Monday, 28 July 2014

അമളി പറ്റിയതാർക്ക്?

നല്ല വിശപ്പുണ്ടായിരുന്നു. വീട്ടിൽ നിന്നും പിണങ്ങി നടക്കുന്നതിനാൽ, വീട്ടിൽ പോയി കഴിക്കാനും വയ്യ.

അങ്ങിനെ നോക്കുമ്പോൾ, പലരും കാണിക്കുന്ന സ്നേഹം പലപ്പോഴും വിശപ്പ്‌ മാറ്റാനുള്ള ഒരു തന്ത്രം മാത്രമല്ലേ?

സത്യം പറഞ്ഞാൽ പാചകകല എൻറെ ഏഴയലത്ത് കൂടി പോലും പോയിട്ടില്ലാത്തതിനാൽ ഞാൻ ഇപ്പോഴും പലരെയും അങ്ങിനെ സ്നേഹിക്കുന്നുണ്ട്.

എന്നെ കുറ്റം പറയാൻ പറ്റുമോ? വിശപ്പിൻറെ വിളി ആർക്കാണ് കേൾക്കാതിരിക്കാൻ പറ്റുക? ജീവിക്കേണ്ടേ?

അതുകൊണ്ട് ഞാൻ അവസരത്തിനൊത്ത് സ്നേഹിച്ചുകൊണ്ടേയിരിക്കും!

കൂടിക്കൂടി വരുന്ന വിവാഹമോചനങ്ങളുടെ മൂലകാരണങ്ങൾ തേടിയാൽ, വിശപ്പിൻറെ വിളിയില്ലായ്മ ആയിരിക്കില്ലേ പ്രധാന കാരണം?

അങ്ങിനെ നോക്കുമ്പോൾ വിശപ്പിനോട് ഞാൻ കടപ്പെട്ടിരിക്കുന്നു. കാരണം വിശപ്പില്ലായിരുന്നെങ്കിൽ, ദിവസവും വഴക്കും വക്കാണവും ആയിട്ടുപോലും, എൻറെ അപ്പനും അമ്മയും ഒന്നിച്ചു ജീവിച്ചു എന്നു മാത്രമല്ല, ഒരു മറവും ഇല്ലാത്ത വീട്ടിലും ഇരുട്ടിൽ പാത്തും പതുങ്ങിയും ഒന്നിച്ചുകിടന്ന് എഴാമനായ എന്നെ ജനിപ്പിക്കാൻ നിൽക്കാതെ, എന്നേ പിരിഞ്ഞേനെ?

അപ്പോൾ എൻറെ അപ്പനും അമ്മയും വിശപ്പാണ്!!!

അപ്പോൾ പണ്ടുള്ളവർക്ക്‌ കുടുംബത്തോട് കൂടുതൽ സ്നേഹം ഉണ്ടായിട്ടൊന്നുമല്ല കുടുംബബന്ധങ്ങൾ തകരാതെയിരുന്നത്. മറിച്ച്, വിശപ്പിൻറെ വിളി ആണവരെ ഒന്നിച്ചു നിർത്തിയത്.

ഇന്ന് സ്ത്രീകൾ സ്വന്തം കാലിൽ നിൽക്കാം എന്നായപ്പോൾ, വിശപ്പ്‌ മാറ്റാനുള്ള സ്നേഹം പ്രകടിപ്പിക്കലും, സഹനവും വേണ്ടെന്നായി, അത്രതന്നെ.

എനിക്കിങ്ങനെ ഒരു സ്വഭാവം ഉണ്ട്. ഒരു കാര്യം പറഞ്ഞു വരുമ്പോൾ, അതിനിടയിൽ പലതു വന്നു കേറും.

പറഞ്ഞു വന്നത് എന്താണെന്നാൽ, നന്നായി വിശക്കുന്നുണ്ടായിരുന്നു.

ലക്ഷ്യമില്ലാതെ നടന്നു.

അടുത്തൊരു വീട്ടിൽ ചാമ്പക്ക ഉണ്ട്. അതിൽ പഴുത്തത് വല്ലതും ഉണ്ടോ എന്നറിയാൻ ഞാൻ അങ്ങോട്ടു ചെന്നു. എന്തെങ്കിലും വയറ്റിൽ ചെല്ലേണ്ടേ?

മൊത്തം പരതിയിട്ടും, ഒന്നും കിട്ടിയില്ല. ആകെ നിരാശനായി നിൽക്കുമ്പോൾ ആണ് വളരെ സ്നേഹത്തോടെയുള്ള ഒരു ശബ്ദം. കേൾക്കാൻ ഒരുപാട് ആഗ്രഹിച്ച ഒരു ചോദ്യം.

"എടാ സിബീ, വല്ലതും കഴിക്കുന്നോടാ?" മേരിചേച്ചി എന്നും ചോദിക്കുന്നതാണ്. പക്ഷെ വേണ്ടെന്നാണ് എപ്പോഴും പറയാറ്.

പക്ഷെ നല്ല വിശപ്പുണ്ട്. വേണ്ടെന്നു പറഞ്ഞാൽ വിശപ്പ്‌ മാറില്ല. മാത്രവുമല്ല ഇത്ര സ്നേഹത്തോടെ ചോദിച്ചതല്ലേ.

ഞാൻ രണ്ടാമതൊന്ന് ആലോചിച്ചില്ല. ഉറക്കെ പറഞ്ഞു, "എന്നാൽ കഴിച്ചേക്കാം ചേച്ചി.". എൻറെ ചേച്ചി എന്ന വിളിയിൽ ഒരു പാട് സ്നേഹം ഉണ്ടായിരുന്നു. ഞാൻ നേരത്തേ പറഞ്ഞ സ്നേഹം.

പിന്നെ ഞാൻ അമാന്തിച്ചില്ല. വേഗം വീടിൻറെ പടിയിലേയ്ക്ക് ചാടി കയറാൻ ഒരുങ്ങുമ്പോൾ കേട്ടു, "അയ്യോടാ സിബീ, ഇവിടെ ഒന്നും ഇരിപ്പില്ലല്ലോ. നീ എന്നത്തെയും പോലെ വേണ്ട എന്നു പറയും എന്നു കരുതിയാണ് ചോദിച്ചത്!"

അപ്പോൾ എനിക്ക് എന്തു തരം വികാരം ആണ് വന്നതെന്ന് ഇപ്പോഴും എനിക്കറിയില്ല.

ഇനി ഞാൻ വലിച്ചു നീട്ടുന്നില്ല!!

ഇത് വായിക്കുന്നവരോട് ഒരു ചോദ്യം, "ആർക്കാണ് ഇതിൽ ശരിക്കും അമളി പറ്റിയത്?"

വാൽക്കഷണം: അമ്മയോട് പിണങ്ങി ഒന്നും കഴിക്കാതെ ഇരിക്കുന്ന കുട്ടികളോട് എനിക്കിതാണ്‌ പറയാനുള്ളത്. എത്ര പിണങ്ങിയാലും, ഭക്ഷണം കഴിക്കാതെയുള്ള പിണക്കം മാത്രം വേണ്ട. പിണങ്ങിയിരുന്നാലും, എന്തെങ്കിലും കഴിക്കാൻ കിട്ടുന്നതിനും മാത്രം അമ്മയെ സ്നേഹിച്ചു കൊണ്ടേയിരിക്കണം!!

No comments:

Post a Comment