Tuesday 18 March 2014

നേര്, നമുക്കും അത് സാധിക്കും!

ദൈവങ്ങളെ സൃഷ്ടിച്ചു പൂജിക്കാൻ എളുപ്പമാണ്, അതൊരു ലഹരിയും ആണ്. അവനവനിലെ സ്വാർത്ഥത കുറച്ചു കൊണ്ടുവരാൻ ആണ് പ്രയാസം.

ഒരാൾ നല്ലത് ചെയ്യുന്നത് കാണുമ്പോൾ അവരെ അമ്മേ എന്ന് വിളിച്ച് മറ്റുള്ളവരേക്കാൾ അവരെ ഉയർത്തി കാട്ടുന്നതിൽ കാര്യമില്ല. അങ്ങനെ പറഞ്ഞിട്ട് തന്നിലുള്ള സ്വാർത്ഥതയെ കെട്ടിപ്പുണർന്നു ഇരുന്നിട്ട് എന്ത് കാര്യം, പുതിയൊരു ദൈവത്തെ ഉണ്ടാക്കാം എന്നല്ലാതെ?

അതിനു പകരം, ആ ഒരാൾ നല്ലത് ചെയ്തത് പോലെയോ അതിലും കൂടുതലായോ എനിക്കും ചെയ്യാൻ സാധിക്കും എന്നൊന്ന് ഉറപ്പിച്ചു അവനവനോട് പറഞ്ഞാൽ, പിന്നെ ചുറ്റും നോക്കുമ്പോൾ ഒരു പാട് കാര്യങ്ങൾ ചെയ്യാൻ കാണുകയും, ചെയ്യാൻ ശ്രമിക്കുകയും ചെയ്യും.

നമുക്കും അത് സാധിക്കും. നേര്, നമുക്കും അത് സാധിക്കും. കാരണം, ആരും വലിയവരോ ചെറിയവരോ അല്ല. നമുക്കെല്ലാവർക്കും അത് സാധിക്കും.

ഒരാൾ ജീവിതകാലം മുഴുവൻ സ്വയം ത്യജിച്ച് ആയിരമോ പതിനായിരമോ കാര്യങ്ങൾ ചെയ്യുന്നതിനേക്കാൾ എത്രയോ നല്ലതാണ്, കോടിക്കണക്കായ നമ്മൾ ജീവിതം ആസ്വദിച്ചു തന്നെ ഓരോ 
നല്ല കാര്യം എങ്കിലും ചെയ്യുന്നത്.

ഈ കൊന്ത ചൊല്ലുന്നവരും, മന്ത്രം ചൊല്ലുന്നവരും, നിസ്ക്കരിക്കുന്നവരും, നല്ലതു ചെയ്തവരെ ഇല്ലാത്ത അത്ഭുതങ്ങൾ ചുമത്തി (ഇതില്പരം ആ വ്യക്തിയെയും, അവർ ചെയ്ത സത്കർമ്മങ്ങളെയും അപമാനിക്കാനുണ്ടോ?) വിശുദ്ധർ ആക്കുന്നവരും എല്ലാം അത് നിർത്തി, ഇതൊരു പത്തു തവണ ദിവസവും ഉരുവിട്ടേ, "എനിക്കത് സാധിക്കും, എനിക്കത് സാധിക്കും" എന്ന്. മറ്റുള്ളവരുടെ ശക്തിയിൽ ഭ്രമിച്ചിരിക്കാതെ, അവനവനിലെ ശക്തി ഒന്ന് പുറത്തു വരട്ടെ. ആ ശക്തിയുടെ തിരിച്ചറിവ് ഈ ഭൂമിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും.

അങ്ങിനെ ഉണ്ടാകുമാറാകട്ടെ.









No comments:

Post a Comment