Friday, 29 August 2014

പ്രായമായവരോട് സ്നേഹം പ്രകടിപ്പിക്കാൻ ഒരു വഴി

പല ഹൈന്ദവ ആചാരങ്ങൾക്കും പിന്നിൽ ജീവിതത്തിൽ ആവശ്യമുള്ളതും ചെയ്യേണ്ടതുമായ കാര്യങ്ങൾ ഒളിച്ചിരിപ്പുണ്ട്. അത്തരം കാര്യങ്ങൾ മനുഷ്യർ നിത്യജീവിതത്തിൽ അനുവർത്തിക്കാൻ അതിൽ വിശ്വാസം ചേർത്ത് ഒരാചാരമായി അങ്ങിനെ ജീവിതത്തിൻറെ ഭാഗമാക്കുക ആണ് ചെയ്തിട്ടുള്ളത് എന്നു തോന്നുന്നു.

അങ്ങിനെ തുളസിത്തറകളും, കാവുകളും ഒന്നും ഇല്ലായിരുന്നെങ്കിൽ, കുട്ടിക്ക് ചെവിവേദന വരുമ്പോൾ പിഴിഞ്ഞൊഴിക്കാൻ തുളസിയില തേടി പറമ്പിലൂടെ നടന്നു പാമ്പ് കടിയേറ്റ് ഒരുപാട് പേർ മരിച്ചേനെ. അങ്ങിനെ ഇതിരുന്നെഴുതാൻ ഞാൻ ഉണ്ടാവണമെന്നും ഇല്ലായിരുന്നു!

തുളസിത്തറയും, സൂര്യനമസ്കാരവും, കാവുകളും (കാടിൻറെ മഹത്വം ഇന്ന് നമുക്കറിയാം), അമ്പലത്തിനു മുന്നിലെ അരയാൽ വൃക്ഷവും അങ്ങിനെ എല്ലാം മനുഷ്യന് ഗുണകരമായി നിലകൊള്ളുന്നു.  

വടക്കേ ഇന്ത്യയിൽ പലയിടങ്ങളിൽ കണ്ട മനോഹരമായ ഒരാചാരം ഉണ്ട്.

പ്രായമായവരെ കണ്ടാൽ, പ്രത്യേകിച്ചും പ്രായമായ സ്ത്രീകളെ മറ്റു സ്ത്രീകൾ കണ്ടാൽ, അവർ അവരുടെ കാലിൻറെ മുട്ടിന് താഴോട്ടു തിരുമ്മി കൊടുക്കും.

ചിലർ അത് വെറുമൊരു ആചാരം പോലെ ചെയ്യും. മറ്റു ചിലർ വസ്ത്രം കാൽമുട്ടുവരെ ഉയർത്തി സമയമെടുത്ത്, നന്നായി തിരുമ്മും. കൂടെ നന്നായി അമർത്തും. അത് ചെയ്യുന്ന രീതിക്കനുസരിച്ച്, അത് ചെയ്യുന്ന ആളുടെ മനോഗതി ഊഹിക്കാം!!

അതുകൊണ്ട് രണ്ടുണ്ട് കാര്യം. അവരോടുള്ള സ്നേഹവും ബഹുമാനവും അറിയിക്കാൻ ഒരു വഴി. അതിനും ഉപരി, കാലുകൾക്ക് നല്ലൊരു വ്യായാമവും.

അൽപ സമയം മാത്രം എടുത്തു ചെയ്യുന്ന കാര്യം ആയാൽ പോലും, അത് ആ മനുഷ്യനിൽ കൂടുതൽ ഉണർവ്വും, പ്രസരിപ്പും, ആയുരാരോഗ്യവും പ്രധാനം ചെയ്യുന്നു.

മുന്നാഭായ് എംബിബിഎസ്സിൽ പറയുന്ന 'ജാദു കാ ഛപ്പി' (കൈ ചുറ്റി ആലിംഗനം ചെയ്യുന്നത്), മനസ്സിനെ തൊടുമ്പോൾ, മുൻപ് പറഞ്ഞ തിരുമ്മൽ മനസ്സിനെയും ശരീരത്തെയും ഒരുപോലെ തൊടുന്നു.

ശരീരം ഒന്ന് തിരുമ്മുമ്പോഴോ, തലോടുമ്പോഴോ അതിൻറെ സുഖത്തിൽ ഉള്ളു തുറന്നൊന്ന് ചിരിച്ചു കാണിക്കാത്ത ആരെയെങ്കിലും കണ്ടിട്ടുണ്ടോ?

അതുകൊണ്ട്, മുതിർന്നവരെ പ്രായഭേദമന്യേ, പ്രത്യേകിച്ചും കുട്ടികൾക്ക്, ഒരു ചെലവും, സമയവും ആവശ്യമില്ലാതെ സ്നേഹിക്കാൻ ചെയ്യാവുന്ന ഒരു കാര്യം ആണ് ഞാൻ പറയാൻ പോകുന്നത്.

നിങ്ങൾ വീട്ടിലുള്ളവർ എല്ലാമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴും, ടിവി കണ്ടിരിക്കുമ്പോഴും ഒക്കെ, സോഫയിലും മറ്റും അലസമായി ഇരിക്കാതെ, അങ്ങിനെ പ്രായമായുള്ള (അത് വയസ്സായവർ ആവണമെന്ന് നിർബന്ധം ഒന്നുമില്ല, അച്ഛനോ അമ്മയോ, വല്യപ്പനോ, വല്യമ്മയോ അങ്ങിനെ ആരുമാവാം) ആരെങ്കിലും ഇരിപ്പുണ്ടെങ്കിൽ അവരുടെ കാലിനു താഴെയായി തറയിൽ ഇരിക്കുക.എന്നിട്ട് നിങ്ങളുടെ ടിവി കാണലിനും, സംസാരത്തിനും ഒന്നും ഒരു തടസ്സവും വരാതെ തന്നെ അവരുടെ കാലുകളെ സാവകാശം തടവി കൊടുക്കുക. പതിയെ അമർത്തുക.

അവർ നിങ്ങളെ നോക്കി ഉള്ളു നിറഞ്ഞുതുളുമ്പി ചിരിക്കുന്നത് നിങ്ങൾ കാണും. അതിഷ്ടപ്പെട്ട മാതിരി, എന്നാൽ എൻറെ കയ്യുംകൂടി ഒന്നു തിരുമ്മ് എന്ന് പറഞ്ഞു അവർ കൈകളും നീട്ടിയെന്നു വരാം!

ഇത് അധിക സമയം ഒന്നും വേണ്ട. പത്തോ, പതിനഞ്ചോ മിനിറ്റ് ധാരാളം.

നിങ്ങളുടെ ഉറ്റവരും, ഉടയവരും കൂടുതൽ, ആരോഗ്യത്തോടെയും, ഉന്മേഷത്തോടെയും ജീവിച്ചു കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇത് ഒന്ന് ശ്രമിച്ചു നോക്കുക. ഫലം, അതും നല്ല ഫലം, കിട്ടുമെന്നുറപ്പ്.

വാൽക്കഷണം:

മസ്സാജ്, മസ്സാജ് സെന്ററിൽ പോയി പണം മുടക്കി  ചെയ്യേണ്ട കാര്യമല്ല.

പകരം തിരുമ്മൽ, യോഗ പോലെയുള്ള കാര്യങ്ങൾ വിദ്യാഭ്യാസത്തിൻറെ ഭാഗം ആക്കേണ്ടതാണ്. എല്ലാവരും ഇതിൻറെ അടിസ്ഥാനമായിട്ടുള്ള കാര്യങ്ങൾ എങ്കിലും അറിഞ്ഞിരിക്കട്ടെ. എല്ലാ വീടുകളും മസ്സാജ് സെന്ററുകൾ ആകട്ടെ. അങ്ങിനെ മനുഷ്യർ എല്ലാവരും ആയുരാരോഗ്യത്തോടെ ജീവിക്കുവാൻ ഇടയാവട്ടെ.

No comments:

Post a Comment