Monday, 14 August 2017

എൻറെ കുടുംബം തകരാൻ കാരണം എനിക്ക് മനോരോഗം ഉള്ളതുകൊണ്ടാണോ?

എൻറെ ബ്ലോഗുകളും ഫേസ്ബുക്ക്  പോസ്റ്റുകളും വായിച്ചിട്ട് ബഹുഭൂരിപക്ഷം പേരും എത്തിയിട്ടുള്ള നിഗമനങ്ങൾ ഇവയൊക്കെയായിരിക്കും.

1.   ഞാൻ ഒരു സ്ത്രീലമ്പടനാണ്
2.   ഞാൻ എൻറെ ഭാര്യയെ ഏറ്റവും വെറുക്കുന്നു എന്ന് മാത്രമല്ല, ആ       സ്ത്രീയുടെ നാശം ആഗ്രഹിക്കുകയും ചെയ്യുന്നു.
3.   എൻറെ ഭാര്യയടക്കം പറയുന്നതുപോലെ എനിക്ക് മനോരോഗമുണ്ട്.

അത് ശരിയോ തെറ്റോ എന്ന് പറയുന്നതിനുപകരം, ഞാൻ എൻറെ ഇളയ സഹോദരി ഷൈനിയെക്കുറിച്ച് പറയാം.

ആ സഹോദരിക്ക് രണ്ട് മക്കളുണ്ട്. എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്, ആ മക്കളെക്കാളും എന്നെയാണ് സഹോദരി സ്നേഹിക്കുന്നത് എന്നാണ്. അത് ഞാൻ എൻറെ സഹോദരിയെ സ്നേഹിക്കുന്നത് കൊണ്ടല്ല, ഞാൻ സ്വാർത്ഥൻ ആണെന്ന് എനിക്ക് മാത്രമല്ല, ആ സഹോദരിക്കും അറിയാം. എന്നിട്ടും എന്നെ സ്നേഹിക്കുന്നു, എൻറെ ഓരോ തകർച്ചയിലും എന്നെ ഒരമ്മയെന്നപോലെ കൈപിടിച്ചുയർത്തുന്നു.

പോക്‌സോ ചുമത്തപ്പെട്ട് ജയിലിൽ കിടന്നപ്പോഴും, പോലീസുകാർ ചെയ്യേണ്ട കാര്യങ്ങൾവരെ ചെയ്ത് എന്നെ ജയിലിൽ നിന്നും പുറത്തു കൊണ്ടുവന്നത് ആ സഹോദരിയാണ്. അപ്പനെ സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ട എൻറെ ഭാര്യ അപ്പനെ ഉപേക്ഷിച്ച് പോയ അന്നുമുതൽ, അപ്പനെ സംരക്ഷിക്കുന്നതും പോരാഞ്ഞ്, പാതിപോലും എത്തിയിട്ടില്ലാത്ത വീടിൻറെ പണി ജീവിക്കാൻ തക്കവിധം പൂർത്തിയാക്കിയതും ആ സഹോദരി തന്നെ. ആ സഹായം ഇല്ലായിരുന്നെങ്കിൽ, ഞാൻ പണ്ടേ ജോലിയും ഉപേക്ഷിച്ച് തെണ്ടി നടക്കേണ്ടി വന്നേനെ.

എന്തുകൊണ്ടാണ് സഹോദരി ഇത്രമാത്രം എന്നെ സ്നേഹിക്കുന്നത്? ഉത്തരം ഒരു വാചകത്തിൽ പറയാം. അതിതാണ്. എന്നെക്കുറിച്ച് നിങ്ങൾക്കുള്ള മുൻപ് പറഞ്ഞ നിഗമനങ്ങൾ തെറ്റാണെന്ന് അവൾക്കറിയാം.

എൻറെ സഹോദരി ഒരു മകളാണ്, സഹോദരിയാണ്, ഭാര്യയാണ്, അമ്മയാണ്. അങ്ങിനെയെല്ലാമായ സഹോദരി, അവൾ ഇപ്പറഞ്ഞവർ എല്ലാം എങ്ങനെയായിരിക്കണം എന്നാഗ്രഹിക്കുന്നുവോ ആ ഗുണങ്ങൾ എല്ലാം എന്നിൽ കാണുന്നു.

അതൊരു തമാശയായി പലർക്കും തോന്നിയേക്കാം. കാരണം, ഞാൻ എൻറെ അപ്പനെയും, സഹോദരിയെയും, മകളെയും എല്ലാം സ്നേഹിക്കുകയും കരുതുകയും ചെയ്യുന്നുണ്ട് എന്ന് തോന്നാമെങ്കിലും, എൻറെ ഭാര്യയെപ്രതി എനിക്ക് കരുതൽ ഉണ്ടെന്ന് ഞാൻ പറഞ്ഞാൽ അതൊരു വലിയ തമാശയാണ്, അല്ലേ?

അവിടെയാണ് എൻറെ ഭാര്യക്കും, അതുപോലെ മുൻപറഞ്ഞ നിഗമനങ്ങളിൽ എത്തിയവർക്കും തെറ്റ് പറ്റുന്നത്.

എൻറെ സഹോദരി എന്നെ സ്നേഹിക്കുന്നത് എന്തുകൊണ്ടാണെന്നാൽ, എന്നെ ഭ്രാന്തനെന്ന് മുദ്രകുത്തി ആർത്തവ കള്ളക്കഥയുണ്ടാക്കി മനോരോഗസെല്ലിൽ അടച്ച് ചികിൽസിക്കാൻ ശ്രമിച്ചിട്ടും, എൻറെ മകളെ ഞാൻ പീഢിപ്പിച്ചു എന്ന് പറഞ്ഞ് പോക്‌സോ ചുമത്തി ജയിലിൽ ഇട്ടിട്ടും, എന്നിട്ടും തൃപ്തി വരാതെ എൻറെ മകളോടൊന്നു സംസാരിക്കാൻ പോലും പറ്റാത്തവിധം വീണ്ടും പോലീസിൽ പരാതിപ്പെട്ടിട്ടും ചുരുക്കിപ്പറഞ്ഞാൽ ഒരു വ്യക്തിയെ എത്രമാത്രം അപമാനിക്കുകയും, പീഢിപ്പിക്കുകയും ചെയ്യാമോ അതെല്ലാം ചെയ്തിട്ടും, ഞാൻ എൻറെ ഭാര്യയെന്ന് പറയുന്ന സ്ത്രീയുടെ നാശം ആഗ്രഹിക്കുന്നില്ല എന്നതാണ്.

എൻറെ സഹോദരി എന്നിൽ കാണുന്ന നന്മ അതാണ്.

ആ നന്മ എൻറെ അപ്പൻ തിരിച്ചറിയുന്നു, എൻറെ സഹോദരി തിരിച്ചറിയുന്നു, എൻറെ മകൾ തിരിച്ചറിയുന്നു. അതിനാൽ തന്നെ അവരെല്ലാം എന്നെ ഒരുപാട് സ്നേഹിക്കുന്നു. പക്ഷെ എൻറെ ഭാര്യ തിരിച്ചറിയുന്നില്ല എന്നതിനാൽ ഉണ്ടായ അസ്വസ്ഥത മൂലം ആ സ്ത്രീയ്ക്ക് എന്നെ സ്നേഹിക്കാൻ കഴിയുന്നില്ല. അതുതന്നെയാണ് ഇപ്പോഴത്തെ തകർച്ചയുടെ ഒരു കാരണം. അങ്ങിനെ തിരിച്ചറിയാൻ കഴിയാതെ അസ്വസ്ഥതപ്പെട്ടിരിക്കുന്ന ആ സ്ത്രീയെ പലപ്പോഴും സത്യാവസ്ഥ തിരിച്ചറിയാതെയും, സ്വാർത്ഥലക്ഷ്യത്തോടെയും സ്വന്തം കുടുംബക്കാരും, വക്കീലന്മാരും, അച്ചന്മാരും എല്ലാം ഉപദേശിച്ച് ആ അസ്വസ്ഥത വർദ്ധിപ്പിച്ചപ്പോൾ എൻറെ നാശം ആഗ്രഹിക്കുന്ന തലത്തിലേയ്ക്ക് ആ സ്ത്രീയെ കൊണ്ടെത്തിച്ചു.

ഞങ്ങളുടെ വിവാഹത്തിന് ശേഷം, എന്നോടൊപ്പം ആയിരുന്ന സമയങ്ങളിൽ എൻറെ ഭാര്യ സന്തോഷവതി ആയിരുന്നത് അപൂർവ്വം സമയങ്ങളിലാണ്. ഞാൻ ഒന്ന് ചിരിച്ചു കാണുമ്പോൾ എൻറെ ഭാര്യ എല്ലാം മറന്നു ചിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതിനർത്ഥം ഞാൻ സന്തോഷവാനായി കാണുന്നതുതന്നെ ആ സ്ത്രീയ്ക്ക് സന്തോഷമായിരുന്നു. അതുകാണുമ്പോൾ, ആ സ്ത്രീയുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരാൻ കഴിയാത്തതിൽ എനിക്ക് പലപ്പോഴും കുറ്റബോധം തോന്നിയിട്ടുണ്ട്. ആ സ്ഥിതി മാറണം എന്നുറപ്പിച്ച്, ഇനി കൂടുതൽ കരുതലോടെ കാര്യങ്ങളെ കാണണം എന്നുഞാൻ മനസ്സിൽ ഉറപ്പിച്ചിട്ടുണ്ട്.

എന്നിട്ടും ഒരു ദിവസം പൂർത്തിയാകുന്നതിനു മുൻപുതന്നെ, വീണ്ടും ഞാൻ ഒച്ചയെടുക്കും. അങ്ങിനെ ഒച്ചയെടുക്കുമ്പോൾ എനിക്ക് ഭ്രാന്താണെന്ന് ആ സ്ത്രീ പറയും.

ശരിക്കും എനിക്ക് മനോരോഗം ഉണ്ടോ? നിങ്ങൾ എത്തിയ നിഗമനം പോലെ എനിക്ക് ശരിക്കും മനോരോഗം ഉണ്ടോ? ഉണ്ടെങ്കിൽ എൻറെ സഹോദരി എന്തുകൊണ്ടാണ് സ്വന്തം മക്കളെക്കാൾ എന്നെ സ്നേഹിക്കുന്നത് (അതിൽ അൽപം അതിശയോക്തി ഉണ്ടോ? ആർക്കെങ്കിലും സ്വന്തം മക്കളെക്കാൾ സഹോദരനെ സ്നേഹിക്കാൻ കഴിയുമോ? ഇല്ലെന്നാണ് ഉത്തരമെങ്കിലും, എനിക്ക് പലപ്പോഴും അങ്ങിനെ തോന്നിയിട്ടുണ്ട്)? ജനിച്ച അന്നുമുതൽ അമ്മയോടൊപ്പം ജീവിച്ചിട്ടും എൻറെ മകൾ 'എനിക്ക് പപ്പയെ ആണിഷ്ടം, പപ്പയോടൊപ്പം ജീവിക്കാനാണിഷ്ടം' എന്ന് എന്തുകൊണ്ടാണ് എപ്പോഴും പറയുന്നത്?

അങ്ങിനെ ഞാൻ ഒച്ചയെടുക്കുന്നത് എനിക്ക് ശരിക്കും മനോരോഗം ഉള്ളതുകൊണ്ടാണോ എന്ന് ഞാൻ തന്നെ പലതവണ വിശകലനം ചെയ്തു നോക്കിയിട്ടുണ്ട്.

