Monday 11 August 2014

നല്ലവനാകാൻ പരസഹായം വേണോ?

സ്വാതന്ത്ര്യം ലഭിച്ച ഒരാൾക്ക്‌, സ്വാതന്ത്ര്യം ഒരു അവകാശമല്ല, ഉത്തരവാദിത്വം ആണ്.

ആ ഉത്തരവാദിത്വം നിറവേറ്റാൻ സാധിക്കാത്തവന് സ്വാതന്ത്ര്യം ലഭിച്ചാൽ, അതു സർവ്വനാശം വിതക്കാനേ ഉതകൂ.

അപ്പോൾ എന്താണീ സ്വാതന്ത്യം? നാം സ്വതന്ത്രർ ആണോ? നാം സ്വതന്ത്രർ ആയാൽ, ആ സ്വാതന്ത്ര്യം നമ്മിൽ നിക്ഷിപ്ത്തമാക്കുന്ന ഉത്തരവാദിത്വം നിറവേറ്റാൻ നമുക്ക് സാധിക്കുമോ?

ആ ഉത്തരവാദിത്വം നിറവേറ്റാൻ നമുക്ക് പരസഹായം ആവശ്യമുണ്ടോ?

ഈ ചോദ്യത്തെ എളുപ്പത്തിൽ മനസ്സിലാക്കാൻ ഇതിനെ മറ്റൊരു രീതിയിൽ ചോദിക്കാം. അതായത്, നല്ലവനായി ജീവിക്കാൻ എനിക്ക് പരസഹായം ആവശ്യമുണ്ടോ?

ആ ചോദ്യത്തിൽ തന്നെ ഒരു അസ്വാതന്ത്ര്യം ഉണ്ട്! കാരണം ജീവിക്കുക എന്നതു മാത്രമാണ് സ്വാതന്ത്ര്യം. അതിനു പിന്നിൽ 'നന്നായി' എന്ന വിശേഷണം വന്നപ്പോൾ, നന്നായി മാത്രമേ ജീവിക്കാൻ പറ്റൂ എന്ന അസ്വാതന്ത്ര്യം വന്നു.

പക്ഷെ സ്വാതന്ത്ര്യം എന്നത്‌ ഒരു ഉത്തരവാദിത്വം ആണെന്നു ഞാൻ ആദ്യം പറഞ്ഞത് മനസ്സിലായവർക്ക്, നന്നായി ജീവിക്കണം എന്നതിലെ 'നന്നായി' എന്ന വിശേഷണം നല്കുന്ന അസ്വാതന്ത്ര്യം ഒരിക്കലും ഒരു അസ്വാതന്ത്ര്യമായി തോന്നില്ല.

നാമിന്നും സ്വതന്ത്രർ അല്ല. അതിനു പക്ഷെ കാരണക്കാർ പലപ്പോഴും മറ്റാരുമല്ല. നാം തന്നെയാണ്. അസ്വാതത്ര്യം ഒരു ആഭരണം ആക്കി, അതു എടുത്തണിഞ്ഞു അതു തീർക്കുന്ന കൊക്കൂണിനുള്ളിൽ സുഖംപറ്റി ഇരിക്കാനാണ് നാം ആഗ്രഹിക്കുന്നത്?

എന്നിട്ട് മനുഷ്യർ ബലഹീനർ ആണ് എന്ന് സ്വയം പറഞ്ഞ് സമാധാനിക്കും.

ഇന്ദിരാഗാന്ധിക്ക് വെടിയേറ്റ ദിവസം, അതായത്  ഒക്ടോബർ 31,1984, എൻറെ ജീവിതത്തിലെ ഒരു നിർണ്ണായകമായ വഴിത്തിരിവിൻറെ ദിവസം ആയിരുന്നു. അതുപക്ഷെ അവർക്ക് വെടി ഏറ്റതുകൊണ്ടല്ല, കാരണം, എനിക്ക് നിർണ്ണായകമായ കാര്യം നടക്കുമ്പോൾ, അവർക്ക് വെടിയേറ്റ കാര്യം ഞാൻ അറിഞ്ഞുകൂടിയില്ല. അത് കേവലം ഒരു യാദൃശ്ചികത മാത്രം.

അന്നെനിക്ക് 15 വയസ്സ് ആയിട്ടേ ഉള്ളൂ.

ഞാൻ ചെറുപ്പത്തിൽ വളർന്നു വന്ന സാഹചര്യവും, വീട്ടിലെ നിരന്തര വഴക്കും, അമ്മയടക്കം ഉള്ള എല്ലാവരുടെയും മദ്യപാനവും (ഞാനും ആ പ്രായത്തിൽ കുടിക്കുകയും വലിക്കുകയും ചെയ്യുമായിരുന്നു അതും അനിയന്ത്രിതമായി), അതുമൂലം വീട്ടിലെ എല്ലാവരും, പ്രത്യേകിച്ചും പെങ്ങൾമാർ, ഇന്നും നരകിക്കുന്നതും എല്ലാം കഴിഞ്ഞ ഒരു പോസ്റ്റിൽ വിവരിച്ചതാണ്.

അതും ഒരു സ്വാതന്ത്ര്യം ആയിരുന്നു. എങ്ങിനെയും ജീവിക്കുക എന്ന സ്വാതന്ത്ര്യം. പക്ഷെ സ്വാതന്ത്ര്യം കൂടെ കൊണ്ടു വരുന്ന ഉത്തരവാദിത്വം നിറവേറ്റാൻ ഉള്ള കഴിവില്ലായ്മ (അതിനു അത്തരം ഒരു ഉത്തരവാദിത്വത്തെക്കുറിച്ച് അറിവുണ്ടായിട്ടു വേണ്ടേ?) മൂലം, അത് കുടുംബത്തെയും, കുടുംബത്തിലെ ഓരോ അങ്ങത്തെയും റിക്കവർ ചെയ്യാൻ സാധിക്കാത്ത വിധം തകർത്തു കളഞ്ഞു. ഇന്നും ആരും തന്നെ ആ തകർച്ചയിൽ നിന്നും കരകയറിയിട്ടില്ല.

ഞാൻ പറഞ്ഞു വന്നത്, ഇന്ദിരാഗാന്ധിക്ക് വെടിയേറ്റ ദിവസമായ ഒക്ടോബർ 31, 1984 എൻറെ ജീവിതത്തിൽ നിർണ്ണായകമായ വഴിത്തിരിവ് ആയ ദിവസം ആയതിനെക്കുറിച്ചാണ്.

കാലൊടിഞ്ഞു പ്ലാസ്റ്റർ ഇട്ടു കിടന്നിരുന്ന ജ്യെഷ്ടനോടൊപ്പം തലേന്ന് വാങ്ങികൊണ്ടു വച്ചിരുന്ന വാറ്റുചാരായം കുടിച്ചു കഴിഞ്ഞു, എനിക്ക് അത് നല്ലതല്ല എന്നു തോന്നി. അതൊരു തോന്നൽ മാത്രമായിരുന്നില്ല, മദ്യപാനം ആ കുടുംബത്തിൽ വരുത്തിയ ദുരന്തങ്ങൾ നിരന്തരം കണ്ട അനുഭവത്തിൽ നിന്നും ഉണ്ടായ ഒരു ഉൾവിളി ആയിരുന്നു അത്.

'ഇനി മേലിൽ ഞാൻ വലിക്കുകയോ കുടിക്കുകയോ ചെയ്യില്ല' എന്നു അന്നു തീരുമാനിച്ചു. ആരും എന്നോട് അങ്ങിനെ ചെയ്യുവാൻ പറഞ്ഞില്ല. എനിക്ക് ചുറ്റുമുള്ളവരോ, എൻറെ സ്വന്തക്കാരോ, ഉപദേശിമാരോ, ജ്ഞാനികളോ, മതങ്ങളോ, അതിലെ ദൈവങ്ങളോ അങ്ങിനെ ആരും എന്നോട് അങ്ങിനെ ഒരു തീരുമാനം എടുക്കാൻ പറഞ്ഞില്ല.

ഞാനങ്ങു തീരുമാനിച്ചു. ഞാൻ ആവർത്തിക്കുന്നു, ഞാൻ സ്വയം അങ്ങു തീരുമാനിച്ചു.

ഞാനത് ആവർത്തിക്കാൻ ഒരു പ്രത്യേക കാരണം ഉണ്ട്. കാരണം അങ്ങിനെ ഒരു തീരുമാനം എടുക്കുക എന്നതും എൻറെ സ്വാതന്ത്ര്യം ആണ്. അത് അടിച്ചേൽപ്പിക്കപ്പെടേണ്ടതല്ല.

