Tuesday, 3 June 2014

എൻറെ പിഴ, എൻറെ വലിയ പിഴ

മരങ്ങൾക്കും ചെടികൾക്കും ഫീലിങ്ങ്സ് ഉണ്ടാകാറുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും, എൻറെ ചെറുപ്പത്തിൽ എൻറെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ചതു ആരെന്നു ചോദിച്ചാൽ അത് ഒരു പ്ലാവും, ഒരു പേരയും ആണെന്ന് ഞാൻ പറയും.

അതിൽ പ്ലാവിനെ വീട്ടിൽ അമ്മച്ചിപ്ലാവ് എന്നാണു അറിയപ്പെട്ടിരുന്നത്. അതിനുള്ള കാരണം എനിക്ക്  ആ പ്ലാവുമായുള്ള അഭേദ്യമായ ബന്ധം ആയിരുന്നു.

അതിലുണ്ടാകുന്ന ചക്കയ്ക്കും ഒരു സവിശേഷത ഉണ്ടായിരുന്നു. ഒരു കടച്ചക്കയുടെ മാത്രം വലിപ്പമേ അതിനുണ്ടായിരുന്നുള്ളു. 20ൽ താഴെ മാത്രം ചുളകളെ അതിൽ ഉണ്ടാകുമായിരുന്നുള്ളു. കൂഴച്ചക്ക ആയിരുന്നെങ്കിലും, വരിക്കച്ചക്കയുടെ ചുളയോളം  ഉറപ്പുണ്ടായിരുന്ന അതിൻറെ രുചി എനിക്ക് വാക്കുകളിൽ വിവരിക്കാൻ ആവില്ല,

ചക്ക സീസണിൽ, ഞാൻ സ്കൂൾ വിട്ടു വന്നാൽ നേരെ പോയിരുന്നത് ആ പ്ലാവിൻറെ ചുവട്ടിലേയ്ക്കായിരുന്നു. ഒരു ഏണി എപ്പോഴും അതിൽ ചാരി വച്ചിരുന്നു. ഞാൻ അതിൽ കയറി ശിഖരങ്ങളിൽ കൂടി കയറി ഇറങ്ങിയാൽ എനിക്കായിട്ടെന്നപോലെ ഒരു ചക്ക പഴുത്തു കിടപ്പുണ്ടാകും.

അത് പറിച്ചു പ്ലാവിൽ തന്നെയിരുന്ന് (ഇരിക്കാൻ പാകത്തിൽ മൂന്നുനാല് ശാഖകളായി പടർന്ന ഒരു  ഭാഗവും ആ പ്ലാവിൽ ഉണ്ടായിരുന്നു) അതിൻറെ മുകളിൽ നിന്നും ഓറഞ്ച് തൊലി കളയുന്നതുപോലെ, മടൽ പൊളിച്ചു കളയും. പിന്നെ ഓരോ ചുളകളായി അത് തീരുന്നതുവരെ അവിടെയിരുന്നു കഴിക്കും. പിന്നെ ഏണി വഴി ഇറങ്ങി വീട്ടിലേയ്ക്ക് മടങ്ങും.

ഞങ്ങളുടെ ഈ ബന്ധം കണ്ടു ഒരു പെങ്ങളാണ്, അതിനു അമ്മച്ചിപ്ലാവെന്നു പേരിട്ടത്.

പക്ഷെ മനുഷ്യർ നന്ദി ഇല്ലാത്തവർ ആണ്, ആ പ്ലാവ് പിന്നീട് മുറിച്ചു. എന്നിട്ടും, അമ്മച്ചിപ്ലാവ് അതിൻറെ മമത വിട്ടുകളഞ്ഞില്ല. വീടിൻറെ മേൽക്കൂരയുടെ ഭാഗമായി, അങ്ങിനെ എൻറെ ജീവിതത്തിൻറെ ഭാഗം ആയി, എന്നെ സംരക്ഷിച്ചു കൊണ്ടിരിക്കുന്നു.

