Monday 11 August 2014

ക്രൂശിതനായ ദൈവം

ഏകദേശം മുപ്പത്തഞ്ചു വർഷം മുൻപ് നടന്ന സംഭവം ആണിത്.

എട്ടു മക്കൾ ഉള്ള ഒരു കുടുംബത്തിലെ ഏറ്റവും ഇളയവൻ ആണ് ഞാൻ.

അന്ന് അപ്പനൊഴികെ എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു. അടുത്തിടെ വിവാഹം കഴിഞ്ഞ പെങ്ങളും ഭർത്താവും ഉണ്ട്.

അപ്പൻ ഞങ്ങൾക്കെല്ലാം ശത്രു ആയിരുന്നല്ലോ. എനിക്കറിവായ കാലം മുതൽ അമ്മയും, ഞങ്ങൾ എട്ടുമക്കളും ചേർന്ന് എങ്ങിനെയൊക്കെ അപ്പനെതിരെ പടപൊരുതാം എന്ന് പദ്ധതികൾ തയ്യാറാക്കുക പതിവായിരുന്നു.

ചെറുപ്പത്തിൽ തന്നെ അപ്പനെക്കുറിച്ച് പറയുന്നത് കേട്ടുകേട്ട്, എപ്പോഴും ഭയപ്പെടുത്തുന്ന ഒരു ഭീകരൻ ആയിരുന്നു എൻറെ അപ്പൻ.

എത്രയോ ദിവസങ്ങളിൽ അപ്പനെ ഭയന്ന് രാത്രിയിൽ വീടുവിട്ടോടി വാഴയിലകൾക്കിടയിൽ ഒളിച്ചിരുന്നിട്ടുണ്ട്.

എന്നെ ഇപ്പോൾ കൊല്ലും, ഇപ്പോൾ കൊല്ലും എന്ന് ഭയന്ന് എത്രയോ ദിവസങ്ങളിൽ ഉറങ്ങാതെ കിടന്നിട്ടുണ്ട്.

ഇനി ഉറങ്ങിയാലോ, പലപ്പോഴും എൻറെ സ്വപ്നങ്ങളിൽ വന്ന് എന്നെ കൊല്ലുമ്പോൾ, അലറിക്കരഞ്ഞ് ഞാൻ ഞെട്ടി ഉണർന്നിട്ടുണ്ട്.

വീട് വിട്ടു പുറത്തുപോകുന്ന അപ്പൻ, ഇനി ഒരിക്കലും തിരിച്ചു വരരുതേ എന്ന് ഉള്ളുരുകി ഒരുപാട് തവണ ആഗ്രഹിച്ചിട്ടുണ്ട്. പക്ഷെ രാത്രിയായി ദൂരെനിന്നു തന്നെ ടോർച്ചു വെട്ടം കാണുമ്പോൾ, തിരിച്ചെത്തിയെന്ന തിരിച്ചറിവിൽ നിരാശയിലും, ഭയത്തിലും ഇരുന്നിട്ടുണ്ട്.

പെട്ടെന്ന് അമ്മയുടെ ഉറക്കെയുള്ള ശബ്ദം കേട്ടു. "ആ കാലമാടൻ എൻറെ സ്വർണ്ണകൊന്തയും എടുത്തു കൊണ്ടു പോയി."

ഗൾഫിൽ പോയി മടങ്ങി വന്ന ജ്യേഷ്ഠൻ അമ്മയ്ക്ക് മൂന്നര പവനുള്ള ഒരു സ്വർണ്ണകൊന്ത നൽകിയിരുന്നു. അമ്മ അതൊരു നിധിപോലെ കൊണ്ടു നടക്കുമായിരുന്നു.

അതു സൂക്ഷിച്ചുവയ്ക്കുവാൻ അടച്ചുറപ്പുള്ള ഒരു മേശയോ അലമാരയോ ഇല്ലാത്തതിനാൽ, ചട്ടയും മുണ്ടും ഒക്കെ ഇടുന്ന അയയിൽ, ഒരു തൂവാലയിൽ കെട്ടി ആരും കാണാതെ ഇടുമായിരുന്നു.

