Tuesday 18 March 2014

തിരിച്ചറിവ്!

ചിലപ്പോൾ അധികം പറയാതെ തന്നെ ഒത്തിരി പറയാൻ സാധിക്കും, അത് ചിലരുടെ ജീവിതത്തെ തന്നെ സ്വയം തിരിച്ചറിഞ്ഞു മാറ്റിമറിച്ചേക്കാം. അങ്ങനെ എന്നിലെ എന്നെ തിരിച്ചറിയാൻ സഹായിച്ച ജ്യേഷ്ഠനോട് ഞാൻ കടപ്പെട്ടിരിക്കുന്നു.

ചെറുപ്പത്തിൽ, അർദ്ധരാത്രിക്കുവരെ ഹൈപിച്ചിൽ ഉള്ള പാട്ടുകൾ, അതിലും ഉച്ചത്തിൽ പാടി ആനന്ദം കണ്ടെത്തുക എന്ന പതിവ് എനിക്കുണ്ടായിരുന്നു. ഞങ്ങളുടേത് കൂട്ടുകുടുംബം ആയിരുന്നു. എല്ലാവരും എൻറെ പാട്ടുകേട്ടാണ് ഉറങ്ങുന്നത് എന്ന അഹങ്കാരവും എനിക്കുണ്ടായിരുന്നു. ആ അഹങ്കാരത്തിൽ, ഞാൻ കൂടുതൽ കൂടുതൽ ഹൈപിച്ചുള്ള പാട്ടുകൾ കണ്ടെത്തി പാടി.

ഒരു ദിവസം, രാത്രി ഒരുമണി ആയിക്കാണും. അവസാന അനുപല്ലവിയും നീട്ടി നിർത്തി, ഹരിവരാസനവും പാടി കണ്ണ് തുറന്നപ്പോൾ ജ്യേഷ്ഠൻ കതകിൽ ചാരി നിൽക്കുന്നു. മണ്ണെണ്ണ വിളക്കിൻറെ മങ്ങിയ പ്രകാശത്തിൽ ആ മുഖത്തെ ഭാവം എന്തെന്ന് എനിക്ക് മനസ്സിലായില്ല. എന്നോടൊരു ചോദ്യം, "നിനക്ക് മറ്റുള്ളവരെക്കുറിച്ച് ഒരു വിചാരവും ഇല്ലേ?" എന്ന്. എന്നിട്ട് ഉത്തരത്തിനു കാത്തു നിൽക്കാതെ ജ്യേഷ്ഠൻ പോയി.

ഞാൻ എന്നിലെ കലാകാരനെ, എന്നിലെ എന്നെ തിരിച്ചറിഞ്ഞ നിമിഷം. ഇപ്പോൾ മുപ്പതു വർഷത്തോളം കഴിഞ്ഞു, ആ തിരിച്ചറിവിൽ ഒരു മാറ്റവും വന്നിട്ടില്ല!

ഒരു ദുഃഖം മാത്രം ശേഷിക്കുന്നു, "സ്വരം നന്നപ്പഴെ പാട്ട് നിർത്തണം" എന്ന് കേട്ടിട്ടുണ്ട്. എൻറെ സ്വരം എപ്പോഴെങ്കിലും നന്നായിട്ടുണ്ടായിരുന്നെങ്കിൽ അല്ലേ അത് ചെയ്യാൻ പറ്റുമായിരുന്നുള്ളൂ!

ജ്യേഷ്ഠൻറെ മുഖത്തെ അപ്പോഴത്തെ ഭാവം എന്തായിരുന്നു എന്നത് എനിക്കിപ്പോഴും ഒരു പ്രഹേളിക ആണ്. "ഇവനെന്താ ഇങ്ങനെ ആയിപ്പോയത്?" എന്നായിരുന്നോ!! നിങ്ങൾ എന്തു പറയുന്നു?

No comments:

Post a Comment