Sunday, 1 June 2014

അണ്ടി കളഞ്ഞ അണ്ണാൻ, എന്നു വച്ചാൽ ഞാൻ തന്നെ!!

നാലിൽ പഠിക്കുന്ന കാലം. ഒന്നും, രണ്ടും, അഞ്ചും പൈസകൾ ഒക്കെ പ്രചാരത്തിൽ ഉള്ള കാലം എന്നു മാത്രമല്ല, ഒരു പൈസ കയ്യിൽ കിട്ടിയാൽ തന്നെ വലിയ സന്തോഷം നൽകിയിരുന്ന കാലം. മറ്റൊന്നും കൊണ്ടല്ല, അതുകൊടുത്താലും മൂന്നും നാലും പല്ലിമുട്ടായി കിട്ടും എന്നതു തന്നെ!

അഞ്ചു പൈസ കൊടുത്താൽ ചെറിയ കവറിൽ ഉള്ള നാരങ്ങാ അച്ചാർ കിട്ടും. അതിനു പുളി കുറവായിരുന്നു. എനിക്ക് തോന്നുന്നത്, അത് നാരങ്ങാ വെള്ളം എടുക്കാൻ നീരു പിഴിഞ്ഞതിനു ശേഷം ഉള്ള തൊലി കൊണ്ടാണ് ഉണ്ടാക്കിയിരുന്നത് എന്നാണു. എന്തായാലും, ഉച്ചക്കു ചോറൂണ് കഴിഞ്ഞു, അതേൽ ഒരെണ്ണം മേടിച്ചു നുണയുന്നത് ഒരു സുഖം തന്നെയായിരുന്നു.

അന്ന് അത് വാങ്ങാൻ പൈസയില്ലാത്ത കുട്ടികൾ ഞാൻ നുണയുന്നത് നോക്കി വെള്ളമൂറി നിൽക്കുന്നത് കാണുമ്പോൾ, അവരുടെ കൊതി ഒന്ന് കൂടി മൂപ്പിക്കാൻ, അവർ കാണ്‍കെ വലിച്ചു നുണയുമായിരുന്നു. അതും പോരാഞ്ഞു, ആ നുണയുന്നതിൻറെ ഒച്ച ഉറക്കെ കേൾപ്പിക്കുമായിരുന്നു. എന്നുവച്ചു ഞാൻ മോശക്കാരൻ ആണെന്നൊന്നും ധരിച്ചേക്കരുത് കേട്ടോ. കാരണം കവി

രണ്ടുനാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ,
മാളിക മുകളേറിയ മന്നൻറെ തോളിൽ
മാറാപ്പു കേറ്റുന്നതും ഭവാൻ

എന്നു പാടിയതു പോലെ, അടുത്ത ദിവസം അവന്മാർ നുണയുമ്പോൾ, ഞാൻ വെള്ളമിറക്കാൻ ഉള്ളതാണ്!!

ഒരിക്കൽ ക്ലാസ്സിലെ ഒരു കുട്ടിക്ക് അസുഖമായി, എല്ലാവരോടും പൈസ കൊണ്ടു വരണം എന്നു പറഞ്ഞു. അന്നു ഒരഞ്ചു പൈസയും, രണ്ടു രണ്ടു പൈസയും ചേർത്ത് മൊത്തം പത്തു തികക്കാൻ ആകാതെ ഒൻപതു പൈസ കൊണ്ടു കൊടുത്തത് ഇപ്പോഴും ഓർക്കുന്നു.

ഇത്രയും ആമുഖമായി പറഞ്ഞത്, ഇനി പറയാൻ പോകുന്നതിൻറെ ശരിക്കുള്ള ഗൗരവം നിങ്ങളെ ബോധിപ്പിക്കാനും, അതു വായിച്ചിട്ടു എന്നെ ആസാക്കുന്ന രീതിയിൽ ചിരിക്കരുത് എന്നും പറയാൻ ആണ്. അൽപം മനുഷ്യത്വം കാണിക്കണം.

അന്നു ഞങ്ങളുടെ നാട്ടിൽ ഒരു കെഎസ്ആർടിസി ബസ്‌ മാത്രമാണ് ഉണ്ടായിരുന്നത്.  ഞാൻ പഠിച്ചിരുന്ന സ്കൂൾ ആയിരുന്നു അതിൻറെ അവസാനത്തെ സ്റ്റോപ്പ്‌. അതു ഞങ്ങളുടെ ഗ്രാമത്തിലെ ചെറിയ നാൽക്കവല വഴി കടന്നു പോകുമായിരുന്നു.

അതിനുള്ളിൽ ഒന്നു കയറണം എന്നുള്ളത് വലിയ ആഗ്രഹം ആയിരുന്നു. പക്ഷെ സ്കൂളിൽ അധ്യാപകരും, രാക്ഷസന്മാർ എന്നു പറയുന്നതാകും കൂടുതൽ ശരി, അതുപോലെ ബസ്സിലെ തന്നെ കണ്ടക്ടറും, ഡ്രൈവറും ഒക്കെ വഴക്കു പറയും എന്നു പേടിച്ചു, അതിനു ശ്രമിച്ചിട്ടില്ല.

ഒരിക്കൽ സ്കൂൾ വിട്ടു വീട്ടിലേയ്ക്ക് ഓടുന്ന വഴിക്ക്, ചെരുപ്പില്ലാതെ പാറപ്പുറത്തു കൂടി ഓടിയിട്ടും, കാലിനു ഒരു കുഴപ്പവും അന്നൊക്കെ സംഭവിച്ചില്ല എന്ന്‌ ഇപ്പോൾ ചിന്തിക്കുമ്പോൾ അതിശയമാണ്, ബസ്‌ എന്തോ കേടു പറ്റി വഴിക്ക് കിടക്കുന്നതു കണ്ടു.

അതിനു ചുറ്റും നോക്കിയപ്പോൾ ആരുമില്ല. മറ്റു കുട്ടികൾ ഒക്കെ വരുന്നതേ ഉള്ളു. ഇതു തന്നെ തക്കം എന്നു കരുതി, പുറകിലത്തെ വാതിലിലൂടെ വലിഞ്ഞു കയറി,

കയറി ആദ്യം കണ്ട സീറ്റിൽ ഞെളിഞ്ഞൊന്ന് ഇരുന്നു. എന്തൊരു സുഖമെടാ! സത്യം പറയട്ടെ, കെഎസ്ആർടിസി ബസ്സുകളെ എത്ര അധിക്ഷേപിച്ചാലും, അതിലുള്ള സീറ്റിൽ ഇരിക്കുന്ന സുഖം  അന്നും ഇന്നും ഒന്നു വേറെ തന്നെയാണ്.

അൽപം കഴിഞ്ഞു എഴുന്നേറ്റ്, അതിനകത്തു കൂടെ നെഞ്ചും വിരിച്ചു അങ്ങോട്ടും ഇങ്ങോട്ടും രണ്ടു മൂന്നു തവണ നടന്നു.

അപ്പോഴാണ്‌ പുറകിലത്തെ വലിയ സീറ്റ്‌ കണ്ടത്. എങ്കിൽ അതിൽ ഒന്നു കിടന്നു നോക്കണം എന്നായി. അങ്ങിനെ അതിൽ കിടക്കാൻ ആയി കുനിഞ്ഞ ഞാൻ സ്തബ്ധനായി ഒരു നിമിഷം നിന്നു പോയി. ആ സീറ്റിൻറെ താഴെ ഒരു മൂലക്കായി ഒരു അമ്പതു പൈസ കിടക്കുന്നു.

എൻറെ ശരീരം ആകെ ഒരു വിറയൽ ബാധിച്ചു. ബസ്സിനകത്തും, അതിനു പുറത്തേയ്ക്കും ഞാൻ വിറയലോടെ നോക്കി. ആരുമില്ല.

പിന്നെ താമസ്സിച്ചില്ല, ആ നിധിയെടുത്ത് ശരിക്കും ഒന്നു നോക്കി ആസ്വദിക്കാൻ പോലും നിൽക്കാതെ  എൻറെ നിക്കറിൻറെ പോക്കറ്റിൽ ഇട്ടു, ബസ്സിൻറെ പടികളിൽ ചവിട്ടാതെ തന്നെ പുറത്തേയ്ക്ക് ഒറ്റ ചാട്ടം.

ഭാഗ്യം, അടുത്തെങ്ങും ആരുമില്ല. പക്ഷെ എൻറെ വിറയൽ അപ്പോഴും മാറിയില്ല.

പിന്നെ ഒരൊറ്റ ഓട്ടം ആയിരുന്നു. കുറെ ദൂരം വരെ ഞാൻ തിരിഞ്ഞു നോക്കി കൊണ്ടിരുന്നു. വെറുതെ പോകുന്നവരെയും ഞാൻ സംശയത്തോടെ നോക്കി.

ഇടയ്ക്കു ആരോ, "ഒന്നു മെല്ലെ ഓടെടാ" എന്നു വിളിച്ചു പറയുന്നതും ഞാൻ കേട്ടു.

ഓരോരുത്തനൊക്കെ ഉപദേശിക്കാൻ കണ്ട ഒരു നേരം!!!

വീട്ടിൽ എത്തിയാണ് ഞാൻ ആ ഓട്ടം നിർത്തിയത്.

കിതച്ചു ശ്വാസം എടുക്കാൻ വിഷമിക്കുന്നതിനിടയിൽ ഞാൻ എൻറെ നിധി എടുക്കാൻ കീശയിൽ കയ്യിട്ടു. ഇല്ല, അതവിടെ ഇല്ല.

എന്നെ പറ്റിക്കാൻ ഒളിച്ചിരിക്കുകയാണോ? ഞാൻ പോക്കറ്റിൻറെ ഉള്ളിലേയ്ക്ക് വീണ്ടും കയ്യിട്ടു.

തകർന്നു പോയി. എൻറെ കൈ പോക്കറ്റും കടന്നു താഴേക്കു പോയി, പക്ഷെ അമ്പതു പൈസ മാത്രം ഇല്ല.

വേണ്ട, ദയവു ചെയ്തു ഒരുതരം ആക്കിയ ചിരി ചിരിക്കരുത്. അൽപം മനസ്സാക്ഷി കാണിക്കണം. മനുഷ്യപ്പറ്റ് എന്ന ഒന്നു നിങ്ങൾക്കൊന്നും ഇല്ലേ?!

എങ്ങിനെ ഉണ്ടാകാനാ, കാലിൻറെയും, ചന്തിയുടെയും അവിടവിടെ കീറിയ ജീൻസ് ഇട്ടിട്ടു അതു ഫാഷൻ ആണെന്ന് പറഞ്ഞു നടക്കുന്ന നിങ്ങൾക്ക് എനിക്ക് കിട്ടിയ നിധി ഓട്ടക്കീശയിലൂടെ പോയപ്പോൾ എനിക്കുണ്ടായ നിരാശയും ഹൃദയം തകർന്ന എൻറെ വേദനയും മനസ്സിലാകുമോ?!!!!

അതും ഒന്നോ രണ്ടോ പൈസ ആണോ, അമ്പതു പൈസ!!

പേടിയും, വിറയലും കാരണം അതു കണ്‍കുളിർക്കെ ഒന്നു കാണാൻ പോലും സാധിച്ചില്ല!

അപ്പോഴത്തെ എൻറെ അവസ്ഥ വിവരിക്കാൻ എനിക്കറിയില്ല. അതിനു പറ്റിയ വാക്കുകൾ ഒന്നും ഒരു ഭാഷയിലും ഇല്ല.

പക്ഷെ ഒന്നുറപ്പ്, ഇനി അങ്ങിനെ കിട്ടിയാൽ, അതു പോക്കറ്റിൽ ഇടുന്നതിനു മുൻപ്, പോക്കറ്റിനു ദ്വാരം ഇല്ലെന്നു ഞാൻ പലതവണ ഉറപ്പു വരുത്തും, തീർച്ച.

ഞാൻ അണ്ടി പോയ അണ്ണാൻ ഒന്നും അല്ല കേട്ടോ!!

നോക്കിക്കോ, എനിക്ക് ഇനിയും കിട്ടും!!

2 comments: