Friday, 29 August 2014

സോഷ്യൽ മീഡിയയിൽ എത്രസമയം ചെലവിടണം?

കലാകായിക മത്സരങ്ങൾക്ക് ഒന്നിച്ച് എനിക്ക് ഒരു അവാർഡ്‌ കിട്ടിയിട്ടുണ്ട്.

രണ്ടിനും കൂടി ഒന്നിച്ചു എങ്ങിനെയാ അവാർഡ്‌ കിട്ടുക?

അതൊക്കെയുണ്ട്‌.

ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത്, എനിക്ക് ഏഴാമത്തെ പ്രൈസും തന്നിട്ട്, സമ്മാനവിതരണം നടത്തിക്കൊണ്ടിരുന്ന അദ്ധ്യാപകൻ തമാശ രൂപേണ എൻറെ ചെവിയിൽ മന്ത്രിച്ചു, "നിനക്ക് പ്രൈസ് തന്നു തന്നെ എൻറെ കൈ കഴച്ചല്ലോടാ" എന്ന്!

പിന്നീട് എട്ടാമത്തെ പ്രൈസ് വാങ്ങാൻ ചെന്നപ്പോൾ ആ മുഖത്തുണ്ടായ ചിരി ഇപ്പോഴും ഓർമ്മയുണ്ട്.

ഇതിലും വലിയ അവാർഡ്‌ ഉണ്ടോ?

കായിക ഇനത്തിൽ ഷോട്ട്പുട്ടിനായിരുന്നു ഒന്നാം സ്ഥാനം. അതു പക്ഷെ ഭാഗ്യത്തിൻറെ പുറത്തായിരുന്നു.

എന്നെക്കാളും കെടാമുട്ടന്മാർ ഉണ്ടായിരുന്നു. പക്ഷെ എൻറെ ആറടിയോളം വരുന്ന നീളം ഞാൻ പ്രയോജനപ്പെടുത്തി. ഒന്നാം ഏറിൽ ബഹുദൂരം പോയി. പിന്നെ അതു മെച്ചപ്പെടുത്താൻ ഞാൻ പലതവണ ശ്രമിച്ചു, തോറ്റു തുന്നംപാടിയത് മിച്ചം. പക്ഷെ ആ ആദ്യത്തെ ഏറുതന്നെ എന്നെ ഒന്നാം സ്ഥാനക്കാരനാക്കി!

അതുതന്നെ ഒരിക്കൽ പട്ടാളത്തിലും സംഭവിച്ചു. എന്നെക്കാളും തണ്ടുംതടിമിടുക്കുമുള്ള ഒരുപാട് പേർ ഈ ഇനത്തിൽ മത്സരിക്കാൻ ഉണ്ട്.

ഞാൻ ഏറ്റവും പിന്നിൽ ആകുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷെ ഏതെങ്കിലും ഒരിനത്തിൽ എങ്കിലും പങ്കെടുക്കണം എന്നു നിർബന്ധം ഉള്ളതിനാൽ ആണ് പങ്കെടുത്തത്.

ആദ്യം എൻറെ ഊഴം ആയിരുന്നു. ഞാൻ ഷോട്ട് പുട്ട് എടുക്കാൻ പണിപ്പെടുന്നത് (കാരണം ഇത്തവണ ഭാരം കൂടിയ ഷോട്ട് പുട്ട് ആയിരുന്നു) കണ്ടു പലരും ചിരിച്ചു.

ഞാൻ സർവ്വശക്തിയും സംഭരിച്ച്‌ എറിഞ്ഞു. ഷോട്ട് പുട്ട് അവിടെ നിന്നിരുന്ന എല്ലാവരുടെയും കണക്കുകൂട്ടലുകൾക്ക് അപ്പുറം പോയി വീണു.

ഏറു കഴിഞ്ഞ് താഴേയ്ക്കു നോക്കിയപ്പോൾ എൻറെ കാല് ഒരു തലനാരിഴ അകലത്തിൽ വരയിൽ മുട്ടിയിരുന്നു.

