"മായേ, എൻറെ പൊന്നേ, നിനക്കെന്തുപറ്റി? വിഷമിക്കാതെ, നിനക്ക് ഞാനുണ്ട്" ഹൃദയം തകർന്ന് ഇങ്ങനെ പറഞ്ഞ് അവൾ നീട്ടിയ കൈകളിൽ പിടിക്കാൻ തുടങ്ങിയപ്പോൾ ആണ് ഞാൻ ഉറക്കത്തിൽ നിന്നും കണ്ണു തുറന്നത്.
എന്തൊരു സ്വപ്നം ആയിരുന്നു അത്? മനസ്സിനെയും ശരീരത്തെയും അത് ഒരുപോലെ പിടിച്ചുലച്ചു കളഞ്ഞു
സ്വപ്നത്തിൽ അവൾ എന്നോട് കേണപേക്ഷിച്ചത് ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു.
അവൾ ഇപ്പോൾ എന്നെപ്പോലെ വലുതായിരിക്കുന്നു. ഒരു മലഞ്ചെരുവിൽ ഉള്ള, തെങ്ങുകൾക്കും റബ്ബർ മരങ്ങൾക്കും ഇടയിൽ സ്ഥിതിചെയ്യുന്ന വീടിൻറെ മുറ്റത്ത് ഇട്ടിട്ടുള്ള ഒരു കട്ടിലിൽ അവൾ കിടക്കുകയാണ് (ഇതിങ്ങനെ വിവരിച്ചെഴുതാൻ ഒരു പ്രത്യേക കാരണം ഉണ്ട്, അത് വായിച്ചു വരുമ്പോൾ മനസ്സിലാകും). എഴുന്നേല്ക്കാൻ ആവാതെ. ഏതോ മാറാരോഗത്തിന് അടിപ്പെട്ടതുപോലെ അവൾ വല്ലാതെ ക്ഷീണിതയായിരുന്നു.
അവളെ നോക്കാൻ ആരുമില്ല. എന്നെ കണ്ടപ്പോൾ ഏക ആശ്രയം എന്നതുപോലെ 'എന്നെ രക്ഷിക്കൂ' എന്നു പറഞ്ഞു രണ്ടു കയ്യും എൻറെ നേരെ നീട്ടിയത് ഇപ്പോഴും മുൻപിൽ തെളിഞ്ഞു നില്ക്കുന്നു.
ആ കൈകളിൽ പിടിച്ച് 'വിഷമിക്കാതെ നിനക്ക് ഞാൻ ഉണ്ടെടീ' എന്നു പറയാൻ കഴിയുന്നതിന് മുൻപ് ഉറക്കം ഉണർന്നല്ലോ.
ഞാൻ വല്ലാതെ അസ്വസ്ഥനായി.
പട്ടാളത്തിൽ നിന്നും ആദ്യത്തെ ലീവിന് നാട്ടിൽ വന്നിട്ട് ജ്യേഷ്ടന്റെ വീട്ടിൽ കിടന്നുറങ്ങുമ്പോൾ ആണ് വെളുപ്പാം കാലത്ത്, എന്നു വച്ചാൽ രണ്ടു മണിയോ മറ്റോ ആയിക്കാണും, ഈ സ്വപ്നം കണ്ടത്.
മായയ്ക്ക് എന്താണ് സംഭവിച്ചത്? ഏഴാം ക്ലാസ്സിനു ശേഷം അവളെ ഇതുവരെയും കണ്ടിട്ടില്ലല്ലോ.
എനിക്ക് പിന്നെ ഉറങ്ങാൻ കഴിഞ്ഞില്ല.
ഞാൻ എഴുന്നേറ്റ്, വിളക്ക് കത്തിച്ച് ഒരു ഇൻലന്റും പേനയും എടുത്തു അവൾക്കു എഴുതി.
അത് ഏകദേശം ഇപ്രകാരം ആയിരുന്നു.
പ്രിയപ്പെട്ട മായയ്ക്ക്,
എൻറെ പേര് സെബാസ്റ്റ്യൻ. നമ്മൾ ഒന്നിച്ചു ഏഴാം ക്ലാസ്സ് വരെ പഠിച്ചിട്ടുണ്ട്. ഇപ്പോൾ ഞാൻ ഒരു സ്വപ്നം കണ്ടു ഞെട്ടി എഴുന്നേറ്റു. അതിൽ നീ വല്ലാതെ വിഷമിക്കുന്നുണ്ടായിരുന്നു. നീ എന്നോട് സഹായം അപേക്ഷിക്കുകയായിരുന്നു.
പലപ്പോഴും നീ എൻറെ സ്വപ്നത്തിൽ വരാറുണ്ട്. ഒരുപക്ഷെ എനിക്ക് നിന്നോടുണ്ടായിരുന്ന ഇഷ്ടം കൊണ്ടും, അതെൻറെ ഉപബോധമനസ്സിൽ കിടക്കുന്നത് കൊണ്ടും ആയിരിക്കാം നീ ഇപ്പോഴും എൻറെ സ്വപ്നത്തിൽ വരുന്നത്.
മുൻപൊന്നും ഇങ്ങനെ എഴുതണം എന്നു തോന്നിയിട്ടില്ല. പക്ഷെ ഇത്തവണ ഞാൻ കണ്ട സ്വപ്നത്തിൻറെ തീവ്രതമൂലവും, അതിൽ നീയെന്നോട് സഹായം ആവശ്യപ്പെട്ടതും മൂലമാണ് ഞാനിത് എഴുതുന്നത്.
നീ ശരിക്കും എന്തെങ്കിലും വിഷമഘട്ടത്തിൽ ആണോ? എൻറെ എന്തെങ്കിലും സഹായം ആവശ്യമുണ്ടോ? ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കരുത്.
നീ വിവാഹം കഴിച്ചോ?
ആയുരാരോഗ്യം നേരുന്നു.
സ്നേഹപൂർവ്വം,
സെബാസ്റ്റ്യൻ
നീ വിവാഹം കഴിച്ചോ എന്നു ചോദിച്ചത് മനപ്പൂർവ്വം ആയിരുന്നു. കാരണം ഏഴാം ക്ലാസ്സിനു ശേഷം അവളെ കണ്ടിട്ടില്ലെങ്കിലും, അവൾ എന്നോടൊപ്പം എപ്പോഴും ഉണ്ടായിരുന്നു.
വിവാഹിത അല്ലെങ്കിൽ, എനിക്ക് അങ്ങിനെ ഒരു താല്പര്യം ഉണ്ട് എന്ന സൂചന ആയിരുന്നു ആ ചോദ്യം.
എഴുത്തു മടക്കി ഒട്ടിച്ചു, അഡ്രസ്സും എഴുതി മേശമേൽ വച്ചിട്ട് ഞാൻ വീണ്ടും കിടന്നു. ഉറങ്ങിയില്ലെന്നു മാത്രം.
മായയെക്കുറിച്ചുള്ള ഓർമ്മകൾ എനിക്കുചുറ്റും വട്ടമിട്ടു പറന്നു.
മായ, എന്നെ ഏറ്റവും സ്വാധീനിച്ച പെണ്ണ്. ആദികുർബ്ബാനക്ക് തിളങ്ങുന്ന പാവാടയും, ഉടുപ്പും ഇട്ടു മറ്റെല്ലാവരുടെയും ഇടയിൽ വേറിട്ടു നിന്ന് എൻറെ ഹൃദയം കവർന്ന പെണ്ണ്. മറ്റെല്ലാവരും അസൂയയോടെ അവളെ നോക്കിയപ്പോൾ, അവൾ എൻറെ പെണ്ണെന്ന് മനസ്സിൽ ഉറപ്പിച്ച് ഞാൻ അസൂയപ്പെടാതെ നിന്നു.
അവൾ അന്നിട്ടിരുന്ന തിളങ്ങുന്ന വസ്ത്രങ്ങളെക്കുറിച്ച് അവൾ ഇപ്പോൾ ഓർക്കുന്നുണ്ടാവുമോ? ഞാൻ അതിപ്പോഴും ഓർക്കുന്നുവെന്ന് അവൾ അറിയുന്നുണ്ടോ?
രണ്ടിനും സാധ്യത കുറവാണ്.
കാരണം അത്തരം ഒന്നിലധികം ഡ്രസ്സുകൾ വാങ്ങിക്കൊടുക്കാനുള്ള സ്ഥിതി അവളുടെ വീട്ടുകാർക്കുണ്ട്. അതുകൊണ്ട്, ആദികുർബ്ബാനക്ക് ഇട്ട ഡ്രസ്സിൻറെ തിളക്കം അവൾക്കു പുതുമയല്ല.
ഇനി ഞാൻ അതൊർക്കുന്നു എന്നത്, ഞാൻ ഒരിക്കലും അത്തരം ഡ്രസ്സ് ഇട്ടിട്ടില്ല എന്നതു കൊണ്ടാണ്. മാത്രവുമല്ല, ഞാൻ അവൾക്ക് മറ്റെല്ലാവരെയും പോലെ ഒന്നിച്ചു പഠിച്ചിട്ടുള്ള മറ്റൊരു വിദ്യാർഥി മാത്രമായിരുന്നു. എനിക്കവളോടുള്ള പ്രേമം (അത് ശരിക്കും പ്രേമം ആയിരുന്നില്ല, ഒരുതരം ആരാധന ആയിരുന്നു) ഒരിക്കലും ഞാനവളോട് പറഞ്ഞിട്ടില്ല. അങ്ങിനെ പറയുന്നതിനെക്കുറിച്ച് ഓർത്താൽ പോലും നിക്കറിൽ പെടുക്കുമായിരുന്നു, പിന്നെയാണോ നേരിൽ പറയുന്നത്! ഇതൊക്കെക്കൊണ്ടു തന്നെ, അവൾ ഇപ്പോൾ എന്നെ ഓർക്കാൻ പോലും സാധ്യത ഇല്ല. പിന്നെയല്ലേ, അവളിട്ട ഡ്രസ്സിൻറെ തിളക്കം ഞാൻ ഓർത്തിരിക്കുന്ന കാര്യം.
ഇതവൾ വായിക്കാൻ ഇടയാവുകയും, അവളുടെ ആദികുർബ്ബാനക്ക് എടുത്ത ഫോട്ടോ ഇപ്പോഴും അവളുടെ വീട്ടിൽ ഉണ്ടെങ്കിൽ അതു നോക്കുകയും ചെയ്‌താൽ, ഞാനവളെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്നവൾക്ക് മനസ്സിലാകും.
എത്രയോ കാലം എൻറെ ഊണിലും ഉറക്കത്തിലും പിന്നെ സ്വപ്നത്തിലും എല്ലാം എന്നോടൊപ്പം ഉണ്ടായിരുന്നു അവൾ.