ആ തീരുമാനം എടുത്തിട്ടു 30 വർഷത്തോളം കഴിഞ്ഞ ഇന്നും ഞാൻ ആ തീരുമാനത്തിൽ ഉറച്ചു നില്ക്കുന്നു. ഇതിനിടെ എത്രയോ വിഭിന്നങ്ങളായ ജീവിതസാഹചര്യങ്ങളിലൂടെ കടന്നു പോയി. മദ്യപാനത്തിന് ഏറ്റവും നല്ല സാഹചര്യം ഉള്ള പട്ടാളത്തിൽ ജീവിച്ചു. കൊടും തണുപ്പുള്ള രാജ്യങ്ങളിൽ ജീവിച്ചു. 'കുടിക്കാത്ത നീയൊരു ആണാണോടാ' എന്ന്‌ ഹാസ്യരൂപേണയെങ്കിലും പറഞ്ഞു നിർബന്ധിച്ചിട്ടുള്ള സുഹൃത്തുക്കളോടൊപ്പം ജീവിച്ചു. വിവാഹജീവിതത്തിലെ തകർച്ചയിൽ, മാനസ്സികമായി തകർന്ന് അതൊരു കാരണമായി പറഞ്ഞു കുടിക്കാൻ അവസരം ഒരുങ്ങി.

എന്നിട്ടും, ഒരിക്കലും, വലിക്കുകയും, കുടിക്കുകയും ചെയ്യില്ല എന്ന്‌ എൻറെ പതിനഞ്ചാം വയസ്സിൽ എടുത്ത എൻറെ സ്വാതന്ത്ര്യം ഇന്നും  ഞാൻ ആസ്വദിക്കുന്നു.

സ്വാതന്ത്ര്യം കൊണ്ടു വരുന്ന ഉത്തരവാദിത്വം സ്വമേധയാ ഏറ്റെടുത്തപ്പോൾ, എനിക്ക് അത് നല്ലത് മാത്രമേ തന്നിട്ടുള്ളൂ. നല്ല ആരോഗ്യമുള്ള ശരീരം. ഒരു വ്യക്തമായ കാഴ്ചപ്പാട്.

ഇതിനെല്ലാമുപരി, എൻറെ സ്വാതന്ത്ര്യം മറ്റൊരാളുടെ അസ്വാതന്ത്ര്യത്തിന് കാരണമല്ല. അതു പാടില്ല താനും, കാരണം എല്ലാവരും സ്വതന്ത്രമായി ജീവിക്കാനും, അങ്ങിനെ ജീവിതം ആസ്വദിക്കാനും അർഹരാണ്.

അപ്പോൾ നേരത്തെ ചോദിച്ച ചോദ്യത്തോടൊപ്പം (അതായത് 'നല്ലവനായി ജീവിക്കാൻ എനിക്ക് പരസഹായം ആവശ്യമുണ്ടോ?), അതിലും പരമപ്രധാനമായ മറ്റൊരു ചോദ്യം കൂടി ഉയരുന്നു. അങ്ങിനെ പരിപൂർണ്ണ സ്വാതന്ത്ര്യം ഏൽപ്പിക്കുന്ന ഉത്തരവാദിത്വം നിറവേറ്റാനും മാത്രം നിങ്ങൾ വളർന്നിട്ടുണ്ടോ?

തോന്നിയതു പോലെ ജീവിക്കാനുള്ള അനുമതി അല്ല സ്വാതന്ത്ര്യം. അതോടൊപ്പം വരുന്ന ഉത്തരവാദിത്വം ആരും അടിച്ചേൽപ്പിക്കാതെതന്നെ (അങ്ങിനെ ചെയ്‌താൽ പിന്നെയെവിടെ സ്വാതന്ത്ര്യം?!) നിറവേറ്റാൻ മാത്രം ഓരോരുത്തരും വളരേണ്ടതുണ്ട്.

അങ്ങിനെ എല്ലാവരും വളർന്നിട്ടുണ്ടോ? ഇല്ലെന്നേ ഞാൻ പറയൂ. അല്ലായിരുന്നെങ്കിൽ, 'DON'T SPIT CHEWING GUM IN THE URINALS' എന്ന നോട്ടീസ് വലിയ വലിയ ഐടി കമ്പനികളിലെ TOILET-ൽ കാണില്ലായിരുന്നു.

പൂർണ്ണസ്വാതന്ത്ര്യം കിട്ടിയാൽ അതിനെ അതിൻറെ അന്തസത്ത ഉൾക്കൊണ്ട് ആസ്വദിക്കാൻ മാത്രം നാം വളർന്നിട്ടുണ്ടോ? വളർന്നിട്ടുണ്ടെങ്കിൽ നല്ലത്. ഇനി ഇല്ലെങ്കിൽ, വളരണം. ആദ്യം വളരണം, പിന്നെയാവട്ടെ സ്വാതന്ത്ര്യം.

No comments:

Post a Comment