Monday, 4 August 2014

ഞാൻ എങ്ങിനെയാണ് ജീവിക്കേണ്ടത്?

എങ്ങിനെ ജീവിക്കണം എന്ന് 44 വർഷങ്ങൾ ജീവിച്ചിട്ടും എനിക്കറിയില്ല. അതെന്താ അങ്ങിനെ, എൻറെ അറിവില്ലായ്മ ആണോ?

വിവാഹം കഴിഞ്ഞു അൽപ ദിവസങ്ങൾക്കു ശേഷം, ഞങ്ങൾ ജോലിസ്ഥലമായ ഡൽഹിക്ക് മടങ്ങി.

ഒരു ദിവസം ഞാൻ ജോലി കഴിഞ്ഞു മടങ്ങി വന്ന് ടിവിയിൽ ഒരു സിനിമയും കണ്ടിരിക്കുമ്പോൾ, അവൾ അങ്ങോട്ടു വന്നു. സിനിമയിൽ നായകനും, നായികയും ഡാൻസ് കളിക്കുന്നത് കണ്ടപ്പോൾ, ടിവിയുടെ മുൻപിൽ നിന്ന് അവൾ ഡാൻസ് കളിക്കാൻ തുടങ്ങി.

എന്തിനു ഞാൻ കള്ളം പറയണം, ഇത്ര മോശമായി ഒരാൾ ഡാൻസ് കളിക്കുന്നത് ഞാൻ അതിനു മുൻപും, അതിനു ശേഷവും കണ്ടിട്ടില്ല. ഒന്നാമതു, മേദസ്സ് കയറി നടക്കാൻ പോലും വയ്യാത്ത ശരീരം, മെയ് വഴക്കം എന്നൊന്ന് ഏഴയലത്ത് പോലും പോയിട്ടില്ല. ഗർഭിണിയല്ലാതെ തന്നെ ഗർഭം തികഞ്ഞ മാതിരിയുള്ള വയർ. അതിനെല്ലാം ഉപരി ഡാൻസിൻറെ ഒരു സ്റ്റെപ് പോലും പഠിച്ചതിൻറെ ലക്ഷണം അതിൽ ഉണ്ടായിരുന്നില്ല.

എന്തിന്, അത്തരം ഒരു പ്രകടനം ഒരു കൊച്ചു കുട്ടി ചെയ്‌താൽ പോലും കാണുന്നവർ സഹതപിക്കുകയേ ഉള്ളു.

ഡാൻസ് കഴിഞ്ഞു എങ്ങിനെയുണ്ട് എന്ന മട്ടിൽ അവൾ എന്നെ ഒന്ന് നോക്കി.

എങ്ങിനെ പ്രതികരിക്കണം എന്നറിയാതെ ഞാൻ ഒന്ന് പകച്ചു. സത്യം പറഞ്ഞാൽ അതവളെ വിഷമിപ്പിക്കും. പറയാതിരുന്നാൽ, അത് കള്ളമാകും.

പെട്ടെന്നുണ്ടായ പകപ്പ് മാറിയപ്പോൾ, ഞാൻ അതിനെ മറ്റൊരു തരത്തിൽ ആണ് കണ്ടത്. അവളുടെ ഡാൻസ് നല്ലതോ ചീത്തയോ എന്നതിന് ഉപരി, എൻറെ മുൻപിൽ പൂർണ്ണ സ്വാതന്ത്ര്യത്തോടെ ഡാൻസ് കളിക്കാൻ അവൾ തയ്യാറാകുന്നു എന്നതിലുള്ള സന്തോഷം ആണ് എന്നിൽ ഉണ്ടായത്. എൻറെ മുൻപിൽ അല്ലാതെ മറ്റാരുടെ മുൻപിൽ ആണ് അവൾ ആ സ്വാതന്ത്ര്യം എടുക്കേണ്ടത്?

അതൊരു സുന്ദരമായ അനുഭവം ആയിരുന്നു. ആ അനുഭവം എന്നിൽ ബലപ്പെട്ടപ്പൊൽ, ഞാൻ അവളോട്‌ അവളുടെ പ്രകടനം നല്ലതോ ചീത്തയോ എന്ന് പറയാതെ, അവളെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ  കൊടുത്തു. അവൾ അതിഷ്ടപ്പെട്ടെന്ന രീതിയിൽ, അനങ്ങാതെ അങ്ങിനെ നിന്നു.

ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ മുഹൂർത്തങ്ങളിൽ ഒന്നായിരുന്നു അത്.

ഞാൻ പിന്നീടുള്ള ജീവിതത്തിലും അങ്ങിനെ തന്നെ ചെയ്തിരുന്നെങ്കിൽ, ഞങ്ങൾ ഇന്നും സന്തുഷ്ടമായ ഒരു കുടുംബ ജീവിതവുമായി മുൻപോട്ടു പോയേനെ. പക്ഷെ, ദൌർഭാഗ്യകരം എന്ന് പറയട്ടെ, അങ്ങിനെയല്ല പിന്നീട് സംഭവിച്ചത്.

ക്രമേണ അവൾ എന്നെ വട്ടൻ എന്ന് നാഴികക്ക് നാൽപതു വട്ടവും വിളിക്കാൻ തുടങ്ങി. ഇപ്പോൾ, അവൾ എന്നെ പുറം കാലുകൊണ്ട് ചവിട്ടി, സ്വന്തം ഇഷ്ടപ്രകാരം കുഞ്ഞിനെയും എടുത്തു വേറെ പോയി താമസിക്കുന്നു.

അപ്പോൾ എനിക്കല്ലേ കുഴപ്പം? എനിക്ക് ശരിക്കും വട്ടില്ലേ?

ഈ കഥ ഇവിടെ അവസാനിപ്പിച്ചാൽ എൻറെ വട്ടു തന്നെയാണ് കുഴപ്പക്കാരൻ എന്ന് ഉറപ്പിക്കാം. പക്ഷെ കഥയങ്ങനെ അവസാനിപ്പിച്ചാൽ, ഒരു അപൂർണ്ണത അതിൽ ഞാൻ ദർശിക്കുന്നു, കാരണം ഞാൻ അവളുടെ ഒപ്പമുള്ള ജീവിതത്തിൽ അതിലും ഒരുപാട് കൂടുതൽ അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെന്ന് മാത്രമല്ല, അവളെ ഒരുപാട് പഠിച്ചിട്ടുമുണ്ട്.

എന്ത് കൊണ്ടാണ് അവൾ എന്നെ വട്ടൻ എന്ന് വിളിക്കുന്നത്‌? കാരണം എനിക്ക് വ്യക്തമായും അറിയാം.

അവൾ എൻറെ മുന്നിൽ ഡാൻസ് ചെയ്തപ്പോൾ, അതവൾ ചെയ്തത് എന്നെ സന്തോഷിപ്പിക്കാൻ ആയിരുന്നില്ല. അതെൻറെ തോന്നൽ മാത്രം ആയിരുന്നു എന്ന് പിന്നീടുള്ള അവളുടെ ഓരോരോ ചെയ്തികളിൽ നിന്നും ആണ് എനിക്ക് മനസ്സിലായത്‌.

അവൾ ഡാൻസ് ചെയ്തത് അവൾ ഈ ലോകത്തുള്ള ഏറ്റവും നല്ല നർത്തകി ആണെന്നുന്ന വിചാരത്തിൽ ആയിരുന്നു.ഞാൻ കെട്ടിപ്പിടിച്ചു ചുംബനം നൽകിയപ്പോൾ, അവളുടെ കഴിവിനെ ഞാൻ അംഗീകരിച്ചു എന്നുള്ള വിചാരത്തിൽ ആണ് അവൾ സന്തോഷിച്ചത്. അതിനർത്ഥം, ഞങ്ങളുടെ വിവാഹ ജീവിതത്തിലെ ഏറ്റവും സുന്ദരം എന്നു ഞാൻ കരുതുന്ന ആ മുഹൂർത്തം പോലും ഞങ്ങൾ പരസ്പരം അറിയാതെയുള്ള തെറ്റിദ്ധാരണമൂലം ഉണ്ടായതാണ്!

അന്ന് ഞാൻ അവളോട്‌ അവളുടെ നടനം അത്ര നന്നായില്ല എന്നു പറഞ്ഞിരുന്നെങ്കിൽ, എനിക്ക് വട്ടാണെന്ന് അവൾ പറഞ്ഞേനെ.

അന്നത് അവളോട്‌ പറയേണ്ട ആവശ്യം ഇല്ലായിരുന്നു, കാരണം അത് ഞങ്ങളുടെ ജീവിതത്തിലെ ഒരു സ്വകാര്യ മുഹൂർത്തം   ആയിരുന്നു, അതിനാൽ അവളുടെ കുറവിനെ ചൂണ്ടിക്കാട്ടി അതിലെ സൌന്ദര്യം ഇല്ലാതാക്കേണ്ട ആവശ്യം ഉണ്ടായിരുന്നു എന്ന് ഇപ്പോഴും എനിക്ക് തോന്നുന്നില്ല.

പക്ഷെ വളർന്ന്, വിവാഹ ജീവിതത്തിൽ പ്രവേശിച്ച   ഒരു സ്ത്രീ, ഇത്തരം അറിവില്ലായ്മയും, പക്വത ഇല്ലായ്മയും, എല്ലായ്പ്പോഴും, അതും മറ്റുള്ളവരുടെ മുൻപിലും ആവർത്തിച്ചു കൊണ്ടിരുന്നാൽ, എന്നിട്ട് അതെല്ലാം ഏറ്റവും ഉത്തമം എന്നു ഭാവിച്ചു പോന്നാൽ, ഒരു ഭർത്താവെന്ന നിലക്ക് എപ്പോഴും അവളെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കണോ, അതോ അത്‌ അങ്ങിനെയല്ല എന്നു പറഞ്ഞു തിരുത്തണോ?

തിരുത്തുന്നതാണ് നല്ലത് എന്നാണു എനിക്ക് തോന്നുന്നത്, അങ്ങിനെയാണ് ശ്രമിച്ചിട്ടുള്ളതും. അതവളോടുള്ള നീരസം കൊണ്ടോ, വെറുപ്പ്‌ കൊണ്ടോ ഒന്നുമല്ല, മറിച്ച് അവൾ മറ്റുള്ളവരുടെ മുൻപിൽ പരിഹാസപാത്രം ആകാതിരിക്കാൻ ആണ്. അത്തരം പക്വത ഇല്ലായ്മ ഞങ്ങളുടെയും, മറ്റു പലരുടെയും ജീവിതത്തിൽ സാരമായ പ്രശ്നങ്ങൾ സൃഷ്ടിച്ചപ്പോൾ, അത്‌ തിരുത്തേണ്ടത് അനിവാര്യം ആയിരുന്നു താനും.

 പക്ഷെ ഞാൻ എന്നൊക്കെ അതിനു ശ്രമിച്ചിട്ടുണ്ടോ അന്നൊക്കെ, ഞാൻ ഒന്ന് പറഞ്ഞു തീരുന്നതിനു മുൻപ് അവൾ പത്തു പറഞ്ഞിരിക്കും. ആ പത്തു പറഞ്ഞതിന് ശേഷം, പിന്നീട് എനിക്ക് വട്ടാണെന്ന് അവൾ ആവർത്തിക്കും. അതും സമയമോ, സ്ഥലമോ ഒന്നും നോക്കാതെ തന്നെ.

അവസാനം, മകളുടെ മുൻപിലും അവൾ ആവർത്തിക്കുന്നു. അതൊക്കെയും കേട്ട് മകളും ഒരിക്കൽ എന്നോട് ചോദിച്ചു, "പപ്പാ പപ്പക്ക് വട്ടാണോ?" എന്ന്.

സത്യം, എങ്ങിനെ ജീവിക്കണം എന്നു 44 വർഷങ്ങൾ കഴിഞ്ഞിട്ടും എനിക്കറിയില്ല.

ഞാൻ എങ്ങിനെയാണ് ജീവിക്കേണ്ടത്?

No comments:

Post a Comment