Wednesday 16 September 2015

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി പോയ ഞാൻ മറ്റൊരു കേസ്സിൽ അകത്ത്!

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി (Blog: http://seban15081969.blogspot.in/2015/09/blog-post.html) സ്റ്റേഷനിൽ പോയ എനിക്ക്, മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഒരു ദിവസം ലോക്കപ്പിൽ കിടന്ന്, അടുത്ത ദിവസം  ജാമ്യത്തിൽ ഇറങ്ങേണ്ടി വന്നു! അങ്ങിനെ ഞാൻ പോയില്ലായിരുന്നെങ്കിൽ ഞാൻ ഒരുപക്ഷെ തത്വത്തിൽ ഒരു പിടികിട്ടാപ്പുള്ളി ആയേനെ!!

അൽപം ഫ്ലാഷ് ബാക്ക്:

വീടിൻറെ വാർപ്പിനുവേണ്ടി നല്ല മണൽ അന്വേഷിച്ചു കൊണ്ടിരിക്കുമ്പോൾ, ഒരു ദിവസം മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ഒരപ്പനും മകനും കൂടി വീട്ടിൽ വന്നു. അരിച്ചതും, ഉപ്പില്ലാത്തതും, നല്ല തരിയുള്ളതുമായ 650 അടി മണൽ 60000 രൂപയ്ക്ക് ഇറക്കിത്തരാം എന്നു പറഞ്ഞപ്പോൾ, മൊത്തം വാർപ്പിനുള്ള മണൽ ആകുമല്ലോ എന്നുകരുതി സമ്മതിച്ചു.

അതുപ്രകാരം ഒരു ദിവസം രാത്രി മൂന്നുമണിയ്ക്ക്  അവർ  മണൽ ഇറക്കി. ഞാൻ സ്ഥലത്തില്ലായിരുന്നു . ഭാര്യ പണം കൈപ്പറ്റിയതായി ഒന്നെഴുതി ഒപ്പിട്ടു വാങ്ങുകപോലും ചെയ്യാതെ, 60000 രൂപ അപ്പോൾ തന്നെ കൊടുത്തു.

നേരം വെളുത്തപ്പോൾ ആണ് അവർ ഇറക്കിയ മണൽ ശരിക്കും കണ്ടത്. അരിക്കാത്ത വലിയ കല്ലുകൾവരെയുള്ള, അതും ഉപ്പുള്ള മണൽ. ഇതിനെല്ലാം പുറമേ, 650 പോയിട്ട്, 400 അടി പോലുമില്ല (650 അടി മണൽ കൊള്ളുന്ന വാഹനത്തിനു വരാൻ പറ്റുന്ന റോഡ്‌ അല്ല അവിടെയുള്ളത്.

കബളിപ്പിക്കപ്പെട്ടു എന്നു മനസ്സിലായപ്പോൾ, ആ തുക മിച്ചം പിടിക്കാനായി, കാനഡയിൽ ആയിരിക്കുമ്പോൾ, മകൾക്ക് അവൾക്കിഷ്ടപ്പെട്ട ബർഗർ വാങ്ങിക്കൊടുക്കാതിരുന്ന എന്നെത്തന്നെ ഞാൻ വെറുത്തു.

പ്രയോജനം ഒന്നും ഉണ്ടാകില്ല എന്നറിയാമായിരുന്നിട്ടും ഞാൻ അരങ്ങം പോലീസ് സ്റ്റേഷനിൽ പോയി ഒരു പരാതി കൊടുത്തു. അതു പ്രകാരം അടുത്ത ദിവസം ആ തന്തയ്ക്കു പിറക്കാത്ത അപ്പനെയും, മകനെയും (മകനെ എങ്ങിനെ കുറ്റം പറയാൻ പറ്റും, അവൻറെ തന്തയ്ക്കു പിറക്കാത്ത അപ്പൻ അതല്ലേ അവനെ പഠിപ്പിച്ചു വച്ചിരിക്കുന്നത്) സ്റ്റേഷനിൽ വിളിപ്പിച്ചു.

ഞാൻ ഭാര്യയും, മകളോടും ഒപ്പം അവിടെ എത്തി.

സ്റ്റേഷനിൽ എത്തിയ ഞങ്ങളോട് അവരുടെ മുൻപിൽ വച്ചുതന്നെ ഒരു പോലീസുകാരൻ കാര്യങ്ങൾ തിരക്കി.പിന്നീട് അവരോടു പരാതിയിൽ പറഞ്ഞത് ശരിയോ എന്നു ചോദിച്ചു. അവരിൽ അപ്പനാണ് മറുപടി പറഞ്ഞത്. മണൽ ഇറക്കിയത് ശരിയാണെന്നും, പക്ഷെ, 20000 രൂപ മാത്രമേ കൊടുത്തുള്ളൂ എന്നുമാണ് ആ പൊലയാടിമോൻ പറഞ്ഞത്. അതും സ്വന്തം മകൻ അരികിൽ നിൽക്കെത്തന്നെ.

60000 രൂപ കബളിപ്പിച്ചതും പോരാഞ്ഞ്, ഇപ്പോൾ 20000 രൂപ മാത്രമേ കൊടുത്തിട്ടുള്ളൂ എന്നു പറഞ്ഞതിലൂടെ, അവൻ ഒരേസമയം എൻറെ ഭാര്യയേയും, അപ്പനെയും കള്ളനാക്കിയിരിക്കുന്നു.

പറഞ്ഞു തീർന്നതും, എൻറെ കൈ അവൻറെ കവിളിൽ പതിഞ്ഞതും ഒരേ സമയത്തായിരുന്നു. അടിക്കുമ്പോഴും, എൻറെ മകൾ എൻറെ മറുതോളിൽ ഉണ്ടായിരുന്നു.

അടിച്ചത് ഒരു വലിയ ഹീറോയിസം ആയി എനിക്കൊരിക്കലും തോന്നിയിട്ടില്ല. അടിക്കുന്നത് നല്ലതാണെന്ന അഭിപ്രായവും എനിക്കില്ല. എങ്കിലും, പല കാരണങ്ങൾ കൊണ്ടും, ഞാൻ അന്ന് ചെയ്തത് ശരിയെന്നു തന്നെയാണ് ഇപ്പോഴും എനിക്ക് തോന്നുന്നത്. ഒന്നാമത്, അയാളുടെ ശരീരത്ത് ദേഹോപദ്രവം ഏല്പിക്കുക എന്നതായിരുന്നില്ല എൻറെ ഉദ്ദേശം. മറിച്ച്, ഒന്നു ഭയപ്പെടുത്തുക  എന്നതും, അതിലൂടെ ആ അപ്പൻ മകന് നൽകിയിട്ടില്ലാത്ത ഒരു ശിക്ഷണം, അതായത്, കള്ളത്തരം കാണിക്കുന്നത് നല്ലതല്ല എന്ന അറിവ്, നൽകുകയായിരുന്നു എൻറെ ഉദ്ദേശം.

സ്വന്തം വിയർപ്പിനാൽ ഭക്ഷിക്കണം എന്ന പൊതുതത്ത്വത്തിന് വിപരീതമായാണ് (ഇത് വായിക്കുമ്പോൾ പലരും ചിരിക്കും എന്നെനിക്കറിയാം, കാരണം അതല്ലേ ഈ മാണിമാരും ബാബുമാരും അങ്ങിനെ ബഹുഭൂരിപക്ഷം പേരും ചെയ്യുന്നത്!) അവർ രണ്ടുപേരും ചെയ്തത്. എന്നു മാത്രമല്ല, എൻറെ പണം തട്ടിയെടുത്തതിലൂടെ സ്വന്തം വിയർപ്പിനാൽ മാത്രം ജീവിക്കുകയും, ഭക്ഷിക്കുകയും ചെയ്യുന്ന എന്നെ അങ്ങിനെ ജീവിക്കാൻ അവർ അനുവദിച്ചില്ലതാനും. അതിനും പുറമേ, എൻറെ കുടുംബത്തിൽ ഉള്ളവരെ വളരെ നിസ്സാരമായി കള്ളന്മാർ ആക്കുകയും. അവർ ചെയ്തത് ഒരിക്കലും അംഗീകരിക്കാൻ ആവാത്തത് ആയിരുന്നു.