അതാണ്‌ അപ്പനെന്നു വിളിക്കപ്പെടാൻ യോഗ്യത ഇല്ലാത്ത അയാൾ എടുത്തു കൊണ്ടു പോയിരിക്കുന്നത്.

എല്ലാവരും ദേഷ്യം കൊണ്ടു വിറച്ചു. ഇതിങ്ങനെ വിടാൻ പറ്റില്ല.

ജ്യേഷ്ഠൻമാർ എല്ലാം തന്തയെന്ന മനുഷ്യനെ തിരക്കി നാലുവഴിക്ക് ഇറങ്ങി. ഞാൻ ഒരു ജ്യേഷ്ഠനോടൊപ്പം കൂടി. ഞങ്ങൾ കുറെ മുന്നോട്ടു പോയപ്പോൾ, അടുത്തൊരു വീടിൻറെ പടിയിൽ ഇരുന്നു തന്ത സംസാരിക്കുന്നത് കണ്ടു.

രോഷാകുലനായി ഓടിയ ജ്യേഷ്ഠൻ ചെന്നപാടെ, തന്തയെ പടിയിൽ നിന്നും തള്ളി മുറ്റത്തേയ്ക്ക് ഇട്ടു. അവിടെ കിടന്നു പിടയുന്ന രംഗം ഇപ്പോഴും എൻറെ മുന്നിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്.

ഇതൊക്കെ കണ്ട് പരിഭ്രാന്തരായ ആ വീട്ടുകാർ, ഞങ്ങളെ വന്നുതടഞ്ഞു. 'തന്നെ ഇനിയും കണ്ടോളാം' എന്ന് പറഞ്ഞ് ജ്യേഷ്ഠൻ തിരിച്ചു പോന്നു, ഞാൻ പിന്നാലെയും.

അന്ന് രാത്രിവരെ അയാൾ വീട്ടിൽ വന്നില്ല. ഞങ്ങൾ ഞങ്ങളുടെ കൂടിയാലോചന തുടർന്നു. ഇതിനൊക്കെ ഒരു അറുതി വരുത്തണം, പക്ഷെ എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് ഒരെത്തും പിടിയും കിട്ടിയില്ല.

രാത്രി ആയപ്പോൾ, തന്തപ്പടി വീട്ടിൽ എത്തി.

വന്നതും, അമ്മ അയാളോട് തട്ടിക്കയറി. 'എൻറെ സ്വർണ്ണകൊന്ത അടിച്ചെടുത്ത് കൊണ്ടുപോയ താൻ നശിച്ചു പോകും' എന്ന് ശപിച്ചു.

പിന്നെ ബഹളം ആയിരുന്നു. ഇടയ്ക്ക് അയാൾ പറയുന്നത് കേട്ടു, "കള്ളൻ കപ്പലിൽ തന്നെയുണ്ട്"

അതു പെങ്ങളുടെ ഭർത്താവിനെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് തോന്നിയതിനാൽ, വഴക്കിനു ശക്തി കൂടി. നല്ലൊരു മനുഷ്യനെ, എപ്പോഴും എന്തു സഹായവും ചെയ്യാൻ തയ്യാറുള്ള മരുമകനെ കള്ളനെന്നു മുദ്രകുത്തിയതുകൂടി ആയപ്പോൾ വഴക്ക് അതിരൂക്ഷമായി.

അന്നാരും ആ വീട്ടിൽ കഴിച്ചുമില്ല, ഉറങ്ങിയുമില്ല.

നേരം വെളുത്ത് അമ്മ ഒരുങ്ങി ഇറങ്ങി. കൂടെ മരുമകനും. രണ്ടുപേരും പോലീസ് സ്റ്റേഷനിൽ പോയി ഒരു പരാതി കൊടുത്തു. അന്നു തന്നെ രണ്ടു പോലീസുകാർ വീട്ടിൽ വന്ന് തന്തയെയും പൊക്കി എടുത്തു കൊണ്ടുപോയി.

കുറെ വിരട്ടിയിട്ടും, അടി കൊടുത്തിട്ടും കൊന്ത എടുത്തകാര്യം സമ്മതിച്ചില്ല. അതിനാൽ അന്നു മുഴുവൻ ലോക്കപ്പിൽ ഇട്ടു..

പിറ്റേന്ന് അമ്മയെ വിളിപ്പിച്ചു, ഇത് നിങ്ങളുടെ കുടുംബ പ്രശ്നം ആണ്, ഞങ്ങൾക്കൊന്നും ചെയ്യാനില്ല എന്നു പറഞ്ഞു. പിന്നെ തന്തയെ ഇറക്കി വിട്ടു.

ഒരിക്കലും ആ മനുഷ്യൻ സ്വർണ്ണകൊന്ത മോഷ്ടിച്ച കാര്യം സമ്മതിച്ചില്ല.

അമ്മയാണെങ്കിൽ ആ സ്വർണ്ണകൊന്ത പിന്നീടൊരിക്കലും കാണാൻ ഭാഗ്യം ലഭിക്കാതെ മരിച്ചു.

മൂന്നുനാലു വർഷം മുൻപ് ഞാൻ നേരത്തെ പറഞ്ഞ പെങ്ങൾ വീട്ടിൽ വന്ന് ഒരു കാര്യം പറഞ്ഞു. അന്ന്‌ ആ സ്വർണ്ണകൊന്ത മോഷ്ടിച്ചത് പെങ്ങളുടെ ഭർത്താവ് ആയിരുന്നുവെന്ന് സമ്മതിച്ചുവത്രേ. അതെ, അപ്പനെതിരെ പരാതി കൊടുക്കാൻ അമ്മയോടൊപ്പം പോലീസ് സ്റ്റേഷനിൽ പോയ ആൾ തന്നെ.

അമ്മ അതു അയയിൽ കെട്ടിയിടുന്നത് മരുമകൻ കണ്ടിരുന്നു. പിന്നെ അവസരം കിട്ടിയപ്പോൾ അതു അവിടെ നിന്നും അഴിച്ചു മാറ്റി ഒളിപ്പിച്ചിരുന്നു. എന്നിട്ടാണ് അമ്മയോടൊപ്പം പോലീസ് സ്റ്റേഷനിൽ അപ്പനെതിരെ പരാതി കൊടുക്കാൻ പോയത്.

അതു കേട്ടിട്ട് അപ്പൻ കുറേനേരം മിണ്ടാതിരുന്നു. പിന്നെ ആത്മഗതം എന്നോണം 'അവനോടു ദൈവം ക്ഷമിക്കട്ടെ' എന്നു മാത്രം പറഞ്ഞു.ക്രമേണ ആ കണ്ണുകൾ നനയുന്നത് ഞാൻ കണ്ടു.

പടിയിൽ നിന്നു വീണു പിടയുന്ന, ലോക്കപ്പിൽ രാത്രിമുഴുവൻ തറയിൽ കിടന്ന, കള്ളനെന്നു മുദ്രകുത്തപ്പെട്ട അപ്പൻറെ ദൈന്യതയാർന്ന മുഖം എന്നെ വല്ലാതെ അസ്വസ്ഥനാക്കി. ആ അസ്വസ്ഥത ഇതെഴുതുമ്പോഴും ഉണ്ട്.

എങ്ങിനെയാണ് ഈ പാപക്കറ കഴുകിക്കളയുക?

ചില ജന്മങ്ങൾ ഉണ്ട്. നിരന്തരം ക്രൂശിൽ ഏറ്റപ്പെടാൻ മാത്രം വിധിക്കപ്പട്ട ജന്മങ്ങൾ. എൻറെ അപ്പൻ അതിലൊരാൾ ആണ്.

