Friday 8 August 2014

ഒരു പെരുമഴക്കഥ: ഞാൻ അഥവാ കിടന്നുമുള്ളി

"കേരളത്തിൽ പരക്കെ കനത്ത മഴ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു" ഈ വാർത്ത കേട്ടപ്പോൾ, അങ്ങിനെ ഒരു വാർത്ത കേൾക്കാൻ കൊതിച്ചിരുന്ന കുട്ടിക്കാലത്തിൻറെ ഓർമ്മകൾ എന്നിൽ പെയ്തിറങ്ങി.

അങ്ങിനെ കൊതിക്കാൻ രണ്ടു കാരണങ്ങൾ ഉണ്ടായിരുന്നു. ഒന്ന്, അന്നേ ദിവസം, എല്ലാ ദിവസവും മാഷുമ്മാരുടെ കൈയ്യിൽ നിന്നും ഉറപ്പായും കിട്ടുന്ന അടികൾ കൊള്ളേണ്ട. പിന്നെ ചൂണ്ട ഇടാൻ ഉള്ള അവസരവും.

തുള്ളിക്കൊരുകുടം പോലെ പെയ്യുന്ന കനത്ത മഴ. ഒന്ന് പെയ്തൊഴിഞ്ഞു എന്ന് തോന്നുമ്പോഴേയ്ക്കും അടുത്തതിൻറെ വരവായി.

കേരളമങ്ങോളമിങ്ങോളം കുളിരുന്ന കാലവർഷം.

വേനലിൽ ഒരു മഴക്കായി കാത്തുകാത്തിരിക്കുന്നവർ, പക്ഷെ കാലവർഷം കനക്കുമ്പോൾ, മെല്ലെമെല്ലെ  തുള്ളിതോരാത്ത ഈ മഴയെ വെറുക്കാൻ തുടങ്ങും.

ചോർന്നൊലിക്കുന്ന ഓലപ്പുരകളിൽ, ദേഹത്ത്  വെള്ളത്തുള്ളികൾ വീഴാതിരിക്കാൻ നനഞ്ഞ പുതപ്പിനടിയിൽ ചുരുണ്ടു കൂടുമ്പോൾ, ഈ നശിച്ച മഴ എങ്ങിനെയും ഒന്ന് നിന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കും.

അങ്ങിനെ സുഖവും, ദുഖവും നൽകുന്ന മഴ.

പക്ഷെ, മഴയ്ക്ക് മഴയുടേതായ സമയം ഉണ്ട്. അതാർക്കും സുഖമോ, ദുഖമോ നൽകുകയോ, ഇതൊന്നും അറിയുകയോ പോലും ചെയ്യുന്നില്ല.

അന്ന് ഞാൻ മെല്ലെ ചൂണ്ടയും എടുത്തു പുറത്തേയ്ക്കിറങ്ങി. നന്നായി ശരീരം നനഞ്ഞു കഴിഞ്ഞപ്പോൾ, ആദ്യം തോന്നിയ കുളിര് മാറി.

ഒരു ചിരട്ടയിൽ കുറച്ചു മണ്ണിരകളെ പിടിച്ചു, എന്തോ തിരക്കുണ്ടെന്നതുപോലെ കലങ്ങിമറിഞ്ഞ് കലിതുള്ളി കരകവിഞ്ഞ് ഒഴുകുന്ന തോടിൻറെ തീരത്തുകൂടി ഞാൻ നടന്നു. ചിലപ്പോൾ ചെളിയിൽ കാലു താഴ്ന്നു കാലിൽ ചെളി നിറയും. പക്ഷെ അതു കാണാൻ പറ്റുന്നതിനു മുൻപുതന്നെ ആർത്തുല്ലസിച്ച് കുതിച്ചു ചാടുന്ന ഉറവകൾ എൻറെ കാലിനെ കഴുകും.

അതു കാണുമ്പോൾ, ഉറവകൾ പരസ്പരം മത്സരിക്കുകയാണെന്ന് തോന്നും.

അങ്ങിനെ ഞാൻ എന്നും ചൂണ്ട ഇടാറുള്ള തോടിൻറെ ഓരത്ത് നില്ക്കുന്ന മരത്തിൻറെ ചുവട്ടിൽ എത്തി നിന്നു. അതിനു താഴെ വേരുകൾ പടർന്നു ഒഴുക്ക് കുറഞ്ഞു കിടക്കുന്ന ഒരു ഭാഗം ഉണ്ട്. വലിയ മീനുകളുടെ ഒരു ഇടത്താവളം ആണത്.

ചൂണ്ടയിൽ ഇര കോർത്ത്‌, അതു മെല്ലെ ഞാൻ വേരുകൾക്ക് ഇടയിലേയ്ക്ക് താഴ്ത്തി. വേരിന് ഇടയിൽ കുടുങ്ങി ചിലപ്പോഴൊക്കെ ചൂണ്ടനൂൽ പൊട്ടിപ്പോകാറുണ്ട്. എന്നാലും അവിടെയാണ് മീനിനെ കിട്ടാൻ ഏറ്റവും സാധ്യത ഉള്ളത്.

അധിക സമയം വേണ്ടിവന്നില്ല. ചൂണ്ട നൂൽ നന്നായി അനങ്ങുന്നു. പെട്ടെന്ന് ചൂണ്ടനൂൽ വേരുകൾക്ക് ഇടയിലേയ്ക്ക് നീങ്ങി. ഞാൻ പെട്ടെന്ന് വലിച്ചു. ചൂണ്ട മുകളിലേയ്ക്ക് വന്നതും, ഒരു വലിയ മുഷിയെ ഞാൻ മിന്നായം പോലെ കണ്ടു. പക്ഷെ പെട്ടെന്ന് അതു വെള്ളത്തിലേയ്ക്ക് തന്നെ വീണു.

അമ്പടാ, അവൻ എന്നെ ഇത്തവണ തോൽപിച്ചു എന്നു മാത്രമല്ല, ചൂണ്ടയിൽ കോർത്തിരുന്ന ഇരയും നഷ്ടപ്പെട്ടു. അതു അടുത്ത മണ്ണിരയുടെ മരണത്തിനുള്ള വിധിയെഴുത്തായിരുന്നു.

മണ്ണിരയെ ഞാൻ കൈയ്യിൽ എടുത്തപ്പോൾ, അതറിഞ്ഞോ, എൻറെ കൈ കൊണ്ട് ദാരുണമായി മരിക്കാനുള്ള സമയം ആയി എന്ന്‌! ചൂണ്ടയുടെ അഗ്രം വായിലൂടെ ഞാൻ ഉള്ളിലേയ്ക്ക് കടത്തിയപ്പോൾ, അതു ദാരുണമായി പിടഞ്ഞു. പക്ഷെ എന്നെ പറ്റിച്ചു കടന്ന മുഷി മാത്രമായിരുന്നു എൻറെ മനസ്സിലും ചിന്തകളിലും എല്ലാം.

അത്രയേ ഉള്ളൂ ഒരു ജീവൻറെ വില.

വീണ്ടും ഞാൻ ചൂണ്ട വേരുകൾക്ക് ഇടയിലേയ്ക്ക് താഴ്ത്തി.

അപ്പോഴേയ്ക്കും, മഴ ഒന്ന് ശമിച്ചിരുന്നു. മെല്ലെ വീശിയ കാറ്റിൽ ഇലകളിൽ തങ്ങി നിന്നിരുന്ന മഴത്തുള്ളികൾ എൻറെ മേലേയ്ക്കു പതിച്ചു. ഞാൻ വല്ലാതെ ഒന്ന് കുളിർന്നു.

ആ കുളിർമയിൽ, എനിക്ക് ശക്തമായ മൂത്രശങ്ക വന്നു.

ഓട്ടക്കിടയിലൂടെ തണുത്തു ചുരുണ്ട് ഒളിച്ചിരുന്ന പക്കി (കുട്ടികൾക്ക് ലിംഗമല്ല, പക്കിയാണുള്ളത്!)  പുറത്തേയ്ക്കിട്ട്, ഞാൻ നീട്ടി മൂത്രമൊഴിച്ചു. ചൂടുള്ള മൂത്രത്തിൽ നിന്നും ആവി ഉയരുന്നത് നോക്കി ഞാൻ നിന്നു.

അങ്ങിനെ ഏറ്റവും ഉല്ലസിച്ചു മൂത്രം ഒഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ്, എൻറെ ദേഹത്ത് ഒരു നനവ്‌ എനിക്ക് അനുഭവപ്പെട്ടത്.

ഞാൻ ഞെട്ടി ഉണർന്നു. ഇന്നും ഞാൻ കിടക്കയിൽ മുള്ളിയിരിക്കുന്നു. അതും കുറച്ചു വല്ലതും ആണോ, മഴയുടെ സുഖം പറ്റി പുതപ്പും, നിക്കറും എല്ലാം നനച്ചു.

ആ നനവിൽ പിന്നെ ഉറക്കം വന്നില്ല.

മാത്രവുമൊ, എന്നെ പറ്റിച്ചു കടന്ന മുഷിയും, സ്കൂളിൽ ചെല്ലുമ്പോൾ കിട്ടാൻ പോകുന്ന അടികളും എന്നെ കൊഞ്ഞനം കുത്തുന്നത് പോലെ എനിക്ക് തോന്നി.

അപ്പോഴും പുറത്തു ശക്തമായ മഴ പെയ്യുന്നതിൻറെ താളാത്മകമായ ശബ്ദം കേൾക്കാമായിരുന്നു. എൻറെ മനസ്സിൻറെ നൊമ്പരങ്ങൾ അറിയാതെ അതു പെയ്തുകൊണ്ടേയിരുന്നു.

വാൽക്കഷണം: പക്ഷെ എനിക്കിതൊരു പുത്തരി ഒന്നും അല്ലായിരുന്നു കേട്ടോ. ഞാൻ അങ്ങിനെ പലയിടത്തും നിന്നും ഇരുന്നും ദിവസവും ആസ്വദിച്ച് മൂത്രം ഒഴിച്ചുകൊണ്ടേയിരുന്നു. പക്ഷെ ആ മൂത്രം വീണിരുന്നത്‌ എൻറെ കിടക്കയിൽ ആയിരുന്നു എന്നു മാത്രം. ചുമ്മാതാണോ, എനിക്ക് കിടന്നുമുള്ളി എന്നു പേര് വീണത്‌!

അതു ഞാൻ തന്നെ നിർത്തിയതിനു പിന്നിലും ഒരു രസകരമായ കാര്യം ഉണ്ട്. ഞാൻ പകൽ സമയങ്ങളിൽ മൂത്രം ഒഴിക്കുന്നത്തിനു മുൻപ് 'ഇതൊരു സ്വപ്നമല്ല, ഇതൊരു സ്വപ്നമല്ല' എന്നു ഉരുവിട്ട്, ഞാൻ എന്നെത്തന്നെ നുള്ളും. അങ്ങിനെ ഞാൻ ഉറക്കത്തിൽ അല്ലെന്നു ഉറപ്പിക്കും. ക്രമേണ സ്വപ്നത്തിലും, ഞാൻ അങ്ങിനെ ഉരുവിട്ട് നുള്ളാൻ തുടങ്ങി. ആ നുള്ളേൽക്കുമ്പോൾ ഞാൻ സ്വപ്നത്തിൽ നിന്നും ഉണരും!! 

No comments:

Post a Comment