പിന്നീട് ജോലിയൊക്കെ കിട്ടി, കഠിനമായ ട്രെയിനിംഗ് ഒക്കെയായി, ക്രമേണ ഞാൻ അവളെ ഓർക്കുന്നത് കുറഞ്ഞെങ്കിലും, അപ്പോഴും അവൾ എൻറെ സ്വപ്നങ്ങളിൽ വന്ന് 'ഞാനിവിടെ ഉണ്ടേ' എന്നെന്നെ ഓർമ്മപ്പെടുത്തുമായിരുന്നു!
വർഷങ്ങൾ എത്ര കടന്നു പോയിരിക്കുന്നു. അവൾ ഇപ്പോൾ എങ്ങിനെയിരിക്കും?
അവളുടെ വട്ടമുഖവും, ആ മുഖത്ത് എപ്പോഴും പ്രതിഫലിച്ചിരുന്ന ആത്മവിശ്വാസവും ഇപ്പോഴും അങ്ങിനെതന്നെ ഉണ്ടോ?
അവളെ ആൾക്കൂട്ടത്തിൽ കണ്ടാൽ ഞാൻ തിരിച്ചറിയുമോ? അവളെ കാണുമ്പോൾ, പണ്ട് എനിക്കനുഭവപ്പെട്ടിരുന്ന വൈദ്യുതി കടത്തി വിട്ടാലെന്നപോലെ ഉള്ള അനുഭവം ഇനി കണ്ടാലും ഉണ്ടാവുമോ?
ആ പ്രേമം എന്നിൽ മൊട്ടിടാൻ ഇടയായ സംഭവം മുതലുള്ള ആ കാലത്തേയ്ക്ക് എൻറെ മനസ്സ് അതിവേഗം പാഞ്ഞു.
------------------------------------
നാലിൽ പഠിക്കുമ്പോൾ ഞങ്ങൾ മൂന്നു പേർക്ക് സ്കോളർഷിപ് ഉണ്ടായിരുന്നു.
ക്ലാസ്സിലുള്ള നാലു സിബിമാരിൽ രണ്ടു സിബിമാർക്കും (എൻറെ പേര് സെബാസ്റ്റ്യൻ എന്നാണെങ്കിലും വീട്ടിൽ വിളിക്കുന്നത് സിബി എന്നാണ്) പിന്നെ മായ എന്നു പറയുന്ന എൻറെ പ്രാണേശ്വരിക്കും.
ക്ലാസ്സിൽ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടി അവൾ ആയിരുന്നു.
ഞാൻ എപ്പോഴും മൂന്നോ നാലോ സ്ഥാനത്ത് വരുമായിരുന്നു.
നാലു സിബിമാരിൽ ഒരാൾ എപ്പോഴും എൻറെ മുൻപിൽ ഉണ്ടായിരുന്നു.
ഇപ്പോൾ ഞങ്ങൾ നാലു സിബിമാരും വ്യത്യസ്ത ജീവിതം തെരഞ്ഞെടുത്തു.
ഇവരിൽ ഏറ്റവും പഠിക്കുമായിരുന്ന സിബി ഇപ്പോൾ കുവൈറ്റിൽ കുടുംബ സമേതം ജീവിക്കുന്നു.
രണ്ടാം സ്ഥാനത്തുള്ള ഞാൻ കറങ്ങി തിരിഞ്ഞ് വശം കെട്ട് ഇവിടെ ഇരുന്ന് എഴുതുന്നു. മൂന്നാം സ്ഥാനത്തുണ്ടായിരുന്നവൻ ഇപ്പോൾ യുഎസ്സിൽ കുടുംബമായി ജീവിക്കുന്നു.
ഇനി നാലാമൻ, നാലാമൻ പഠനത്തിൽ മോശമൊന്നും അല്ലായിരുന്നു. പക്ഷെ ഞങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ അൽപ്പം പിന്നോട്ട് ആയിരുന്നു. പക്ഷെ ക്രമേണ എന്നെ തോൽപ്പിക്കണം എന്നു വാശിയായി രാവും പകലും ഇരുന്ന് പഠിക്കുമായിരുന്നു. കശുമാവിൻറെ ചുവട്ടിൽ ഇരുന്ന് പഠിച്ചു പഠിച്ചു ഇരിക്കുന്നിടം കുഴിയുമായിരുന്നു.
പക്ഷെ അത്തരം പഠനത്തോട് എനിക്ക് വിയോജിപ്പുണ്ട്. അതായത്, കണക്കു പുസ്തകത്തിലെ അവസാനം കൊടുത്തിട്ടുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും വരെ കാണാപ്പാഠം പഠിക്കുമായിരുന്നു.
ആ ചോദ്യങ്ങൾ അതേപടി ചോദിച്ചാൽ നൂറിൽ നൂറും ഉറപ്പ്. അങ്ങിനെ ചിലപ്പോഴൊക്കെ എന്നെക്കാൾ കൂടുതൽ മാർക്ക് വാങ്ങിയിട്ടുണ്ട്. പക്ഷെ, പുസ്തകത്തിലുള്ള 'രാമൻറെ കയ്യിൽ 10 മാങ്ങകൾ ഉണ്ട് എന്നു വിചാരിക്കുക' എന്നത് 'രാധക്ക് അമ്മ രണ്ടു ജോഡി വളകൾ വാങ്ങി കൊടുത്തു എന്നു വിചാരിക്കുക' എന്നു ചോദ്യപേപ്പറിൽ മാറ്റിയാൽ, അത്തവണ എനിക്കായിരിക്കും കൂടുതൽ മാർക്ക്.
എങ്കിലും അവൻ കഠിനാദ്ധ്വാനി ആയിരുന്നു. മത്സര ബുദ്ധി ഉണ്ടായിരുന്നെങ്കിലും ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു.
പക്ഷെ അവൻ ഇന്നില്ല. ആത്മഹത്യ ചെയ്തു. എനിക്ക് ലഭിച്ച വിവരം അനുസരിച്ച് പത്താം ക്ലാസ് പരീക്ഷക്ക് ശേഷം ആണ് മരിച്ചത്.
ചോദ്യപേപ്പർ കയ്യിൽ കിട്ടിയപ്പോൾ എല്ലാം ഉത്തരം അറിയാവുന്ന ചോദ്യങ്ങൾ. അതിലുണ്ടായ വെപ്രാളം കാരണം പരീക്ഷ മുഴുവൻ എഴുതാൻ ആയില്ല. അങ്ങിനെ അസ്വസ്ഥനായി പിന്നെ വഴിമാറി ചിന്തിച്ചതിനാൽ ആവണം ആത്മഹത്യ ചെയ്തത്.
മനുഷ്യർക്ക് അസ്വസ്ഥതയും, വിഷമവും ഉണ്ടാകുന്ന ഓരോരോ വഴികൾ.
അവൻ ആത്മഹത്യ ചെയ്തതിൽ എനിക്കൊരു ദുഖവും ഇല്ല, കാരണം, ജീവിതത്തിൽ ഉണ്ടാകുന്ന ഇത്തരം പരാജയങ്ങൾക്കെല്ലാം മുകളിലായി എത്രയോ മഹത്തരമായി കാണേണ്ട ഒന്നാണ് നമ്മുടെ ജീവൻ എന്നു തിരിച്ചറിയാത്തവർ ജീവിച്ചിരുന്നിട്ടും വല്ല്യ കാര്യമൊന്നുമില്ല.
അങ്ങിനെ മരിക്കാൻ ആയിരുന്നെങ്കിൽ, ഞാൻ എത്ര തവണ മരിക്കണമായിരുന്നു!
ഇതൊക്കെ ആമുഖമായി പറഞ്ഞു എന്നുമാത്രം. എൻറെ പ്രണയത്തെക്കുറിച്ചും, അതിനു കാരണമായി ഭവിച്ച ഒന്നരപൈസയെക്കുറിച്ചും ആണല്ലോ ഞാൻ പറഞ്ഞുവരുന്നത്.
എൻറെ 44 വർഷത്തെ ജീവിതത്തിൽ എന്നെ ഏറ്റവും സ്വാധീനിച്ചത് ആരെന്നു ചോദിച്ചാൽ എനിക്ക് നിസ്സംശയം പറയാം, അത് ഏഴാം ക്ലാസ്സിനു ശേഷം ഇതുവരെ കണ്ടിട്ടില്ലാത്ത എൻറെ പ്രിയപ്പെട്ട മായയാണ്.
'കഥ പറയുമ്പോൾ' എന്ന സിനിമയിൽ പറയുന്നതു പോലെ, ഒരു തേങ്ങലോടെ അല്ലാതെ എനിക്കവളെക്കുറിച്ച് ഓർക്കാൻ കഴിയില്ല.
ശനിയാഴ്ച്ച ദിവസങ്ങളിൽ ഞങ്ങൾക്ക് സ്കോളർഷിപ്പിൻറെ പ്രത്യേകം ക്ലാസ്സുകൾ ഉണ്ടായിരുന്നു.
ആ ക്ലാസ്സുകളിൽ ഞങ്ങൾ മൂന്നു പേർമാത്രം. എന്നാലും സംസാരിക്കുകയില്ല. അയ്യോ, പെണ്ണുങ്ങളോട് സംസാരിക്കുകയോ? അതൊന്നും ഓർക്കാൻ കൂടി വയ്യ.
എന്നാലും ചിലപ്പോഴൊക്കെ, ഞാൻ അവളെ ഏറുകണ്ണിട്ട് നോക്കുമായിരുന്നു. അതും പേടിയോടെ.
ഒരു ദിവസം, എൻറെ കയ്യിൽ ഏഴുപൈസ ഉണ്ടായിരുന്നു. ഞാൻ അതിനു മുട്ടായി വാങ്ങി. ഏഴെണ്ണം കിട്ടിയതിൽ ഒരെണ്ണം പകുതിയേ ഉണ്ടായിരുന്നുള്ളു.
ഞാനും മറ്റേ സിബിയും മാത്രമേ വന്നിട്ടുള്ളു. മായ ഇനിയും എത്തിയിട്ടില്ല.
ഞങ്ങൾ മുട്ടായി നുണഞ്ഞുകൊണ്ടിരിക്കുമ്പോൾ ആണ് മായ ക്ലാസ്സിലേയ്ക്ക് കയറി വന്നത്. അപ്പോൾ സിബി എന്തോ കാര്യത്തിനായി പുറത്തേയ്ക്ക് പോയി.
ഞാൻ നോക്കുമ്പോൾ എൻറെ കയ്യിൽ ഒന്നര മുട്ടായി ശേഷിച്ചിട്ടുണ്ട്.
മായ അവിടെ ഇരിക്കുമ്പോൾ, ഞാൻ മാത്രം മുട്ടായി നുണയുന്നത് ശരിയല്ലെന്ന് എനിക്കു തോന്നി.
അതേസമയം, അവൾ ഒരു പെണ്‍കുട്ടി ആണ്. ഒരു ആണ്‍കുട്ടി ആയ ഞാൻ എങ്ങിനെ അവൾക്ക് മുട്ടായി കൊടുക്കും?
അവൾ എന്തു വിചാരിക്കും? ദേഷ്യപ്പെട്ടാലോ?
എൻറെ ഉള്ളിൽ ഒരു മഹാഭാരതയുദ്ധം നടന്നു. അവസാനം ധൈര്യം സംഭരിച്ച് ഞാൻ അവളുടെ അടുത്തേയ്ക്ക് നടന്നു. കാലുകൾക്ക് വല്ലാത്ത ഭാരം അനുഭവപ്പെട്ടു. ഭയം മൂലം കൈവെള്ളവരെ വിയർത്തതിനാൽ, മുട്ടായി കൈയ്യിൽ തന്നെ ഇരുന്ന് അലുത്തു തുടങ്ങി.
അവസാനം അവളുടെ അടുത്തെത്തി ഒന്നരമുട്ടായി അവളുടെ നേരെ നീട്ടുമ്പോൾ, എനിക്കു ബോധം ഉണ്ടായിരുന്നില്ല.
എങ്കിലും, വേണ്ട എന്ന അർഥത്തിൽ അവൾ തലയാട്ടുന്നത് ഒരു മിന്നായം പോലെ ഞാൻ കണ്ടു.
ഞാൻ തിരിച്ചു നടന്നു. അവൾ വാങ്ങാതിരുന്നതിൽ എനിക്കു വിഷമം തോന്നിയില്ല, കാരണം ബോധമുണ്ടായിട്ടു വേണ്ടേ വിഷമം തോന്നാൻ!
പക്ഷെ ഇതിനിടയിൽ മറ്റൊന്നു സംഭവിച്ചിരുന്നു.
ഞങ്ങളുടെ ക്ലാസ്സിൽ നാരായണൻ എന്നൊരു കുട്ടി ഉണ്ടായിരുന്നു. അവൻറെ വീട് സ്കൂളിനോട് ചേർന്ന് ആയിരുന്നതിനാൽ, ഞങ്ങളുടെ ക്ലാസ് നടക്കുന്ന സമയത്ത് അവൻ മതിലിന് അപ്പുറത്ത് നിന്നും എത്തി നോക്കുമായിരുന്നു.
ഞാൻ മുട്ടായി കൊടുത്തുതിരിയുമ്പോൾ, മതിലിനു മുകളിൽ ഒരു തല. ബോധം നഷ്ടപ്പെട്ട അവസ്ഥയിൽ ആയതിനാൽ അതു നാരായണൻറെ തല ആണെന്ന് മനസ്സിലാകാൻ കുറച്ചു സമയമെടുത്തു.
എൻറെയുള്ളിൽ ഒരു കൊള്ളിയാൻ മിന്നി. ഞാൻ മായയ്ക്ക് മുട്ടായി വച്ചു നീട്ടുന്നത് അവൻ കണ്ടു. അവൻ അതു പാട്ടാക്കിയാൽ, പിന്നെ നാണക്കേട് കൊണ്ട് നടക്കാൻ പറ്റില്ല.
എന്തെങ്കിലും ചെയ്തേ പറ്റൂ. ഞാൻ മതിലിന് അടുത്തേയ്ക്ക് ചെന്നു. നാരായണൻ എന്നെ നോക്കി അർഥം വച്ചു ചിരിച്ചു.
കയ്യിലിരുന്ന് അലുത്ത് ഇല്ലാതായിക്കൊണ്ടിരുന്ന ഒന്നരമുട്ടായി ഞാൻ അവനു നേരെ നീട്ടി. അവനതു സന്തോഷപൂർവ്വം വാങ്ങി കഴിച്ചു.
അതൊരു തരം കൈക്കൂലി ആയിരുന്നു. അവൻ കണ്ട കാര്യം ആരോടും പറയാതിരിക്കാൻ.ഉള്ള കൈക്കൂലി.
അവനതു വാങ്ങി കഴിച്ചപ്പോൾ എനിക്കു സമാധാനമായി. അവനതാരോടും പറയില്ല. ഞാൻ ക്ലാസ്സിലേയ്ക്ക് തിരിച്ചു നടന്നു.
----------------------------------
അടുത്ത തിങ്കളാഴ്ച അവധി ദിവസം ആയിരുന്നു. അതിനാൽ അന്നും സ്കോളർഷിപ്പിനുള്ള പ്രത്യേക ക്ലാസ് ഉണ്ടായിരുന്നു.
അന്ന് മായ വരുമ്പോൾ, അവളുടെ കയ്യിൽ ഒരു പൊതി ഉണ്ടായിരുന്നു. വില കൂടിയ ടോഫികൾ ഉള്ള (വില വ്യത്യാസം കൊണ്ടാണ്, ഞാൻ കൊടുത്തത് മുട്ടായി എന്നും, അവൾ കൊണ്ടു വന്നതിനു ടോഫി എന്നും പറഞ്ഞത്!) ആയിരുന്നു അതിൽ. അതവൾ ഞങ്ങൾക്ക് നേരെ വച്ചു നീട്ടിയില്ല, പക്ഷെ ഞങ്ങൾക്ക് എടുക്കാനെന്ന പോലെ അവൾ അതു മേശപ്പുറത്തു വച്ചു.
