Monday, 11 August 2014

മലർന്നു കിടന്നു തുപ്പരുത്

അടുത്തിടെ രണ്ടു മൂന്നു ഇംഗ്ലീഷ് സിനിമകൾ കണ്ടു. Cast Away, Forrest Gump, Erin Brockovich, The Shawshank Redemption, No Country for Old Men മുതലായവ. എല്ലാം പണം വാരിക്കൂട്ടിയതും, അവാർഡുകൾ നേടിയതുമായ പടങ്ങൾ. ഞാൻ പറയുമ്പോൾ നിങ്ങൾ പരിഹസിക്കും, എന്നാലും പറയട്ടെ, ആ സിനിമകളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളും, നായികാ നായകന്മാർ ചെയ്ത കാര്യങ്ങളിൽ പലതും ഞാൻ എൻറെ ജീവിതത്തിൽ ചെയ്യുകയും, ചെയ്യാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്, പക്ഷെ അപ്പോഴെല്ലാം ഞാൻ കല്ലെറിയപ്പെടുകയും, ജോലിയിൽ നിന്നും നിസ്കാസിതനും, പരിഹാസിതനും ആവുകയും ആണ് ചെയ്തിട്ടുള്ളത്.

കണ്ണീരൊഴുക്കാനും, കയ്യടിക്കാനും ആണ് എല്ലാവർക്കും താല്പര്യം, കാരണം അതാണല്ലോ എളുപ്പം. അതിനപ്പുറം ഒന്നും വേണ്ട എന്നു മാത്രമല്ല, അങ്ങിനെ ആരെങ്കിലും ചെയ്യുന്നതായി കണ്ടാൽ അവനെ പരിഹസിക്കാനും, കല്ലെറിയാനും മുൻപിൽ ഉണ്ടാകും താനും. അപ്പോൾ തന്നെ തിരിഞ്ഞു നിന്ന്, രണ്ടായിരം വർഷം മുൻപ് അവർ തന്നെ  ക്രൂശിൽ ഏറ്റിയവനെ നോക്കി കണ്ണീർ പൊഴിക്കുകയും ചെയ്യും.

ചുരുക്കി പറഞ്ഞാൽ, കാപട്യം ആണ് മനുഷ്യൻറെ അടിസ്ഥാനപ്രകൃതം.

എന്നൊക്കെ നേരായ വഴി തെരഞ്ഞെടുക്കുകയും, മൂല്യങ്ങളെ മുറുകെ പിടിച്ചു ജീവിക്കാനും ശ്രമിച്ചിട്ടുണ്ടോ അന്നൊക്കെ ഞാൻ പ്രതിസന്ധിയിലേയ്ക്ക് കൂപ്പുകുത്തിയിട്ടുണ്ട്‌, പരിഹാസിതൻ ആയിട്ടുണ്ട്‌.

മനുഷ്യരെല്ലാം ഓരോരോ കൊക്കൂണുകളിൽ ജീവിക്കുകയും, അവർക്ക് ചുറ്റും കൊക്കൂണുകളിൽ തന്നെ ജീവിക്കുന്നവരെ, അവർ കൊക്കൂണിൽ തന്നെ തുടരുന്നിടത്തോളം കാലം വിശ്വസിക്കുകയും ചെയ്യുന്നു.

വിശ്വാസം, അതല്ലേ എല്ലാം!

പക്ഷെ എനിക്കറിയാം, ഈ കൊക്കൂണുകളിൽ ജീവിക്കുന്നവരെക്കാളൊക്കെ നല്ലവൻ ഞാൻ തന്നെയാണ് എന്ന്. അതുകൊണ്ട് തന്നെ കല്ലെറിയുന്നത്‌ കാണുമ്പോൾ ഞാൻ ചിരിക്കാറെ ഉള്ളൂ.

ഞാൻ അടുത്തു കണ്ടിട്ടുള്ള ബഹുഭൂരിപക്ഷം ആണുങ്ങളുടെയും ഉള്ളറകൾ, എനിക്കുള്ള പരിമിതമായ അറിവ് വച്ചുതന്നെ (അതിലും എത്രയോ ഞാൻ അറിയാൻ ഇരിക്കുന്നു!) തുറന്നാൽ, 'വിശ്വാസം, അതു  മാത്രമാണ് എല്ലാം' എന്ന് പല ഭാര്യമാരും അറിയും.

ഈ ആണായ ഒരുത്തന് ഇത്രയും പറയാൻ സാധിക്കുമെങ്കിൽ, രഹസ്യങ്ങളുടെ ഭാണ്ഡങ്ങളും (അതിലാണ് ഒരുപാട് ആണുങ്ങളുടെ മാനവും, അഭിമാനവും കുടികൊള്ളുന്നത്! എൻറെ അഭിമാനവും അങ്ങിനെ പലരുടെയും ഭാണ്ഡങ്ങളിൽ ആണിരിക്കുന്നത്.) പേറി നടക്കുന്ന ഓരോ പെണ്ണുങ്ങൾക്കും എന്തുതന്നെ പറയാൻ കാണില്ല? ഒരു സരിത മാത്രമല്ല രഹസ്യങ്ങളും പേറി നടക്കുന്നത്.

എന്നാലും, ഞാൻ തുറന്നെഴുതുമ്പോൾ, എനിക്ക് നേരെ കല്ലെറിയാൻ ആണ് എല്ലാവർക്കും താല്പര്യം. കാരണം, ഭാണ്ഡം ഇറക്കിവച്ച്, കൊക്കൂണിൽ നിന്നും പുറത്തു വന്നുസത്യത്തെ അഭിമുഖീകരിക്കുന്നതിലും എത്രയോ എളുപ്പമാണ്, ഒരു തുറന്ന പുസ്തകം ആകാൻ ശ്രമിക്കുന്നവനെ കല്ലെറിയുക എന്നത്.

പക്ഷെ ഞാൻ തുറന്നെഴുതുന്നത്‌, ആണുങ്ങൾ എല്ലാം തെറ്റുകാർ ആണെന്ന് പറയാൻ അല്ല. മറിച്ച്, നമ്മുടെ കപടസംസ്ക്കാരങ്ങളും, ചിന്തകളും, വിശ്വാസങ്ങളും, മാമൂലുകളും ഒക്കെ വലിച്ചെറിഞ്ഞ്, മനുഷ്യർ മനുഷ്യരായി  ജീവിച്ചു തുടങ്ങാൻ വേണ്ടിയാണ്.

പൂച്ചക്ക് ആരെങ്കിലും മണി കെട്ടേണ്ടേ? ഞാനതേ ചെയ്യുന്നുള്ളൂ. അതിനാൽ ആരും എന്നെ കല്ലെറിയേണ്ട. എനിക്ക് എതിർപ്പുള്ളത്‌ കൊണ്ടല്ല (കാരണം നിങ്ങളെ തടയാൻ ഞാനാര്?), മറിച്ച് അത് മലർന്നു കിടന്നു തുപ്പുന്നതിനു സമം ആയതു കൊണ്ടാണ്.

No comments:

Post a Comment