Wednesday, 8 October 2014

ജനാധിപത്യത്തിൻറെ മർമ്മം

ജനാധിപത്യ സംവിധാനം ശരിക്കും അറിയാവുന്ന, ജനങ്ങളുടെ ക്ഷേമത്തിനായി നിലകൊള്ളുന്ന ഒരു നേതാവും, പാർട്ടിയും അധികാരത്തിനു വേണ്ടി കിടന്നു മരിക്കില്ല. കാരണം ഭരണപക്ഷത്തിനൊപ്പമോ അതിൽ കൂടുതലോ ആയ പങ്ക് പ്രതിപക്ഷത്തിനും വഹിക്കാനുണ്ട്.

മറ്റൊരു തരത്തിൽ പറഞ്ഞാൽ ജനങ്ങളെ പ്രതിനിദാനം ചെയ്ത് വന്നു പ്രതിപക്ഷത്തിരിക്കുന്നവർക്കും, അതു എംപി ആയാലും, എംഎൽഎ ആയാലും, മറ്റേതു ജനപ്രതിനിധി ആയാലും, അധികാരങ്ങളും, ഉത്തരവാദിത്തങ്ങളും ഉണ്ട്.

പക്ഷെ ഇവിടെ ഇന്ത്യയിൽ പ്രതിപക്ഷം എന്നുവച്ചാൽ ഭരണപക്ഷം എന്തു ചെയ്താലും അതു തെറ്റെന്നു പറയാനും, അല്ലെങ്കിൽ അതു നടപ്പാക്കുന്നത് ഏതു വിധേനയും തടയാനും നിരന്തരം ശ്രമിക്കുന്നവരാണ്. ലക്ഷ്യം ഒന്നേയുള്ളൂ, ഏതു വിധേനയും ജനസമക്ഷം ഭരണം മോശമാണെന്ന് സ്ഥാപിച്ച് അടുത്ത തെരഞ്ഞെടുപ്പിൽ എങ്ങിനെയും അധികാരത്തിൽ എത്തുക എന്നതു തന്നെ.

ഇങ്ങനെ ചിന്തിക്കുകയും, പ്രവർത്തിക്കുകയും ചെയ്യുന്നവർ അധികാരത്തിൽ ഇരുന്നാലും പ്രയോജനം ഉണ്ടാവില്ല, പിന്നല്ലേ പ്രതിപക്ഷത്ത് ഇരുന്നാൽ!

അല്ലെങ്കിൽ ഒന്നോർത്തു നോക്കിക്കേ, കോണ്‍ഗ്രസ്‌ 10 വർഷം അധികാരത്തിൽ ഇരുന്നിട്ടും വിദേശ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം കൊണ്ടുവരാൻ ഒന്നും ചെയ്തില്ല. പക്ഷെ ഈയിടെ സോണിയ മോദിക്കെതിരെ സംസാരിക്കുന്നതിനിടയിൽ, മോദി കള്ളപ്പണം കൊണ്ടുവരാൻ ഒന്നും ചെയ്യുന്നില്ല എന്ന് ആക്രോശിക്കുന്നത് കേട്ടു. എന്തൊരു ജനാധിപത്യബോധമാണിവർക്കൊക്കെ! കഷ്ടം.

ഇനി ഭരണപക്ഷത്ത് ഇരുന്നാലും കടിപിടി തീരില്ല. ഒന്നാമത് അങ്ങിനെ വരുന്നവർ ജനങ്ങളെ പ്രതിനിധാനം ചെയ്യാറില്ല. സ്വന്തം പാർട്ടിക്കാരോടുള്ള കൂറുകാട്ടലും, പക്ഷപാതവും ആയിരിക്കും എപ്പോഴും. പിന്നെ മന്ത്രി ആവാനുള്ള ശ്രമവും. ഇവിടെ ഒരു സുപ്രധാന കാര്യം അവർ മറക്കുന്നു. താൻ പ്രതിനിധാനം ചെയ്യുന്ന ജനങ്ങളെ സേവിക്കണമെങ്കിൽ ഒരിക്കലും ഒരു മന്ത്രി ആവാതിരിക്കുക ആണ് നല്ലത്. കാരണം, മന്ത്രിയായാൽ, സ്വന്തം മണ്ഡലത്തിൽ ചെലവിടേണ്ട സമയം മൊത്തം രാജ്യത്തിനോ സംസ്ഥാനത്തിനോ വേണ്ടി ചെലവിടേണ്ടി വരുന്നു. അതായത് ഒരു പഞ്ചായത്ത് മെമ്പറിന് ജനങ്ങൾക്ക്‌ നേരിട്ട് ചെയ്യാൻ സാധിക്കുന്നിടത്തോളം ഒരു പ്രധാനമന്ത്രിക്കുപോലും ചെയ്യാൻ ആവില്ല.

അപ്പോൾ പറയും ഒരു മന്ത്രി ആയാൽ സ്വന്തം മണ്ഡലത്തിന് കൂടുതൽ ഫണ്ട്‌ അനുവദിക്കാൻ കഴിയുമെന്ന്. അതു ജനാധിപത്യം അറിയാത്തതിൻറെ കുഴപ്പം ആണ്. അതായത്, അങ്ങിനെ ആരെങ്കിലും ചെയ്‌താൽ അതു പക്ഷപാതം ആണെന്ന് മാത്രമല്ല കുറ്റകരവും ആണ്.

അങ്ങിനെ എങ്കിൽ മന്ത്രിമാരായി സ്വന്തം മണ്ഡലത്തിനും സംസ്ഥാനത്തിനും വാരിക്കോരി കൊടുത്ത (അതിനർത്ഥം മറ്റുള്ളവർക്ക് അർഹതപ്പെട്ടത് ദുർവിനിയോഗം ചെയ്തു എന്നാണ്) എല്ലാ മന്ത്രിമാരും, ചൈനീസ് പ്രസിഡന്റ്‌ വന്നപ്പോൾ, അങ്ങേരെ നേരെ ഗുജറാത്തിലേയ്ക്ക് കൊണ്ടുപോയി ഗുജറാത്തിന് പ്രൊജക്റ്റ്‌ അനുവദിച്ച മോദിയും എല്ലാം ശിക്ഷാർഹരാണ്.

ശശി തരൂർ മോദിയുടെ പ്രവർത്തനങ്ങളെ അനുമോദിച്ചത്‌ നല്ല ഒരു ജനപ്രതിനിധിയുടെ ലക്ഷണമാണ്. പക്ഷെ എങ്ങിനെയും അധികാരത്തിലിരിക്കുന്ന മോദിയെ താറടിച്ച് അഞ്ചു വർഷങ്ങൾക്കു ശേഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വിജയം നേടി അധികാരത്തിൽ വീണ്ടും വരുന്നത് സ്വപ്നം കാണുന്നവർ ശശി തരൂരിന് നേരെ വാളെടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ.

മോദിയെ അനുമോദിക്കുന്നതിൽ അമർഷം ഉണ്ടാവാൻ മറ്റൊരു കാരണം കൂടിയുണ്ട്. ഇടതുപക്ഷവും വലതുപക്ഷവും  കൊലപാതകരാഷ്ട്രീയവും ഗ്രൂപ്പ്‌ രാഷ്ട്രീയവും കളിച്ച് കളിച്ച് അവസാനം ബിജെപി കേരളത്തിലും അക്കൗണ്ട്‌ തുറക്കുമോ എന്നവർ ഭയപ്പെടുന്നു. അതുണ്ടാവാതിരിക്കാൻ മോദിയുടെ നേരെ ചെളി വാരി എറിഞ്ഞിട്ടു കാര്യമില്ല. മറിച്ചു നിങ്ങളുടെ ഈ വൃത്തികെട്ട കളികൾ അവസാനിപ്പിച്ച് ജനക്ഷേമത്തിനായി പ്രവർത്തിക്കുക. അതുകാണുന്ന ജനങ്ങൾ തീരുമാനിക്കും.

അതില്ലാതെ ചെളി വാരിയെറിഞ്ഞു കളിച്ചാലും, വരാനിരിക്കുന്നത് തടയാൻ നിങ്ങൾക്കാവില്ല, മറിച്ച് അതിനുള്ള സാധ്യത കൂട്ടുകയേ ഉള്ളൂ.

ഭരണപക്ഷത്തും പ്രതിപക്ഷത്തും ഇരിക്കുന്നവർ മനസ്സിൽ അരക്കിട്ടുറപ്പിക്കേണ്ട ഒരു കാര്യം എന്തെന്നാൽ, അധികാരമല്ല, ജനക്ഷേമമാണ് അവരുടെ ലക്ഷ്യം എന്നതാണ്. അവിടെ ഭരണപ്രതിപക്ഷ വ്യത്യാസം ഇല്ല. ബരാക്ക് ഒബാമ പ്രസിഡന്റ്‌ ആയതിനു ശേഷം തനിക്കെതിരെ വോട്ടു ചെയ്ത റിപ്പബ്ലിക്കൻസിനോട് പറഞ്ഞത് ഓരോ ജനപ്രതിനിധിയും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ആണ്.അതിതാണ്, "നിങ്ങൾ എനിക്കെതിരെ വോട്ട് ചെയ്തു എങ്കിലും, ഞാൻ നിങ്ങളുടെയും പ്രസിഡന്റ്‌ (പ്രതിനിധി) ആണിപ്പോൾ, അതുകൊണ്ട് ഞാൻ ഒരു പക്ഷപാതവും ഇല്ലാതെ നിങ്ങളുടെ ക്ഷേമത്തിന് വേണ്ടിയും പ്രവർത്തിക്കുന്നതാണ്."

ജനാധിപത്യ/പ്രാധിനിത്യ സംവിധാനങ്ങളുടെ മർമ്മമായ ഇത്‌ ഇന്ത്യൻ നേതാക്കൾക്ക് അറിയാമായിരുന്നെകിൽ, നമുക്കിവിടെ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും, ബിജെപി പ്രധാനമന്ത്രി മോദിയും ഒന്നും ഉണ്ടാകുമായിരുന്നില്ല. മറിച്ച് കേരള മുഖ്യമന്ത്രിയും, ഇന്ത്യൻ പ്രധാനമന്ത്രിയും ഒക്കെ മാത്രമേ കാണുമായിരുന്നുള്ളു.

അങ്ങിനെ ആയിരുന്നെങ്കിൽ, ശശി തരൂരിനെതിരെ ആരും ഇപ്പോൾ പടവാൾ എടുക്കുമായിരുന്നില്ല.

ജനങ്ങളും ജനനേതാക്കളും എല്ലാം ഇനിയും ഒരുപാട് വളരാനുണ്ട്.  

No comments:

Post a Comment