Friday 26 September 2014

ഇതിലും നല്ലൊരു കുമ്പസാരം ഉണ്ടോ?

ഇന്നലെ വളരെ ഹൃദയസ്പർശിയായ ഒരനുഭവം ഉണ്ടായി.

എല്ലാ തൊഴിൽ മേഖലകളിലും പൊളിറ്റിക്സ്, പാരപണിയൽ, സുഖിപ്പിക്കൽ ഇത്യാതിയായ എല്ലാ കലാപരിപാടികളും ഉണ്ട്. കൂടുതലും അതു സ്വന്തം ജോലി സുരക്ഷിതത്വത്തിനു വേണ്ടിയാണ് ചെയ്യാറ്.

ഞങ്ങൾ രണ്ടുപേർ (മറ്റെയാൾ പൂനെക്കാരനാണ്)  ഒന്നിച്ചാണ് ഇവിടെ ജോലിക്ക് വന്നത്. കുറഞ്ഞ കാലയളവ്‌ മാത്രം ഉള്ള ഒരു പ്രൊജക്റ്റ്‌ വർക്കിനാണ് വന്നത്. അതു തീർന്നാൽ ഒരാളുടെ ജോലി പോകാൻ സാധ്യതയുണ്ട്..

ഞങ്ങൾ കഴിഞ്ഞ ആറുമാസത്തോളം, ഒന്നിച്ചാണ് ഭക്ഷണം കഴിച്ചതും, സമയം ചെലവഴിച്ചതും ഒക്കെ. നല്ലൊരു സൗഹൃദം എന്നാണു കഴിഞ്ഞ ആഴ്ചവരെ തോന്നിയത്.

പക്ഷെ രണ്ടിൽ ഒരാൾക്ക് ജോലി നഷ്ടപ്പെടും എന്നു വന്നപ്പോൾ അവൻ പൊളിറ്റിക്സ് കളിച്ചു. എനിക്കെതിരെ ബോസ്സിൻറെ അടുത്ത് പരാതി കൊടുത്തു.

അതൊരു കളി ആയിരുന്നു, അവൻറെ ജോലി നിലനിർത്താനുള്ള കളി. കളിയിൽ എൻറെ ജോലി പോകുമെന്ന സ്ഥിതി ആയി.

അന്നുച്ചവരെ ഒന്നിച്ചു കഴിച്ചു വന്നിട്ട് എനിക്കെതിരെ പരാതി, അതും ഒരു ന്യായീകരണവും ഇല്ലാത്തത്, കൊടുത്തത് എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

സ്വാഭാവികമായും ഞാൻ അവനോടുള്ള സംസാരം നിർത്തി, അതു രണ്ടു മൂന്നു ദിവസം തുടർന്നു.

ഇന്നലെ ഞാൻ മാത്രം ഓഫീസിൽ ഉള്ളപ്പോൾ അവൻ എൻറെ അടുത്തേയ്ക്ക് വന്നു. എനിക്ക് മനസ്സിലായില്ല.

പെട്ടെന്ന് അവൻ പൊട്ടിക്കരഞ്ഞു. ഒന്നും പറയാൻ ആവാതെ എൻറെ മുന്നിൽ നിന്നു, പിന്നെ ഇടർച്ചയോടെ പറഞ്ഞു, "സെബാസ്റ്റ്യൻ, ഇങ്ങിനെ മിണ്ടാതെ ഇരിക്കുന്നത് എനിക്ക് താങ്ങാൻ പറ്റുന്നില്ല. എനിക്കറിയില്ല, നിൻറെ സൗഹൃദം ഇല്ലാതെ ഒരുനിമിഷം പോലും എനിക്ക് സ്വസ്ഥത ഇല്ല, എനിക്കിങ്ങനെ മുന്നോട്ടു പോകാൻ ആവില്ല. എന്നോട് ക്ഷമിക്ക്."

വാക്കുകൾ പൂർത്തിയാക്കാൻ ആവാതെ അവൻ എൻറെ മുന്നിൽ നിന്നു.

ഇതിലും നല്ലൊരു കുമ്പസാരം ഉണ്ടോ?

ഞാൻ ഒരു നല്ല മനുഷ്യൻ ആണ് കേട്ടോ. ഞാൻ അവനെ എൻറെ സീറ്റിനടുത്തേയ്ക്ക് ചേർത്തു നിർത്തി, അവൻറെ അരക്കുചുറ്റുമായി കൈ ചുറ്റി പിടിച്ചിട്ട് പറഞ്ഞു, "സാരമില്ലെടാ, നീ ഒരു നല്ല മനുഷ്യൻ ആണ്".

പിന്നെ ഞങ്ങൾ രണ്ടു പേരും ഒന്നിച്ചു ബീച്ചിൽ നടക്കാൻ പോയി (ഞങ്ങളുടെ ഓഫീസിൽ നിന്നും നോക്കിയാൽ ബീച്ച് കാണാം). അവൻ (അവൻ എന്നുവച്ചാൽ കുട്ടിയൊന്നും അല്ല കേട്ടോ, ഒരു കുട്ടിയുടെ അച്ഛൻ ആണ്) ഒരു കൊച്ചുകുട്ടിയെ പോലെ എന്നോടൊപ്പം ചിരിച്ചു നടന്നു.

ചില സൗഹൃദങ്ങൾ അങ്ങിനെയാണ്. ഒന്നോ രണ്ടോ ദിവസങ്ങൾ അകന്നു നിൽക്കുമ്പോൾ ആണ് അതിൻറെ മൂല്യം മനസ്സിലാവുന്നത്.

ആ മൂല്യം അവൻ ശരിക്കും തിരിച്ചറിഞ്ഞിരുന്നു. തന്മൂലം ഉണ്ടായ പോസിറ്റീവ് എനർജി എനിക്കും അനുഭവപ്പെട്ടു.

അതുകൊണ്ടുതന്നെ ഇന്നലത്തെ സൂര്യാസ്തമനത്തിന് കൂടുതൽ ശോഭ ഉണ്ടായിരുന്നു.

No comments:

Post a Comment