മേലിൽ ഒച്ചയെടുക്കരുത് എന്നുറച്ച തീരുമാനം എടുത്തിട്ടും, ഞാൻ എന്തുകൊണ്ടാണ് ഒരു ദിവസം പോലും തികയുന്നതിന് മുൻപ് വീണ്ടും ഒച്ചയെടുക്കുന്നത്?

കുടിക്കുകയോ വലിക്കുകയോ ചെയ്യില്ല എന്ന് മൂന്നു പതിറ്റാണ്ടു മുൻപ് തീരുമാനിച്ചിട്ട് ഇന്നും ഇത്രയും പ്രശ്നങ്ങളിലൂടെ പോയിട്ടും ആ തീരുമാനത്തിൽ ഉറച്ചു നിൽക്കാൻ കഴിയുന്ന എനിക്ക് എൻറെ മകളുടെ ഭാവിയെ തകർക്കും എന്നറിയാമായിട്ടുപോലും ഒരു ദിവസം പോലും ഒച്ചയെടുക്കാതിരിക്കാൻ കഴിയാതെ പോകുന്നതെന്തുകൊണ്ട്?

ഇതിന് വ്യക്തമായ ഒരുത്തരം തരാൻ എനിക്ക് കഴിയുന്നില്ലെങ്കിൽ എനിക്ക് മനോരോഗം ഉണ്ടെന്നുറപ്പ്. അങ്ങിനെയെങ്കിൽ എനിക്ക് മനോരോഗം ഉണ്ടെന്ന് ഞാൻ തിരിച്ചറിയുന്നില്ല എന്നതാണ് എല്ലാ പ്രശ്നങ്ങളുടെയും കാരണം.

ഞാൻ എന്തുകൊണ്ടാണ് ഒച്ചയെടുക്കുന്നത്? ഇതിനുള്ള എൻറെ ഉത്തരം വേണമെങ്കിൽ ഒരു മഹാഭാരതകഥ പോലെ വിശദീകരിക്കാൻ കഴിയും. കാരണം വിവാഹത്തിനുശേഷം ഓരോ ദിവസത്തെയും അനുഭവങ്ങൾ എടുത്താൽ ഓരോ ദിവസവും എനിക്ക് ഒന്നിലധികം കാരണങ്ങൾ പറയാനുണ്ടാകും.

മഹാഭാരതം വായിക്കാൻ ആർക്കാണ് നേരം, അതിനാൽ ഒരനുഭവം മാത്രം പറയാം. ഞാൻ നടന്ന കാര്യം അതേപടി പറയുക മാത്രമേ ചെയ്യൂ. എൻറെ മകളുടെ നാമത്തിൽ ഞാൻ സത്യം ചെയ്യുന്നു. അതിനെ നിങ്ങൾ വിശകലനം ചെയ്യുക. എന്നിട്ട് എനിക്ക് ശരിക്കും മനോരോഗം ഉണ്ടോ എന്ന് നിങ്ങൾ എന്നോട് പറയുക.

എന്നെ മനോരോഗസെല്ലിൽ അടച്ചിട്ട് അവിടെ നിന്നും രക്ഷപെട്ടുവന്നതിനുശേഷം മാസങ്ങൾ കഴിഞ്ഞ്, കുടുംബ കോടതിയിൽ കേസ് നടക്കുന്ന, എൻറെ ഓർമ്മ ശരിയാണെങ്കിൽ കഴിഞ്ഞ ക്രിസ്തുമസ് അവധിക്കാലത്താണ് ഈ സംഭവം നടന്നത്.

ബാംഗ്ലൂർ ജോലി ചെയ്തിരുന്ന ഞാൻ അവധിക്കാലത്ത് മകളെ എറണാകുളത്തുനിന്നും കണ്ണൂരുള്ള എൻറെ വീട്ടിലേയ്ക്കു കൊണ്ടുവരാൻ തീരുമാനിച്ചു.

ഭാര്യ എന്നോട് ചെയ്ത ക്രൂരതകൾ കാരണവും, എൻറെ അപ്പനെ ഒരനാഥപ്രേതം പോലെ വീട്ടിൽ ഉപേക്ഷിച്ച് തന്നിഷ്ടം പോയി ജീവിക്കുന്നതും പോരാഞ്ഞ്, എൻറെ മകളെ ഇടയ്ക്കു നിർത്തി എന്നെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുന്നത് മൂലവും, എൻറെ കുടുംബത്തിൽ എല്ലാവർക്കും വട്ടാണെന്ന് നിരന്തരം പറയുന്നതുമൂലവും,  എൻറെയും മകളുടെയും ഇഷ്ടത്തിനെതിരായി എൻറെ മകളെ എന്നിൽ നിന്നും അകറ്റാൻ ശ്രമിക്കുന്നത് കാരണവും, എൻറെ എതിർപ്പിനെ വകവയ്ക്കാതെ എൻറെ മകൾക്കു മനോരോഗമാണെന്നു പറഞ്ഞ് മരുന്ന് കൊടുക്കുന്നതുമൂലവും എല്ലാം എനിക്ക് ഭാര്യയോട് കടുത്ത വെറുപ്പുണ്ടായിരുന്നു. ഇതിനെല്ലാമുപരി, ഇപ്പോൾ കുടുംബ കോടതിയിൽ കേസ് നിലനിൽക്കുന്നുമുണ്ട്.

എന്നിട്ടും ഞാൻ എൻറെ ഭാര്യയെയും ഓണം ആഘോഷിക്കാൻ വീട്ടിലേയ്ക്ക് ക്ഷണിച്ചു. അതിശയമെന്നു പറയട്ടെ, ആദ്യം അവധി കിട്ടില്ല എന്ന് ഒഴികഴിവ് പറഞ്ഞു എങ്കിലും ഭാര്യയും വരാമെന്നു പറഞ്ഞു.

ഞാൻ ഇക്കാര്യം വീട്ടിൽ പറഞ്ഞപ്പോൾ എന്നേക്കാൾ സന്തോഷിച്ചത് എൻറെ അപ്പനും സഹോദരിയും ആയിരുന്നു. കാരണം മരിക്കുന്നതിന് മുൻപ് പ്രശ്നങ്ങൾ എല്ലാം തീർന്ന് എൻറെ കുടുംബം ഒന്നിച്ച് കാണുക എന്ന സ്വപ്നവുമായി ജീവിക്കുന്നയാളാണ് എൻറെ അപ്പൻ. എൻറെ സഹോദരിയാകട്ടെ, എൻറെ സന്തോഷം മാത്രം ആഗ്രഹിക്കുന്നു എന്നു മാത്രമല്ല, അങ്ങിനെ എൻറെ ഭാര്യ മകളോടൊപ്പം വന്ന് സന്തോഷമായി ജീവിച്ചുതുടങ്ങിയാൽ സ്വന്തം വീട്ടിലേയ്ക്ക് പോയി വീണ്ടും ജീവിതം തുടങ്ങാം എന്നാഗ്രഹിച്ചിരിക്കുന്നവളാണ്.

ഇങ്ങനെ ഒന്നിക്കേണ്ടത് എൻറെ മകളുടെ നല്ല ഭാവിക്ക് ആവശ്യമാണ്. ഈ വരവ് അതിനിടയാക്കിയേക്കാം എന്നോർത്തപ്പോൾ ഞാൻ ഏറെ പ്രതീക്ഷ വച്ചുപുലർത്തി.

