലിയ പൊട്ടനോ എന്നൊരു അതിശയം പുള്ളിയുടെ നോട്ടത്തിൽ ഉണ്ടായിരുന്നു.

പിന്നെ താമസിച്ചാൽ ഞാൻ തീരുമാനം മാറിയാലോ എന്നു കരുതി, പെട്ടെന്ന് പറഞ്ഞു, "സമ്മതിച്ചു, എത്രയാണ് തുക?"

ആ പറച്ചിലിലെ ആത്മവിശ്വാസം കണ്ടപ്പോൾ, എൻറെ പൈസ പോയതുതന്നെ എന്നെനിക്കു തോന്നി. അതിനാൽ പന്തയത്തുക രണ്ടുപേരും നൽകേണ്ടതിൽ ഞാൻ ഒരു പരിഷ്കാരം വരുത്തി.

"രാജേട്ടൻ ജയിക്കില്ലെന്ന് ഉറപ്പാണല്ലോ, അതിനാൽ, രാജേട്ടൻ ജയിച്ചാൽ എനിക്ക് ആയിരം രൂപ തരണം, തോറ്റാൽ അഞ്ഞൂറ് രൂപ ഞാൻ തരും. സമ്മതമാണോ?"

നൂറുശതമാനം പന്തയം ജയിക്കുമെന്ന് അറിയാമെന്നതിനാൽ, എൻറെ വ്യവസ്ഥ അംഗീകരിക്കും എന്നാണു ഞാൻ കരുതിയത്‌. പക്ഷെ   എനിക്ക് തെറ്റി.

സുഹൃത്ത് അൽപനേരം ആലോചിച്ചു.

ആ ആലോചനയ്ക്ക് കൊഴുപ്പുകൂട്ടാൻ ഞാൻ ഇത്രയും പറഞ്ഞു, "വലതുപക്ഷം സരിതയുടെ അടിപ്പാവാടയുടെ വള്ളിയിലും, മാണിമാരുടെയും ബാബുമാരുടെയും അഴിമതികളിലും, ഉമ്മനടക്കമുള്ളവരുടെ 'തെളിവില്ലാ' നാടകങ്ങളിലും സംശുദ്ധരാഷ്ട്രീയം പോകട്ടെ, നാണം എന്നൊന്നുപോലും ഇല്ലാതെ ഇരിക്കുകയാണ്. ഇടതുപക്ഷം എന്നു പറയുമ്പോൾ തന്നെ ടിപിയുടെ വികൃതമായ മുഖവും, ബോംബുകളും അവ ഉണ്ടാക്കിയിട്ടുള്ള ഭീതിയും വെറുപ്പും ആണ് ജനങ്ങളുടെ മനസ്സിൽ. ഈയൊരു സാഹചര്യത്തിൽ, ബിജെപിയുടെ വർഗ്ഗീയരാഷ്ട്രീയം, കേരളത്തിലെ കുറിതൊട്ടു നടക്കുന്നവരെയും ക്രമേണ ലഹരി പിടിപ്പിക്കില്ലെന്ന് ഉറപ്പൊന്നുമില്ല. കൂടെ രാജേട്ടൻറെ സംശുദ്ധ രാഷ്ട്രീയവും. മാത്രവുമല്ല, ഒരാൾ മണ്ഡലം മുഴുവൻ 'ദേ പോയി ദാ വന്നു' എന്നുപറഞ്ഞ് നടക്കുന്നുമുണ്ട്. പുള്ളി വാ തുറന്നാൽ വിടുവായത്തമേ പറയൂ എങ്കിലും, രാമനാമം ചൊല്ലി നടക്കുന്ന കുറേപ്പേരെ എങ്കിലും സ്വാധീനിക്കാൻ മുള്ളുന്നതിനുവരെ ജ്യോത്സ്യം നോക്കുന്ന ആ കിഴങ്ങന് കഴിയും."

ഇത്രയും കേട്ടപ്പോൾ, സുഹൃത്ത് കൂടുതൽ ചിന്തയിലാണ്ടു.

ആലോചന കഴിഞ്ഞപ്പോൾ ആ മുഖത്ത് മുൻപ് ഉണ്ടായിരുന്ന ആത്മവിശ്വാസത്തിൽ നേരിയ ഇടിവ് സംഭവിച്ചതു പോലെ തോന്നി. ഈ പൊട്ടൻ പറയുന്നതുപോലെ, താമരയെങ്ങാനും വിരിഞ്ഞാലോ, ആയിരം പോയത് തന്നെ. അതിനാൽ, എൻറെ വ്യവസ്ഥ അംഗീകരിക്കാൻ തയ്യാറാകാതെ ഇങ്ങിനെ പറഞ്ഞു, "അതു പറ്റില്ല, രാജേട്ടൻ തോറ്റാൽ എനിക്കും ആയിരം കിട്ടണം"

പക്ഷെ ആ പറഞ്ഞതിൽ പോലും ഒരുറപ്പില്ലായ്മ നിഴലിച്ചിരുന്നു.

അങ്ങിനെ ആദ്യമായി, കേരളത്തിലെ ഒരു നിക്ഷ്പക്ഷ സമ്മതിദായകൻ ദേശീയമായി ഉണ്ടായകാറ്റിൽ ചെറുതായെങ്കിലും ഒന്നുലഞ്ഞു!

എന്നെ സംബന്ധിച്ച് ആയിരം എന്നത് വലിയൊരു തുകയല്ല, അതേസമയം സുഹൃത്തിന് ഒന്നര ദിവസത്തെ കൂലിയാണത്. അപ്പോൾ, നല്ല ഉറപ്പുണ്ടെങ്കിലേ കക്ഷി പന്തയം ഉറപ്പിക്കൂ എന്നറിയാം.

കേരളത്തിലെ ഒരു സമ്മതിദായകൻ ഇപ്പോൾ എവിടെ നിൽക്കുന്നു എന്നറിയാൻ ഉള്ള ജിജ്ഞാസയിൽ ഞാൻ സമ്മതിച്ചു, "ശരി, ആയിരമെങ്കിൽ ആയിരം. എന്താ ഉറപ്പിക്കട്ടെ?

സുഹൃത്ത് ഇത്തവണ വല്ലാതെ വിഷമിച്ചു. താമര വിരിയില്ലെന്ന് ഉറപ്പിച്ചു ചിന്തിച്ച്, ആയിരം രൂപ കിട്ടും എന്നോർത്ത് സന്തോഷിക്കാൻ കക്ഷിക്കായില്ല എന്നത്, പന്തയത്തിൽ നിന്നും പിന്മാറാൻ പറഞ്ഞ ന്യായീകരണത്തിൽ നിന്നും എനിക്ക് മനസ്സിലായി, "തോറ്റാൽ ആയിരം രൂപ തരും എന്താണ് ഉറപ്പ്?!"

കക്ഷി എൻറെ സത്യസന്ധതയെ ചോദ്യം ചെയ്തതൊന്നുമല്ല എന്നെനിക്കറിയാം. ജയിക്കും എന്ന ഉറപ്പില്ലായ്മയാണ്‌ അതു പറയിച്ചത്!

കേരളത്തിലെ ഒരു സമ്മതിദായകൻ ഇത്ര പെട്ടെന്ന് ചഞ്ചലപ്പെടുമെന്ന് ഞാൻ പ്രതീക്ഷിച്ചതേയില്ല!!

അപ്പോൾ വേണമെങ്കിൽ കേരളക്കരയിലും താമര വിരിയാം.

ഞാൻ എന്നിട്ടും വിട്ടില്ല, "ഒരു കാര്യം ചെയ്യാം, ആയിരം രൂപ ഞാനിപ്പോഴേ തന്നേക്കാം. രാജേട്ടൻ ജയിച്ചാൽ അതും ചേർത്ത് എനിക്ക് രണ്ടായിരം രൂപ തന്നാൽ മതി"

അതു പറയുമ്പോഴും എൻറെ ആയിരം പോകും എന്നു തന്നെയാണ് ഞാൻ ചിന്തിച്ചത്.

പക്ഷെ കേരളത്തിലെ സമ്മതിദായകനു പക്ഷെ ഉറപ്പുപോരാ. അതിനാൽ പന്തായം ഉറപ്പിച്ചില്ല.

പക്ഷെ ഞങ്ങൾക്ക് രണ്ടുപേർക്കും ഉറപ്പുള്ള ഒരുകാര്യം ഉണ്ടായിരുന്നു. ഇവരിൽ ആര് ജയിച്ചാലും ജനം തോല്ക്കുക മാത്രമല്ല, കഴുതകൾ ആവുകയും ചെയ്യും.

ഒരുപാടുകാലം കൂടെ നടന്ന ഒരുവനെ സ്വന്തന്ത്രമായ അഭിപ്രായം പറഞ്ഞതിൻറെ പേരിൽ കുലംകുത്തി എന്നു വിളിച്ചിട്ട്, തുരുതുരാവെട്ടി വികൃതമാക്കിയ   (പിണറായി പ്രചാരണത്തിൽ സജീവമല്ലാത്തതു വെറുതെയല്ല, പിണറായിയെ കാണുമ്പോൾ, വികൃതമായ ടിപിയുടെ മുഖമാണ് നിക്ഷ്പക്ഷമതികളായ സമ്മതിദായകരുടെ മുന്നിൽ തെളിയുന്നത്, അവരാണ് ഇവിടെ ആരു ജയിക്കണം എന്ന് തീരുമാനിക്കുന്നതും) പാർട്ടിഗുണ്ടകൾ നയിക്കുന്ന, ബോംബുമായി നടക്കുന്ന അണികളുള്ള ഒരു പാർട്ടി ജയിച്ചുവന്നാൽ ജനത്തിന് കൂടുതൽ   ഭീതി അല്ലാതെ മറ്റെന്തുപ്രയോജനം?

അടിമുതൽ മുടിവരെ അഴിമതിയിൽ മുങ്ങി കുളിച്ചിട്ടും, നാണം എന്നൊന്ന്‌ തൊട്ടു തേക്കാത്ത  ഒരു പാർട്ടി ജയിച്ചാൽ വീണ്ടും കട്ടുമുടിച്ചു ഇവിടെ കുളംതോണ്ടുമെന്നല്ലാതെ ജനങ്ങൾക്ക്‌ എന്തു പ്രയോജനം?

വിവരം തൊട്ടു തേക്കാത്ത ചില സിനിമാസീരിയൽ  നടീനടന്മാരെ പ്രചാരണത്തിന് ഇറക്കുകയും, വർഗ്ഗീയവിഷം ചീറ്റുന്ന കുറെ നേതാക്കൾ ആ വിഷം ക്രമേണ ജനങ്ങളുടെയുള്ളിൽ നിറച്ച്, രാജ്യത്തെ   ജനാധിപത്യവ്യവസ്ഥയെയും, രാജ്യത്തെതന്നെയും നാശത്തിലേയ്ക്ക് നയിക്കുന്ന ഒരു പാർട്ടി ജയിച്ചാലും ജനങ്ങൾക്ക്‌ എന്ത് പ്രയോജനം?

അപ്പോൾ ആരുജയിച്ചാലും ജനം തോൽക്കും. എന്നാലും, പന്തയം വച്ചിരുന്നെങ്കിലും, രാജേട്ടൻ തോല്ക്കണം എന്ന് ഞാൻ ആഗ്രഹിച്ചേനെ, കാരണം, രാജേട്ടനും, വാജ്പേയിയും ഒക്കെ എത്ര നല്ലവർ  ആയിരുന്നാലും, അവർ പിന്തുടരുന്ന പാർട്ടിയുടെ  വർഗ്ഗീയരാഷ്ട്രീയം അവരിലെ നന്മക്കുവരെ   വെല്ലുവിളി ഉയർത്തി ഒരു വൻദുരന്തമായി മാറുന്നതിനേക്കാൾ, ഇടതുവലതന്മാരുടെ നെറികെട്ട രാഷ്ട്രീയത്തെ, ജനനന്മ ലക്‌ഷ്യംവച്ച് പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനം വളർന്നു വരുന്നതുവരെ സഹിക്കുന്നതാണ് തമ്മിൽഭേദം എന്നു പറയാവുന്നത്.

കാരണം, ഇടതുആക്രമണത്തിൽ വ്യക്തികൾ ആണ് കൊല്ലപ്പെടുന്നത്. ബാക്കി ഉള്ളവർ ഭയന്നായാലും ജീവിക്കും. വലതന്മാരുടെ അഴിമതിയിൽ ജനങ്ങൾ പട്ടിണി കിടന്നെങ്കിലും ജീവിക്കും. പക്ഷെ, വർഗ്ഗീയ രാഷ്ട്രീയം സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷം നമ്മുടെ  കുഞ്ഞുങ്ങളും, അവരിലൂടെ വരുന്ന തലമുറകളും പരസ്പരം വെട്ടിയും, കുത്തിയും രാജ്യത്തെ ഒരു ഭ്രാന്താലയമായിപ്പോലും നിലനിന്നുപോകാൻ പറ്റാത്ത അവസ്ഥ സൃഷ്ടിക്കും. അതോർക്കുമ്പോൾ, നാമിന്നു ഇടതുവലതന്മാരെ സഹിക്കുന്നത് എത്ര നിസ്സാരം.

വാൽക്കഷ്ണം:

ഞാൻ ഓരോ പാർട്ടിയുടെയും കുറവുകൾ എടുത്തു കാണിച്ചപ്പോൾ ആ കുറവുകൾ ആ പാർട്ടിയിൽ മാത്രമേ ഉള്ളൂ എന്ന്‌ ചിന്തിച്ച് മണ്ടനാവരുത്. അളവിൽ വ്യത്യാസം കണ്ടേക്കാം, പക്ഷെ അവയെല്ലാം, അഴിമതി ആവട്ടെ, കൊലപാത രാഷ്ട്രീയം ആവട്ടെ, വർഗ്ഗീയ രാഷ്ട്രീയം ആവട്ടെ, മറ്റെന്തുമാവട്ടെ, അതെല്ലാം ഈ പറഞ്ഞ കൂട്ടരിലെല്ലാം ഉണ്ട്.


No comments:

Post a Comment