ഈ പുണ്യമാസത്തിൽ നിങ്ങൾക്ക് തരാനുള്ള സന്ദേശം ഇതാണ്.
ആദ്യം നിങ്ങൾ നിങ്ങളോട് തന്നെ ഒരു ചോദ്യം ചോദിക്കുക. നല്ലവനായിരിക്കുവാൻ അല്ലെങ്കിൽ നല്ലവളായിരിക്കുവാൻ നിങ്ങൾക്ക് പരസഹായം ആവശ്യമുണ്ടോ? ഏതെങ്കിലും ആൾദൈവങ്ങളിൽ നിന്നോ, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് മരിച്ചുമണ്ണടിഞ്ഞ നിങ്ങൾ മുത്തുറസൂൽ എന്ന് വിളിക്കുന്ന മുഹമ്മദ് നബിയിൽ നിന്നോ, അല്ലെങ്കിൽ നിങ്ങൾ ഉണ്ടെന്നു വിശ്വസിക്കുന്ന സാക്ഷാൽ അള്ളാഹുവിൽ നിന്നോ നിങ്ങൾക്ക് സഹായം ആവശ്യമുണ്ടോ?
ഇതേ ചോദ്യം മറ്റു മതസ്ഥരോടും ഉണ്ട്.
പരസഹായം ആവശ്യമുണ്ട് എന്നാണ് നിങ്ങൾ പറയുന്നതെങ്കിൽ, ഞാൻ പറയുന്നു അത്തരം ഒരു സഹായം കൊണ്ടും നിങ്ങൾ നന്നാവാൻ പോകുന്നില്ല. ഏറ്റവും നല്ല ഉദാഹരണം ആണ് നിങ്ങൾ എന്നെ തെറിയഭിഷേകം നടത്തുന്നതും, സ്വന്തം ഉമ്മയുടെ നാമത്തിൽ ആണയിട്ട് പോലും എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും ഒക്കെ, അതും വ്രതം നോക്കുന്ന ഈ പുണ്യമാസത്തിൽ.
അതേസമയം നിങ്ങളിൽപെട്ട ചിലർതന്നെ, ഇങ്ങനെ ഭീഷണിപ്പെടുത്തുന്നവരാൽ ഞാൻ കൊല്ലപ്പെടുമോ എന്ന് ഭയപ്പെടുന്നതായും അതിനാൽ തന്നെ സൂക്ഷിക്കണം എന്നും എന്നോട് അപേക്ഷിക്കുന്നു.
അതായത് ഒരേ വിശ്വാസത്തിൽ ജീവിച്ചിട്ടും, വിഭിന്നങ്ങളായ ജീവിതാന്തസ്സ് ആണ് ഓരോ വ്യക്തിയും തെരഞ്ഞെടുക്കുന്നത്. വ്യത്യസ്ത രീതിയിൽ ആണ് പ്രതികരിക്കുന്നത്. വ്യത്യസ്ത മനോവ്യാപാരങ്ങൾ ആണുള്ളത്. പിന്നെയെന്തിന് ഈ മതങ്ങളെ ആശ്രയിക്കണം?
നിങ്ങൾ വിശ്വസിക്കുന്ന ഒന്നും, നിങ്ങൾ ആരാധിക്കുന്ന ഒന്നും, അത് ഇന്ന് ജീവിച്ചിരിക്കുന്നതോ, അല്ലെങ്കിൽ പണ്ടെങ്ങോ ജീവിച്ചിരുന്നതോ അതുമല്ലെങ്കിൽ ഒരുക്കലും ജീവിച്ചിരുന്നിട്ടില്ലാത്തതോ (അത്തരം ഒന്നുമില്ലായ്മയിൽ നിന്നാണല്ലോ ഈ മതങ്ങൾ എല്ലാം കെട്ടിപ്പൊക്കിയിരിക്കുന്നത്) അങ്ങിനെയൊന്നും തന്നെ നിങ്ങളെ നന്നാക്കാൻ പോകുന്നില്ല. അതേസമയം നിങ്ങളെ അന്ധരാക്കി, തെറ്റായ ഉപദേശങ്ങൾ നൽകി നിങ്ങളെക്കൊണ്ട് തെറ്റ് ചെയ്യിക്കാനുള്ള സാധ്യത ഏറെയാണുതാനും.
നിങ്ങൾ നന്നാവണമെങ്കിൽ നിങ്ങൾ തന്നെ തീരുമാനിക്കണം. ഞാൻ അപായപ്പെടുമോ എന്ന് വ്യാകുലപ്പെട്ടത് അവരിലെ തന്നെ നന്മയാണ്. അത് ഒരുമതവും അവരെക്കൊണ്ട് പറയിച്ചതല്ല. ആയിരുന്നെങ്കിൽ എന്നെ കൊല്ലുമെന്ന് പറയുന്നവരും അതുതന്നെ പറയുമായിരുന്നല്ലോ.
പുതുതലമുറയും വരുംതലമുറകളും യാതൊരുവിധ ഭയപ്പെടുത്തലോ (ദൈവം കോപിക്കും എന്ന് പറയുന്നത് ഭയപ്പെടുത്തൽ ആണ്, മനുഷ്യർ ഇത്രയും വളർന്നിട്ടില്ലാത്ത ഒരു കാലത്ത് അതൊരാവശ്യമായിരുന്നിരിക്കാം, പക്ഷെ ഇപ്പോൾ നമുക്ക് അതാവശ്യമില്ല) അടിച്ചമർത്തലോ നിയന്ത്രണങ്ങളോ ഒന്നുമില്ലാതെ സ്വയം നല്ലവരായിരിക്കാൻ തക്കവിധം അവരെ പ്രാപ്തരാക്കുകയെന്നുള്ളതാണ് ഇന്നുള്ളവരുടെ കടമ.
ആ കടമ തന്നെയാണ് മറ്റൊരുരൂപത്തിൽ ശാസ്ത്രാവബോധവും അന്വേഷണത്വരയും മാനവികതയും നമ്മിലും വരുംതലമുറകളിലും ഉണ്ടാക്കിയെടുക്കേണ്ടത് ഓരോ പൗരൻറെയും കടമയാണെന്ന് ഭരണഘടനയിൽ വ്യക്തമായും എഴുതി ചേർത്തിരിക്കുന്നത്.
ചോദ്യം വീണ്ടും ആവർത്തിക്കുന്നു, നല്ലവരായിരിക്കാൻ പരസഹായം ആവശ്യമുണ്ടോ? ഇനിയതിനുള്ള ഉത്തരം ആവശ്യമില്ല എന്നാണെങ്കിൽ വളരെ നല്ലത്. കാരണം നിങ്ങൾ വളർച്ചയുടെ പാതയിലാണ്. പക്ഷെ അതവിടം കൊണ്ട് നിർത്തരുത്, കാരണം നാം എത്രമാത്രം നല്ലവരായിരുന്നാലും, മറ്റുള്ളവർക്കും ഉതകുന്നതരത്തിൽ ഇപ്പോൾ ആയിരിക്കുന്നതിനേക്കാൾ കൂടുതൽ നല്ലവരായിരിക്കുവാൻ സാധിക്കും. അങ്ങിനെ നല്ലവരായിരുന്നുകൊണ്ട് തന്നെ ജീവിതം ആസ്വദിക്കുവാൻ സാധിക്കും.
ഇനി എൻറെ മുൻപോസ്റ്റുകളിൽ മതങ്ങളെ വിമർശിച്ചതിന് വിഭിന്നമായി ഞാൻ പറയാൻ ഉദ്ദേശിക്കുന്നതിനെ മറ്റൊരു തരത്തിൽ വിശദീകരിക്കാൻ ശ്രമിക്കട്ടെ. അതായത് നിങ്ങൾ വിശ്വസിക്കുന്നതുപോലെ തന്നെ മുഹമ്മദ് നബി ഒരു മുത്തുറസൂൽ ആണെന്നുതന്നെയിരിക്കട്ടെ. എല്ലാം സൃഷ്ടിച്ചത് അള്ളാഹു ആണെന്നും ഇരിക്കട്ടെ.
അങ്ങിനെയെങ്കിൽ മുഹമ്മദ് നബി ചെയ്തത് നമുക്കും ചെയ്യാൻ സാധിക്കില്ലേ, കാരണം നാമും അല്ലാഹുവിൻറെ സൃഷ്ടികൾ തന്നെയല്ലേ, അപ്പോൾ നമ്മെ ഒരിക്കലും മോശമായി സൃഷ്ടിക്കില്ലല്ലോ.
മതങ്ങൾ കൊണ്ടുള്ള ഏറ്റവും വലിയ ദുരന്തം എന്തെന്നാൽ അവയൊക്കെയും അദൃശ്യനായ ആരോ ഒരാൾ മുകളിൽ ഇരുന്ന് എല്ലാവരെയും പാവകളെയെന്നപോലെ നിയന്ത്രിക്കുന്നു എന്ന് പറഞ്ഞ് ആബാലവൃദ്ധം ജനങ്ങളെയും ഭയപ്പെടുത്തുന്നതിനാൽ, അവനവനിലുള്ള കരുത്തും, കഴിവും തിരിച്ചറിയാനോ അതിനനുസരിച്ച് സ്വയം ക്രമപ്പെടുത്തുവാനോ ഇപ്പറഞ്ഞതൊക്കെയും ശരിയെന്നു വിശ്വസിക്കുന്ന ഒരാൾക്കും സാധിക്കുന്നില്ല. അതുകൊണ്ടു തന്നെ മതങ്ങൾ ആവശ്യമില്ല. അതില്ലാതെതന്നെ അവനവനിൽ ഉള്ള കരുത്തും കഴിവുകളും തിരിച്ചറിഞ്ഞ് സ്വയം അച്ചടക്കം നേടിയെടുക്കാൻ കഴിയണം.
നാം ശ്രേഷ്ഠം എന്ന് പറഞ്ഞ് മഹത്വവൽക്കരിക്കുന്നവർ ചെയ്തിട്ടുള്ളതും ചെയ്യുന്നതുമായ എല്ലാ കാര്യങ്ങളും നമുക്കും ചെയ്യുവാൻ സാധിക്കും. അങ്ങിനെ നമുക്കുസാധിക്കാത്ത എന്തെങ്കിലും അത്ഭുതങ്ങൾ അവർ ചെയ്തിട്ടുണ്ട് എന്ന് നമ്മെ പഠിപ്പിക്കുന്നുവെങ്കിൽ അത് ശുദ്ധ അസംബന്ധമാണ്. ഉദാഹരണത്തിന് ക്രിസ്തു പ്രവർത്തിച്ചെന്നു പറയുന്ന അത്ഭുതങ്ങൾ. എല്ലാം ശുദ്ധ അസംബന്ധങ്ങൾ. അതെല്ലാം നമ്മെപ്പോലെ തന്നെയുള്ള ഒരു സാധാരണ മനുഷ്യനിൽ അടിച്ചേൽപ്പിക്കപ്പെട്ടതാണ്. ഇപ്പോൾ മദർ തെരേസ അത്ഭുതങ്ങൾ പ്രവർത്തിച്ചു എന്ന ഭോഷ്ക്ക് പറഞ്ഞ് അവരെ വിശുദ്ധ ആക്കുന്നതുപോലെ.
എങ്കിൽ നമുക്കും അത് സാധിക്കും. നേര്, നമുക്കും അത് സാധിക്കും. കാരണം, ആരും വലിയവരോ ചെറിയവരോ അല്ല. നമുക്കെല്ലാവർക്കും അത് സാധിക്കും.
ഒരാൾ ജീവിതകാലം മുഴുവൻ സ്വയം ത്യജിച്ച് ആയിരമോ പതിനായിരമോ നല്ലകാര്യങ്ങൾ കാര്യങ്ങൾ ചെയ്യുന്നതിനേക്കാൾ എത്രയോ നല്ലതാണ്, കോടിക്കണക്കായ നമ്മൾ സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് ജീവിതം ആസ്വദിച്ചു തന്നെ ഓരോ നല്ല കാര്യം എങ്കിലും ചെയ്യുന്നത്.
ഈ കൊന്ത ചൊല്ലുന്നവരും, മന്ത്രം ചൊല്ലുന്നവരും, നിസ്ക്കരിക്കുന്നവരും, നല്ലതു ചെയ്തവരെ ഇല്ലാത്ത അത്ഭുതങ്ങൾ ചുമത്തി (ഇതില്പരം ആ വ്യക്തിയെയും, അവർ ചെയ്ത സത്കർമ്മങ്ങളെയും അപമാനിക്കാനുണ്ടോ?) വിശുദ്ധർ ആക്കുന്നവരും എല്ലാം അത് നിർത്തി, ഇതൊരു പത്തു തവണ ദിവസവും ഉരുവിട്ടേ, "എനിക്കത് സാധിക്കും, എനിക്കത് സാധിക്കും" എന്ന്. മറ്റുള്ളവരുടെ ശക്തിയിൽ ഭ്രമിച്ചിരിക്കാതെ, അവനവനിലെ ശക്തി ഒന്ന് പുറത്തു വരട്ടെ. ആ ശക്തിയുടെ തിരിച്ചറിവ് ഈ ഭൂമിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും.
അങ്ങിനെ സംഭവിക്കുമാറാകട്ടെ. ആമേൻ.
No comments:
Post a Comment