Thursday, 12 November 2015

അരങ്ങം എസ്ഐക്ക് നൽകിയ അപേക്ഷ: എനിക്ക് നീതി നടപ്പാക്കിത്തരണം

From:

സെബാസ്റ്റ്യൻ തോമസ്‌
ചെറുകാനം വീട്, ചെറുപാറ, തിമിരി പി.ഓ.,
കണ്ണൂർ, കേരള - 670 581

മൊബൈൽ: +91 7559960240
ഇമെയിൽ: seban1969@gmail.com

To:

സബ് ഇൻസ്പെക്ടർ
അരങ്ങം പോലീസ് സ്റ്റേഷൻ

കുറ്റം ചെയ്തവൻ സസുഖം ജീവിക്കുന്നു, അവൻ ചെയ്ത കുറ്റത്തിന് വിധേയനായ ഞാൻ തന്മൂലം ജോലിക്ക് പോകാൻ പോലുമാകാതെ വിഷമിക്കുന്നു. എനിക്ക് നീതി നടപ്പാക്കിത്തരണം.

ബഹുമാനപ്പെട്ട സർ,

07 ഏപ്രിൽ 2013-ൽ, അരങ്ങം പോലീസ് സ്റ്റേഷനിൽ വച്ച് പരാതിയുമായി വന്ന ഞാൻ, എൻറെ പരാതിയിലെ പ്രതിയായ സണ്ണി കുളങ്ങര എന്ന വ്യക്തിയെ അടിച്ചതുമായി ബന്ധപ്പെട്ട് എനിക്കെതിരെ ഒരു കേസ് നിലവിൽ ഉണ്ട് (ക്രൈം നമ്പർ 243/13).

എനിക്കെതിരെയുള്ള കേസ്സിൻറെ FIR-ൻറെ കോപ്പിയും, അവർ ഹോസ്പിറ്റലിൽ ചികിത്സ തേടി എന്നതിൻറെ രേഖയും ഇതോടൊപ്പം ചേർക്കുന്നു (ബാക്കി വക്കീലിൻറെ വശമുള്ള രേഖകൾ വായിച്ചെടുക്കാൻ പറ്റാത്ത സ്ഥിതിയിൽ ആണ്. വീണ്ടും കോടതിയിൽ നിന്നും അതിൻറെ പകർപ്പ് എടുക്കണം എന്നാണ് അദ്ദേഹം പറയുന്നത്).

പോലീസും കോടതിയും എല്ലാം ഇവിടെയുള്ളത് എല്ലാവർക്കും നീതി ഉറപ്പാക്കാൻ ആണ്, ആയിരിക്കണം എന്ന് വിശ്വസിക്കുന്ന ആളാണ്‌ ഞാൻ. പക്ഷെ, ദൗർഭാഗ്യകരം എന്ന് പറയട്ടെ, ഇവിടെ എനിക്ക് നീതി നിഷേധിക്കപ്പെടുകയാണ്.

ആകെ ഒരു വാചകം മാത്രമുള്ള, FIR-ൻറെ ഉള്ളടക്കത്തിൽ തന്നെ രണ്ടു Factual  Errors ഉണ്ട്. ഒന്നാമത്, അതിൽ പറഞ്ഞിരിക്കുന്നതുപോലെ എസ്ഐയുടെ മുൻപിൽ വച്ച് സണ്ണി കുളങ്ങരയെ ഞാൻ അടിച്ചിട്ടില്ല. ഞാൻ സണ്ണി കുളങ്ങര എന്ന വ്യക്തിയുടെ കവിളിൽ പോലീസ് സ്റ്റേഷനിൽ വച്ച് അടിച്ചു എന്നത് സത്യമാണ്. പക്ഷെ അത്, എസ്ഐയുടെ മുൻപിൽ വച്ചായിരുന്നില്ല. രണ്ടാമത്, ഞാൻ അടിച്ചതുമൂലം പരിക്കേറ്റതുമില്ല, അങ്ങിനെ പരിക്കേൽപ്പിക്കുക എന്നൊരു ഉദ്ദേശം എനിക്കുണ്ടായിരുന്നുമില്ല. ഞാൻ അത് ചെയ്തത് അങ്ങിനെ അടിച്ചു ഹീറോ ആകാനോ, അല്ലെങ്കിൽ ഒരു കുറ്റവാളി എന്നിൽ ഉള്ളതുകൊണ്ടോ അല്ല. നീതിമാനായി ജീവിക്കാൻ നിരന്തരം ശ്രമിക്കുന്ന എൻറെ ജീവിതത്തിൽ വന്ന് ആവർത്തിച്ച് കള്ളത്തരം കാണിച്ച്‌ എനിക്ക് സാമ്പത്തിക നഷ്ടം വരുത്തിയതും പോരാഞ്ഞ് എൻറെ അപ്പനെയും ഭാര്യയെയും കള്ളന്മാർ ആക്കാൻ ശ്രമിച്ചപ്പോൾ എന്നിൽ ഉണ്ടായ ശക്തമായ അമർഷം പ്രകടിപ്പിക്കൽ മാത്രമായിരുന്നു ആ അടി.

ഇവിടെ ഒരു കാര്യം എടുത്തു പറയട്ടെ, സ്റ്റേഷനിൽ വച്ച് അടിച്ചതിലൂടെ, പോലീസ് സംവിധാനത്തെ അവഹേളിക്കുക എന്നൊരു ഉദ്ദേശവും ഇല്ലായിരുന്നു എന്ന് മാത്രമല്ല, ഇത്തരം സംവിധാനങ്ങളോട് എന്നും ആദരവു പുലർത്തുന്ന ആളാണ്‌ ഞാൻ എന്നുമാത്രമല്ല, ഞാൻ അടിച്ചത്‌ കോടതിയെ ധരിപ്പിച്ചത് പോലീസിൻറെ ഭാഗത്തുനിന്നുണ്ടായ ഏറ്റവും ഉചിതമായ നടപടി ആണെന്ന് കരുതുന്നവനും ആണ് ഞാൻ.

പക്ഷെ, കോടതിയെ മുഴുവൻ കാര്യങ്ങളും ധരിപ്പിച്ചില്ല എന്നതിൽ എനിക്ക്‌ പരാതി ഉണ്ട്. കാരണം, മുഴുവൻ കോടതിയെ ധരിപ്പിക്കാതിരുന്നപ്പോൾ, കോടതിക്ക് മുൻപിൽ ഞാൻ പ്രതിയും, ശരിക്കും കുറ്റം ചെയ്ത സണ്ണി കുളങ്ങര നല്ലവനും ആയിരിക്കുന്നു. തന്മൂലം, എനിക്കുണ്ടായ നഷ്ടവും, മാനസ്സികപീഡനവും വീണ്ടും കൂടിക്കൊണ്ടിരിക്കുന്നു.

ഒരു പ്രശ്നബാധിത പ്രദേശത്ത് ചെല്ലുന്ന പോലീസ് ചിലപ്പോൾ ലാത്തിവീശിയും ഒക്കെ നിരപരാധികളെവരെ ദേഹോപദ്രവം ഏൽപ്പിക്കാറുണ്ട്. അങ്ങിനെ ചെയ്യേണ്ടി വന്ന സാഹചര്യം പരിശോധിക്കാതെ, പോലീസിനെ ലാത്തിവീശി ദേഹോപദ്രവം ഏൽപ്പിച്ചു എന്നുപറഞ്ഞ് ശിക്ഷിക്കുന്നത് ശരിയോ?


ഒരു പട്ടാളക്കാരൻ ട്രെയിനിംഗ് കാലയളവിൽ പഠിക്കുന്നതുതന്നെ 'ഒരു വെടിയുണ്ട, ഒരു ശത്രു' എന്നാണ്. അങ്ങിനെ പഠിക്കുന്ന പട്ടാളക്കാരൻ യുദ്ധസമയത്ത് ഇതിനുമുൻപ് ഒരിക്കലും കണ്ടിട്ടില്ലാത്ത ശത്രുപക്ഷത്തുള്ള പട്ടാളക്കാരനെ വെടിവച്ചു കൊല്ലുന്നു. അതിൽ കൊന്നു എന്നത് മാത്രം കണ്ട്, പട്ടാളക്കാരനെ കുറ്റവാളി ആയിക്കാണ്ട് ശിക്ഷിച്ചാലോ?

ഇതൊക്കെയും ചോദിച്ചു ഞാൻ എൻറെ തെറ്റിനെ ന്യായീകരിക്കാൻ ശ്രമിക്കുകയല്ല. മറിച്ച്, ഞാൻ ചെയ്തതിലും വലിയ തെറ്റ് നീതിമാനായ എന്നോട് കള്ളനും പിടിച്ചുപറിക്കാരനുമായ ഒരു വ്യക്തി (സണ്ണി കുളങ്ങര) ചെയ്തതാണ് ഞാൻ ചെയ്ത തെറ്റിലേയ്ക്ക് എന്നെ നയിച്ചത്. അപ്പോൾ എൻറെ തെറ്റ് കോടതിയെ ബോധിപ്പിച്ച എസ്ഐയ്ക്ക് ഇപ്പോൾ വാദിയായി നിരപരാധി ചമയുന്ന (അത് എസ്ഐക്കും അറിയാം) സണ്ണി കുളങ്ങര ചെയ്ത തെറ്റും കോടതിയെ ബോധിപ്പിക്കാൻ ബാധ്യതയുണ്ട്. അത് ചെയ്യാത്തത് കോടതിയെ തെറ്റിദ്ധരിപ്പിക്കലാണ്. അതുമൂലം ഞാൻ പ്രതിയായിരിക്കുന്നു. ഈ സ്ഥിതിയിൽ നീതി നടപ്പാവില്ല എന്നുറപ്പ്.

അതിനാൽ, അന്ന് എസ്ഐ അന്വേഷണം നടത്തി അവർ ചെയ്ത തെറ്റ് ബോദ്ധ്യപ്പെട്ട് രെജിസ്റ്ററിൽ എഴുതി എന്നെക്കൊണ്ട് ഒപ്പിടുവിച്ചതും കോടതിയുടെ മുൻപാകെ സമർപ്പിക്കണം. അത് കോടതിക്ക് എൻറെ നിരപരാധിത്വം ബോധ്യപ്പെടാൻ സഹായിക്കുകയും, ഈ വൈകിയ വേളയിൽ എങ്കിലും എനിക്ക് നീതി ലഭിക്കുവാൻ ഇടയാവുകയും ചെയ്യും.

ഇത് സംബന്ധിച്ച് ഞാൻ എൻറെ വക്കീലിന് എഴുതി നൽകിയ കുറിപ്പിൻറെ കോപ്പി ഇതോടൊപ്പം ചേർക്കുന്നു (വായിക്കാനുള്ള എളുപ്പത്തിനായി ഞാൻ അത് ടൈപ്പ് ചെയ്തതിൻറെ കോപ്പിയാണ് ചേർത്തിരിക്കുന്നത്). സംഭവത്തിലേയ്ക്ക് നയിച്ച കാരണങ്ങളും, സംഭവത്തെക്കുറിച്ചുള്ള കൃത്യമായ വിവരണവും, ആഗ്രഹമില്ലാഞ്ഞിട്ടും, ഞാൻ അയാളെ അടിച്ചതിനുപിന്നിലെ മനോവികാരവും എല്ലാം ഞാൻ അതിൽ എഴുതിയിട്ടുണ്ട്. ദയവായി വായിക്കുക.

ഞാൻ ഇപ്പോൾ ഏറ്റവും സ്നേഹിക്കുന്നത് ഏഴു വയസ്സുള്ള എൻറെ മകളെയാണ്. ആ മകളുടെ നാമത്തിൽ ഞാൻ പറയുന്നു, ഞാൻ അതിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ എല്ലാം സത്യമാണ്.

സർ, ഞാൻ ആണ് സത്യത്തിൽ പരാതിയുമായി സ്റ്റേഷനിൽ വന്നത്. 60000 രൂപയ്ക്ക് വാർക്കയ്ക്ക് പറ്റിയ നല്ല അരിച്ച ഉപ്പില്ലാത്ത 450 അടി മണൽ ഇറക്കാം എന്ന് പറഞ്ഞിട്ട്, രാത്രി മൂന്നു-മൂന്നര മണിക്ക് ഞാൻ വീട്ടിൽ ഇല്ലാത്ത സമയത്ത് ഒന്നിനും കൊള്ളാത്ത, വലിയ പാറക്കല്ലുകൾവരെ ഉണ്ടായിരുന്ന അരിക്കാത്തതും ഉപ്പുള്ളതുമായ 350 അടി പോലുമില്ലാത്ത ഒരു ലോഡ് മണൽ ഇറക്കിയിട്ട്‌ അപ്പോൾ തന്നെ 60000 രൂപയും വാങ്ങി പോയ മണൽ മാഫിയയുടെ അവസാന കണ്ണികളിൽ ഒരാളായ സണ്ണി കുളങ്ങര എന്ന കള്ളൻ (ഈ കള്ളത്തരത്തിന് അവന്റെ കൂടെ അവൻറെ മകനും ഉണ്ടായിരുന്നു), ഞാൻ സ്റ്റേഷനിൽ പരാതിയുമായി വന്നപ്പോൾ, വെറും 20000 രൂപയേ കൊടുത്തിട്ടുള്ളൂ എന്ന് പറഞ്ഞ് ഒരേസമയം എൻറെ അപ്പനെയും ഭാര്യയെയും കള്ളന്മാരാക്കി. അതും, അവർ ആ മണൽ ഇറക്കിയത് മൂലമുണ്ടായ നഷ്ടവും, അതിനും മേലെ അങ്ങിനെ മോശം മണൽ ഇറക്കിയതുമൂലം വീടുപണിയിൽ ഉണ്ടാകാവുന്ന തടസ്സങ്ങളും കാലതാമസ്സവും, കൂടെ അതുണ്ടാക്കിയ മാനസ്സിക വിഷമത്തിൻറെയും എല്ലാം ആകെത്തുകയായിരുന്നു ആ അടി. ഞാൻ അടിക്കുമ്പോൾ, എൻറെ മകളും എൻറെ അരികിൽ ഉണ്ടായിരുന്നു.

മകനെ കള്ളത്തരം പഠിപ്പിക്കുന്ന ആ അപ്പനെ മകൻറെ മുൻപിൽ വച്ചുതന്നെ അടിച്ചത്, ആ മകന് ആ അപ്പൻ ഇതുവരെ നൽകിയിട്ടില്ലാത്ത ഒരു നല്ല ശിക്ഷണമാണ്. അതും, കൂടെ അവരെ ഒന്നു ഭയപ്പെടുത്തുക എന്നതും മാത്രമായിരുന്നു എൻറെ അടിയുടെ ലക്‌ഷ്യം. അത് പരിക്കേൽപ്പിക്കാൻ അല്ലായിരുന്നു എന്ന് മാത്രമല്ല, ഞാൻ അടിച്ചതുപോലെയുള്ള ഒരടികൊണ്ട് ഒരാൾക്കും ഒന്നും സംഭവിക്കുകയില്ല എന്നെനിക്ക്‌ ഉറപ്പുണ്ട്.

അതിനുശേഷം അന്നത്തെ എസ്ഐ ആ അപ്പനെയും മകനെയും മാറിമാറി ചോദ്യം ചെയ്ത് അവർ പറയുന്നത് കള്ളമാണെന്ന് തെളിയിച്ചിരുന്നു (അത് തെളിയിക്കാൻ അദ്ദേഹം എടുത്ത രീതി എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം വർദ്ധിക്കുവാനും ഇടയാക്കിയിരുന്നു). അങ്ങിനെ തെളിഞ്ഞ കാര്യം സ്റ്റേഷനിലെ ഒരു രെജിസ്റ്ററിൽ എഴുതി എന്നെക്കൊണ്ടും അതിൽ ഒപ്പിടിവിക്കുകയും ചെയ്തിരുന്നു (അതിൻറെ ഒരു കോപ്പി എനിക്ക് തരണം എന്നപേക്ഷിക്കുന്നു).

അതിനുശേഷം എസ്ഐ എന്നോട് പറഞ്ഞത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അദ്ദേഹം പറഞ്ഞത്, ഞാൻ അടിച്ചില്ലായിരുന്നെങ്കിൽ, അവരിൽ നിന്നും എനിക്ക് അയ്യായിരമോ ആരായിരമോ രൂപ വാങ്ങി തരാമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാലും ശ്രമിച്ചുനോക്കട്ടെ എന്നും പറഞ്ഞു.

ഞാൻ ചോദിക്കുന്നത്, അങ്ങിനെ ആറായിരം കിട്ടിയാലും നീതി നടപ്പാകുമായിരുന്നോ? ഇല്ല. കാരണം, എനിക്കുള്ള നഷ്ടം അതിലും എത്രയോ വലുതായിരുന്നു. അതിൻറെ ഫലമായി, ഇപ്പോൾ രണ്ട് വർഷങ്ങൾ കഴിഞ്ഞിട്ടും വീട് പണി പൂർത്തിയായില്ല എന്ന് മാത്രമല്ല, എൻറെ 85 വയസ്സായ അപ്പൻ ഇപ്പോഴും സൗകര്യങ്ങൾ ഇല്ലാത്ത പഴയ വീട്ടിൽ താമസിക്കുന്നു.

ഇപ്പോഴാകട്ടെ, വാദി പ്രതി ആയിരിക്കുന്നു. അന്നെനിക്ക് നഷ്ടം 60000 രൂപ ആണെങ്കിൽ, ഇപ്പോൾ കോടതിയിൽ ഹാജരാവലും, വക്കീൽ ഫീസ് (7000 രൂപയിൽ അധികം ഇപ്പോൾ തന്നെ കൊടുത്തുകഴിഞ്ഞു) എല്ലാമായി 10000ൽ അധികം രൂപ ഇപ്പോൾ തന്നെ ചെലവായി എന്ന് മാത്രമല്ല, സ്റ്റേഷനിൽ കിടക്കേണ്ടിയും വന്നു (അത് സാറിനറിയാം), ഇനിയും കേസ് മുന്നോട്ടു പോയി എത്ര ചെലവാകാൻ പോകുന്നു. അതും പോരാഞ്ഞ്, കോടതിയിൽ ഓരോ അവധിക്കും ഹാജരാകേണ്ടതിനാൽ, ജോലിക്ക് പോകാൻ പറ്റാത്ത സ്ഥിതിയും വന്നിരിക്കുന്നു.

അതേസമയം, എന്നെ കബളിപ്പിക്കുകയും, എൻറെ കുടുംബത്തെ കള്ളന്മാർ ആക്കുകയും ചെയ്ത സണ്ണി കുളങ്ങര എന്ന കള്ളനും മകനും സസുഖം ജീവിക്കുന്നു.

എനിക്ക് നീതി ഉറപ്പാക്കണം. അവർ എന്നെയും കുടുംബത്തെയും കബളിപ്പിച്ചു എന്ന് അന്നത്തെ എസ്ഐ തെളിയിച്ച കാര്യമാണ്. അതിൻറെ അടിസ്ഥാനത്തിൽ അവരെ വിളിച്ചു ഈ കേസ് പിൻവലിക്കാനും എനിക്ക് നഷ്ടപരിഹാരം തരാനും അവരോട് ആവശ്യപ്പെടുകയും, അതിനനുസരിച്ച് അവർ എനിക്ക് നഷ്ടപരിഹാരം നൽകുകയും ചെയ്യുമ്പോൾ ആണ് നീതി നടപ്പാവുക (അവർ ഇനി 60000 രൂപയും തന്നാലും എനിക്കുവന്ന നഷ്ടം പൂർണ്ണമായും നികത്താൻ ആവില്ലെന്നത് വേറെ കാര്യം). അതിനുള്ള നടപടികൾ എടുക്കണമെന്ന് അപേക്ഷിക്കുന്നു.

അവരെ വിളിച്ച് ഈ കേസ്സിൽ നിന്നും പിന്തിരിഞ്ഞ്, എനിക്ക്‌ നഷ്ടപരിഹാരം (60000 ഒന്നും തരേണ്ട, കാരണം അതിനുള്ള സാമ്പത്തിക സ്ഥിതി അവർക്കുള്ളതായി എനിക്ക്‌ തോന്നുന്നില്ല, അതേസമയം എസ്ഐ അന്നെന്നോട് പറഞ്ഞതുപോലെ 5000-6000 രൂപ തന്നാൽ, അവരുടെ തെറ്റ് ക്ഷമിക്കാൻ ഞാൻ തയ്യാറാണ്) നൽകി, കേസ് പിൻവലിക്കണമെന്ന് അവരോട് ആവശ്യപ്പെടണമെന്ന് വീണ്ടും അപേക്ഷിക്കുന്നു.

ഇനി അതിനവർ തയ്യാറാവുന്നില്ലെങ്കിൽ, അന്ന് എസ്ഐ അവരെ ചോദ്യം ചെയ്ത് തെളിയിച്ച് രെജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ കൂടി കോടതിയെ ബോധിപ്പിച്ച് (എനിക്ക്‌ അനുകൂലമായി എന്തെങ്കിലും ചെയ്യുവാൻ അല്ല ഞാൻ അപേക്ഷിക്കുന്നത്, മറിച്ച് നടന്ന കാര്യങ്ങൾ അതേപടി കോടതിയെ ധരിപ്പിക്കുവാൻ ആണ്, അത് കാണുന്ന കോടതിക്ക് മനസ്സിലാകും ഞാനല്ല, സണ്ണി കുളങ്ങര ആണ് ശിക്ഷ അർഹിക്കുന്നതെന്ന്) അതുവഴി, എനിക്ക്‌ നീതി ഉറപ്പാക്കാൻ ഉള്ള നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കണം എന്നപേക്ഷിക്കുന്നു.

ഒരു ഒത്തുതീർപ്പിൻറെ കാര്യം വക്കീലിനോട് പറഞ്ഞപ്പോൾ, വാദിയായ സണ്ണി കുളങ്ങരയുടെ കോണ്ടാക്റ്റ് നമ്പർ ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്.

ഇവിടെ മാണിമാരും, ബാബുമാരും അവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയും, അതുപോലെ ഓരോരോ പദവികളിൽ ഇരുന്നിട്ട്, അഴിമതിയും ഒക്കെ കണ്ടിട്ടും കാണാതെ സസുഖം ജീവിക്കുന്നവരും ഉള്ള ഈ രാജ്യത്ത് (മറക്കരുത്, 60000 രൂപ ഒരു ലോഡ് മണലിന് ആവശ്യപ്പെട്ടപ്പോൾ സണ്ണി കുളങ്ങരയും, എൻറെ തന്നെ കോഴിച്ചാൽ ഉള്ള പറമ്പിൽ നിന്ന് ഞാൻ വീട് വയ്ക്കുന്ന നാപ്പയിലേയ്ക്ക് കല്ല്‌ ഇറക്കിയപ്പോൾ കൂടുതൽ വണ്ടിക്കൂലി ചോദിച്ച ടിപ്പർകാരനും എന്നോട് കൂടുതൽ ആവശ്യപ്പെട്ടതിന് കാരണമായി പറഞ്ഞത്, വഴിയിൽ പോലീസ് പിടിച്ചാൽ അവർക്ക് കൈക്കൂലി കൊടുക്കണം എന്നാണ്), അഴിമതിക്കും അടിമത്തത്തതിനും എതിരെ പോരാടി ജോലിയും നഷ്ടപ്പെട്ട്, ജയിലിലും കിടന്ന് (എനിക്ക്‌ കിട്ടിയ പരംവീരചക്ര ആയാണ് ഞാനതിനെ കാണുന്നത്), അതിൽ നിന്നും പഠിക്കാതെ നീതിമാനായിത്തന്നെ ഇപ്പോഴും ജീവിക്കാൻ ശ്രമിക്കുന്ന ഞാനും ഇവിടെ ജീവിച്ചു പോകട്ടെ സാറേ.

പതിറ്റാണ്ടുകൾ നിരന്തരം ശ്രമിച്ചിട്ടും ജീവിക്കാൻ വിഷമിക്കുന്ന, എനിക്ക് നീതി ഉറപ്പാക്കി, എന്നെയൊന്നു ജീവിക്കാൻ സഹായിക്കണം എന്നപേക്ഷിക്കുന്നു.

അതിന് ഞാൻ കടപ്പെട്ടിരിക്കും.

                                                                                             വിനയപൂർവ്വം,

സ്ഥലം: ചെറുപാറ

തിയ്യതി: 13/11/2015                                                             (സെബാസ്റ്റ്യൻ തോമസ്‌)

Copy to: Adv. Venugopal (9447766517) - For your information.


എന്റെ കേസ് വാദിക്കുന്നതിന് സമീപിച്ചപ്പോൾ, അഡ്വക്കേറ്റ് വേണുഗോപാലിന് (9447766517) ഞാൻ നൽകിയ കുറിപ്പ് (ടൈപ്പ് ചെയ്തത്)

1. അരിച്ച മണൽ ഇറക്കുമെന്ന് പറഞ്ഞ് കബളിപ്പിച്ച്‌ തീർത്തും അരിക്കാത്ത മണൽ ഇറക്കി.

2. 450 അടി മണൽ ഇറക്കുമെന്ന് പറഞ്ഞ്, പക്ഷെ ഇറക്കിയത് 350 അടിയിലും താഴെ.

3. ഉപ്പില്ലാത്ത മണൽ ഇറക്കുമെന്ന് പറഞ്ഞ്, പക്ഷെ ഇറക്കിയത് ഉപ്പുള്ളത്.

4. ഇറക്കിയ അന്നുതന്നെ (രാവിലെ 3-5 മണി സമയം) 60000 (അറുപതിനായിരം) രൂപ (മൊത്തം തുക) കൊടുത്തു. പക്ഷെ, സ്റ്റേഷനിൽ പറഞ്ഞത് 20000 (ഇരുപതിനായിരം) രൂപ മാത്രമേ കിട്ടിയുള്ളുവെന്ന് (ഇത് പിന്നീട് തെറ്റാണെന്ന് എസ്ഐ തെളിയിച്ചു. അത് രെജിസ്റ്ററിൽ രേഖപ്പെടുത്തുകയും ഞാൻ ഒപ്പിടുകയും ചെയ്തിട്ടുണ്ട്).

5. അതും അപ്പനും മകനും ചേർന്ന്. മകനെയും കള്ളത്തരം പഠിപ്പിക്കുന്ന അപ്പൻ.

6. 20000 രൂപയേ കിട്ടിയുള്ളൂവെന്ന് പറഞ്ഞ്, 60000 കൊടുത്ത പ്രായമായ എന്റെ അപ്പനെയും ഭാര്യയേയും കള്ളൻമാരാക്കി.

7. സ്റ്റേഷനിലെ അധികാരികളോട് കള്ളം പറയുന്നു.

8.  വീടിനുവേണ്ടി കരുതിയ പണമുണ്ടാക്കിയതിന്റെ കഷ്ടപ്പാട് എനിക്ക് നന്നായറിയാം. സ്വന്തം കുഞ്ഞിന് അവൾക്കിഷ്ടമുള്ള ഭക്ഷണം വിലക്കൂടുതലിന്റെ പേരിൽ വാങ്ങി നൽകാതെ മിച്ചം പിടിച്ച പണമാണത്. ഇപ്പോൾ ലോണ്‍ എടുത്ത് വീട് പണിയേണ്ട അവസ്ഥയാണുള്ളത്.

9. ആ അപ്പൻ മകന് ഇതുവരെയും നൽകിയ ശിക്ഷണത്തേക്കാൾ, ഞാൻ ആ അപ്പനിട്ട് കൊടുത്ത തല്ലാണ് ഏറ്റവും നല്ല ശിക്ഷണം. വൃത്തികെട്ട തെറ്റുകളും, കള്ളത്തരങ്ങളും ചെയ്‌താൽ, എന്നെങ്കിലും ശിക്ഷ ലഭിക്കുമെന്ന് അവൻ പഠിക്കണം.

10. അടിച്ചു എന്നുള്ളത് സത്യമാണ്. കോടതിയിൽ കള്ളം പറഞ്ഞാൽ അവിടെവച്ചും തല്ലുമെന്ന് ഞാൻ എസ്ഐ ചോദിച്ചപ്പോൾ പറഞ്ഞിരുന്നു. പക്ഷെ, അത് അപ്പനോ മകനോ പരിക്കേൽക്കാനോ, മുറിവേൽപ്പിക്കാനോ അല്ല (അയാൾ അടി അർഹിക്കുന്നു, പക്ഷെ, ഞാൻ പോലീസ് സ്റ്റേഷനിൽ വച്ച് തല്ലിയതാണ് പ്രശ്നം വഷളാക്കിയത് എന്നാണ് ഒരു പോലീസുകാരൻ തന്നെ എന്നോട് അഭിപ്രായപ്പെട്ടത്. പക്ഷെ, എനിക്ക് അയാളെ പരിക്കേൽപ്പിക്കുക എന്ന ഉദ്ദേശം ഒരിക്കലും ഇല്ലാത്തതിനാൽ, രഹസ്യമായി അടിക്കേണ്ട കാര്യമില്ലായിരുന്നു, എന്നുമാത്രമല്ല, പോലീസ് സാന്നിധ്യത്തിൽ വച്ചുതന്നെ അടിച്ചത്, അടിച്ചതിന്റെ  യദാർത്ഥ ഉദ്ദേശം വെളിവാക്കുകയും ചെയ്യുന്നു എന്നുമാത്രമല്ല, അതിൽ ഒരു ഗൂഡാലോചനയും ഇല്ല എന്നും വെളിവാക്കുന്നു). അടിച്ചത് കവിളത്താണ്. അതുകൊണ്ട് ഒന്ന് ഞെട്ടുമെന്നല്ലാതെ ഒന്നും സംഭവിക്കില്ലെന്ന ഉറപ്പുള്ളതുകൊണ്ടാണ്‌ അടിച്ചത്. അതേസമയം പരസ്യമായി കിട്ടിയ അടി അവരെ രണ്ടുപേരെയും മാനസ്സികമായി വിഷമിപ്പിക്കും. അത് മാത്രമായിരുന്നു എന്റെ ലക്ഷ്യവും (ഞാൻ സ്ഥലത്തുണ്ടായിരുന്നെകിൽ കോടതിയിൽ തനിയെ പോയി വാദിക്കുമായിരുന്നു. അത് സാധിക്കാത്തതിനാലാണ് ഇങ്ങനെ ഒരു സഹായം വേണ്ടി വരുന്നത്).

ഇതുപോലുള്ള പിടിച്ചുപറികൾ എന്നെപ്പോലുള്ള സാധാരണക്കാർ നിരന്തരം അനുഭവിക്കുന്നുണ്ട്. ജഡ്ജിയോ പോലീസോ ഒന്നും ഇതിന് അത്രമാത്രം വിധേയരാകാറില്ല, കാരണം, ആ പേര് കേൾക്കുമ്പോൾതന്നെ, അവർ കള്ളത്തരം ചെയ്യാൻ മടിക്കും.

കേസ് ഞാൻ അടിച്ചു എന്നതിനെ സമ്മതിച്ചുതന്നെ വാദിക്കണം. എനിക്കെതിരെ ഒരു വിധി വന്നാൽ അത് നീതിന്യായ വ്യവസ്ഥയുടെ പരാജയം എന്നേ പറയാനുള്ളൂ. അങ്ങനെ വന്നാൽ ശിക്ഷ എന്തായാലും ഞാൻ അനുഭവിക്കും. ഇതിന് മുൻപും ഞാനത് അനുഭവിക്കുകയും നിയമവ്യവസ്ഥയുടെ ശക്തിക്കുറവ് അറിഞ്ഞിട്ടുള്ളതുമാണ്.

സ്റ്റേഷനിൽ കേസ് കൊടുത്തപ്പോൾ, കുറച്ചു തുക അവർ തിരിച്ചു തന്നാൽ അവരോടു ക്ഷമിക്കാം എന്നു മാത്രമാണ് എന്റെ മനസ്സിൽ ഉണ്ടായിരുന്നത്. പക്ഷെ, അവർ അത് അർഹിക്കുന്നില്ലെന്ന് വീണ്ടും കള്ളം പറഞ്ഞതിലൂടെ തെളിയിച്ചു.

അടി പരിഹാരമല്ലെന്ന് എനിക്കറിയാം.പക്ഷെ ഇവനിട്ടൊക്കെ ഒന്നു കൊടുത്തില്ലെങ്കിൽ എന്നിവനോക്കെ നന്നാകും? അവരിനി കോടതിയിലും കള്ളം പറയുമെന്നത് മറ്റൊരു സത്യം. ഞാൻ അടിച്ചത് വെറുതെ!

ഇനി ഞാൻ തള്ളിയില്ലെങ്കിലും എനിക്കുണ്ടായ നഷ്ടവും വീടുപണിക്ക് വന്ന തടസ്സവും പരിഹരിക്കപ്പെടുമായിരുന്നോ? 60000 രൂപ എനിക്ക് വലിയൊരു തുകയാണ്. കണ്ട പിടിച്ചുപറിക്കാർക്ക് കൊടുക്കാനുള്ളതല്ല.

അവർ പറഞ്ഞതെല്ലാം കള്ളമാണെന്ന് എസ്ഐ പിന്നീട് തെളിയിക്കുകയും, സ്റ്റേഷനിലെ രെജിസ്റ്ററിൽ രേഖപ്പെടുത്തി ഞാനതിൽ ഒപ്പിടുകയും ചെയ്തിട്ടുണ്ട്. ചെറിയ തുക വാങ്ങാൻ ശ്രമിക്കാമെന്നും (5000-6000) എസ്ഐ പറഞ്ഞിരുന്നു. പക്ഷെ അതുകൊണ്ട് എനിക്കുവന്ന വലിയ നഷ്ടം തീരുമോ?

മാത്രവുമല്ല, ഇനി 60000 രൂപ തിരിച്ചുതരാൻ വിധിയുണ്ടായാലും, എനിക്ക് ശരിക്കുണ്ടായ നഷ്ടം പരിഹരിക്കപ്പെടുമോ? അത് താങ്ങാനുള്ള സാമ്പത്തികശേഷി അവർക്കുണ്ടോ? ഞാൻ അത് തല്ലി തീർത്തത് അവർക്കാണ്‌ ഗുണം ചെയ്തത്.

വീടുപണി തുടങ്ങിയപ്പോൾ മുതൽ ഞാനിതു കണ്ടുകൊണ്ടിരിക്കുകയാണ്. ശരിക്ക് പറഞ്ഞാൽ ഞാൻ കണ്ട കേരളത്തിൽ എപ്പോഴും ഇതുതന്നെ സ്ഥിതി. മറ്റുള്ളവരെ കബളിപ്പിച്ച്‌ ജീവിക്കുന്നവരുടെ എണ്ണം കേരളത്തിൽ കൂടിവരികയാണ്. അങ്ങിനെതന്നെ മക്കളെയും അവർ പഠിപ്പിക്കുന്നു. വിയർപ്പിന്റെ വില ഇവരെന്നു മനസ്സിലാക്കും?

അവനവനോടുതന്നെ പോലും ബഹുമാനമില്ലാത്ത, INTEGRITY  എന്നത് തൊട്ടുതേച്ചിട്ടില്ലാത്ത ഇത്തരക്കാരുടെ ഇടയിൽ ജീവിക്കുക എന്നത് എന്റെ വലിയൊരു വെല്ലുവിളിയാണ്.

തിയ്യതി: 06 സെപ്റ്റംബർ 2013                                                   സെബാസ്റ്റ്യൻ തോമസ്‌


താഴെ കൊടുത്തിരിക്കുന്ന പത്രവാർത്തയിലെ അവസാന കണ്ണിയാണ് സണ്ണി കുളങ്ങര



1 comment:

  1. Please add in malayalam blog site - http://www.cyberjalakam.com/aggr/

    ReplyDelete