ഞാൻ അടിച്ചത് പോലീസ് സ്റ്റേഷനുള്ളിൽ ഒരു പോലീസുകാരൻറെ മുന്നിൽവച്ച് ആയതിനാൽ, എല്ലാവർക്കും അപ്രതീക്ഷിതം ആയ ഒരു കാര്യം ആയിരുന്നു അത്‌. അതാണ്‌ വാദി പ്രതിയായി, എനിക്കെതിരെ കേസ്സിൽ കലാശിച്ചതും.

പിന്നീട് എസ്ഐ ആ അപ്പനെയും മകനെയും മാറിമാറി ചോദ്യം ചെയ്ത്, അവർ പറഞ്ഞത് കള്ളമാണെന്ന് തെളിയിച്ചു. അവർ മണൽ കൊണ്ടുവന്നത് കാസറഗോഡ് ജില്ലയിൽ നിന്നുമായിരുന്നു. അങ്ങിനെ കൊണ്ടുവരുന്നതിനു പോലീസുകാർക്കും കൈക്കൂലി കൊടുക്കണം എന്നും അവർ പറഞ്ഞിരുന്നു (അപ്പോൾ, ഈ മണൽ മാഫിയയും, പോലീസും അങ്ങിനെ പലരും ഇതിൽ കണ്ണികളാണ് എന്നതാണ് മറ്റൊരു പരസ്യമായ രഹസ്യം). അല്ലെങ്കിൽ വണ്ടിയടക്കം, പിടിച്ചിടുമത്രേ.

അവർ കേസ് ഉണ്ടാക്കുക എന്ന ഒറ്റ ഉദ്ദേശത്തോടെ ആശുപത്രിയിൽ പോയി. ഞാൻ വീട്ടിലേയ്ക്ക് മടങ്ങി.

എനിക്ക് വട്ടാണെന്ന് സ്ഥാപിക്കാൻ എൻറെ ഭാര്യ ഇപ്പോൾ ഈ സംഭവവും ചൂണ്ടിക്കാണിക്കാറുണ്ട്. അതും ഞാൻ പലവട്ടം അവളോട്‌ പറഞ്ഞിട്ടും, പണം കൊടുത്തപ്പോൾ, അതൊരു പേപ്പറിൽ എഴുതി ഒപ്പിട്ടു വാങ്ങാതിരുന്നു എന്ന അവളുടെ തെറ്റും ഞാൻ അടിക്കുന്നതിൽ കലാശിക്കാൻ കാരണമായി എന്ന വസ്തുതയും, അവളെയും കള്ളിയാക്കിയതാണ് എന്നെ പ്രകോപിപ്പിച്ചത് എന്ന സത്യവും സൗകര്യപൂർവ്വം വിസ്മരിച്ചുകൊണ്ടുതന്നെ !

അവർ ചെയ്ത കള്ളം വെളിവായതിനാൽ, അതവിടെ തീരും എന്നാണ് ഞാൻ കരുതിയത്‌.  പക്ഷെ, അത് വെറും തോന്നൽ മാത്രമായിരുന്നു.

എനിക്കെതിരെ കേസ് ഉണ്ടെന്നു പിന്നീടറിഞ്ഞു. അതിൻ പ്രകാരം, ഞാൻ ഒരു വക്കീലിനെ ഏർപ്പാട് ചെയ്തിരുന്നു.

പോലീസും, വക്കീലും, അതുപോലെ ഈ സംഭവം അറിഞ്ഞ ഏകദേശം എല്ലാവരും തന്നെ പറഞ്ഞത്, തല്ലാനായിരുന്നെങ്കിൽ ആരും കാണാതെ രഹസ്യമായി തല്ലിയാൽ പോരായിരുന്നോ അപ്പോൾ തെളിവൊന്നും ഉണ്ടാകില്ലായിരുന്നല്ലോ എന്നാണ്. എനിക്കതിനോട് അന്നും ഇന്നും വിയോജിപ്പുണ്ട്.

അങ്ങിനെ രഹസ്യമായി ഓരോന്ന് ചെയ്തിട്ട്, കപടമുഖവുമായി നടക്കുന്നതാണ് പൊതുരീതി. ഞാൻ അതിൽനിന്നും വ്യത്യസ്തനാണ്. തല്ലിയത് തെറ്റാണെന്ന് എനിക്കിപ്പോഴും തോന്നുന്നില്ല, പ്രത്യേകിച്ചും അതു ചെയ്തത് നിയമപാലകരുടെ  മുൻപിൽ വച്ചുതന്നെ ആയതിനാൽ.

ഇവിടെ മറ്റൊരു തെറ്റ് വേണമെങ്കിൽ ചൂണ്ടിക്കാണിക്കാം. സ്റ്റേഷനിൽവച്ച്‌, അതും പോലീസുകാരുടെ മുൻപിൽ വച്ചുതന്നെ അടിച്ചതുവഴി ഞാൻ പോലീസിനെ അവഹേളിക്കുകയും, കൃത്യനിർവ്വഹണത്തിന് തടസ്സം നില്ക്കുകയും ചെയ്തു എന്ന തെറ്റ്. പ്രത്യക്ഷത്തിൽ അതൊരു തെറ്റ് തന്നെയാണ്. അതു ഞാൻ സമ്മതിക്കുന്നു. പക്ഷെ, അതിനിടയാക്കിയ സാഹചര്യങ്ങൾ പോലീസിനുതന്നെ മനസ്സിലായി എന്ന നിലക്ക്, ക്ഷമിക്കപ്പെടാവുന്നതേയുള്ളൂ. മാത്രവുമല്ല , അങ്ങിനെ അവഹേളിക്കുകയോ, കൃത്യനിർവ്വഹണത്തിന് തടസ്സം നില്ക്കുകയോ പോലുള്ള ഒരുദ്ദേശവും എനിക്കുണ്ടായിരുന്നില്ലതാനും.

ഈ സംഭവത്തിനുശേഷം, ഞാൻ ജോലി സംബന്ധമായി അബുദാബിയിലേയ്ക്കു പോയി.

പിന്നീട്, 3 സമൻസ് വന്നതായും, ഇപ്പോൾ അറസ്റ്റ് വാറണ്ട് ഉണ്ടെന്നും, ഞാൻ മുഖ്യമന്ത്രിക്കെതിരെ പരാതി കൊടുക്കാൻ പോയ അന്നാണ് അറിയുന്നത്! പരാതിയെക്കുറിച്ച് എസ്ഐ (ഇപ്പോൾ എസ്ഐ മാറി) യുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഞാൻ സെബാസ്റ്റ്യൻ ആണോ എന്ന് ചോദിച്ച് ഒരു പോലീസുകാരൻ അങ്ങോട്ട്‌ വന്നത്. ഞാൻ സ്ഥലത്തില്ല എന്ന് കരുതിയാണ്, എന്നെ അറിയിക്കാതിരുന്നതത്രേ.

പരാതി പറയാൻ ചെന്ന ഞാൻ പിടികിട്ടാപ്പുള്ളി ആണെന്നറിഞ്ഞപ്പോൾ എസ്ഐ ചിരിച്ചു..

അടുത്ത ദിവസം കോടതിയിൽ ഹാജരാക്കാൻ അവർ തീരുമാനിച്ചു. ജാമ്യത്തിലിറങ്ങാൻ, രണ്ടു ജാമ്യക്കാരെ കോടതിയിൽ വരുത്തണമെന്നും  അവർ പറഞ്ഞു. ഏതായാലും അന്ന് പോലീസുകാർ തന്ന കഞ്ഞിയും കുടിച്ച്, ലോക്കപ്പിനുവെളിയിൽ ഇട്ട രണ്ടുബഞ്ചിൽ കിടന്നുറങ്ങി.

അടുത്ത ദിവസം രണ്ടു പോലീസുകാർ എന്നെ കോടതിയിൽ എത്തിച്ചു. ഒരു പോലീസുകാരൻ ബൈക്കിലും, രണ്ടാമൻ ഞാനോടിച്ച സ്കൂട്ടിയുടെ പിന്നിൽ  ഇരുന്നുമാണ്  കോടതിയിലേയ്ക്ക് പോയത്! ഞാൻ ഒരു നീതിമാൻ ആണെന്ന് അവർക്കുള്ള ബോധ്യമാണ് എന്നെ അങ്ങിനെ കൊണ്ടുപോകുന്നതിൽ തെറ്റില്ല എന്ന തീരുമാനത്തിൽ അവരെ എത്തിച്ചത് എന്നുതോന്നുന്നു.

ഏതായാലും, ജാമ്യം കിട്ടി. ഈ മാസം 30ന് വീണ്ടും ഹാജരാവണം. അപ്പോൾ അടിച്ചിട്ടില്ല എന്നു പറഞ്ഞാലേ ജാമ്യം കിട്ടൂ. അടിച്ചുവെന്ന സത്യം പറഞ്ഞാൽ, എന്തുകൊണ്ട് അടിച്ചു എന്നൊരു മറുചോദ്യം ഒന്നുമില്ല, അതിലെ ശരിയും തെറ്റും ഒന്നും കോടതിക്ക് ബാധകമല്ല. അടിച്ചു, അത്രതന്നെ. അതൊരു കുറ്റം ആയതിനാൽ നേരെ അകത്തു കിടക്കാം. അപ്പോൾ, കോടതി കനിയണമെങ്കിലും കള്ളം പറഞ്ഞേ തീരൂ.

അതുതന്നെയാണ് മാണിയും ബാബുവും ഒക്കെ ചെയ്തത്. അവരോട് കോഴ വാങ്ങിയോ എന്ന്‌ കോടതി ചോദിച്ചു, അവർ ദൈവനാമത്തിൽ കണ്ണീർ വാർത്ത്, 'ഇല്ലേ' എന്നു കോടതിയോട് പറഞ്ഞു. ആയതിനാൽ അവരിപ്പോൾ സസുഖം ജീവിക്കുന്നു.

ഞാനെന്ന പൊട്ടൻ ഇപ്പോഴും ആശയക്കുഴപ്പത്തിൽ ആണ്.

ഇനി കള്ളം പറഞ്ഞു ജാമ്യത്തിൽ ഇറങ്ങിയാലും, ഒന്നും അവസാനിക്കുന്നില്ല. 60000 രൂപ നഷ്ടപ്പെട്ട ഞാൻ ഇപ്പോൾ തന്നെ വക്കീലിന് 7000 രൂപയോളം കൊടുത്തു. അതും ഒരു രേഖയും ഇല്ലാതെ. ഇനിയും കൊടുത്തുകൊണ്ടേയിരിക്കണം.

ഞാൻ അടിച്ചുവെന്നു കേസ് ഫയൽ ചെയ്ത, എന്നെ കോടതിയിൽ കൊണ്ടുപോയ പോലീസുകാർ പോലും ഒരു വിഷമവും ഇല്ലാതെ ജാമ്യം കിട്ടുമെന്നാണ് പറഞ്ഞത്. പക്ഷെ വക്കീൽ പറയുന്നു, ജാമ്യം കിട്ടാൻ അദ്ദേഹം വളരെ കഷ്ടപ്പെട്ടുവത്രേ.

എന്തുതന്നെയായാലും ജീവിതമാകുന്ന നാടകത്തിൻറെ അടുത്ത രംഗത്തിനായി ഞാൻ കാത്തിരിക്കുന്നു. ഇതിനിടയിലും, മരിക്കുന്നതിനു മുൻപ് എനിക്കെന്തു ചെയ്യാൻ സാധിക്കും എന്ന ചിന്തയും ഉണ്ട്.

എന്നെക്കൊണ്ട് എന്തെങ്കിലും സാധിച്ചാൽ എന്ത്, സാധിച്ചില്ലെങ്കിലും എന്ത്?!

1 comment: