Saturday, 6 September 2014

സ്ത്രീധന വിരോധം: ഈ പെണ്ണുങ്ങളോളം വിവരമില്ലാത്തവർ വേറെയില്ല!!

സ്ത്രീധന വിരോധിയായിട്ടുള്ള ഈ പെണ്ണുങ്ങളോളം വിവരമില്ലാത്തവർ വേറെയില്ല!!

ഇത്രയും കാലം ഭർത്താവും, ഭർതൃവീട്ടുകാരും സ്ത്രീധനത്തിൻറെ പേരിൽ വിഷമിപ്പിച്ചെങ്കിലും (കുറച്ചുപേർക്ക് മാത്രമേ ഇത്തരം അനുഭവം ഉള്ളു), അങ്ങിനെ വീട്ടിൽ നിന്നും കൊണ്ടുപോകുന്ന സ്ത്രീധനം അവരുടെ ഭാവി ജീവിതത്തിനു പ്രയോജനപ്പെടുമായിരുന്നു.

പക്ഷെ സ്ത്രീധനം വേണ്ടെന്നു പറയുന്നതിലൂടെ സ്വന്തം വീട്ടുകാരുടെ ചൂഷണത്തിന് അവർ വിധേയർ ആകുന്നു.

അല്ലെങ്കിൽ പറ, ഒരു വീട്ടിൽ ഒരു മകനും മകളും ഉണ്ടെങ്കിൽ, മകൾക്കും മകനുള്ളതുപോലെ തുല്യമായി സ്വത്ത് വീതിച്ചു നൽകുന്ന എത്ര മാതാപിതാക്കൾ ഉണ്ട്? ശരിക്കുള്ള ഒരു പഠനം നടത്തിയാൽ, നിങ്ങൾ സ്ത്രീകൾ സ്വന്തം മാതാപിതാക്കളാലും, സഹോദരന്മാരാലും എത്രമാത്രം ചൂഷണം ചെയ്യപ്പെടുന്നു എന്നറിയുമ്പോൾ നിങ്ങൾ ഞെട്ടും.

നിങ്ങൾ പെണ്‍കുട്ടികൾ സ്വന്തം വീട്ടിൽ ഇതേക്കുറിച്ച് ഒന്ന് പറഞ്ഞു നോക്ക്, അപ്പോൾ കാണാം അവരിൽ പലരുടെയും തനിനിറം.

സ്ത്രീധന സമ്പ്രദായം നിർത്തുകയല്ല വേണ്ടത്, പകരം അങ്ങിനെ പെണ്‍കുട്ടിക്ക് അവൾക്കു അവകാശപ്പെട്ട വീതം നൽകുമ്പോൾ, അതിനു സ്ത്രീധനം എന്ന് പേര് വിളിക്കാതിരിക്കുക ആണ് വേണ്ടത്.

എനിക്ക് തോന്നിയിട്ടുള്ളത്, പണ്ട് കാലത്ത് സ്വത്ത് വീതം വച്ച് പോകാതിരിക്കാൻ വിവരമുള്ളവർ കണ്ടുപിടിച്ച ഒരു പോംവഴി ആണ് സ്ത്രീധനം. അത് ആണ്‍വീട്ടുകാർ ചോദിച്ചു വാങ്ങാതെ, മകൾക്കുള്ളത് മകളുടെ മാതാപിതാക്കൾ തന്നെ കൊടുക്കാൻ നിയമസംവിധാനം ഉണ്ടാവണം.

അങ്ങിനെ ഒരു വീട്ടിൽ ഒരു മകനും, ഒരു മകളും ഉണ്ടെങ്കിൽ, സ്വത്ത് നാലായി ഭാഗിക്കുമ്പോൾ, അതിൽ ഒരു ഭാഗം മകൾക്ക് കൊടുക്കണം. അങ്ങിനെ വിഭജിക്കാതിരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതിനു തുല്യമായ തുകയോ, മറ്റു സംവിധാനമോ ചെയ്യണം.

നാലെന്ന് ഉദ്ദേശിച്ചത് അപ്പനും, അമ്മയ്ക്കും, മകനും, മകൾക്കും എന്നാണ്. ഇനി മകൾ ആണ് മാതാപിതാക്കളെ സംരക്ഷിക്കുന്നതെങ്കിൽ, അവരുടെ കാലശേഷം അവരുടെ സ്വത്ത് മകൾക്ക് കിട്ടണം.

ഇങ്ങനെ ചെയ്യുമ്പോൾ മറ്റൊരു കാര്യം ഉണ്ട്. അങ്ങിനെ ലഭിച്ചു കഴിഞ്ഞാൽ പിന്നെ നിങ്ങളായി, നിങ്ങളുടെ പാടായി എന്നതായിരിക്കണം പിന്നീട്. അല്ലാതെ, പ്രസവത്തിനും (കെട്ടി ബന്ധപ്പെട്ടു ഗർഭിണി ആക്കിയെങ്കിൽ, ബാക്കി കാര്യവും ഭർത്താവ് തന്നെ ചെയ്യണം), അതിനു ശേഷവും പ്രസവച്ചെലവെന്നും, കൊച്ചിന് മാല എന്നും, വീട്ടിലേയ്ക്ക് അലമാര എന്നും പറഞ്ഞു വീണ്ടും വീണ്ടും വരരുത്. മാതാപിതാക്കളോടും, കൂടപ്പിറപ്പുകളോടും ഇഷ്ടമുണ്ടെങ്കിൽ, വരിക, വന്നു കണ്ടിട്ട് പോവുക, അത്രമാത്രമേ പാടുള്ളൂ, കാരണം നിങ്ങൾക്കുള്ളത്‌ കൃത്യമായിതന്നെ തന്നു കഴിഞ്ഞു).

അങ്ങിനെ സ്വന്തം അവകാശം നേടി എടുക്കുന്നതിനു പകരം, സ്വന്തം വീട്ടുകാരെതന്നെ നിങ്ങളെ ചൂഷണം ചെയ്യാൻ അനുവദിക്കുന്ന നിങ്ങൾ വിവരമില്ലാത്തവർ അല്ലെങ്കിൽ പിന്നെ ആരാണ്?

ഇതിനു കൂടുതൽ വിശദീകരണം നൽകാൻ ഉണ്ട്. അതിനാൽ....

(തുടരും)

No comments:

Post a Comment