അതൊരു തരം അറിവില്ലായ്മ ആണെന്ന് അന്നേ എനിക്കു തോന്നിയിരുന്നു. കാരണം അതുപോലെ ഒരു വല്ലം നിറയെ ഏറ്റവും മുന്തിയ ടോഫി അവൾ കൊണ്ടു വന്നാലും, ഞാൻ വച്ചു നീട്ടിയ ഒന്നര പൈസയുടെ മുട്ടായിയുടെ ഒപ്പം നിൽക്കില്ല.
അങ്ങിനെ ചിന്തിച്ചു എങ്കിലും, അവൾ ഞാൻ മുട്ടായി കൊടുത്ത കാര്യം വീട്ടിൽ സംസാരിച്ചല്ലോ, അതുകൊണ്ടാണല്ലോ അവളുടെ മാതാപിതാക്കൾ അവളുടെ വശം ടോഫികൾ കൊടുത്തയച്ചത്.
അപ്പോൾ ഷെയർ ചെയ്യുന്നതിൻറെ മഹത്വം അവൾ അറിഞ്ഞുവല്ലോ.
അവൾ എന്നോട് മേടിച്ചില്ലല്ലോ, അതുകൊണ്ട് ഞാനും കഴിക്കില്ല എന്നൊന്നും ഞാൻ ചിന്തിച്ചില്ല. മേശയിൽ ഇരുന്ന പൊതിയിൽ നിന്നും ടോഫി എടുത്തു ഞാൻ കഴിച്ചു.
അവൾ എന്തു കരുതിക്കാണും എന്നറിയില്ല. അതറിയാൻ ശ്രമിച്ചുമില്ല.
-------------------------------------------
ചൊവ്വാഴ്ച ഞാൻ ക്ലാസ്സിലേയ്ക്ക് കയറുമ്പോൾ ആരോ 'ഒന്നര പൈസ' എന്നു വിളിച്ചു പറയുന്നതു കേട്ടു. അപ്പോൾ എല്ലാവരും കൂടി ചിരിച്ചു.
എനിക്കൊന്നും മനസ്സിലായില്ല. ബഞ്ചിൽ പോയി പുസ്തകങ്ങൾ വച്ചിട്ട് തിരിയുമ്പോൾ ആണ് നാരായണനെ കണ്ടത്. അവൻ വീണ്ടും അർഥം വച്ചു ചിരിച്ചു. നന്ദിയോടെ ഞാനും അവനെ നോക്കി ചിരിച്ചു.
പക്ഷെ വീണ്ടും 'ഒന്നര പൈസ' എന്ന് ആരോ നീട്ടി വിളിച്ചു. എല്ലാവരും എന്നെ നോക്കി, ക്ലാസ്സിൽ വീണ്ടും കൂട്ടച്ചിരി മുഴങ്ങി.
പെട്ടെന്നാണ് ഒന്നര പൈസയുടെ പൊരുൾ എനിക്കു മനസ്സിലായത്.
ഞാൻ കൊടുത്ത ഒന്നര മുട്ടായിയെ നാരായണൻ എന്ന ചതിയൻ ഒന്നര പൈസ ആക്കി ക്ലാസ്സിൽ പാട്ടാക്കിയിരിക്കുന്നു.
നാണംകെട്ട് എൻറെ തൊലി ഉരിഞ്ഞു പോയി. മുഖം ഉയർത്താൻ ആവാതെ ഞാനിരുന്നു.
ഒന്നര പൈസയുടെ മുട്ടായി എൻറെ കയ്യിൽ നിന്നും വാങ്ങിയിട്ട് എന്നെ ചതിച്ച നാരായണനെ കൊല്ലാനുള്ള ദേഷ്യം എനിക്കുണ്ടായി.
അങ്ങിനെ തകർന്ന് ഇരിക്കുമ്പോൾ ആണ് മായ ക്ലാസ്സിലേയ്ക്ക് കയറി വന്നത്. അപ്പോൾ ആരോ വീണ്ടും ഒന്നര പൈസ എന്നു പറഞ്ഞു. വീണ്ടും ചിരി. പക്ഷെ ഇത്തവണ പറഞ്ഞതും ചിരിച്ചതും പതുക്കെ ആയിരുന്നു.
എന്നെ ആരെങ്കിലും പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തിയിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു.
ഞാൻ മെല്ലെ മായ ഇരിക്കുന്ന ഭാഗത്തേയ്ക്ക് നോക്കി. അവൾ സാധാരണപോലെ അവളുടെ കൂട്ടുകാരോട് സംസാരിച്ച് ഇരിക്കുകയാണ്. അപ്പോൾ ഞാൻ അനുഭവിക്കുന്ന നാണക്കേടൊന്നും അവൾ അറിയുന്നില്ല.
പിന്നീട് ഈ കളിയാക്കൽ ദിവസങ്ങളോളം തുടർന്നു. ഞാൻ മായയെ പതിവായി നോക്കാൻ തുടങ്ങി.
മെല്ലെ മെല്ലെ എന്നിൽ പ്രേമം മൊട്ടിട്ടു വളരുകയായിരുന്നു. അവളെ കാണുമ്പോൾ എൻറെ ശരീരം ആകെ വൈദ്യുതികമ്പിയിൽ തൊട്ടതു പോലെ കോരിത്തരിക്കും. എത്ര തവണ കണ്ടാലും അങ്ങിനെ തന്നെ.
അവളുടെ മുഖം, അവളുടെ ചിരി, അവളുടെ നടത്തം, അവളുടെ പാറിപറന്ന മുടിനിരകൾ, അവളിട്ടിരിക്കുന്ന വസ്ത്രം, എന്തിന് അവളുടെ ചുമവരെയും എന്നിൽ തീവ്രാനുരാഗത്തിൻറെ അലകൾ ഉയർത്തി.
നന്നായി പഠിക്കുന്നവൾ ആയതിനാൽ അവൾക്ക് അടികൾ കുറച്ചേ കിട്ടുമായിരുന്നുള്ളു. അങ്ങിനെ അവൾക്ക് അടി കിട്ടുമ്പോൾ ഒക്കെ എൻറെ ഉള്ളം തകർന്നു.
അവളെ അടിക്കേണ്ട, പകരം എന്നെ അടിച്ചോ എന്നു മാഷിനോട് പറയാൻ എൻറെ ഹൃദയം വെമ്പി.
ക്രമേണ മറ്റുള്ളവർ എന്നെ 'ഒന്നര പൈസ' എന്നു വിളിച്ചു കളിയാക്കുവാൻ ഞാൻ ആഗ്രഹിച്ചു.
അവർ കളിയാക്കുന്നത് കുറയുന്നു എന്നു തോന്നുമ്പോൾ, ഞാൻ ആരെങ്കിലും ആയി വഴക്കുണ്ടാക്കും. അപ്പോൾ അവൻ എന്നെ 'ഒന്നര പൈസ' എന്നു പറഞ്ഞു കളിയാക്കും. അപ്പോൾ ഞാൻ സന്തോഷം കൊണ്ടു ചാടും.
ഇപ്പോഴും ഉത്തരമില്ലാതെ എന്നെ അതിശയിപ്പിക്കുന്ന ഒരു കാര്യം എന്തെന്നാൽ, എന്തുകൊണ്ടാണ് അവളെ കാണുമ്പോൾ ഒക്കെ ഷോക്ക് അടിച്ച അനുഭവം എൻറെ ശരീരം ആകെ അനുഭവപ്പെട്ടിരുന്നത്?
നിങ്ങളിൽ ആർക്കെങ്കിലും അങ്ങിനെ അനുഭവപ്പെട്ടിട്ടുണ്ടോ?
ലൈംഗികവികാരത്തെക്കുറിച്ചല്ല ഞാൻ പറയുന്നത്.
അതിനെ വിശദീകരിക്കാൻ ഒരിക്കൽ എന്നെ ശരിക്കും ഷോക്ക് അടിക്കുന്നതുവരെ ആവില്ലായിരുന്നു. പക്ഷെ അതിനു ശേഷം എനിക്കു പറയാൻ പറ്റും, അതു ഒരാളെ ഷോക്ക് അടിക്കുമ്പോൾ എങ്ങിനെ അനുഭവപ്പെടുമോ അതുപോലെ ആയിരുന്നു.
ശരീരമാകെ പെട്ടെന്ന് അനുഭവപ്പെടുന്ന ഒരു വിറയൽ.
അവൾ ക്ലാസ്സിലേയ്ക്ക് വരുമ്പോൾ, ഞാൻ മനസ്സിനെ ബലപ്പെടുത്തി, ശരീരം മുറുക്കി പിടിച്ചിരിക്കും. പക്ഷെ ഞാൻ എത്ര ശ്രമിച്ചിട്ടും, എൻറെ ശരീരം വിറച്ചു കൊണ്ടേയിരുന്നു.
ഞാനൊരു മായയെന്ന മായാജാലത്തിൽ അകപ്പെട്ട് ഒരു മായിക ലോകത്തായിരുന്നു.
അവളുടെ ഒരു ബന്ധുവിൻറെ വീട്ടിൽ പോകാൻ ചിലപ്പോഴൊക്കെ അവൾ ഞാൻ പോകാറുള്ള വഴിയെ വരുമായിരുന്നു.
അന്നൊക്കെ അവളുടെ ശ്രദ്ധ ആകർഷിക്കാൻ ഞാൻ കാണിക്കാത്ത വികൃതികൾ ഒന്നുമില്ല.
ഒരിക്കൽ പിന്നാലെ അവൾ വരുന്നതു മനസ്സിലാക്കി അവളുടെ ശ്രദ്ധയിൽപെടാൻ, കൂടെ നടക്കുകയായിരുന്ന കൂട്ടുകാരൻറെ കുടമേടിച്ച് റോഡിൽ അടിച്ചു കാല് പൊട്ടിച്ചു. അവൻ എന്നെ അടിച്ചു. ഞാൻ തല്ലു മേടിക്കുമ്പോൾ ആണ് അവൾ അതുവഴി വന്നത്.
അവൾ എന്നെ ഒന്നു നോക്കി. ആ അടിപിടിക്കിടയിലും, അവളുടെ നോട്ടത്തിൽ ഞാൻ ഷോക്കേറ്റു വിറച്ചു.
എൻറെ പൊന്നെന്നെ നോക്കിയിരിക്കുന്നു.
ഞാൻ സന്തോഷം കൊണ്ടു തുള്ളിച്ചാടി.
എന്നെ തല്ലിയവന് എനിക്കു വട്ടാണെന്ന് തോന്നിയെങ്കിൽ അതിൽ അതിശയിക്കാൻ ഒന്നുമില്ല!
അങ്ങിനെ ഇരിക്കുമ്പോൾ ആണ് ഞങ്ങളുടെ ആദികുർബ്ബാന നടന്നത്. അന്ന് അച്ചൻ ആദ്യമായി എൻറെ നാക്കിലേയ്ക്ക് ഓസ്തി വച്ചു തരുമ്പോഴും, പെണ്‍കുട്ടികളുടെ നിരയിൽ നല്ലതിളങ്ങുന്ന വസ്ത്രങ്ങൾ അണിഞ്ഞു നിൽക്കുന്ന എൻറെ പ്രിയപ്പെട്ട മാലാഖയുടെ രൂപം ആയിരുന്നു എൻറെ മനസ്സിൽ.
ഓസ്തിയും സ്വീകരിച്ചു മടങ്ങുമ്പോൾ, എതിർവശത്തുള്ള നിരയിൽ ആദ്യകുർബ്ബാന സ്വീകരിക്കാൻ ആകാംഷയോടെ കാത്തുനിൽക്കുന്ന മായയെ നോക്കുവാൻ ഞാൻ മറന്നില്ല.
തൻറെ സ്ഥാനത്തെത്തി മുട്ടുകുത്തി നിൽക്കുമ്പോഴും അച്ചൻറെ കൈകളിൽ നിന്നും ഓസ്തി സ്വീകരിക്കാൻ നാക്കു നീട്ടുന്ന മായയെ കണ്ണിമക്കാതെ ഞാൻ നോക്കി.
അതും സ്വീകരിച്ചു, ശിരസ്സ് കുനിച്ചു മടങ്ങുന്ന അവളുടെ രൂപം ഞാൻ മരിച്ചു മണ്ണായാലും മറക്കത്തില്ല. അത്രമേൽ അതെൻറെ ഉള്ളിൽ പതിഞ്ഞു പോയി (അതിലിത്തിരി അതിശയോക്തി ഉണ്ട് കേട്ടോ, കാരണം മരിച്ചു കഴിഞ്ഞാൽ പിന്നെ ഞാൻ ഇല്ലല്ലോ, പിന്നെ എങ്ങിനെ ഓർക്കാൻ!!)
അതുകൊണ്ടാണ് വർഷങ്ങൾക്കു ശേഷവും അവൾ എൻറെ സ്വപ്നത്തിൽ വരുന്നത്. എന്നോട് അനുവാദം ചോദിക്കാതെ, ഞാൻ പോലുമറിയാതെ.
നാലു മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള നാലു വർഷങ്ങൾ. അവളെ ഞാൻ കണ്ടിടത്തോളവും, കാണാൻ ശ്രമിച്ചിടത്തോളവും അവളുടെ മാതാപിതാക്കൾ പോലും കണ്ടിട്ടുണ്ടാവില്ല.
ഞാനീ എഴുതിക്കൊണ്ടിരിക്കുന്ന സമയം വരെയും, ഞാനവളെ സ്നേഹിച്ചിടത്തോളം ആരും സ്നേഹിച്ചിട്ടുണ്ടാവില്ല.
ഏഴാം ക്ലാസ്സിലെ അവസാന ദിവസങ്ങൾ ശപിക്കപ്പെട്ടവ ആയിരുന്നു. കാരണം ഏഴിന് ശേഷം ഞങ്ങൾ വേറെ വേറെ സ്കൂളിലേയ്ക്ക് മാറും. ആ ചിന്തകൾ എന്നെ എപ്പോഴും വേട്ടയാടിക്കൊണ്ടിരുന്നു.
അവസാനം ആ വർഷവും കഴിഞ്ഞു.
പക്ഷെ എൻറെ ചിന്തകൾ തെറ്റായിരുന്നു. ഞങ്ങൾ സ്കൂൾ മാറിയെങ്കിലും, ഞാൻ പിന്നീട് ഒരിക്കലും അവളെ കണ്ടിട്ടില്ലെങ്കിലും, അവൾ എന്നും എന്നോടൊപ്പം ഉണ്ടായിരുന്നു.
എൻറെ ഓർമയിൽ നിന്നും മറയുന്നു എന്നു തോന്നുന്ന ഘട്ടങ്ങളിൽ അവൾ എൻറെ സ്വപ്നങ്ങളിൽ വന്ന്, അവൾ ഇപ്പോഴും ഉണ്ടെന്നു എന്നെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. അപ്പോൾ ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്ന മൂന്നു വർഷങ്ങളും, ഒന്നര പൈസയും, നാരായണനും ഒക്കെ എൻറെ മനസ്സിലേയ്ക്ക് തിരതല്ലി വരും.
ഇന്ന് ആദ്യമായാണ്, അവൾ ഒരു വിഷമഘട്ടത്തിലാണ് എന്നു സ്വപ്നത്തിൽ വന്നു പറയുന്നത്.
തീർച്ചയായും അന്വേഷിക്കണം. ഏതായാലും ഈ കത്ത് നാളെ തന്നെ അയക്കണം.
അങ്ങിനെ മനസ്സിൽ ഉറപ്പിച്ച് കിടന്ന്, ആ സമാധാനത്തിൽ ഞാൻ ചെറുതായി ഒന്നു മയങ്ങി.
പക്ഷെ അന്നെനിക്ക് അറിയില്ലായിരുന്നു, മായ എന്ന അവളുടെ പേര് അന്വർത്ഥമാക്കും വിധം അവൾ ശരിക്കും ഒരു മായയായി എൻറെ ജീവിതത്തിൽ അവശേഷിക്കും എന്ന്.
അതറിഞ്ഞിരുന്നെങ്കിൽ എനിക്കങ്ങിനെ ഉറങ്ങാൻ സാധിക്കുമായിരുന്നില്ലല്ലോ!
(തുടരും)