Friday 12 September 2014

കറ നല്ലതാണ്, ക്ഷീണവും!

പട്ടാളക്കാരുടെ ജീവിതത്തിൽ ബാക്കിപത്രം ആവുന്നത്, ജനങ്ങളുടെ ഒരു ആത്മാർഥതയും ഇല്ലാതെയുള്ള 'ധീരജവാൻ' എന്ന വിളി മാത്രമാണ്.

ഒന്നാമത് ധീരർ ആയതുകൊണ്ടല്ല അവർ പട്ടാളക്കാർ ആയത്. വിശപ്പിൻറെ വിളിയാണ് അവരെ അതിനു പ്രേരിപ്പിക്കുന്നത്.

പിന്നെ  പട്ടാളക്കാർ ആയിക്കഴിഞ്ഞാൽ അവരിൽ ഉള്ള ധീരതയും ഇല്ലാതായി ഒന്നാന്തരം ഭീരുക്കൾ ആയിത്തീരുന്നു. കൂടെ മദ്യപാനവും (അല്പം കുടിച്ചാലേ അവിടെ കിട്ടുന്ന ഭക്ഷണം പലർക്കും കഴിക്കാൻ ആവുകയുള്ളൂ. പിന്നെ ജീവിതത്തിൻറെ അർഥം തന്നെ നഷ്ടപ്പെട്ടു എന്നു തോന്നിത്തുടങ്ങുമ്പോൾ കുടിക്കുന്നതിൻറെ തോത് കൂടിക്കൂടി വരും) കൂടിയാവുമ്പോൾ, അവരിൽ പലരിലും ഒന്നും തന്നെ ശേഷിച്ചിട്ടുണ്ടാവില്ല.

എന്തിനു അവരുടെ ജീവിതശൈലിയും, പ്രവർത്തനവും, ചിന്തകളും എല്ലാം തന്നെ ഒരുതരം അടിമത്ത മനോഭാവത്തിലേയ്ക്ക് മാറുന്നു.

അങ്ങിനെ അവരെ ആക്കുന്നതിനുള്ള ഒരുപാട് കാരണങ്ങൾ ഉണ്ട്. 'കറ നല്ലതാണ്' എന്ന സോപ്പ് പൗഡറിൻറെ പരസ്യം ഈയിടെ കണ്ടപ്പോൾ, 'ക്ഷീണം നല്ലതാണ്' എന്ന് എന്നെ തോന്നിപ്പിച്ച ഒരു പട്ടാള അനുഭവം ആണ് ഓർമ്മ വന്നത്.

പകലത്തെ കഠിനമായ ട്രെയിനിംഗ് (അതിൽ ഭൂരിപക്ഷവും, ഗോൾഫ് കോഴ്സിൽ പുല്ലു വെട്ടലും, ഓഫീസർമാരുടെ വീടുകളിൽ കുണ്ടകോരലും ഒക്കെയാണ്) കഴിഞ്ഞാലും, പട്ടാളക്കാർക്ക് വിശ്രമം ഇല്ല. നൈറ്റ്‌ ഡ്യൂട്ടി ചെയ്യണം.

അങ്ങിനെ ഒരു ദിവസം ഞാൻ ഡ്യൂട്ടി ചെയ്യുകയായിരുന്നു. ശക്തമായ ക്ഷീണം ഉണ്ട്. നിന്ന നിൽപ്പിൽ തന്നെ വേണമെങ്കിൽ ഉറങ്ങുമെന്ന അവസ്ഥ.

അന്ന് അതുതന്നെ സംഭവിച്ചു. ഞാൻ കയ്യിൽ തോക്കും പിടിച്ചു നിന്നുതന്നെ ഒന്നു മയങ്ങി.

കരിയിലകൾ അനങ്ങുന്ന നേരിയ ശബ്ദം കേട്ടാണ്, ഞാൻ മയക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത്. ഉണർന്ന  മാത്രയിൽ തന്നെ ഉറക്കെ അലറി, "കോൻ ആത്താ ഹായ്, പഹ്ചാൻ കേലിയെ ആഗേ ബട്!"

ഡ്യൂട്ടി സമയത്ത് ആരെങ്കിലും വന്നാൽ ഇങ്ങനെ ഉറക്കെ പറയണം എന്നാണ് പഠിപ്പിച്ചിട്ടുള്ളത്‌. അതു കാണാപ്പാഠം പഠിച്ചത് ഉരുവിട്ടു എന്നുമാത്രം!

അങ്ങിനെ സാധാരണ വരുന്നത്, ഡ്യൂട്ടി ചെക്ക്‌ ചെയ്യുവാനാണ്. ആരെങ്കിലും ഉറങ്ങുന്നുണ്ടോ, പോസ്റ്റ്‌ വിട്ടു പോയോ എന്നൊക്കെ അറിയാൻ. അങ്ങിനെ പിടിക്കപ്പെട്ടാൽ പിന്നെ പൂരമാണ്‌.

അതിനാൽ, ഉച്ചത്തിൽ അലറുമ്പോഴും, മയങ്ങിപ്പോയത് പിടിക്കപ്പെടുമോ എന്ന ഭയം ആയിരുന്നു ഉള്ളിൽ.

ആൾ അടുത്ത് എത്തിയപ്പോൾ മുഖം ഞാൻ തിരിച്ചറിഞ്ഞു. ഉസ്താദ് ആണ്. ബാംഗ്ലൂരിൽ നിനക്കൊക്കെ ട്രെയിനിംഗ് തരുമ്പോൾ തന്നെ, എൻറെ 'സാമാനം' കാശ്മീരിൽ പോയി ആപ്പിൾ തിന്നും എന്നു പറയുമായിരുന്ന ഉസ്താദ്!

എന്തായാലും, ഞാൻ പേടിച്ചതുപോലെ ഒന്നും സംഭവിച്ചില്ല. മയങ്ങിയത് അങ്ങേർ കണ്ടില്ല. എൻറെ ശ്വാസം നേരെ വീണു.

ഉസ്താദ് എൻറെ അടുത്തു വന്നു. എന്നെ നോക്കി ഒരു വല്ലാത്ത ചിരി ചിരിച്ചു. ഞാൻ അറ്റൻഷൻ ആയിത്തന്നെ നിന്നു.

ഉസ്താദ് കൂടുതൽ കൂടുതൽ എൻറെ ശരീരത്തോട് ചേർന്ന് നിന്നു. പിന്നെ എൻറെ ചന്തിയിലും, തുടകളിലും അമർത്തി നോക്കി. അങ്ങിനെ അമർത്തിയപ്പോൾ, ആ കൈ എൻറെ തുടയെല്ലിൽ നന്നായി അമർന്നു.

പിന്നെ ഈർഷ്യയോടെ എന്നോട് പറഞ്ഞു, "വെറും എല്ലും തൊലിയും മാത്രമേ ഉള്ളല്ലോടാ."

ഇതും പറഞ്ഞിട്ട് ദേഷ്യത്തിൽ അമർത്തി ചവിട്ടി നടന്നു പോയി.

ഞാൻ ഒരു ദീർഘനിശ്വാസം വിട്ടു, പിന്നെ മനസ്സിൽ പറഞ്ഞു, "ക്ഷീണം നല്ലതാണ്!!"

ക്രമേണ, എൻറെ കൂടെ ട്രെയിനിംഗ് ചെയ്യാറുള്ള നല്ല ആപ്പിൾ പോലെ തുടുത്തിരിക്കുന്ന, നല്ല ഗോതമ്പിൻറെ നിറമുള്ള ഹിമാചൽ പ്രദേശുകാരന് ഉസ്താദ് പ്രത്യേക പരിഗണന കൊടുത്തതിൻറെ പൊരുൾ എനിക്ക് മനസ്സിലായി.

അപ്പോൾ, ഉസ്താദിൻറെ 'സാമാനം' എപ്പോഴും ആപ്പിൾ തിന്നാൻ കാശ്മീരിൽ പോകാറില്ല! ചിലപ്പോഴൊക്കെ വയലിൽ വിളവിറക്കുന്ന തിരക്കിലും ആയിരിക്കും, നല്ല ഫലഭൂയിഷ്ടമായ മണ്ണുള്ള, ഹിമാചൽ പ്രദേശിലെ വയലുകളിൽ!!

ഇനി നിങ്ങൾ തന്നെ പറ, "ക്ഷീണം നല്ലതല്ലേ?!"

No comments:

Post a Comment