Friday 28 July 2017

വാർത്ത

കണ്ണൂർ: പിതാവിനൊപ്പം അവധിക്കാലം ചെലവഴിക്കാൻ കോടതി അനുവദിച്ച വിധി സമ്പാദിച്ചതിൻറെ വൈരാഗ്യത്തിൽ ഭാര്യ നൽകിയ അടിസ്ഥാനരഹിതമായ പരാതിയിൽ പോക്സോ ചുമത്തി പിതാവിനെ ജയിലിലടച്ചു.

കണ്ണൂർ ജില്ലയിലെ ആലക്കോട് ചെറുപാറ സ്വദേശി ചെറുകാനം വീട്ടിൽ സിബി എന്ന് വിളിക്കുന്ന സെബാസ്റ്റ്യൻ തോമസ്സിനാണ് ദുരവസ്ഥ. പിണങ്ങി കഴിയുന്ന ഭാര്യ ഷെല്ലയാണ് ഹീനമായ ആരോപണം നടത്തി കേസ് കൊടുത്ത് ജയിലിൽ അടച്ചത്. വർഷങ്ങൾക്ക് മുൻപ് മകൾക്ക് തിരിച്ചറിവാകുന്നതിനും മുൻപ് പീഢിപ്പിച്ചുവെന്നാണ് കേസ്.

സ്വത്ത് മുഴുവൻ ഇഷ്ടദാനമായി നൽകിയ സിബിയുടെ 90 വയസ്സായ പിതാവിനെ സംരക്ഷിക്കാൻ തയ്യാറില്ലാതെ വീടുവിട്ടിറങ്ങിയ ഷെല്ല ഇപ്പോൾ എറണാകുളത്താണ് താമസിക്കുന്നത്. മകളെ വൈറ്റിലയിലെ ഒരു സ്വകാര്യ എൽപി സ്കൂളിലാണ് ചേർത്തത്മകളുടെ സ്കൂളിൽ ചൈൽഡ് ഹെൽപ്ലൈൻ നടത്തിയ കൗൺസിലിങ്ങിലാണ് പിതാവ് പീഢിപ്പിച്ച കാര്യം മകൾ പറഞ്ഞെന്നാണ് കേസിലെ പരാമർശം. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് ആലക്കോട് പോലീസ് കേസ്സെടുക്കുകയും പോക്സോ ചുമത്തി അറസ്റ്റ് ചെയ്ത് മെയ് 15ന് കണ്ണൂർ സബ് ജയിലിൽ അടയ്ക്കുകയും ചെയ്തു.

മകൾ പഠിക്കുന്ന സ്കൂളിൽവച്ച് ചൈൽഡ് ഹെൽപ്ലൈൻ നടത്തിയ കൗൺസിലിങ്ങിൽ പീഢിപ്പിച്ചുവെന്ന് മകൾ പറഞ്ഞതായാണ് പരാതിയിൽ പറഞ്ഞിരുന്നത്. പക്ഷെ അത്തരമൊരു കൗൺസിലിങ് നടന്നിട്ടില്ലെന്ന് സ്കൂൾ അധികൃതർ പറയുന്നു എന്ന് മാത്രമല്ല, കൗൺസിലിങ് നടന്നിട്ടില്ല എന്ന് കാണിച്ച് ഒരു കത്തും അവർ നൽകി. അതിൽത്തന്നെ, കുട്ടിക്ക് മാതാവിൽ നിന്ന് പ്രയാസങ്ങൾ അനുഭവപ്പെടുന്നുവെന്നാണ് സ്കൂൾ അധികൃതരോട് കുട്ടി പറഞ്ഞത് എന്നും പറഞ്ഞിട്ടുണ്ട്. ഇതോടൊപ്പം കുട്ടിക്ക് പിതാവിൻറെ കൂടെ ജീവിക്കുവാനും അവധിക്കാലം ചെലവഴിക്കാനുമുള്ള ഇഷ്ടം കാണിച്ചുകൊണ്ടുള്ള മകൾ എഴുതിയ കത്തും ലഭിച്ചു.