പക്ഷെ എന്നെ വല്ലാതെ അലട്ടിയ ഒരു തെറ്റ് ചെയ്തതാണ് ഈ പോസ്റ്റ് ഇടാൻ കാരണം. അത് ഞാൻ മുൻപ് പറഞ്ഞ പേരയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഈ പേരമരത്തിനു എന്നെക്കാൾ പ്രായം ഉണ്ട്, കാരണം എനിക്ക് അറിവായ കാലം മുതൽ, അതിൽ നിന്നും പേരക്ക പറിച്ചു ഞാൻ തിന്നാറുണ്ട്. എൻറെ ഇന്നുമുള്ള ആരോഗ്യത്തിനു ആ പ്ലാവിനോടും, പേരയോടും ഞാൻ കടപ്പെട്ടിരിക്കുന്നു.

മൂന്നുനാലു മാസം മുൻപ് ഞാൻ വീട്ടിൽ എത്തിയപ്പോൾ ഞാൻ വലിയ ഒരു കടുംകൈ ചെയ്തു.

പറമ്പിൽ പുതുതായി റബ്ബർ വച്ചിരുന്നു. അതിനിടയിൽ ഒരു പാട് വാഴകളും, പാഴ്മരങ്ങളും  ഉണ്ടായിരുന്നു. നോക്കി നടത്താൻ ആളില്ലാത്തതിനാൽ വാഴകൾ ഒടിഞ്ഞു വീണും,  മരങ്ങളുടെ ശാഖകൾ ഒടിഞ്ഞു വീണും മറ്റും, പല റബ്ബറും നശിച്ചിരുന്നു.

അതുകണ്ട് അസ്വസ്ഥനായി ഞാൻ വാക്കത്തിയുമായി ഇറങ്ങി, ശല്യമായി നിന്ന വാഴകളും, മരങ്ങളും എല്ലാം മുറിച്ചു കളഞ്ഞു. വന്നുവന്ന് ഞാൻ പേരയുടെ അടുത്തെത്തി. സത്യത്തിൽ അതൊന്നിനും ഒരു ശല്ല്യവും അല്ലായിരുന്നു. എങ്കിലും പേരക്ക ഒന്നും ഇല്ലാതെ (സീസണ് അല്ലാത്തപ്പോൾ പേരക്ക കാണുമോ?), നിൽക്കുന്നത് കണ്ടപ്പോൾ, അതും മുറിച്ചു കളഞ്ഞേക്കാം എന്ന് ഞാനങ്ങു തീരുമാനിച്ചു. വാക്കത്തികൊണ്ട് മുറിച്ചു വീഴ്ത്തുക എന്നത് വിഷമം ആയതിനാൽ, ഉണങ്ങി പോകട്ടെ എന്ന് കരുതി ഞാനത് വട്ടം മുറിച്ചു.

പിന്നീട് ഞാൻ ജോലിസ്ഥലത്തേയ്ക്ക് മടങ്ങി.

ഇക്കഴിഞ്ഞ മാസം ഞാൻ അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച്ച ഹൃദയഭേദകം ആയിരുന്നു. അതിൽ നിറയെ പഴുത്തതും, പഴുക്കാറായതുമായ പേരക്കകൾ.

പേരമരം എന്നെ മാടി വിളിച്ചുവോ? ഞാൻ അതിനു അടുത്ത് ചെന്നു. ഇലകൾക്കെല്ലാം ഒരു വിളർച്ച.  പേരക്കകൾക്കൊന്നും ഒരു ജീവൻ ഇല്ല. എങ്ങിനെ ഉണ്ടാവാൻ. ഞാൻ അതിനെ വട്ടം മുറിച്ചില്ലേ? എന്നിട്ടും എനിക്കായിട്ടെന്നവണ്ണം അത് നിറയെ പേരക്കകളുമായി നില്ക്കുന്നു.

അത്രയും പേരക്കകൾ പഴയതു പോലെ താങ്ങാൻ വയ്യാത്ത വിധം പേരമരം ക്ഷീണിതയായിരുന്നു.

എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല. വട്ടം മുറിച്ചിട്ടും അതുണങ്ങിയില്ലെന്നോ? ഞാൻ ആ മുറിച്ച ഭാഗം പരിശോധിച്ചു.

മുറിച്ചപ്പോൾ, രണ്ടു ശാഖകൾ ആയി ചുറ്റി പിണഞ്ഞു കിടന്ന ഭാഗത്ത് കത്തി എത്താത്തതിനാൽ അവിടെ അൽപ്പം തൊലി അവശേഷിച്ചിരുന്നു. അതിലൂടെ ആ പേരമരം എൻറെ കൊടും ക്രൂരതയെ അതിജീവിച്ചു, എന്ന് മാത്രമല്ല, എന്നോട് ക്ഷമിച്ചു എന്നപോലെ എനിക്കായി നിറയെ പേരക്കകളുമായി കാത്തിരുന്നു.

നന്ദി ഇല്ലാത്തവരും, ക്രൂരന്മാരും, ചൂഷകരും ഒക്കെ മനുഷ്യർ മാത്രമാണ്.

മറ്റു ജീവജാലങ്ങൾ ഒക്കെ അവയുടെ നിലനില്പ്പിനായി നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുന്നു എന്ന് മാത്രമല്ല, സഹജീവജാലങ്ങൾക്ക് ഏതെങ്കിലും ഒക്കെ വിധത്തിൽ ആശ്രയം ആയി നില കൊള്ളുകയും ചെയ്യുന്നു. അതിനു പ്രകൃതി അവരെ സഹായിക്കുകയും ചെയ്യുന്നു, അറിയാതെ എങ്കിലും.

മരങ്ങൾക്ക് ഫീലിങ്ങ്സ് ഉണ്ടോ? ഞാൻ വട്ടം മുറിച്ചപ്പോൾ ആ പേരമരത്തിനു, എൻറെ ജീവിതകാലം മുഴുവൻ എനിക്ക് ഭക്ഷണം നൽകിയ, അതും അളവില്ലാതെ നൽകിയ ആ അമ്മച്ചി പേരമരത്തിന്, വേദനിച്ചോ?

എന്ത് തന്നെയാവട്ടെ. ഞാൻ തെറ്റ് ചെയ്തു. അതും ഒരു പ്രകോപനവും ഇല്ലാതെ.എൻറെ വലിയ പിഴ.

ഞാൻ പേരമരത്തെ ചുറ്റിപ്പിടിച്ച് പലതവണ ആ മുറിച്ച ഭാഗത്ത് തലോടി. എൻറെ ആശ്വാസത്തിന് മാത്രമല്ല, അത്തരം സ്പർശത്തിനു ആശ്വസിപ്പിക്കാനുള്ള കരുത്തു വളരെ ഉണ്ടെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ആ സ്പർശം ഏറ്റപ്പോൾ പേരമരം ഒന്ന് ചിരിച്ചുവോ?

"സാരമില്ലെടാ, നീ രണ്ടു പേരക്ക പറിച്ചു തിന്ന്, വിഷമം ഒക്കെ മാറും" എന്ന് പറഞ്ഞുവോ?

ഞാൻ അതിൽ നിന്നും പേരക്കകൾ പറിച്ചു തിന്നു. സത്യം, അത് കടിച്ചു തിന്നപ്പോൾ, എൻറെ കണ്ണിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകി.

തിന്നാതിരിക്കാൻ പറ്റുമോ? തിന്നാതിരുന്നാൽ ഒരമ്മയോടു ഞാൻ വീണ്ടും ചെയ്യുന്ന ക്രൂരത ആകുമായിരുന്നില്ലേ അത്?


1 comment: