Friday, 27 June 2014

വേലക്കാരി

ഡൽഹിയിൽ കുടുംബമായി താമസിക്കുന്ന കാലത്ത്, രണ്ടുപേരും ജോലിക്ക് പോകുന്നതിനാൽ കൊച്ചിനെ നോക്കാൻ ഒരു സഹായി വേണ്ടത് അത്യാവശ്യമായി വന്നു.

അതൊരു വലിയ പ്രശ്നം ആയിരുന്നു. പ്രത്യേകിച്ചും വേലക്കാരികൾ ചെയ്തു കേട്ടിട്ടുള്ള ഒരു പാട് കള്ളത്തരങ്ങളും, അതിക്രമങ്ങളും കേൾക്കുന്ന ഇക്കാലത്ത് ഡൽഹിയിലെ പോഷ് അല്ലാത്ത, തിരക്കേറിയ ഒരു സ്ഥലത്ത് കൊച്ചിനെ വേലക്കാരിയെ ഏൽപ്പിച്ച് ജോലിക്ക് പോകുന്നത് സമാധാനം കെടുത്തുന്ന കാര്യമാണ്.

ഒരു മലയാളിയെ കിട്ടാൻ ഒരു പാട് ശ്രമിച്ചു, പക്ഷെ വിജയിച്ചില്ല.

അങ്ങിനെ ഇരിക്കെയാണ് ഭാര്യയുടെ ഒരു സുഹൃത്ത്‌ വഴിയായി ഒരു ഹിന്ദിക്കാരി സ്ത്രീ വീട്ടിൽ ജോലി അന്വേഷിച്ചു വന്നത്.

ഭർത്താവ് ഉപേക്ഷിച്ചു ഒരു കൊച്ചുമായി സ്വന്തം വീട്ടിൽ അമ്മയോടും, ഒരു അനിയത്തിയോടുമൊപ്പം അവർ താമസിക്കുന്നു.

കേട്ടിട്ട് എന്തോ ഒരു പന്തി തോന്നിയില്ല, പക്ഷെ എൻറെ തീരുമാനത്തിന് പ്രസക്തിയില്ല. ഭാര്യ തീരുമാനിച്ചു, അങ്ങിനെ അവർ വീട്ടിൽ വന്നു തുടങ്ങി.

രണ്ടു ദിവസം കൊണ്ട് ഒരു കാര്യം എനിക്ക് മനസ്സിലായി. ഒരു വീട് വീറും വൃത്തിയുമായി  കൊണ്ട് നടത്താൻ എൻറെ ഭാര്യയെക്കാളും ബഹുകേമം തന്നെ ആ സ്ത്രീ. കൊച്ചും അവരുടെ അടുത്ത് ഉല്ലാസവതിയായി കാണപ്പെട്ടു.

എന്നിട്ടും ഭാര്യ അവരെ കണ്ടതിനും പിടിച്ചതിനും ഒക്കെ വഴക്ക് പറഞ്ഞു കൊണ്ടിരുന്നു. കൂടെ അവരുടെ വീട്ടിലും ഒരു പാട് പ്രശ്നങ്ങൾ ഉള്ളതായി എനിക്ക് തോന്നി.

അതിൻറെ ഫലം ക്രമേണ കണ്ടു തുടങ്ങി. പല പല കാരണങ്ങൾ പറഞ്ഞു അവർ പലപ്പോഴും വന്നില്ല. കാര്യങ്ങൾ ഇങ്ങനെ വഷളായപ്പോൾ, കൊച്ചിനെ അവരോടൊപ്പം തനിച്ചാക്കി വിടുവാൻ എനിക്ക് കൂടുതൽ വിഷമം ആയി.

അതേ സമയം അതല്ലാതെ മറ്റൊരു നിർവ്വാഹം ഇല്ലായിരുന്നു.

ഞാൻ ഒരു പോംവഴി ആലോചിച്ചു. കൂടുതൽ ആലോചിച്ചപ്പോൾ എനിക്കൊരു കാര്യം മനസ്സിലായി. എൻറെ കുഞ്ഞു സുരക്ഷിതയായിരിക്കണമെങ്കിൽ ഞാൻ കുഞ്ഞിനെ സ്നേഹിച്ചാൽ പോര. മറിച്ച് കുഞ്ഞിനോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്ന വേലക്കാരി കുഞ്ഞിനെ സ്നേഹിക്കണം. അതും എൻറെ കുഞ്ഞെന്ന തോന്നലിൽ സ്നേഹിക്കണം.

വേലക്കാരിയുടെ സമാധാനത്തിലാണ്  എൻറെ കുഞ്ഞിൻറെ സുരക്ഷയും, സന്തോഷവും.

ഞാൻ അതിനു ചെയ്യേണ്ടത്, ആ സ്ത്രീയെ അങ്ങിനെ തോന്നിപ്പിക്കാൻ ഉള്ള സാഹചര്യം ഉണ്ടാക്കുക എന്നതാണ്. അതിനാൽ ഞാൻ അവരുടെ വീടിനെക്കുറിച്ച് കൂടുതൽ അന്വേഷിച്ചു. അവരുടെ മകൻ അഞ്ചാം ക്ലാസ് കഴിഞ്ഞു സ്ഥിതി മോശം ആയതിനാൽ പഠനം നിർത്തിയിരിക്കുക ആയിരുന്നു.

കുട്ടിയുടെ അഡ്മിഷന് ആവശ്യമായ പണം ഞാൻ ഭാര്യ അറിയാതെ, അവർക്ക് നല്കി. ഒരാഴ്ച കഴിഞ്ഞപ്പോൾ അവർ സന്തോഷത്തോടെ എന്നോട് വന്നു പറഞ്ഞു അവരുടെ കുട്ടി സ്കൂളിൽ പോയി തുടങ്ങി എന്ന്. വായനക്കാരുടെ അറിവിലേയ്ക്കായി പറഞ്ഞു കൊള്ളട്ടെ, അവൻ ആ പഠനം ഇപ്പോഴും തുടരുന്നു.

പിന്നെ അവർ സ്ഥിരമായി വരാൻ തുടങ്ങി. പക്ഷെ ഭാര്യയുടെ ശകാരങ്ങൾ കുറഞ്ഞില്ല. അവളുടെ വിചാരം അവളുടെ അത്തരം ശകാരങ്ങൾ ആണ് വേലക്കാരിയെ നിയന്ത്രിച്ചു നിർത്തുന്നത് എന്നാണ്. പക്ഷെ സത്യം എന്താണെന്നാൽ ഞാൻ അവരുടെ കുടുംബത്തിനു വേണ്ടി ചെയ്യുന്നതോർത്ത് ആ സ്ത്രീ എല്ലാം ക്ഷമിക്കുകയായിരുന്നു.

ഇങ്ങനെ ചിന്തിക്കുന്ന ഒരുപാട് കൊച്ചമ്മമാർ നമുക്ക് ചുറ്റും ഉണ്ട്. വേലക്കാരും ഈ കൊച്ചമ്മമാരെപ്പോലെ തന്നെ നല്ല പെരുമാറ്റവും,  ബഹുമാനവും അർഹിക്കുന്നു എന്നറിയാതെ, അവരെ തരം താണവരായി കണ്ടു അപകടം ക്ഷണിച്ചു വരുത്തുന്ന കൊച്ചമ്മമാർ.

മനുഷ്യ മനസ്സ് വളരെ സങ്കീർണ്ണം ആണ്. അതിൽ മോശമായി പെരുമാറി അനാവശ്യമായി വെറുപ്പ്‌ നിറച്ചിട്ട്‌ വേലക്കാരികൾ തെമ്മാടികൾ ആണെന്ന് പഴിക്കുന്നതിൽ എന്തൊക്കെയോ അപാകതകൾ ഇല്ലേ?

സത്യം, പിന്നെ പിന്നെ എൻറെ കുഞ്ഞു ഞങ്ങൾ വീട്ടിൽ ഉണ്ടായാലും, ആ വേലക്കാരിയോടൊപ്പം സമയം ചെലവഴിക്കാൻ ഇഷ്ടപ്പെട്ടു. കുഞ്ഞിനു എന്തെങ്കിലും അസുഖം വന്നാൽ അവളുടെ അമ്മയേക്കാളും ആ സ്ത്രീ വിഷമം അനുഭവിക്കുന്നതായി ഞാൻ കണ്ടു.

ഞാൻ സമാധാനത്തോടെ ഓഫീസിൽ എൻറെ ജോലി ചെയ്തു തുടങ്ങി.

അങ്ങിനെ ഒരിക്കൽ ഞാൻ ഓഫീസിൽ പോകാൻ ഇറങ്ങിയപ്പോൾ, ഒരു പെണ്‍കുട്ടി ഒന്നാം നിലയിൽ നിന്നും താഴോട്ടുള്ള പടികൾ തുടക്കുന്നത് കണ്ടു. അവർ പുതുതായി ഹൗസ് ഓണറിൻറെ വീട്ടിൽ വേലയ്ക്കു വന്നതാണ്. അന്വേഷിച്ചപ്പോൾ അത്, വേലക്കാരിയുടെ അനിയത്തി ആണ്.

ആറിൽ പഠിത്തം നിർത്തിയതാണ്. ഞാൻ ഭാര്യയോടു സംസാരിച്ചു. അവൾ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ ആയയുടെ വേകൻസി ഉണ്ടെന്നറിഞ്ഞു. ആറാം ക്ലാസ് ആയാലും മതി പക്ഷെ പഠിച്ചതിൻറെ രേഖ വേണം.

അവർ അവൾ പഠിച്ച സ്കൂളിൽ പല തവണ ചെന്നു. പക്ഷെ സ്കൂൾ അധികൃതർ അത് നല്കാൻ തയ്യാറായില്ല.

എത്രയും പെട്ടെന്ന് അത് നല്കണം എന്ന് പറഞ്ഞു ഞാൻ അവരുടെ കയ്യിൽ ഒരു ലെറ്റർ കൊടുത്തു വിട്ടു. അതിൻറെ അടിയിൽ ഞാൻ ഒരു സോഷ്യൽ ആക്റ്റിവിസ്റ്റ് ആണെന്ന് എഴുതിയിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ അവർ വേണ്ട രേഖകൾ നല്കി.

അങ്ങിനെ ആ പെങ്കൊച്ചു ഇന്ന് നല്ല ശമ്പളം ഉള്ള ഒരു ജോലിയുമായി സ്വയം പര്യാപ്തയായി മുന്നേറുന്നു.

അവരുടെയൊക്കെ സന്തോഷം പ്രതിഫലിച്ചത് എൻറെ കുഞ്ഞിൻറെ മുഖത്താണ്. അങ്ങിനെ രണ്ടു വർഷത്തോളം എൻറെ കുഞ്ഞിനു രണ്ടു അമ്മമാർ ഉണ്ടായിരുന്നു.

ആ സ്ത്രീ കൊച്ചിനെയും എടുത്തു കൊണ്ട് പുറത്തു പോവുകയും അവർ ഒരു പാട് സമയം കളിച്ചും ചിരിച്ചും സമയം ചെലവഴിക്കുന്നത് ഒരു ഉത്തമ സൗഹൃദത്തിൻറെ ഉദാഹരണം ആയിരുന്നു. അവിടെ കൊച്ചമ്മയും വേലക്കാരിയും ഒന്നും ഇല്ലായിരുന്നു. കളങ്കമില്ലാത്ത സൗഹൃദം മാത്രം. അവിടെ പരാതികൾ ഇല്ലായിരുന്നു, ഉണ്ടായിരുന്നത് ഉള്ളു നിറഞ്ഞുള്ള ചിരികൾ മാത്രം.

ഞാൻ സമ്മതിക്കുന്നു, കുഞ്ഞിനെ പ്രതി എൻറെ ഉള്ളിൽ ഉണ്ടായിരുന്ന സ്വാർഥത ആയിരിക്കാം എന്നെ അങ്ങിനെ അവരെ സഹായിക്കാൻ പ്രേരിപ്പിച്ചത്. എന്നാലും, അത് നല്ലതല്ലേ? വേലക്കാരികൾ കുഴപ്പക്കാർ എന്ന് പറയാതെ, ഒന്ന് ശ്രമിച്ചു നോക്കാവുന്ന, അങ്ങിനെ കുഞ്ഞിനു  സുരക്ഷിതത്വം നൽകാൻ സാധിക്കുന്ന ഒരു വഴിയല്ലേ?

ഇതൊന്നു ശ്രമിക്കാൻ ആദ്യം മനസ്സിൽ ഉറപ്പിക്കേണ്ട ഒരു കാര്യം ഇതാണ്, 'ആരും ആരെക്കാളും വലിയവരോ ചെറിയവരോ അല്ല'. ഈ രീതിയിൽ മനസ്സിനെയും, ചിന്തകളെയും ഒന്നു ചിട്ടപ്പെടുത്തിയാൽ, ബാക്കിയെല്ലാം നാമറിയാതെ തന്നെ ക്രമത്തിന് വന്നോളും.

2 comments: