Sunday 7 September 2014

ഒരു വ്യത്യസ്തമായ ഓണസദ്യ

കഴിഞ്ഞ കുറെ മാസങ്ങൾ ആയി ഹോട്ടൽ ഭക്ഷണം കഴിച്ച് ശരീരത്തിൽ ദുർമേദസ്സ് കയറി.

ഓണവും ആയിക്കൊണ്ട്‌, വൈകുന്നേരം ഒന്നും കഴിക്കാതെ വയറിന് അല്പം വിശ്രമം കൊടുക്കാം എന്നു കരുതി ഇരുന്നപ്പോഴാണ് കൂട്ടുകാർ എല്ലാവരും കൂടി ചോറും കറിയും വെക്കുന്നത് കണ്ടത്. ഇക്കാര്യത്തിൽ ഞാൻ ഒരു തിരുമടിയൻ ആണ്.

അത് ഊറ്റുന്നതിനുമുൻപ് എനിക്ക് കഞ്ഞിവെള്ളം അടക്കം അതിൽ കുറച്ചു തരണം എന്ന്‌ ഞാൻ പറഞ്ഞു.

അങ്ങിനെ ഞാൻ ചൂട് കഞ്ഞിയും എടുത്ത് റൂമിൽ എത്തി സ്പൂണ്‍ അന്വേഷിച്ചപ്പോൾ, കണ്ടില്ല. നാരങ്ങ അച്ചാർ ഭരണി തുറന്നപ്പോൾ സ്പൂണ്‍ അതിൽ ഉണ്ട്.

അതിൽ നിന്നും രണ്ടു നാരങ്ങാ അല്ലികൾ അടക്കം അച്ചാർ എടുത്തു ചൂട് കഞ്ഞിയിൽ ഇട്ടു. പിന്നെ അതെ സ്പൂണ്‍ കൊണ്ട് കോരിക്കോരി കുടിച്ചു.

അതിശയോക്തി അല്ല, ഒരു പാട് കാലങ്ങൾക്ക് ശേഷം മനസ്സ് നിറഞ്ഞ് ഇന്ന് ഞാൻ ഭക്ഷണം കഴിച്ചു.

ആവി പറക്കുന്ന കഞ്ഞി അല്പം അച്ചാറും ചേർത്ത്, ഊതിയൂതി കുടിക്കുന്നതിലും നല്ല ഓണസദ്യ ഉണ്ടോ?

ഞാൻ കഞ്ഞി എടുത്തതിനു ശേഷം അവർ ചോറ് വാർത്തു. പിന്നെ റൂമിലേയ്ക്ക് വരുമ്പോൾ, ഞാൻ കഞ്ഞി ഊതിയൂതി കുടിക്കുകയാണ്. കൊതിയടക്കാൻ ആവാതെ അവർ അത് നോക്കി നിന്നു.

എന്നിട്ട് ഒരാൾ മറ്റേ ആളോട് പറഞ്ഞു, 'എടാ നമുക്കും ഇന്ന് കഞ്ഞി ആക്കിയാലോ!"

അപ്പോൾ മറ്റവൻ, "എടാ ചൂലേ, അത് വാർത്തു കഴിഞ്ഞിട്ടാണോടാ പറയുന്നത്!!"

പിന്നെ രണ്ടു പേരും കൂടി നാളെ കഞ്ഞിയാക്കാം എന്ന്‌ തീരുമാനിച്ചു.

ഞങ്ങൾ മറുനാട്ടിൽ ആണ്. ഈ കഞ്ഞികുടി ഏറ്റവും രസകരമാവുന്നത്, നല്ല മഴപെയ്ത് തണുത്തിരിക്കുമ്പോൾ ആണ്. അതായത്, കേരളത്തിൽ ഉള്ള, നിങ്ങൾക്ക് പരീക്ഷിക്കാവുന്നതാണ്.

കഞ്ഞിയും ചെറുപയറും, കഞ്ഞിയും അച്ചാറും, കഞ്ഞിയും മോരും (മോരാണെങ്കിൽ തണുത്ത കഞ്ഞി ആണ് നല്ലത്) , അതുമല്ലെങ്കിൽ, പത്തലമുളക് ചുട്ട് ചെറിയുള്ളിയും, അല്പം ഉപ്പും ചേർത്ത് അടച്ചേറ്റിയിൽ അരച്ച്, അല്പം വെളിച്ചെണ്ണയും ചേർത്തത്  ഇതൊക്കെ ഏറ്റവും നല്ല വിഭവങ്ങൾ ആണ്. ശരീരത്തിൽ മേദസ്സ് കയറ്റാതെ, നല്ല വിരേചന ഉണ്ടാക്കി, വയറും ശരീരവും ശുദ്ധമാക്കുന്ന, ശരീരത്തിനു നല്ല ഉണർവ്വ് നല്കുന്ന, വിഭവം ആണിത്. ചെലവു കുറവ്, അദ്ധ്വാനം കുറവ് അങ്ങിനെ മറ്റു പല ഗുണങ്ങളും ഉണ്ട്.

പണ്ടൊക്കെ മണ്‍കോപ്പയിൽ വിളമ്പി, പ്ലാവില കോട്ടി അതുകൊണ്ട് കോരി കുടിക്കുമായിരുന്നു. ആ കാലത്തേയ്ക്ക് തിരിച്ചു പോകേണ്ടിയിരിക്കുന്നു.

ഇതൊക്കെ വായിച്ച് കൊതിവിടാതെ, നാളെത്തന്നെ ഒന്ന് പരീക്ഷിച്ചു കൂടെ? എന്നിട്ട്, കോരി കുടിക്കുമ്പോൾ നന്ദിയോടെ എന്നെയൊന്ന് ഓർത്തേക്കണേ!!

No comments:

Post a Comment