Sunday 31 August 2014

വിവരം കെട്ട ജന്മങ്ങൾ

ഇന്നലെ രഞ്ജിത്തിനെക്കുറിച്ച് എഴുതിയപ്പോൾ, എന്നെ തനിവട്ടൻ എന്നുവിളിച്ച് ഒരുപാട് പേർ തെറി അഭിഷേകം നടത്തി.

അതു വായിച്ചു പലരും അഭിപ്രായം പറയാതിരുന്നതിനേക്കാൾ ഞാൻ ആ തെറികളെ സ്വാഗതം ചെയ്യുന്നു. അതുകേൾക്കുന്നത് സുഖമുള്ള കാര്യം ആയതു കൊണ്ടല്ല, മറിച്ച് ഒരാൾക്ക്‌ തോന്നിയ കാര്യം നേരായി പ്രകടിപ്പിക്കുക ആണ് ചെയ്തത്.

അതു നല്ലതാണ്.

പക്ഷെ ഞാൻ എഴുതുന്നതിൽ കാര്യമുണ്ടെന്നു പറയുന്ന കാലം വരും. അതെൻറെ തന്നെ അനുഭവം ആണ്. അതിനാൽ അല്പം തെറി കേൾക്കുന്നതിൽ തെറ്റില്ല.

ഇന്ത്യയിൽ എവിടെ ചെന്നാലും പലതരത്തിലുള്ള ബോർഡ്‌ കാണാം. അതു ചെയ്യരുത്, ഇതു ചെയ്യരുത് എന്നിങ്ങനെ. ഒരാളും ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ആണ്, എന്നാലും അതിൻറെ എല്ലാം പിന്നിൽ പ്ലീസ് എന്നു ചേർക്കും. ഉദാഹരണത്തിന്, 'പ്ലീസ് ഡോണ്‍ട്‌ സ്പിറ്റ് ഹിയർ'.

എന്നാലും അതിനു മുകളിൽ തന്നെ മനുഷ്യർ തുപ്പും. നമ്മുടെ വളർച്ചയെ ആണ് അതു കാണിക്കുന്നത്.

ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്, അങ്ങിനെ എഴുതുമ്പോൾ 'പ്ലീസ്' എന്ന്‌ എന്തിനാണ് ചേർക്കുന്നത് എന്ന്‌. അതൊക്കെ അപേക്ഷിച്ച് നടപ്പാക്കേണ്ട കാര്യമാണോ, അതൊന്നും ചെയ്യാൻ പാടില്ല എന്ന്‌ ചിന്തിക്കാൻ മാത്രം എങ്കിലും മനുഷ്യർ വളരെണ്ടേ? പക്ഷെ മനുഷ്യർ വളരില്ല. തുപ്പി തന്നെ ജീവിക്കും.

ഞാൻ കാനഡയിൽ ചെന്നപ്പോൾ, ഞാൻ ചിന്തിച്ചത് അവിടെ കണ്ടു. അവിടെ ഇത്തരം ബോർഡുകൾ വിരളമാണ്. കാരണം അതില്ലാതെ തന്നെ അവിടുള്ളവർക്ക് അറിയാം. ഇനി അത്തരം ഒരു ബോർഡ് കണ്ടാലും, അതിൽ പ്ലീസ് എന്ന അപേക്ഷ ഉണ്ടാവില്ല.

പക്ഷെ അവിടെയും ഒരു വെയിറ്റിംഗ് ഷെഡിൽ ബസ്‌ കാത്തുനിൽക്കുമ്പോൾ ഒരുത്തൻ അതിനുള്ളിൽ തന്നെ നീട്ടി തുപ്പുന്നത്‌ കണ്ടു. ഞാൻ വെറുതെ മലയാളത്തിൽ ചോദിച്ചു, 'നാട്ടിലെവിടെയാ വീട്?', പെട്ടെന്ന് മറുപടി വന്നു, 'കോട്ടയം!'. ഇത്തിരി ചളിപ്പ്‌ തോന്നിക്കോട്ടെ എന്നു കരുതി അവൻറെ മുഖത്ത് നോക്കി, 'നമ്മുടെ രീതികൾ ഒന്നും മറന്നിട്ടില്ല, അല്ലേ' എന്നു പറഞ്ഞിട്ട്, ഞാൻ വന്ന ബസ്സിൽ കയറി പോയി!

ഇതൊന്ന്. ഇനി അടുത്തത്. രഞ്ജിത്ത് ആഭരണം ഇട്ടതിനെക്കുറിച്ച് എഴുതിയതിനാണ് എനിക്ക് തെറി കിട്ടിയത്. ഭാര്യ എന്നെ വട്ടൻ എന്നും വിളിച്ചു. പക്ഷെ പല യൂറോപ്യൻ രാജ്യങ്ങളിലും, അതുപോലെ കാനഡയിലും ചെന്നപ്പോൾ, ഒരുപാട് കാതുകുത്താത്തതും, ആഭരണങ്ങൾ അണിയാത്തതും, എന്തിന് ഒരു പൊടിപ്പും തൊങ്ങലും ഇല്ലാതെ നഗ്നത മറക്കാനും, തണുപ്പിൽ നിന്നും ഒക്കെ രക്ഷനേടാനും ഒക്കെ ആയി വളരെ ലളിതമായ വേഷം ധരിക്കുന്ന സ്ത്രീകളാണ് ബഹുഭൂരിപക്ഷവും.

സാമ്പത്തികമായി അവർ നമ്മെക്കാൾ എത്രയോ മുന്നിലാണ്. വേണമെങ്കിൽ അവർക്ക് ശരീരം മുഴുവൻ തുളച്ച് ആഭരണവും ഇട്ടു നടക്കാം. പക്ഷെ അത്‌ ഒരുതരം അടിമത്തവും, അനാവശ്യവുമായ കാര്യമാണെന്ന് തിരിച്ചറിയാൻ മാത്രം സാമാന്യബോധം അവർക്കുണ്ട്. അതാണ്‌ വളർച്ചയുടെ ലക്ഷണം.

എന്നെ തെറി പറഞ്ഞവർ ഇനിയും വളരാനുണ്ട്. നിങ്ങളുടെ അജ്ഞത ആണ് തെറിയായി പുറത്തു വന്നത്. അല്ലാതെ ഞാൻ വട്ടനായത് കൊണ്ടല്ല, ഞാനിതൊക്കെ പറയുന്നതും, നിങ്ങൾ എന്നെ തെറി പറയുന്നതും.

ഞാൻ ഒന്നു കൂടി ഊന്നി പറയട്ടെ.

ആഭരണവും ഒക്കെ അണിഞ്ഞും, പ്രദർശിപ്പിച്ചും നടക്കുന്നവർ, അത്‌ ആണായാലും പെണ്ണായാലും, വിവരംകെട്ട വിഡ്ഢി കോമരങ്ങൾ ആണ്.

അത്‌ എൻറെ മരിച്ചു പോയ അമ്മ ആയാലും, ഇപ്പോഴും ആഭരണങ്ങൾ അണിഞ്ഞു നടക്കുന്ന പെങ്ങൾമാർ ആയാലും, എന്നെ വട്ടാണെന്ന് നാഴികക്ക് നാല്പതു വട്ടവും വിളിച്ച ഭാര്യ ആയാലും (എൻറെ മകളുടെ കാത് അവൾ വലുതായി സ്വയം തീരുമാനിക്കാൻ ആവുന്നത് വരെ കുത്തരുതെന്നു ഞാൻ ശക്തമായി വിലക്കിയിട്ടുണ്ട്, പക്ഷെ അവളുടെ അമ്മയുടെയും, ബാഹ്യശക്തികളുടെയും കടന്നാക്രമണം എൻറെ മകൾ എത്ര കാലം അതിജീവിക്കും എന്ന് കണ്ടറിയണം), സുഗതകുമാരി ആയാലും, അരുന്ധതി റോയി ആയാലും, റിമിടോമി ആയാലും, മീര നന്ദൻ ആയാലും, കവിയൂർ പൊന്നമ്മ ആയാലും, രഞ്ജിനി ഹരിദാസ് ആയാലും, സോണിയ ഗാന്ധി ആയാലും, എലിസബെത്ത് 'രാജ്ഞി' (ഈ നൂറ്റാണ്ടിലും രാജ്ഞ്ഞിയോ?!!), ആയാലും, ഞാൻ ഇന്നലെ പറഞ്ഞ സാക്ഷാൽ രഞ്ജിത്ത് ആയാലും, വിവരമില്ലാത്ത കോമരങ്ങൾ ആണ്.

നിങ്ങൾ ഇങ്ങനെ ഇത്തരം വിവരമില്ലായ്മ ആഭരണമാക്കി നടക്കുന്നിടത്തോളം കാലം നിങ്ങൾ സ്ത്രീ സ്വാതന്ത്ര്യത്തെകുറിച്ച് ശബ്ദിക്കാൻ പോലും അർഹർ അല്ല. കാരണം, സ്വാതന്ത്ര്യം എന്തെന്നും, അതെങ്ങനെ നേടണമെന്നും, അതിന് നിങ്ങൾ എങ്ങിനെ മാറണം എന്നും ഒന്നും നിങ്ങൾക്ക് ലവലേശം അറിയില്ല.

നിങ്ങളെ അടിമകൾ ആക്കി വച്ചിരിക്കുന്നത് ആണുങ്ങൾ അല്ല, അതു നിങ്ങൾ തന്നെയാണ്.

തെറി പറയുന്നത് ഇനിയും സ്വാഗതം ചെയ്യുന്നു, കാരണം തെറിക്കും ലൈക്കിനും ഒരേ പ്രാധാന്യം കൊടുക്കുന്ന ആളാണ്‌ ഞാൻ. കാരണം, രണ്ടും അഭിപ്രായ പ്രകടനങ്ങൾ ആണ്. പക്ഷെ അങ്ങിനെ തെറി പറയുന്നതിന് മുൻപ് ഞാൻ പറയുന്നതിൽ കഴമ്പില്ലേ എന്ന്‌ ഒന്നു കൂടി ആലോചിച്ചാൽ ചിലപ്പോൾ തെറിയുടെ കാഠിന്യം കുറഞ്ഞേക്കാം!

2 comments: