Saturday 26 September 2015

മുൻ എംപി കെ സുധാകരന് പരാതി നൽകാൻ പോയ എൻറെ നേരെ കയ്യേറ്റശ്രമം

ഇന്ന് (26/09/2015) ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ മുൻ കണ്ണൂർ എംപി കെ സുധാകരൻ ചെറുപുഴയിൽ വന്നു.

ഇത് നല്ലൊരു അവസരം ആണെന്ന് മനസ്സിലാക്കി ഞാൻ മുഖ്യമന്ത്രിക്കെതിരെ അരങ്ങം പോലീസ് സ്റ്റേഷനിൽ കൊടുത്ത പരാതിയുമായി അവിടെ ചെന്നു. ആ പരാതിയുടെ URL താഴെ കൊടുക്കുന്നു.

http://seban15081969.blogspot.com/2015/09/blog-post.html

കുറെ സമയം ഞാനാ തീപ്പൊരി പ്രസംഗം ശ്രവിച്ചു. ഉമ്മൻ ചാണ്ടിയും മാണിയും ഒക്കെ കേരളത്തിൽ ചെയ്യുന്ന മഹത്തായ ജനക്ഷേമപ്രവർത്തനങ്ങളെക്കുറിച്ച് ചെറുപുഴയെ പ്രകമ്പനം  കൊള്ളിച്ചുകൊണ്ട് നടത്തിയ പ്രസംഗം ഞാൻ കുറേസമയം കേട്ടുനിന്നു.

ഒരു ഘട്ടത്തിൽ മുഖ്യമന്ത്രി നടത്തുന്ന ജനസമ്പർക്കപരിപാടികളെക്കുറിച്ചായി സംസാരം. അതിലൂടെ ഉമ്മൻ ചാണ്ടി മുഴുവൻ മലയാളികളുടെയും കണ്ണീരൊപ്പി എന്നു പറയുന്നതു കേട്ടപ്പോൾ, റോഡിനു തുകയനുവദിച്ചിട്ട് രണ്ടു വർഷം ആയിട്ടും, ടാറിങ്ങിനായി ഒരു കല്ലുപോലും ഇടാതെ കിടന്ന റോഡിലൂടെ രണ്ടാഴ്ച്ച മുൻപ് എൻറെ അപ്പനെ മരണത്തിനു വിട്ടുകൊടുക്കാതെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഞാൻ കഷ്ടപ്പെട്ട കാര്യമാണ് എൻറെ ഓർമ്മയിൽ വന്നത്.

ഇതുതന്നെ നല്ല അവസരം എന്നു കരുതി ഞാൻ വേദിയുടെ അടുത്തേയ്ക്കു ചെന്നു.

പരാതി നീട്ടിയപ്പോൾ, സുധാകരൻ അത് വാങ്ങുവാൻ വിസമ്മതിച്ചു. അപ്പോഴേയ്ക്കും കുറെ അനുയായികൾ എൻറെ കഴുത്തിനും അരയിലും കയ്യിലും ഒക്കെയായി പിടിച്ച് വേദിയുടെ പുറകിലേയ്ക്ക് കൊണ്ടുപോയി.

എന്നെ അതിശയിപ്പിച്ചത് ഇങ്ങനെ അവർ എന്നെ പിടിച്ചു തള്ളുമ്പോഴും സുധാകരൻ സ്ഥിതി ശാന്തമാക്കി എന്നോട് പരാതി സ്വീകരിക്കുന്നതിനു പകരം പ്രസംഗം തുടർന്നുകൊണ്ടിരുന്നത് കണ്ടതാണ്.

വേദിയുടെ പിന്നിലേയ്ക്ക് കൊണ്ടുപോകുന്നതിലെ ഉദ്ദേശം നല്ലതല്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു. പലരുടെയും കൈകൾ എന്നെ ഏതുനിമിഷവും അടിക്കും എന്ന രീതിയിൽ ഉയരുന്നുണ്ടായിരുന്നു.

എൻറെ ശാന്തത കൈവിടാതെതന്നെ  മുൻനിരയിലുള്ള ഒരു സീറ്റിൽ ഞാൻ വന്നിരുന്നു.

പ്രസംഗം കഴിഞ്ഞപ്പോൾ കുറേപ്പേർ എനിക്ക് ചുറ്റും കൂടി. കൂടിയതിൽ ഏറ്റവും കുറഞ്ഞത്‌ ഒരാളെങ്കിലും കുടിച്ചിട്ടുണ്ടായിരുന്നു. സംസാരിക്കുമ്പോൾ മദ്യത്തിൻറെ ദുർഗന്ധം എൻറെ മൂക്കിലേയ്ക്ക് ഇരച്ചുകയറി. കുറച്ചുപേർ തനിഗുണ്ടകളുടെ മാതിരിയാണ് എന്നോട് പെരുമാറിയത്. എനിക്കുറപ്പുണ്ട്, നേതാവായാൽ ജയ് വിളിക്കാൻ കുറേ അണികൾ ഉണ്ടാവും എന്നു സുധാകരൻ പണ്ടുപറഞ്ഞത് ഇവരെക്കുറിച്ചാണ് എന്നുറപ്പ്. അവർ എന്നെ തല്ലിയാൽ, അതും വാങ്ങി പോവുകയേ തരമുള്ളൂ. അതാണ്‌ അഹിംസയെക്കുറിച്ച് നാഴികയ്ക്ക് നാല്പതു വട്ടവും പ്രസംഗിക്കുന്ന ഇവിടുത്തെ ജനാധിപത്യ പാർട്ടികളുടെ പിന്നാമ്പുറത്തെ വിശേഷങ്ങൾ.

ഞാൻ എനിക്കാവുന്ന രീതിയിൽ ചുറ്റും കൂടി നിന്നവരോട് കാര്യം പറഞ്ഞു. രണ്ടുദിവസം കണ്ണൂരിൽ പോയിനിന്ന്‌ റോഡ്‌ ടാറിങ്ങ് നടത്തുന്നതിനുള്ള പരാതി ജനസമ്പർക്ക പരിപാടിയിൽ മുഖ്യമന്ത്രിക്ക് കൊടുത്തതും, അന്നതിന് തുക അനുവദിച്ചിട്ട്, രണ്ടു വർഷം കഴിഞ്ഞിട്ടും റോഡുടാറിംഗ് നടത്താത്ത കാര്യവും പറഞ്ഞിട്ടും, അവർക്ക് അവരുടെ നേതാവായിരുന്നു വലുത്.

ജനാധിപത്യത്തിൽ അതങ്ങനെയല്ല സുധാകരാ. നിങ്ങൾ ഒക്കെ ചെയ്യേണ്ടത് ചെയ്യാതെയും, ചെയ്യേണ്ടാത്തത് ചെയ്തും (സരിതയെ മസ്കറ്റ് ഹോട്ടലിലെ ആഡംബരപൂർണ്ണമായ മുറിയിൽവച്ച് ജനങ്ങളുടെ പണം മുടക്കി കളിച്ച അബ്ദുള്ളക്കുട്ടിയും നിങ്ങളുടെ കൂടെ ഇപ്പോഴും ഉണ്ട്. അവൻ കളിച്ചതല്ല മറിച്ച് അതിന് പൊതുഖജനാവിലെ പണം ദുരുപയോഗം ചെയ്ത കാര്യമാണ് ഞാൻ പറയുന്നത്. അതേസമയം അഴിമതിക്കെതിരെ ശബ്ദമുയർത്തി എന്ന ഒറ്റ കാരണത്താൽ ജോലിയും പോയി ജയിലിലും കിടന്ന് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും നീതി ലഭിക്കാതെ ഞാനിപ്പോഴും അലയുന്നു) നടന്നിട്ട്, ഒരു പരാതിയുമായി വരുന്നവനെപ്പോലും ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമർത്തുന്നതല്ല ജനാധിപത്യം.

"നീയൊരു കോണ്‍ഗ്രെസ്സുകാരൻ അല്ലല്ലോടാ" എന്നാണ് ഒരുവൻ ആക്രോശിച്ചത്. അതെന്താ എൻറെ നിയോജകമണ്ഡലത്തെ  പ്രതിനിധീകരിച്ചിരുന്ന ഒരു എംപി ക്ക് (ഞാൻ 2013ൽ മുഖ്യമന്ത്രിക്ക് പരാതി കൊടുക്കുമ്പോൾ, സുധാകരൻ ആയിരുന്നു എംപി. മാത്രവുമല്ല, പരാതി കൊടുത്തപ്പോൾ ആ വേദിയിൽ സുധാകരനും ഉണ്ടായിരുന്നു) പരാതി കൊടുക്കാൻ ഞാൻ ഏതു പാർട്ടിക്കാരൻ ആണെന്ന് നോക്കണമോടോ? നീയൊക്കെ എന്നാണ് ജനാധിപത്യം എന്തെന്ന് പഠിക്കുക?

ഒരു പരാതി തരാൻ വന്ന എന്നെ അണികൾ നിൻറെ മുന്നിൽ വച്ച് കയ്യേറ്റം നടത്തിയിട്ടും, അത് കാണാത്ത മട്ടിൽ പ്രസംഗിച്ചുകൊണ്ടിരുന്ന നീ ഒരു സാധാരണ പൗരനേക്കാൾ ശ്രേഷ്ടനാണോ സുധാകരാ? നീ എന്തു ജനസേവകൻ ആണെടോ?

ഇതിനിടയിൽ ഒരാൾ എന്നെ അവിടെനിന്നും കഴുത്തിൽ തള്ളി പുറത്തേയ്ക്ക് കൊണ്ടുവന്നു. ഞാൻ ഏകദേശം പുറത്ത് എത്താറായപ്പോൾ, ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ്‌ എന്നെ രക്ഷപ്പെടുത്താൻ എത്തി. അവിടെനിന്നും എന്നെയും വിളിച്ചുകൊണ്ട് പഞ്ചായത്ത് ഓഫീസ് നില്ക്കുന്ന ഭാഗത്തേയ്ക്ക് വന്നു. വരുന്നവഴിക്ക്, എൻറെ പരാതി തീർച്ചയായും സുധാകരന് നൽകാം എന്ന ഉറപ്പും നൽകി എന്നു മാത്രമല്ല, സുധാകരന് ഒപ്പമുള്ള ആരോടോ പറഞ്ഞ് പരാതി സുധാകരനെ ഏൽപ്പിക്കണം എന്നും ഞാൻ കേൾക്കെ പറഞ്ഞു.

എന്തു പരാതി ഉണ്ടെങ്കിലും എന്നെ വന്നു കാണണം എന്നും പറഞ്ഞ് എനിക്ക് ഷേക്ക്‌ ഹാൻഡും തന്നു ഞങ്ങൾ പിരിഞ്ഞു.

അവിടെ നിന്നും വന്നിരുന്നാണ് ഞാനിത് എഴുതുന്നത്‌.

ഇവിടെ എടുത്തു പറയേണ്ട രണ്ടു കാര്യങ്ങൾ ഉണ്ട്. ഞാനീ പരാതിയുമായി ആലക്കോട് പഞ്ചായത്തിൽ പോയിരുന്നു. അപ്പോൾ അവിടെ ഉണ്ടായിരുന്ന അസിസ്റ്റന്റ്‌ സെക്രട്ടറി പറഞ്ഞത് വളരെ വിചിത്രമായ ഒരു കാര്യമായിരുന്നു. റോഡിൻറെ ടാറിംഗ് പഞ്ചായത്തല്ലേ നടത്തേണ്ടത്, അല്ലാതെ മുഖ്യമന്ത്രി ആണോ എന്നാണ് അങ്ങേർ എന്നോട് ചോദിച്ചത്. എന്നു മാത്രമല്ല, ഗ്രാമസഭയിൽ ഇത് ഇതുവരെ അവതരിപ്പിച്ചില്ലേ എന്നും ചോദിക്കുന്നു. പതിറ്റാണ്ടുകളായി ഉള്ള ഒരാവശ്യത്തെക്കുറിച്ചാണ്  അങ്ങേർ വളരെ നിസ്സാരമായി എന്നോടു ചോദിച്ചത്. അതുതന്നെയാണ് ഞാനും ചോദിച്ചു  കൊണ്ടിരിക്കുന്നത്. ഈ വാർഡിലും പഞ്ചായത്തിലും ജില്ലയിലും ഒക്കെ ശമ്പളം പറ്റി ജനസേവനം എന്നും പറഞ്ഞിരിക്കുന്ന ഇവരൊന്നും ചെയ്യേണ്ടത് ചെയ്യാതെ, കോടിക്കണക്കിനു പണം ധൂർത്തടിച്ച് മുഖ്യമന്ത്രിതന്നെ നേരിട്ടുവന്നു ജനസമ്പർക്ക പരിപാടി എന്ന പ്രഹസനം നടത്തി നിങ്ങളൊക്കെ ചെയ്യേണ്ട ക്ലെറിക്കൽ ജോലി ചെയ്യുന്നതാണോ ജനാധിപത്യം?

അങ്ങിനെ ചെയ്തിട്ട്, തുക അനുവദിച്ചിട്ടുപോലും, അതും കട്ടുമുടിച്ചിട്ട്‌ യാതൊരുളുപ്പും ഇല്ലാതെ തീപ്പൊരി പ്രസംഗം നടത്തുകയും, പരാതിക്കാരെയും പ്രതികരിക്കുന്നവരെയും ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമർത്തുന്നതും ആണോ ജനാധിപത്യം. അതല്ല സുധാകരാ ജനാധിപത്യം.

ഞാനിപ്പോൾ സുരക്ഷിതനല്ല. കാരണം ആ 50 ലക്ഷം പോയ വഴിയിൽ ആരോക്കെയുണ്ടെന്ന് ആർക്കറിയാം? അന്ന് എംപി ആയിരുന്ന സുധാകരൻറെ എംപി ഫണ്ടിൽ നിന്നും അതിൻറെ വിഹിതം ഉണ്ടെന്നു വാർഡ്‌ മെമ്പർ അന്നു പറഞ്ഞിരുന്നു. ഇപ്പോഴത്‌ RIDFൽ നിന്നും ആണെന്നും പറയുന്നു. ഇപ്പോൾ എം പി മാറി. അപ്പോൾ അന്ന് എംപി ഫണ്ടിൽ നിന്നും അനുവദിച്ച തുക എവിടെപ്പോയി?

ഇനി മറ്റൊരു കാര്യം. ചെറുപുഴയുള്ള ബാറിൻറെ ലൈസെൻസുമായി ബന്ധപ്പെട്ട്, പഞ്ചായത്ത് പ്രസിഡന്റ്‌ 10 ലക്ഷം രൂപ കോഴ വാങ്ങിയതായി ഒരു സംസാരം ഉണ്ടെന്നും, ആ പ്രസിഡന്റ്‌ ഇപ്പോൾ ഒരു കൊട്ടാരസദൃശ്യമായ വീട് പണിയുന്നുണ്ടെന്നും, അതിനുള്ള ശ്രോതസ്സ് എന്താണെന്ന് അന്വേഷിക്കണമെന്നും കാണിച്ചു ഞാൻ മുഖ്യമന്ത്രിക്ക് ഒരു പരാതി കൊടുത്തിരുന്നു. അതന്വേഷിച്ചയാൾ പ്രഥമദൃഷ്ട്യാ പരാതിയിൽ പറഞ്ഞതിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനാൽ, കൂടുതൽ അന്വേഷണത്തിന് കൂടുതൽ അധികാരമുള്ള ഒരാളെ നിയമിക്കണമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. നിർഭാഗ്യകരം എന്നു പറയട്ടെ, പിന്നീട് ഞാൻ മുഖ്യമന്ത്രിയുടെ ഓണ്‍ലൈൻ കംപ്ലൈന്റ്റ്‌ സെൽ വഴി അതെക്കുറിച്ച് പലതവണ അന്വേഷിച്ചിട്ടും, ഇപ്പോൾ വർഷങ്ങൾ കഴിഞ്ഞിട്ടും 'WAITING' എന്ന സ്റ്റാറ്റസ് ആണ് കാണിക്കുന്നത്.

ഇതെന്തൊരു ജനാധിപത്യമാണ്? സത്യസന്ധനായി ജീവിക്കുന്ന എനിക്ക് ജീവിക്കാൻ ഒരുപാട് തടസ്സങ്ങൾ. അതേസമയം, ചെയ്യേണ്ട ജോലി കൃത്യതയോടെ ചെയ്യാത്തവരും, അഴിമതിക്കാരും, കോഴക്കാരും എന്തിന് ഗുണ്ടകൾ വരെ സസുഖം ജീവിക്കുന്നു. എന്തൊരു ജനാധിപത്യം ആണിത്?

ഞാൻ എങ്ങിനെയാണ് ജീവിക്കേണ്ടത്?

വാൽക്കഷണം:

മുൻപൊരിക്കൽ നീതിക്കായി 10 ദിവസം നിരാഹാരം കിടന്ന് കൊടുത്ത പരാതി, അന്നത്തെ എംപി മുല്ലപ്പള്ളി രാമചന്ദ്രൻ കൊണ്ടുപോയി ചവറ്റുകുട്ടയിൽ ഇട്ടു. അതിന് മുൻപും പിന്നീടും നീതിക്കായി ഞാൻ കൊട്ടാത്ത വാതിലുകൾ ഇല്ല. പക്ഷെ അന്നും ഇന്നും കേൾക്കുന്നത് മാണിമാരുടെ അഴിമതിക്കഥകളും, സുധാകരന്മാരുടെ തീപ്പൊരി പ്രസംഗങ്ങളും.

പട്ടാളത്തിലെ എൻറെ ജോലി പോകാനും, 6 മാസം ജയിലിൽ കിടക്കാനും മാത്രം അന്നു ഞാൻ ചെയ്ത തെറ്റ് എന്താണെന്ന് അറിയാമോ? പട്ടാളത്തിൽ നടക്കുന്ന അഴിമതിയെക്കുറിച്ചും അടിമത്തത്തെക്കുറിച്ചും അന്വേഷിക്കണം എന്ന്‌ ആവശ്യപ്പെട്ട് ഇന്ത്യൻ പ്രസിഡന്റ്‌ന് നേരിട്ടു കത്തയച്ചു എന്നതായിരുന്നു ഞാൻ ചെയ്ത തെറ്റ്. അതു ഞാൻ ചെയ്തത്, ഞാൻ ശരിക്കും പരാതി കൊടുക്കേണ്ടിയിരുന്നവരും അഴിമതിക്കാർ ആയതുകൊണ്ടാണ്. പിന്നീട് എത്ര അഴിമതിക്കഥകൾ ആണ് പട്ടാളക്കോട്ടകളിൽ നിന്നും മറനീക്കി പുറത്തുവന്നത്. എന്തിന് ശവപ്പെട്ടി കുംഭകോണത്തിലൂടെ അവർ വീരമൃത്യുവരിക്കുന്ന ജവാന്മാരുടെ ശവത്തെപ്പോലും വെറുതെവിട്ടില്ല. എന്നിട്ടും, എനിക്ക് നീതിയില്ല. ഒരു അഡ്വക്കേറ്റ് എൻറെ കേസ് പഠിച്ചതിനുശേഷം, "നീ ഇതുവരെ ഒരു നക്സലൈറ്റ് ആയില്ലല്ലോ" എന്ന്‌ അതിശയം കൂറുകയാണ് ചെയ്തത്.

ഇനിയിപ്പോൾ മരണംവരെ നിരാഹാരം കിടന്നാലോ  എന്നാണ് ഞാൻ ആലോചിക്കുന്നത്. അഹിംസയുടെ വഴിക്കും, സത്യസന്ധതയ്ക്കും ശക്തിയുണ്ടോ എന്ന്‌ വീണ്ടുമൊരു പരീക്ഷണം. ജനാധിപത്യത്തിൽ ഒരാൾക്ക്‌ നീതിമാനായി ജീവിക്കുവാൻ സാധിക്കുമോ എന്നറിയാൻ ഒരവസാനപരീക്ഷണം.

ഞാൻ ഇപ്പോഴും ശുഭാപ്തിവിശ്വാസി ആണ്. കാരണം, മാണിമാരും, സുധാകരന്മാരും ഒക്കെ വന്നും പോയുമിരിക്കും, അതിനിടയിൽ മാറ്റങ്ങളും സംഭവിച്ചുകൊണ്ടിരിക്കും. ഞാൻ ശുഭാപ്തിവിശ്വാസി ആണ്.

My Army Story:

http://seban15081969.blogspot.in/2015/02/what-kejriwal-did-now-i-had-done-17.html
http://seban15081969.blogspot.in/2015/06/what-army-lady-officer-had-to-say-on-my.html










No comments:

Post a Comment