അമ്പയർ അതു കണ്ടിരുന്നു. പക്ഷെ എൻറെ കോലം കണ്ടപ്പോൾ ഉണ്ടായ സഹതാപം മൂലം ആവണം അങ്ങേർ അതു കണ്ടില്ല എന്നു നടിച്ചു.

പിന്നെ കെടാമുട്ടന്മാർ എറിഞ്ഞു. പലരും ഞാൻ എറിഞ്ഞതിന് തൊട്ടടുത്തുവരെ എത്തിയെങ്കിലും, ഞാൻ താണ്ടിയ ദൂരം മറികടക്കാൻ ആയില്ല.

അന്നും ഞാനെറിഞ്ഞ റെക്കോർഡ്‌ ഞാൻ തന്നെ മറികടക്കാൻ ശ്രമിച്ചു എങ്കിലും ഇത്തവണയും ആ ദൂരത്തിൻറെ ഏഴയലത്ത് പോലും വന്നില്ല!

കെടാമുട്ടന്മാരുടെ മുഖത്ത് വല്ലാത്ത നിരാശ നിഴലിച്ചിരുന്നു. തോറ്റതിൽ ആയിരുന്നില്ല, മറിച്ച് എന്നെപ്പോലെ ഒരു നരന്തിൻറെ അടുത്ത് തോറ്റതിൽ ആയിരുന്നു അവർക്ക് വിഷമം.

ഇത് കേൾക്കുമ്പോൾ ഞാനൊരു വലിയ ഷോട്ട് പുട്ട് ഏറുകാരൻ ആണെന്നൊന്നും വിചാരിക്കരുത്.

മുൻപറഞ്ഞ രണ്ടു തവണയും ഒന്നാം ഏറിൽ അത്രയും ദൂരം എങ്ങിനെ എറിയാൻ സാധിച്ചു എന്നത് ഇന്നും ഒരു പ്രഹേളിക ആയി അവശേഷിക്കുന്നു!

ഇപ്പോൾ സ്ത്രീകളോട് എനിക്ക് കൂടുതൽ ബഹുമാനം തോന്നുന്നു. അതിനൊരു കാരണം ഉണ്ട്.

സ്കൂളിൽ പഠിക്കുന്ന കാലത്ത്.എൻറെ വീടിന് അടുത്തുള്ള ഒരു പെണ്‍കുട്ടി കായികതാരം ആയിരുന്നു. ഒറവക്കുഴിയിൽ മിനി എന്നായിരുന്നു അവളുടെ പേര്.

ഒരിക്കൽ സ്കൂളിൽ അവരുടെ പ്രാക്ടീസ് നടക്കുന്ന സമയത്ത്, ഞാൻ അങ്ങോട്ട്‌ ചെന്നു.

അവർ ഷോട്ട് പുട്ട് എറിയാൻ പോവുകയാണ്. ഞാൻ അവരെ പുച്ഛത്തോടെ നോക്കി. ഈ പെണ്ണുങ്ങളെ എന്തിനു കൊള്ളാം.

ഒന്ന് ഹീറോ ആകാൻ, ഞാൻ ഷോട്ട് പുട്ട് എടുത്തു സർവ്വശക്തിയും എടുത്തു എറിഞ്ഞു. പിന്നെ ആ ദൂരവും, അവരുടെ മുഖത്തേയ്ക്കും മാറി മാറി നോക്കി അഹങ്കാരത്തോടെ നിന്നു.

ഞാൻ നേരത്തെ പറഞ്ഞ പെണ്‍കുട്ടി വന്നു ഷോട്ട് പുട്ട് എടുത്തു. എൻറെയുള്ളിൽ പരിഹാസം നിറഞ്ഞു കൂടി.

അവൾ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അവൾ അത്ര മസിലൊന്നും പിടിക്കാതെ വെറുമൊരു തുടക്കം എന്ന രീതിയിൽ എറിഞ്ഞു.

നോക്കുമ്പോൾ ഞാൻ എറിഞ്ഞതിലും ഒരു മീറ്ററിലധികം ദൂരെയാണത് വീണത്‌!

ഷോട്ട് പുട്ട് എൻറെ അഹങ്കാരത്തിൻറെ പുറത്തോട്ടു വന്നു വീണതുപോലെ ആണെനിക്ക്‌ തോന്നിയത്.

ഞാൻ അവളെ നോക്കി. പക്ഷെ എനിക്ക് നേരെയുള്ള പരിഹാസമോ ഒന്നും ആ മുഖത്തുണ്ടായിരുന്നില്ല. എന്തിന് എന്നെയവരാരും ശ്രദ്ധിക്കുന്നുപോലും ഉണ്ടായിരുന്നില്ല!

അല്ലേലും എപ്പോഴും ആണുങ്ങൾ ഇങ്ങനെയാണ്. അവർ കാണിക്കുന്ന കോപ്രായങ്ങൾ എല്ലാം പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നു എന്നും, താനവരുടെ മുൻപിൽ ഒരു ഹീറോ ആണെന്നുമൊക്കെ ധരിച്ചുവെക്കും. പിന്നെ അതങ്ങിനെ അല്ല എന്നു മനസ്സിലാകുമ്പോൾ, ഒച്ചയെടുക്കും.

പിന്നെ ഒന്നുകൂടി എറിഞ്ഞേക്കാം എന്നു ഞാൻ കരുതിയില്ല. മെല്ലെ അവിടെ നിന്നും മുങ്ങി.

പക്ഷെ ഇപ്പോൾ പെണ്ണുങ്ങളോട് എനിക്ക് ബഹുമാനം കൂടുതൽ തോന്നുന്നു.

കാരണം ഞാൻ പഠിച്ച കോളേജിലും, ട്രെയിനിംഗ് ചെയ്ത പട്ടാളക്യാമ്പിലും ഒക്കെ ഉള്ളവരെ തറപറ്റിക്കാൻ പോന്ന ഉശിരുള്ള പെണ്ണൊരുത്തി എൻറെ കുഗ്രാമത്തിൽവരെ ഉണ്ട്.

അവരും നല്ല ഉശിരുള്ളവർ ആണ്. പക്ഷെ അവർ വേണ്ടാ, വേണ്ടാ എന്നു വയ്ക്കുന്നു എന്നുമാത്രം. അതുകണ്ടിട്ട് അവരുടെ മെക്കിട്ടുകേറാൻ നിൽക്കേണ്ട കേട്ടോ.

അപ്പോൾ അതു മാത്രമായിരുന്നു കായിക ഇനത്തിൽ സിംഗിൾ ഇനത്തിൽ കിട്ടിയത്. പിന്നെ വടം വലിക്കും ഒന്നാം സ്ഥാനം ഉണ്ടായിരുന്നു.

ബാക്കിയെല്ലാം ആർട്സ് ഇനങ്ങൾക്ക് ആയിരുന്നു.

അതിൽ എടുത്തു പറയാവുന്ന രണ്ടെണ്ണമുള്ളത്, ചെറുകഥക്ക് ലഭിച്ച ഒന്നാം സ്ഥാനവും, പദ്യ പാരായണത്തിന് ലഭിച്ച രണ്ടാം സ്ഥാനവും ആയിരുന്നു. മറ്റു ചിലതിനു കൂടി ഒന്നാം സ്ഥാനം ഉണ്ടായിരുന്നെങ്കിലും, ഈ രണ്ടിനമാണ് എനിക്ക് കൂടുതൽ തൃപ്തി തന്നത്.

ഇതിൽ തന്നെ പദ്യപാരായണത്തിന് രണ്ടാം സ്ഥാനം കിട്ടിയത് എൻറെ ആലാപനത്തിലുള്ള മികവു കൊണ്ടൊന്നും ആയിരുന്നില്ല (ഞാൻ മറ്റൊരു പോസ്റ്റിൽ പറഞ്ഞ അനുഭവം വായിച്ചാൽ അതു മനസ്സിലാകും! http://seban15081969.blogspot.ae/2014/03/blog-post.html). മറിച്ച് ഞാൻ തന്നെ എഴുതി, സംവിധാനം ചെയ്ത് ആണ് ഞാനത് ആലപിച്ചത്.

അതിലെ രണ്ടുവരികൾ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതിതാണ്.

ഇനിയിന്നു ഞാനൊന്നു സ്വയമൊന്നലിയട്ടെ
നിൻചുണ്ടിലമൃതമാം പാൽ ചുരന്ന്
നിൻചുണ്ടിലമൃതമാം പാൽ ചുരന്ന്

പക്ഷെ ചെറുകഥ ആയിരുന്നു എനിക്കേറ്റവും പ്രിയപ്പെട്ടത്. അതു വായിച്ചിട്ട്, ജഡ്ജി ആയിരുന്ന അദ്ധ്യാപകൻ അതു സ്റ്റാഫ്‌ റൂമിൽ കൊണ്ടു പോയി എല്ലാവരും കേൾക്കെ വായിച്ച്, പിന്നീട് എന്നെ വിളിപ്പിച്ച്, എല്ലാവരുടെയും മുൻപിൽ വച്ച് പ്രിൻസിപ്പൽ എന്നെ അഭിനന്ദിച്ചതും, ഒരു നാട്ടുമ്പുറത്തുനിന്നും എത്തിയ ഞാൻ അതുകേട്ട് കോൾമയിർ കൊണ്ടു നിന്നതും ഓർക്കുമ്പോൾ, ഇപ്പോഴും രോമങ്ങൾ എഴുന്നുവരുന്നുണ്ട്!

അന്ന് ഞാൻ എഴുതിയത് അനുഭവ കഥകൾ ഒന്നും അല്ലായിരുന്നു കേട്ടോ.

വിഷമവൃത്തങ്ങൾ എന്നായിരുന്നു കഥയുടെ പേര്. ഒരു ഭിക്ഷക്കാരൻറെ മുന്നിൽ വിരിച്ചിട്ട കീറത്തുണിയിൽ വീഴുന്ന നാണയതുട്ടുകളെ ആണ് വിഷമവൃത്തങ്ങൾ എന്ന്‌ ഞാൻ വർണ്ണിച്ചത്. അതിനു കാരണം ആ നാണയത്തുട്ടുകൾ ഇടുന്നവരുടെ മനോവിചാരങ്ങൾ ആയിരുന്നു. അതിൽ പലരും അതിട്ടത് ഭിക്ഷക്കാരനോടുള്ള സ്നേഹം കൊണ്ടോ, അനുകമ്പകൊണ്ടോ അല്ല. മറിച്ച്, ഒരു ശല്ല്യം എന്നയാളെ കരുതിയോ, അല്ലെങ്കിൽ പള്ളിയിൽ കേട്ട സ്വർഗ്ഗരാജ്യ പ്രാപ്തിക്കോ, അല്ലെങ്കിൽ കൂടെ വരുന്നയാൾ കണ്ടോട്ടെ എന്ന്‌ കരുതിയോ ഒക്കെയാണ് ആ നാണയതുട്ടുകൾ ഇടുന്നത്.

ആ മനോവ്യാപാരങ്ങൾ മനസ്സിലാക്കിയിട്ടെന്നോണം ഊറിച്ചിരിക്കുന്ന വൃദ്ധനു അവയൊക്കെയും വിഷമവൃത്തങ്ങൾ ആയിരുന്നു.

അതവിടെയും തീർന്നില്ല. കട്ടപ്പുറത്തിരിക്കുന്ന കെഎസ്ആർടിസി ബസ്സിൻറെ ചുവട്ടിലിരുന്നു ഭിക്ഷയാചിക്കുന്ന ആ വൃദ്ധൻറെ മനോവ്യാപാരങ്ങളിലൂടെ അന്നത്തെ കേരളത്തിൻറെ സാമൂഹിക അവസ്ഥ ഞാനാ ചെറുകഥയിൽ കുറിച്ചിരുന്നു.

നിനക്ക് ഇതെഴുതാൻ ഉള്ള പ്രചോദനം എവിടെ നിന്നു കിട്ടി എന്നു പ്രിൻസിപ്പൽ ചോദിച്ചപ്പോൾ, അങ്ങിനെ ഒരു വൃദ്ധൻ ഇപ്പോഴും ഞാൻ കഥയിൽ പറഞ്ഞ സ്ഥലത്തിരുന്നു ഭിക്ഷ യാചിക്കുന്നുണ്ട് എന്നും, ഞാൻ എഴുതിയതും, അതിലും കൂടുതലും കാര്യങ്ങൾ അയാൾ ചിന്തിക്കുന്നുണ്ടെന്നും, അതിനാൽ ഞാൻ എഴുതിയത് കഥയല്ല ജീവിതം ആണെന്നും ഞാൻ പറഞ്ഞു.

അതിനുശേഷം ആ കോളേജിലെ ഏറ്റവും ഉയർന്ന മാർക്കും വാങ്ങി പടി ഇറങ്ങുന്നതുവരെ, ഞാൻ അധ്യാപകരുടെ എല്ലാം പ്രിയപ്പെട്ടവൻ ആയിരുന്നു.

പക്ഷെ, ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ ഒരു തീരാനഷ്ടം തോന്നുന്നു. കാരണം, അങ്ങിനെ ഞാൻ അധ്യാപകർക്ക് ഒരു വേണ്ടപ്പെട്ടവൻ ആയിരുന്നെങ്കിലും, ഞാനെഴുതിയ കവിത തരുമോ എന്നു ഒരു പെണ്‍കുട്ടി എന്നോട് ചോദിച്ചിരുന്നെങ്കിലും, ഞാൻ അന്നൊക്കെ തലകുനിച്ചു നടക്കുന്ന ഒരു കപടബ്രഹ്മചാരി ആയിരുന്നു. ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടം വെറുതെ പാഴാക്കിയ ഒരു കപട ബ്രഹ്മചാരി.

അതൊന്നും തിരുത്താൻ ഇനി ആവില്ലല്ലോ!

------------------------------

കുറച്ചു വർഷങ്ങൾക്കു മുൻപ്, ഞാൻ ഡൽഹിയിൽ ജോലി തെണ്ടി നടക്കുന്ന സമയത്ത്, ചെമ്മനം ചാക്കോയുടെ ഒരു ഇന്റർവ്യൂ, ഒരു ടിവി ചാനലിൽ ലൈവ് ആയി സംപ്രേഷണം ചെയ്തിരുന്നു.

മലയാളം മറന്നുള്ള മലയാളികളുടെ പോക്കിനെക്കുറിച്ചും, മലയാളസംസ്കൃതിയെയും, മലയാളസാഹിത്യത്തെയും ഒക്കെ മറന്ന് ജീവിക്കരുത് എന്നും ഒക്കെ ചെമ്മനം വാതോരാതെ പറയുന്നതു കേട്ടപ്പോൾ, കേരളത്തിൽ തേരാപ്പാര തെണ്ടിനടന്നതും, പെണ്ണ് ചോദിച്ചുചെന്നപ്പോൾ, പെണ്ണിൻറെ മാതാപിതാക്കൾ പരിഹാസത്തോടെ      
നോക്കിയതും ഒക്കെ എൻറെ ഉള്ളിലേയ്ക്ക് തേട്ടി തേട്ടി വന്നു. എന്നാൽ രണ്ടു പറഞ്ഞിട്ട് തന്നെ കാര്യം എന്നു കരുതി ഞാൻ ഫോണിൽ വിളിച്ചു.

ലൈനിൽ കിട്ടിയതും, ഞാൻ നേരെ കാര്യത്തിലേയ്ക്ക് കടന്നു, "ചെമ്മനം സാറേ, മലയാളത്തെ കെട്ടിപ്പിടിച്ച് ഇരുന്നാൽ വയറു നിറയുമോ? ഇതൊക്കെ ഇരുന്നു വാ തോരാതെ പറയാം എന്നേയുള്ളു. ജീവിക്കണമെങ്കിൽ, അതിനുള്ള വഴികൾ കണ്ടെത്തണം."

ഞാൻ നിർത്തി അൽപ്പസമയം കഴിഞ്ഞാണ് ചെമ്മനം പ്രതികരിച്ചത്. അത്‌ എന്നോടല്ല, അവതാരകനോടാണ് പറഞ്ഞത്,
"അത്‌ സാരമില്ല, സാഹിത്യ വാസന ഇല്ലാത്ത ആരോ ആണ്."

ഞാൻ ഫോണ്‍ കട്ട്‌ ചെയ്തു.

--------------------------------------

ഇതൊക്കെ ഞാൻ എഴുതിയത് ഒരു കാര്യം പറയുവാൻ ആണ്.

ആദ്യം തന്നെ ഒരു ചോദ്യം ആവട്ടെ.

സോഷ്യൽ മീഡിയയിൽ എത്രസമയം ചെലവിടണം?

സോഷ്യൽ മീഡിയയ്ക്ക് അഡിക്റ്റ് ആയിട്ടുള്ള കുറച്ചു പേരെങ്കിലും ഉണ്ട്. ഞാനും ഇപ്പോൾ അങ്ങിനെ തന്നെ. ഇങ്ങിനെ ഇരുന്ന് എഴുതുന്നതിൽ എനിക്ക് ഒരുപാട് സംതൃപ്തി കിട്ടുന്നുണ്ട്‌.

പക്ഷെ ഒന്നുണ്ട്. ഞാൻ ഇപ്പോൾ ഏകദേശം രണ്ടരലക്ഷം രൂപ മാസശമ്പളക്കാരൻ ആണ്. എൻറെ ജോലി സമയത്ത് ഒരു സോഷ്യൽ മീഡിയയും ഇല്ല. നൂറുശതമാനവും ജോലിയിൽ മാത്രം ആണ് ശ്രദ്ധ. ഇനി ആകാശം ഇടിഞ്ഞു വീണാലും അങ്ങിനെ തന്നെ.

അതിനു ശേഷം സോഷ്യൽ മീഡിയയിൽ എത്രനേരം ചെലവിടണം എന്നതിന് എനിക്ക് ഒരു സമയക്രമവും ഇല്ല. എനിക്ക് അത്‌ നല്ലതെന്ന് തോന്നുന്ന ഏതുസമയവും ഞാൻ ഓണ്‍ലൈൻ ആയിരിക്കും. പക്ഷെ അപ്പോഴും 6-7 മണിക്കൂറുള്ള സുഖനിദ്ര ശരീരത്തിനു ഏറ്റവും ഉത്തമം ആണെന്ന ഉത്തമ ബോധ്യം ഉള്ളതിനാൽ, ഞാൻ നന്നായി ഉറങ്ങുകയും ചെയ്യുന്നു.

അപ്പോൾ എനിക്ക് പറയാൻ ഉള്ളത്, അത്‌ സോഷ്യൽ മീഡിയയുടെ അഡിക്റ്റ് ആയവരോടാണ്, സാഹിത്യവും, സോഷ്യൽ മീഡിയയും ഒക്കെ നല്ലതാണ്. പക്ഷെ, അതോടൊപ്പം തൻറെയും, തന്നെ ആശ്രയിക്കുന്നവരുടെയും വയർ നിറയാനുള്ള വഴികൾ കണ്ടെത്തണം. വിദ്യാർഥികൾ ആണെങ്കിൽ, അത്തരം വഴികൾ കണ്ടത്താനുള്ളതും, വളരാനുള്ളതുമായ ശ്രമങ്ങൾക്ക് ആവശ്യമായ സമയം സോഷ്യൽ മീഡിയയിൽ ലൈക്‌ കിട്ടാൻ ഉപയോഗിക്കരുത്.

എല്ലാറ്റിനെയും ഒന്നു ബാലൻസ് ചെയ്തു കൊണ്ടു പോകാൻ കഴിയണം. മറക്കരുത്, ലൈക്കുകൾ ആരുടേയും വയർ നിറക്കില്ല. വയർ നിറക്കൽ മാത്രമല്ല ജീവിതം എങ്കിലും, വയർ നിറക്കാതെ ജീവിക്കാൻ പറ്റില്ല എന്നതും ഒരു സത്യമല്ലേ?

ഈ ഭൂമിയിലുള്ള മറ്റെല്ലാ ജീവജാലങ്ങളും ചെയ്യുന്നതുപോലെ, ജീവിക്കാനുള്ള വഴികൾ നാം തന്നെ കണ്ടെത്തണം.

No comments:

Post a Comment