Monday, 16 November 2015

പാഠം ഉൾക്കൊണ്ട് തിരുത്തിയില്ലെങ്കിൽ, പാരിസ് ആക്രമണത്തേക്കാൾ വലുത് വരാനിരിക്കുന്നു

അഭയാർത്ഥികളെ സ്വീകരിക്കുന്നതും, അന്യരാജ്യക്കാരുടെ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതും എല്ലാം നല്ലതു തന്നെ. പക്ഷെ, ഞാൻ പല തവണ ആവർത്തിച്ച ഒരു കാര്യമുണ്ട്. അതായത്, അങ്ങിനെ അന്യരാജ്യങ്ങളിൽ നിന്നും വരുന്നവർ, അവരെ അന്ധരാക്കി വച്ചിരിക്കുന്ന മതങ്ങളിൽ നിന്നും, അനാചാരങ്ങളിൽ നിന്നും പൂർണ്ണമായും സ്വതന്ത്രരായി, ഇനി ജീവിക്കാൻ പോകുന്ന രാജ്യത്തെ സംസ്ക്കാരവുമായും, ജീവിതമൂല്യങ്ങളുമായും ഇഴുകിച്ചേർന്ന് ആ രാജ്യത്തെ പൗരന്മാരായി ക്രമേണ മാറുമെന്ന ഉറപ്പ് അവരിൽ നിന്നും നേടുകയും, അത് പാലിക്കാത്തവരെ തിരിച്ചയക്കുകയും ചെയ്യുന്ന സംവിധാനം ഉണ്ടാവണം.

അത് ചെയ്യാതെ, വിവിധ രാജ്യക്കാരെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്ന രാജ്യങ്ങൾ (അത് മൂന്നാംകിട ജോലികൾ അങ്ങിനെ വരുന്നവരെക്കൊണ്ട് ചെയ്യിച്ച്‌, സുഖിച്ച് ജീവിക്കാൻ ആണെന്നത് വേറെ കാര്യം), സ്വന്തം രാജ്യത്തെ ജനങ്ങളുടെ ജീവനും സുരക്ഷക്കും ഭീഷണി ഉയർത്തുകയാണ്, പ്രത്യേകിച്ചും കുടിയേറ്റം അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്ന കാനഡയും ഓസ്ട്രേലിയയും പോലെയുള്ള രാജ്യങ്ങൾ. ഞാൻ വീണ്ടും മുന്നറിയിപ്പ് തരുന്നു, ഈ രാജ്യങ്ങൾ ഒക്കെ ഇപ്പോൾ പാരീസിൽ സംഭവിച്ച ഭീകരാക്രമണത്തേക്കാൾ വലിയ വിപത്ത് നേരിടേണ്ടി വരുന്നത് അത്ര വിദൂരമല്ല.

കാനഡയിൽ ഉണ്ടായിരുന്ന കാലത്ത്, എനിക്കേറ്റവും ഇഷ്ടം തോന്നിയ ഒരു കാര്യം ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നും ഉള്ളവർ അവിടെവന്ന് കനേഡിയൻ പൗരത്വം സ്വീകരിച്ച് അവിടെ ജീവിക്കുന്നു എന്നുള്ളതാണ്. ഞാൻ ജോലി ചെയ്ത കമ്പനിയിൽ തന്നെ, കാനഡയും, ഇന്ത്യയും കൂടാതെ, ഗ്വാടിമാല, ചിലി, ബംഗ്ലാദേശ്, അർജെന്റിന, ഫിലിപ്പിൻസ്, ജമൈക്ക, യുകെ, ചൈന, സിങ്കപ്പൂർ, ശ്രീലങ്ക, ക്യൂബ, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, സൗത്ത് ആഫ്രിക്ക, അതുപോലെ മറ്റു പല രാജ്യങ്ങളിൽ നിന്നും ഉള്ളവർ ഉണ്ടായിരുന്നു. അവരോടെല്ലാം ആശയവിനിമയം നടത്തുന്നത്, അല്പം ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിലും, ഏറ്റവും മഹത്തായ ഒരനുഭവം ആയിരുന്നു അത്.

പക്ഷെ, ആ മഹത്തായ അനുഭവം അവിടം കൊണ്ട് തീർന്നു. കാരണം, കാനഡയിൽ എത്തിയിട്ടും ഈ രാജ്യക്കാരെല്ലാം അവരവരുടെ മതങ്ങളും സംസ്ക്കാരങ്ങളും കെട്ടിപ്പിടിച്ച്, ഏറ്റവും ആവശ്യമായ ഇഴുകിച്ചേരൽ (Integration) നടക്കാതെ, വേറെവേറെ ജീവിക്കുകയാണിപ്പോഴും. അവരിൽ ആരും തന്നെ ഒരിക്കലും, ഒരു കനേഡിയൻ ആകാൻ ശ്രമിക്കുന്നില്ല.

അങ്ങിനെ ഒരു ശ്രമം ഇല്ലാത്തതിനാൽ ആണ്, ഗൾഫ്‌ മേഖലയിൽ രണ്ടു കനേഡിയൻ പട്ടാളക്കാർ തീവ്രവാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന് കേട്ടപ്പോൾ, എന്റെ രണ്ടു അഫ്ഗാൻ സുഹൃത്തുക്കൾ സന്തോഷം കൊണ്ട് തുള്ളിച്ചാടിയത്.

അങ്ങിനെ തുള്ളിച്ചാടിയവർ, നാളെ ചാവേറുകളായി, അവർക്ക് അഭയം നൽകിയ രാജ്യത്തെ തന്നെ ആയിരക്കണക്കിന് കനേഡിയൻ വംശജരെ കൊന്നൊടുക്കിയാലും അത്ഭുതപ്പെടേണ്ടി വരില്ല.

മതങ്ങൾ ഇത്രയും ഭീകരത ലോകം മുഴുവൻ സൃഷ്ടിച്ചിട്ടും, ഈ മതാന്ധതയിൽനിന്നും പുറത്തുവരുവാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്ന ഒരു നേതാവുപോലും ഇന്നും ഈ ലോകത്തില്ലെന്നതു തന്നെയാണ് ഏറ്റവും വലിയ ദുരവസ്ഥ.

ആ സ്ഥിതിയിൽ, ഇന്നുള്ള ഐഎസ് ഭീകരരെ മൊത്തം ഉന്മൂലനം ചെയ്‌താലും, മറ്റൊരു വിഭാഗം ഒരു പക്ഷെ, ഇതിലും ഭീകരമായി ഇവിടെ വളർന്നുവരും. അത് ഇസ്ലാം മതത്തിൽ നിന്നുതന്നെ ആവണമെന്നില്ല. ചിലപ്പോൾ, ക്രിസ്തുമതം ആവാം, ഹിന്ദുമതം ആവാം, അല്ലെങ്കിൽ ആൾ ദൈവങ്ങൾ കൊണ്ടുനടക്കുന്ന ഏതെങ്കിലും വിഭാഗം ആവാം. എന്തിനേറെ പറയണം, ഇന്ത്യയിൽ അതിനുള്ള സാദ്ധ്യതകൾ കണ്ടു തുടങ്ങിയിരിക്കുന്നു, അതും ദൈവത്തിന്റെ പേരിൽ അല്ല, പശുവിന്റെ പേരിൽ.

വിവേകാനന്ദൻ പറഞ്ഞതിൽ ഒരു തിരുത്തുണ്ട്. വെറും കേരളം അല്ല, ഈ ലോകം തന്നെ ഒരു ഭ്രാന്താലയമാണ്‌, മറ്റു മൃഗങ്ങൾക്ക് ഇല്ലാത്ത വിവേചനശക്തിയുണ്ടെന്ന് അഹങ്കരിക്കുന്ന, എന്നാൽ വിവരമോ വിവേകമോ തൊട്ടുതേച്ചിട്ടില്ലാത്ത മനുഷ്യരുടെ സൃഷ്ടിയായ ഭ്രാന്താലയം.


No comments:

Post a Comment