അതിനാൽ തന്നെ, എന്തുതന്നെ സംഭവിച്ചാലും അവർ വന്ന് മടങ്ങുന്നതുവരെ അവരുടെ സന്തോഷത്തിനുള്ള കാര്യങ്ങൾ മാത്രമേ ചെയ്യൂ എന്നും, എത്ര പ്രകോപനം ഉണ്ടായാലും ഒച്ചയെടുക്കില്ല എന്നും ഞാൻ തീർച്ചപ്പെടുത്തി.

അങ്ങിനെ ഓണാവധിക്ക് ഭാര്യയും മകളും വീട്ടിൽ എത്തി.

ഞങ്ങളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. മകളുടെ സന്തോഷം പറഞ്ഞറിയിക്കുക വയ്യായിരുന്നു. ഞാനും ഭാര്യയും സ്നേഹത്തോടെ സംസാരിക്കുന്നതു കണ്ടത് മകൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. വിശ്വാസം വരാതെ മകൾ എൻറെ ചെവിയിൽ വന്ന് രഹസ്യമായി ചോദിച്ചു, "പപ്പാ, നിങ്ങളുടെ വഴക്കും പിണക്കവും ഒക്കെ മാറിയോ?"

അതിനു വ്യക്തമായ ഉത്തരം ഇല്ലാതിരുന്നതിനാൽ, ഞാൻ നന്നായൊന്നു ചിരിച്ചു. അതവൾക്കും ഇഷ്ടമായി.

വർഷങ്ങൾക്ക് മുൻപ് ഭാര്യ വീടുവിട്ടിറങ്ങുമ്പോൾ വീടിൻറെ വാർപ്പ് കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ഇപ്പോൾ വീട് മനോഹരമായിരിക്കുന്നു. അതിശയത്തോടെ ഭാര്യ വീട് മുഴുവൻ നടന്നു കാണുന്നത് ഞാൻ ശ്രദ്ധിച്ചു. ആ മുഖത്ത് അത് വളരെ പ്രകടമായിരുന്നു.

അന്ന് ഞങ്ങൾ ബ്രേക്ക് ഫാസ്റ്റും ലഞ്ചും എല്ലാം ഒന്നിച്ചിരുന്ന് കഴിച്ചു. അന്ന് എൻറെ സഹോദരി ഒരു സഹോദരി അല്ലായിരുന്നു, ഒരമ്മയായിരുന്നു.

എൻറെ ഭാര്യ ഉപേക്ഷിച്ചു പോയതിനുശേഷം എൻറെ അപ്പനെ സംരക്ഷിക്കുന്ന സഹോദരി അവിടെ അനാശാസ്യം നടത്തുകയാണെന്ന് പറഞ്ഞ് പരത്തി അപമാനിച്ചതും, സഹോദരിയുടെ മകൻ മോഷണം നടത്തി എന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിൽ കയറ്റിയതും എല്ലാം സഹോദരി എനിക്കായി ക്ഷമിച്ചു.

എന്നിട്ട് മുടിയനായ പുത്രൻ തിരിച്ചുവന്നപ്പോൾ പിതാവ് ഏറ്റവും നല്ല കാളക്കുട്ടനെ കൊന്ന് സദ്യയൊരുക്കിയതുപോലെ സഹോദരി എല്ലാം ഒരുക്കി വിളമ്പി.

അത് കഴിച്ചുകൊണ്ടിരിക്കുമ്പോൾ തമാശകൾ പറഞ്ഞ് ചിരിച്ച ഭാര്യയെ കണ്ട എന്നിലുണ്ടായ സന്തോഷം പറഞ്ഞറിയിക്കുക വയ്യ. ഞാൻ അങ്ങിനെയാണ്, ചുറ്റുമുള്ളവർ അതാരുതന്നെയായാലും സന്തോഷിക്കുന്നത് കാണുമ്പോൾ ഞാൻ സന്തോഷിക്കും. അത് എൻറെ ഭാര്യ ആയാൽ പറയാനുണ്ടോ, എന്നെ ഭ്രാന്താശുപത്രിയിൽ അടച്ച സ്ത്രീ ആയാൽ പോലും.

എന്നുമാത്രമല്ല, വിവാഹത്തിനുശേഷം എൻറെ ഭാര്യക്ക് സന്തോഷം നൽകിയിട്ടില്ല എന്ന വിഷമം ആ നിമിഷങ്ങളിൽ ഇല്ലാതായി. അപ്പോൾ എൻറെ ഭാര്യ എന്നോടും കുടുംബത്തോടും നിരന്തരം ചെയ്തുകൊണ്ടിരുന്ന ക്രൂരതയൊന്നും എൻറെ ചിന്തകളിൽ വന്നേയില്ല.

അവളുടെ സന്തോഷത്തിൽ ഞാൻ സന്തോഷിച്ചു.

എൻറെ മകൾ ഒരു ചിത്രശലഭത്തെപ്പോലെ വീട്ടിലെല്ലാം പാറി നടന്നു. അവളും ഒരു പക്ഷെ ഒരു നല്ല നാളെയെ അപ്പോൾ സ്വപ്നം കണ്ടിരുന്നിരിക്കാം.

എൻറെ അപ്പൻ അതീവ സന്തോഷവാനായി കാണപ്പെട്ടു. തമാശ പറയുന്നതിൽ അപ്പനും ഭാര്യക്കും വാശിയുള്ളതുപോലെ തോന്നി. കൂടെ സഹോദരിയും കൂടി ചേർന്നപ്പോൾ ശരിക്കും ഏറ്റവും നല്ലൊരു അനുഭവമായി അത്.

ഇനി ചത്താലും കുഴപ്പമില്ല എന്ന്‌ അപ്പൻ മനസ്സിൽ പറഞ്ഞിരിക്കണം!

ഭക്ഷണം എല്ലാം കഴിഞ്ഞ് വലിയ സ്‌ക്രീനിൽ സിനിമ കണ്ടിരിക്കുമ്പോഴും ഞങ്ങൾ ഓരോ കാര്യങ്ങൾ പറഞ്ഞു ചിരിച്ചു കൊണ്ടിരുന്നു.

അങ്ങിനെ മൂന്നുനാലുമണി ആയിക്കാണും.

മകളെ കാണാത്തതിനാൽ ഞാൻ ഞങ്ങളുടെ ബെഡ്റൂമിലേക്ക് പോയി. മകൾ അവിടെ കിടന്നുറങ്ങുന്നുണ്ടായിരുന്നു.

ഇത്തിരി മുൻപുവരെ വീട് മുഴുവൻ ആർത്തുല്ലസിച്ച് നടക്കുകയായിരുന്ന മകൾ പെട്ടെന്നുറങ്ങുകയോ? എനിക്കെന്തോ പന്തികേട് തോന്നി.

ഞാൻ ഭാര്യയുടെ മുഖത്തേയ്ക്കു നോക്കി. ഭാര്യ എന്തോ എന്നിൽ നിന്നും മറയ്ക്കാൻ ശ്രമിക്കുന്നത് പോലെ എനിക്ക് തോന്നി. മകൾ എന്താണ് പെട്ടെന്നുറങ്ങിയത് എന്ന എൻറെ ചോദ്യം ഞാൻ ആവർത്തിച്ചു.

പെട്ടെന്ന് ഒരു കാര്യം ഒരു വെള്ളിടി പോലെ എൻറെ ചിന്തകളിലേയ്ക്കും, അതുപിന്നെ അനിയന്ത്രിതമായ കോപമായി എൻറെ ശരീരമാകെയും പടർന്നു കയറി.

എൻറെ മകൾക്ക് മനോരോഗത്തിനെന്നും പറഞ്ഞ് വീണ്ടും മരുന്ന് കൊടുത്തിരിക്കുന്നു. ആ മരുന്ന് കഴിച്ചതുമൂലമാണ്, ആർത്തുല്ലസിച്ചു പാറിനടന്ന എൻറെ പൊന്നുമകൾ ഇപ്പോൾ തളർന്നുകിടന്നുറങ്ങുന്നത്.

പ്രതികരിക്കാനുള്ള പ്രാപ്തി ഉള്ളതിനാൽ മനോരോഗസെല്ലിൽ നിന്നും, ഭാര്യ തീർക്കുന്ന ചതിക്കുഴികളിൽ നിന്നും ഞാൻ എങ്ങനെയൊക്കെയോ ഇന്നുവരെ രക്ഷപ്പെട്ടു. പക്ഷെ, നിസ്സഹായയായ മകൾ എങ്ങിനെ രക്ഷപ്പെടും?

എനിക്കെൻറെ കോപത്തെ അടക്കാൻ ആയില്ല. ഒരു കാരണവശാലും ഞാൻ ഒച്ചയെടുക്കില്ല എന്ന എൻറെ ഉറച്ച തീരുമാനം ഞാൻ ഓർത്തില്ല.

തളർന്നുറങ്ങുന്ന എൻറെ പൊന്നുമകളുടെ ദൈന്യമാർന്ന മുഖം എൻറെ എല്ലാ നിയന്ത്രണങ്ങളും തെറ്റിച്ചു.

ഞാൻ അലറി, 'പൊലയാടി മോളെ, നീ പിന്നെയും എൻറെ പൊന്നു മകൾക്ക് മരുന്ന് കൊടുത്തോ, അതും എൻറെ അനുവാദമില്ലാതെ?"

എന്നെ ആശ്രയിച്ചിരിക്കുന്ന എൻറെ 90 വയസ്സായ അപ്പൻറെയും, 9 വയസ്സായ മകളുടെയും സംരക്ഷണവും സുരക്ഷിതത്വവും എൻറെ ഉത്തരവാദിത്തമാണ്.

എൻറെ ഭാര്യയെന്ന് പറയുന്ന തേവിടിശ്ശി സ്ത്രീയുടെ കവിളിൽ ആഞ്ഞടിക്കുമ്പോൾ എൻറെ സർവ്വ കരുത്തും, ദേഷ്യവും എല്ലാം എൻറെ കയ്യിലേക്ക് സന്നിവേശിച്ചിരുന്നു.

എനിക്ക് ഭ്രാന്തുണ്ടോ?

http://seban15081969.blogspot.in/2017/05/blog-post_13.html




3 comments:

  1. ഞാൻ വായിച്ചു പൂർണ്ണമായി തന്നെ: സൃഷ്ടി എന്ന നിലയിൽ പൂർണ്ണ നിലവാരം പുലർത്തുന്നു: അല്ല ഇത് ജീവിതമാണങ്കിൽ താങ്കൾ അൽപം ഹൈപ്പർ ആക്ടീവ് ആണെന്നാണ് എനിക്ക് തോന്നുന്നത് ... പിന്നെ ധാർഷ്ട്യം കലർന്ന സ്വഭാവവും അല്ലാതെ മാനസിക പ്രശ്നമായിട്ട് തോന്നുന്നില്ല

    ReplyDelete
  2. തീർച്ചയായും താങ്കൾക്കെന്തോ മനോവികലതയുണ്ട്. കുടുംബത്തിൽ പിറന്നവർക്ക് കാണാൻ പാടില്ലാത്ത അമ്മയെയോ പെങ്ങളെയോ തിരിച്ചറിയാൻ കഴിയാത്ത എന്തൊക്കെയോ പ്രശ്നങ്ങൾ.
    അവർ വിവാഹമോചനം ആവശ്യപ്പെട്ടതിൽ അത്ഭുതമില്ല..

    ReplyDelete