ഞാൻ ഇന്നു തിരിഞ്ഞുനോക്കുമ്പോൾ, ആ മനുഷ്യനെ ഭയപ്പെടാനും മാത്രം ആയതൊന്നും വീട്ടിലോ, എന്നോടോ ചെയ്തതായി ഞാൻ ഓർക്കുന്നില്ല. മാത്രവുമോ, എൻറെ പഠനത്തിനും, വളർച്ചക്കും വേണ്ടതെല്ലാം എപ്പോഴും ചെയ്തിട്ടുണ്ട്.

ബൈബിളിൽ പറഞ്ഞ, മുടിയനായ പുത്രനെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച പിതാവിനെപ്പോലെ, തലതിരിഞ്ഞു നടന്ന ജ്യേഷ്ഠൻമാരെയും എന്നെയും ഒക്കെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചിരുന്ന, ഇപ്പോഴും സ്വീകരിക്കുന്ന സ്നേഹമയനായ ഒരു നല്ല മനുഷ്യൻ.

ഒരിക്കലും ഒരാളെയും കബളിപ്പിക്കാതെ, ഉള്ള തുച്ചമായ വരുമാനം കൊണ്ടു പത്തംഗങ്ങൾ അടങ്ങുന്ന ഒരു കുടുംബത്തെ മുന്നോട്ടു നയിക്കാൻ തത്രപ്പെട്ട ഒരു നല്ലവനായ ജീവിക്കുന്ന  ദൈവം.

ഞാൻ ഇപ്പോഴും നാട്ടിൽ ചെല്ലുമ്പോൾ, എനിക്കായി കരുതിവച്ച  ഏറ്റവും നല്ല ആത്തക്കയും, കൈതച്ചക്കയും, പേരക്കയും പഴവും ഒക്കെ എടുത്തു കൊണ്ടു വന്നു തന്നിട്ട്, ഞാനത് കഴിക്കുന്നത്‌ നോക്കി മനസ്സ് നിറഞ്ഞു ചിരിക്കുന്ന മനുഷ്യൻ.

ഒരു ഭിക്ഷക്കാരനെപ്പോലെ എൻറെ ഭാര്യ ട്രീറ്റ്‌ ചെയ്‌തിട്ടും അവൾ ചിരിക്കുമ്പോൾ, ആ ചിരി കണ്ട സന്തോഷത്തിൽ ചിരിക്കുന്ന കാപട്യമെന്തെന്ന് അറിയാത്ത മനുഷ്യൻ.

ഇത്രയും സ്നേഹം ഉള്ളിൽ നിറച്ചു നടക്കുന്ന മനുഷ്യരെ കാണാൻ മഷിയിട്ടു നോക്കണം.

എന്നിട്ടും, നിരന്തരം ക്രൂശിൽ ഏറ്റപ്പെട്ടു കൊണ്ടേയിരിക്കാനാണ് ആ മനുഷ്യൻറെ വിധി. എത്രയോ തവണ.

ഇന്നും അതു തന്നെ. സ്വത്ത് മുഴുവൻ ഇഷ്ടദാനമായി എഴുതി ഞങ്ങൾക്ക് തന്നിട്ട്, അവസാനകാലമെങ്കിലും അൽപ്പം സമാധാനത്തോടെ ജീവിക്കാം എന്നു കരുതിയിരിക്കുമ്പോൾ, എൻറെ ഭാര്യയെന്നു പറയുന്ന സ്ത്രീയും ആ മനുഷ്യനെന്ന ദൈവത്തെ ഉപേക്ഷിച്ചു പോയിരിക്കുന്നു.

ആ മനുഷ്യനു നേരെ എൻറെ ഭാര്യ ചെയ്യുന്ന അനീതി കണ്ടു ഞാൻ ദേഷ്യപ്പെടുമ്പോൾ, എന്നെ ഉപദേശിക്കുന്നവരാണ് എവിടെയും. അതിനിടയിൽ, 'നിങ്ങളുടെ കുടുംബം ആണ് വലുത്, അതുകൊണ്ട് പിതാവിനെ തള്ളി, ഭാര്യയോടു പൊരുത്തപ്പെട്ടു പോകണം' എന്നുവരെ ചിലർ ഉപദേശിച്ചു.