പരാതിയിലെതന്നെ വൈരുദ്ധ്യങ്ങളും, നിലവിലുള്ള സിബിക്കനുകൂലമായ കോടതിവിധിയും, മകളയച്ച കത്തും, സ്കൂൾ അധികൃതർ നൽകിയ കത്തും ഉണ്ടായിട്ടും, ജാമ്യാപേക്ഷ സമർപ്പിക്കുന്നതിൽ വക്കീൽ കാലതാമസം വരുത്തി. അതിനാൽ കോടതിയിൽ ഹാജരാക്കിയ ദിവസം സിബിതന്നെ നേരിട്ട് അപേക്ഷ നൽകേണ്ടി വന്നു. അത് പരിഗണിച്ച ജഡ്ജി ആവശ്യപ്പെട്ട പ്രകാരം ആണ് വക്കീൽ ജാമ്യാപേക്ഷ നൽകിയത്. അതിൻപ്രകാരം ഒരുമാസത്തിനുള്ളിൽ ജൂൺ 16ന് ജാമ്യം കിട്ടിയെങ്കിലും, അപ്പോഴേയ്ക്കും സിബിയുടെ ഒന്നേകാൽ ലക്ഷത്തിലേറെ ശമ്പളമുള്ള മൈസൂരുള്ള ജോലി നഷ്ടപ്പെട്ടിരുന്നു. ജൂൺ 14നാണ് തുടർച്ചയായി ജോലിയിൽ ഹാജരാകാതിരുന്നതിനാൽ ജോലിയിൽ നിന്നും പിരിച്ചുവിട്ടത്.

പോക്സോ കേസുകൾക്ക് 90 ദിവസം കഴിഞ്ഞാലേ ജാമ്യം ലഭിക്കുകയുള്ളൂ എന്ന മുൻവിധിയാണ് ഇതിനു പിന്നിലുള്ളത്.  പക്ഷെ പോക്സോയോ, അതിലും വലിയ കുറ്റമോ ചുമത്തിയാലും, ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് എന്ന അടിസ്ഥാനതത്വം സ്വന്തം വക്കീൽ പോലും മറന്നുപോകുന്നു എന്നതാണ് സിബിയെ വിഷമിപ്പിക്കുന്നത്.

മകളെ മാതാവിൽ നിന്നും വിട്ടുകിട്ടാൻ കുടുംബകോടതിയിൽ സിബി കേസ് കൊടുത്തിരുന്നു. മകളുമായി സംസാരിച്ച് പിതാവിനൊപ്പം പോകാൻ അതീവസന്തോഷം പ്രകടിപ്പിച്ചതായുള്ള പരാമർശം അടങ്ങിയ വിധിയാണ് കോടതി പുറപ്പെടുവിച്ചത്. പ്രസ്തുത വിധി നടപ്പിലാക്കാതിരിക്കാനാണ് മകളെ പീഢിപ്പിച്ചുവെന്ന ഗുരുതരമായ ആരോപണം ഉയർത്തി ഭാര്യ കേസ് നൽകിയതെന്ന് സിബി പറയുന്നു. സിബിയുടെ സഹോദരിയുടെ മകനും പീഢിപ്പിച്ചുവെന്ന് കേസിൽ പരാമർശമുണ്ട്.

ഇപ്പോൾ നാലാം ക്ലാസ്സിൽ പഠിക്കുന്ന സ്വന്തം മകളെ എടുക്കുന്നതും, കെട്ടിപ്പിടിക്കുന്നതുമെല്ലാം ലൈംഗികോദ്ദേശത്തോടെ ആണെന്ന തരത്തിലുള്ള ഏറ്റവും നീചമായ ആരോപണങ്ങളാണ് ഭാര്യ നിരന്തരം ഉന്നയിക്കുന്നതെന്നാണ് സിബി പറയുന്നത്.

പോക്സോ പോലെയുള്ള നിയമങ്ങൾ വേണമെന്നുതന്നെയാണ് സിബി പറയുന്നത്. സിബിതന്നെ ചെറുപ്പത്തിൽ പീഡനത്തിന് ഇരയായിട്ടുണ്ടെന്നു സിബി പറയുന്നു. അതൊരു കുട്ടിയിലുണ്ടാക്കുന്ന മാനസികവും ശാരീരികവുമായ വിഷമങ്ങൾ നന്നായറിയാവുന്നതിനാൽ, കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് ജാമ്യമല്ല, മറിച്ച് വധശിക്ഷയാണ് നൽകേണ്ടതെന്ന അഭിപ്രായമാണ് സിബിക്കുള്ളത്. പക്ഷെ, പരാതിയിൽ എന്തെങ്കിലും വാസ്തവമുണ്ടോ എന്ന് നോക്കാതെ, എന്തിന് ഒന്ന് പഠിക്കുകപോലും ചെയ്യാതെ പീഢനമെന്ന് കേട്ടാലുടനെ പോക്സോ ചുമത്തി ജയിലിലടയ്ക്കുന്ന രീതിയിൽ മാറ്റം വരണമെന്ന് സിബി പറയുന്നു. സിബിയുടെ കേസിൽ തന്നെ, അമ്മയുടെ മുൻപിൽ വച്ചാണ് പീഢിപ്പിച്ചതെന്ന് പറയുന്ന പരാതിയിൽതന്നെ മറ്റൊരുഭാഗത്ത് സ്കൂളിൽവച്ച് നടത്തിയ കൗൺസിലിങ്ങിൽ മകൾ പറഞ്ഞപ്പോൾ ആണ് ഇക്കാര്യം അറിഞ്ഞതെന്ന് അമ്മ പറയുന്നു. വൈരുദ്ധ്യം കാണാതെയാണ് മജിസ്ട്രേറ്റും, പോലീസും ചേർന്ന്  പോക്സോ ചുമത്തി ഒരു നിരപരാധിയെ ജയിലിൽ അടച്ചത്.

സിബിക്ക് മാനസികരോഗമാണെന്ന് കാണിച്ച് 2014 കണ്ണൂർ ആശിർവാദ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരുന്നു. സിബിയുടെ ഭാര്യ തനിക്ക് കടുത്ത രക്തസ്രാവമാണെന്ന് പറഞ്ഞ് അഡ്മിറ്റായശേഷം ഹോസ്പിറ്റൽ അധികൃതരെക്കൊണ്ട് സിബിയെ വിളിച്ചുവരുത്തി ബലമായി അഡ്മിറ്റ് ചെയ്യുകയും, രാത്രി ആശുപത്രിയിൽ എത്തിയ സിബിയെ ഒന്ന് പരിശോധിക്കുകപോലും ചെയ്യാതെ മരുന്നുകൾ നൽകാൻ ശ്രമിച്ചപ്പോൾ വീട്ടുകാരുടെയും പോലീസിൻറെയും സമയോചിതമായ ഇടപെടൽ മൂലം അടുത്തദിവസം ഡോക്ടറുടെ വിശദമായ പരിശോധനയ്ക്കുശേഷം മാനസികരോഗം ഒന്നുമില്ലെന്ന്കണ്ടെത്തുകയും ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. എന്നാൽ 4 വർഷത്തിലധികമായി മകൾക്ക് മാനസിക രോഗമാണെന്ന് പറഞ്ഞ് സിബിയുടെ ഭാര്യ കുട്ടിയെ അനാവശ്യമായി ചികിൽസിക്കുന്നതായും സിബി പറയുന്നു. പ്രത്യുൽപാദനശേഷി പോലും നഷ്ടപ്പെടുന്ന തരത്തിലുള്ള പാർശ്വഫലങ്ങളുള്ള മരുന്നുകളാണ് സിബിയുടെ ഭാര്യ കുട്ടിക്ക് നൽകിക്കൊണ്ടിരിക്കുന്നത്. സിബിയുടെ കടുത്ത എതിർപ്പ് വകവെയ്ക്കാതെയാണ് മരുന്ന് നൽകുന്നത്. ക്ലാസ്സിൽ ഊർജ്വസ്വലതയോടെ ഇരിക്കാറുണ്ടായിരുന്ന കുട്ടിക്ക്, പല വിഷയങ്ങളിലും മുഴുവൻ മാർക്ക് ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ ക്ലാസ്സിൽ ഇരുന്നുറങ്ങുന്ന അവസ്ഥയാണ് മരുന്നിൻറെ പാർശ്വഫലത്തിലൂടെ ഉണ്ടായിട്ടുള്ളത്. അനാവശ്യമായി മരുന്നുകൾ കഴിപ്പിച്ച് കുട്ടിയുടെ ജീവിതം അപകടത്തിലാക്കുന്നതിൽ സിബി വളരെയധികം അസ്വസ്ഥനാണ്.

സിബിയുടെ ഭാര്യയുടെ കുടുംബത്തിലെ മറ്റൊരംഗവും ഇതുപോലെ ഭർത്താവിനും കുടുംബത്തിനും മാനസികരോഗമാണെന്നു പറഞ്ഞ് വിവാഹമോചനം നേടി മകളോടൊപ്പം വേറെ വിവാഹം കഴിച്ച് ജീവിക്കുകയാണ്. മകളെ അങ്ങിനെ അകറ്റിയ വിഷമത്തിൽ മനുഷ്യൻ ആത്മഹത്യ ചെയ്തു. ഇത് തനിയാവർത്തനമാണ്. പക്ഷെ മകൾക്കുവേണ്ടി, മകളെ രക്ഷിക്കുവാൻ വേണ്ടി ജീവിക്കേണ്ടത് ആവശ്യമാണെന്ന് സിബി പറയുന്നു. അങ്ങിനെ മകളെ രക്ഷിക്കുവാൻ ശ്രമിക്കുമ്പോൾ, പപ്പയുടെ കൂടെ ജീവിക്കണം എന്നുപറഞ്ഞ് മകൾ നിലവിളിക്കുമ്പോൾ നിലവിളി കേൾക്കാതെ, അങ്ങിനെ കരയുന്ന മകളും ഒരു പെണ്ണാണ് എന്നുപോലും കാണാതെ, സ്ത്രീകൾക്ക് അനുകൂലമായി ഉണ്ടാക്കിയിട്ടുള്ള നിയമങ്ങളുടെ പേരിൽ ഒരു പിതാവും മകളും ക്രൂശിക്കപ്പെടുന്നതിൽ സിബിക്ക് കടുത്ത അമർഷമുണ്ട്.

ഒരു പിതാവും മകളും തമ്മിലുള്ള സ്നേഹം മനസ്സിലാക്കി, കുട്ടിയുമായി സംസാരിക്കുവാൻ സിബിക്ക് അനുവാദം നൽകിയതിൻറെ പേരിൽ സ്കൂൾ അധികൃതർക്കെതിരെയും ഭാര്യ എഇഓയ്ക്ക് പരാതി നൽകിയിരിക്കുകയാണ്.

ചെയ്യാത്ത തെറ്റിന് സിബി ശിക്ഷിക്കപ്പെടുന്നത് ഇതാദ്യമല്ല. തൊണ്ണൂറുകളിൽ 5 വർഷത്തോളം പട്ടാളത്തിൽ ജോലി ചെയ്തിരുന്ന കാലത്ത്, പട്ടാളത്തിൽ നടക്കുന്ന അഴിമതിയെ ചോദ്യം ചെയ്തതിൻറെ പേരിൽ ജോലി നഷ്ടപ്പെടുകയും, കൽത്തുറുങ്കിൽ അടയ്ക്കപ്പെടുകയും ചെയ്ത ഒരു ചരിത്രം കൂടി സിബിക്ക് പറയാനുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തിൽ മേലധികാരികളുടെ അഴിമതികൾ കാണിച്ച് ഇന്ത്യൻ പ്രസിഡന്റ് ഉൾപ്പെടെ ഉന്നതാധികാരികൾക്ക് കത്തയച്ചപ്പോൾ, ചാനൽ തെറ്റിച്ചു എന്നാരോപിച്ച് യാതൊരു വിശദീകരണവും നൽകാതെ മൂന്നു പ്രാവശ്യമായി ജയിലിൽ ഇട്ടതും സിബിക്കുണ്ടായ ദുരനുഭവങ്ങളുടെ മറ്റൊരു ചരിത്രമാണ്. അങ്ങിനെ ജോലി പോയതും, ജയിലിൽ കിടന്നതും സിബിക്ക് മനോരോഗം ഉണ്ടെന്നു തെളിയിക്കാൻ ഭാര്യ ഒരു കാരണമായി പറയുന്നു എന്നതാണ് വിചിത്രമായ മറ്റൊരു കാര്യം.


ഒരാൾ നീതിമാനായി ജീവിക്കുന്നതും, അനീതിക്കെതിരെ പ്രതികരിക്കുന്നതും എല്ലാം മനോരോഗം മൂലമാണോ എന്ന് സിബി ചോദിച്ചാൽ പ്രതികരണശേഷി നഷ്ടപ്പെട്ടും, അഴിമതി നടത്തുന്നത് തെറ്റല്ല എന്നെ ധാരണയിലും ജീവിക്കുന്ന ഒരു സമൂഹത്തിന് എന്ത് മറുപടിയാണ് കൊടുക്കാൻ കഴിയുക?