അതും ഉപദേശിക്കുന്നതിൽ കൂടുതലും ആരെന്നോ, 'മാതാപിതാക്കളെ ബഹുമാനിക്കണം' എന്ന നാലാം പ്രമാണം ദിവസവും പള്ളിയിൽ പോയി കേട്ടു മടങ്ങുന്നവർ.

എന്നോടൊപ്പം നിന്ന്‌, ഈ അവസാന കാലത്തെങ്കിലും, ആ മനുഷ്യന് അൽപ്പം സന്തോഷവും, സമാധാനവും നല്കാൻ എന്നെ സഹായിക്കാത്ത ഒരു ഭാര്യയെ എനിക്കെന്തിന്?

എനിക്കൊന്നും ചെയ്യാൻ സാധിക്കുന്നില്ലല്ലോ എൻറെ പിതാവായ ദൈവമേ. എന്നോട് ക്ഷമിക്കേണമേ. അതുപോലെ ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ പോലും അറിയുന്നില്ല, അതിനാൽ ഇവരോടും ക്ഷമിക്കേണമേ.

വാൽക്കഷണം:

അതിൻറെ തുടർച്ചയെന്നോണം, ഇപ്പോൾ ഞാനും ഒരിക്കലും ചെയ്യാത്ത തെറ്റുകൾക്ക് ശിക്ഷ അനുഭവിച്ചുകൊണ്ടേയിരിക്കുന്നു. ഇതും പാരമ്പര്യമായി കിട്ടുന്നതാണോ? എന്തുതന്നെയാവട്ടെ, അന്ന്‌ എൻറെ പ്രിയപ്പെട്ട അപ്പൻ അനുഭവിച്ചിട്ടുണ്ടാകാവുന്ന മനോവേദനയുമായി, (അതിന്നും തുടരുന്നു) തട്ടിച്ചുനോക്കുമ്പോൾ, ഞാൻ അനുഭവിക്കുന്നത് എത്ര നിസ്സാരം.

ചെറുപ്പത്തിൽ അപ്പനെപ്രതി എൻറെ ഉള്ളിൽ ഭയം നിറഞ്ഞത്‌ എങ്ങിനെ എന്നത് ഇപ്പോഴും ഒരു ഉത്തരം കിട്ടാത്ത ചോദ്യം ആണ്. ഇത്ര നല്ലവനായ ഒരപ്പനെ ഭയക്കാൻ തക്കതായ ഒരു അനുഭവവും എനിക്ക് ഉണ്ടായിട്ടില്ല. ഭയം എന്നിൽ അടിച്ചേൽപ്പിക്കപ്പെടുകയാണ് ഉണ്ടായത്. ദൃശ്യം എന്ന സിനിമയിൽ, സാക്ഷികളെ അവർ പോലും അറിയാതെ ഉണ്ടാക്കിയതു പോലെ.

അപ്പനെതിരെ, മക്കളെ അണിനിരത്തി അങ്കത്തിനിറങ്ങുന്ന അമ്മമാരോട് എനിക്കൊന്നു പറയാൻ ഉണ്ട്, മക്കൾ അമ്മയോടൊപ്പം നിൽക്കുക സ്വാഭാവികം, മാത്രവുമല്ല, അമ്മമാർ പറയുന്നത് അവർക്ക് വേദവാക്യവുമാണ്. അതിനാൽ നിങ്ങൾ ലക്ഷ്യം നേടിയേക്കാം, പക്ഷെ അങ്ങിനെ അണിനിരത്തപ്പെടുന്ന മക്കൾ നല്ലവരായി വളരും എന്ന് പ്രതീക്ഷിക്കരുത്, മാത്രവുമല്ല, അവർ മാനസ്സികമായി അനുഭവിക്കേണ്ടി വരുന്ന ദുരന്തങ്ങളെക്കുറിച്ച്  നിങ്ങൾക്ക് ഒരിക്കലും ഊഹിക്കാൻ പോലും സാധിക്കില്ല.

No comments:

Post a Comment