Wednesday, 3 June 2015

കുടുംബ പ്രശ്നം: തെറിപറയാതെ ഒരു വിശകലനം

ഷെല്ലയ്ക്ക്,

നീയും ഞാനും ഒരു വിവാഹബന്ധത്തിലൂടെ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചു എങ്കിലും, ഇപ്പോഴും നാം രണ്ടു പേരും വ്യത്യസ്ത ചിന്താഗതികൾ ഉള്ള രണ്ടു വ്യക്തികൾ ആണ്. രണ്ടു വ്യക്തികളുടെ ചിന്തകൾക്കും ജീവിതകാഴ്ചപ്പാടുകൾക്കും ബാഹ്യമായി എത്രമാത്രം സാദൃശ്യം തോന്നിയാലും, ആന്തരികമായി അതിനേക്കാൾ കൂടുതൽ വ്യത്യാസങ്ങൾ ഉണ്ടാകും.

അങ്ങിനെ അനുകൂലവും പ്രതികൂലവുമായുള്ള ആശയങ്ങൾ സമ്മിശ്രമായി ഉള്ള ജോടികൾ ആണ് ഇന്ന് നമുക്ക് ചുറ്റും കാണുന്ന കുടുംബങ്ങൾ മുഴുവനും. അങ്ങിനെ വിപരീതമായുള്ള ആശയങ്ങൾ ഉണ്ടായിട്ടും കുടുംബജീവിതം ഭംഗിയായി കൊണ്ടുപോകുന്നത് നാം കാണുന്നത് അവർ അത്തരം വിഭിന്ന ആശയങ്ങളിൽ കൊണ്ടുവരുന്ന ധാരണകളും, വിട്ടുവീഴ്ചകളും മൂലമാണ്.

അപ്പോൾ ഇതൊക്കെ അറിയാവുന്ന ഞാൻ എന്തുകൊണ്ട് വിട്ടുവീഴ്ചക്ക് തയ്യാറാവുന്നില്ല എന്ന ചോദ്യം ഇപ്പോൾ ഉയരും. അതേ ചോദ്യത്തിനുള്ള ഉത്തരം നീയും കണ്ടെത്തേണ്ടി വരും. രണ്ടു പേരുടെയും ഉത്തരം ഞാൻ തന്നെ പറയാം. നീ എങ്ങിനെ ജീവിക്കണം എന്ന് കരുതുന്നുവോ അതിനനുസരിച്ച് ഞാൻ മാറിയാൽ, അതെനിക്ക് എൻറെ മരണം വരെ സംതൃപ്തി തരില്ല എന്നെനിക്ക് ഉറപ്പുണ്ട്, മാത്രവുമല്ല, എൻറെ മക്കളെ എങ്ങിനെ വളർത്തിക്കൊണ്ടു വരണം എന്ന് ഞാൻ ആഗ്രഹിക്കുന്നതിൻറെ നേർ വിപരീതം ആണ്  നീ ചിന്തിക്കുന്നത്. ഇവിടെ എനിക്ക് പ്രതികൂലം ആയി വരുന്ന ഒരു പ്രധാന ഘടകം, നിൻറെ ആശയങ്ങളിൽ പലതും ഇപ്പോൾ നിലവിലുള്ള സാമൂഹിക പശ്ചാത്തലത്തിനു അനുകൂലമാണ്. അതുകൊണ്ടുതന്നെ, എൻറെ ആശയങ്ങളോട് ഒരുതരത്തിലും പൊരുത്തപ്പെടാൻ ആവാതെ നീയെന്ന വട്ടൻ എന്ന് വിളിക്കുമ്പോൾ, സമൂഹത്തിനും നീ പറയുന്നതിൽ കാര്യമുണ്ടെന്ന ഒരു തോന്നൽ വരുന്നു. ഞാനിനി എത്ര നന്നായി ജീവിച്ചാലും, നിൻറെ വട്ടൻ വിളിയെ ന്യായീകരിക്കാൻ പറ്റുന്ന തരത്തിലുള്ള നിരന്തരം വഴക്കും ബഹളങ്ങളും ഒക്കെ ഉള്ള ഒരു കുടുംബപശ്ചാത്തലം എനിക്കുണ്ട് താനും.

അങ്ങിനെയുള്ള രണ്ടു ഉദാഹരണങ്ങൾ ഞാൻ പറയാം. ഒന്ന്, 'ഈശോയിൽ വിശ്വസിക്കുന്നു' എന്നും, 'ദൈവത്തിൽ വിശ്വസിക്കുന്നു' എന്നും ഒക്കെ ഉരിവിട്ടുരുവിട്ട് അന്ധതയിൽ ജീവിക്കാതെ, മകളെ അത്തരം അടിമത്തത്തിൽ നിന്നും പുറത്തു കൊണ്ടു വന്ന് സ്വന്തന്ത്രമായി ചിന്തിക്കുന്ന ക്രിസ്ത്യാനി എന്ന ലേബൽ ഇല്ലാതെ ഒരു മനുഷ്യനായി വളർത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇത് കേൾക്കുമ്പോൾ തന്നെ നീയെന്നെ വട്ടൻ എന്ന് വിളിക്കുമെന്ന് മാത്രമല്ല, സമൂഹം അത് ശരിവെയ്ക്കുകയും ചെയ്യുന്നു. പക്ഷെ ഈ ലോകം മുഴുവൻ ഞാൻ പറയുന്നത് തെറ്റാണെന്ന് പറഞ്ഞാലും, ഞാനാണ് ശരിയെന്ന നിലപാടിൽ ഞാൻ ഉറച്ചു നിൽക്കും. അതാണ്‌ ശരിയെന്ന ഉത്തമ ബോധ്യം ഉള്ളതിനാലും, അതെനിക്ക് സംതൃപ്തി നൽകുന്നതിനാലും, ഞാൻ അതിൽ ഉറച്ചു നിൽക്കുക തന്നെ ചെയ്യും. ദൈവം ഉണ്ടെന്നു ഉറച്ചു വിശ്വസിക്കുന്ന നീ എന്നെ വട്ടൻ എന്ന് വിളിച്ചു കൊണ്ടിരിക്കുകയും, സമൂഹം നിനക്ക് പിന്തുണ നൽകുകയും ചെയ്യും. അതിനർഥം, മറ്റു കുടുംബങ്ങളിൽ നടക്കുന്നതുപോലെയുള്ള ഒരു വിട്ടുവീഴ്ച നമ്മുടെയിടയിൽ ഇക്കാര്യത്തിൽ ഉണ്ടാവാനുള്ള സാധ്യത തീർത്തും ഇല്ല എന്ന് മാത്രമല്ല, എൻറെ ആശയങ്ങൾക്ക് വിപരീതമായി മകളെ നീ ഇത്തരം വിശ്വാസങ്ങൾ അടിച്ചേൽപ്പിച്ച് വളർത്തിക്കൊണ്ടു വരുന്നു എന്ന് മാത്രമല്ല, 7 വയസ്സ് മാത്രം പ്രായമായ മകളും ഇപ്പോൾ 'ഈശോയിൽ വിശ്വസിക്കുന്നു' എന്ന് ഉരുവിടുകയും, അങ്ങിനെ ചെയ്യാത്ത പപ്പാ നല്ലവൻ അല്ലെന്ന് എന്നോടിപ്പോൾ പലതവണ ആയി എന്നെ ജീവന് തുല്യം സ്നേഹിക്കുന്ന അവൾ പറയുകയും  ചെയ്യുന്നു.

ഞാൻ ഇതൊക്കെയും പറയുമ്പോൾ, അങ്ങിനെയാണെങ്കിൽ ഞാൻ എന്തിനാണ് നിന്നെ പള്ളിയിൽ വച്ച് കെട്ടിയത് എന്ന് മറ്റുള്ളവർ ചോദിച്ചാലും നീ ചോദിക്കില്ല എന്നെനിക്ക് ഉറപ്പുണ്ട്. കാരണം, വിവാഹത്തിനു മുൻപ്, ഡൽഹിയിൽ നമ്മൾ കാണുകയും, വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തപ്പോൾ തന്നെ ഞാൻ എന്ന വ്യക്തിയെക്കുറിച്ചും, ഇന്നെനിക്കു വട്ടുണ്ടെന്ന് സ്ഥാപിക്കാൻ നീ ആവർത്തിച്ചു പറയുന്ന എൻറെ മിലിട്ടറി ജീവിതത്തെക്കുറിച്ചും, പ്രശ്നങ്ങൾ നിറഞ്ഞ എൻറെ കുടുംബാന്ധരീക്ഷത്തെക്കുറിച്ചും, പള്ളിയിൽ വിവാഹം നടത്താതെ ഒരു രെജിസ്റ്റെർട് വിവാഹം നടത്തുന്നതാണ് എനിക്ക് താൽപര്യം എന്നും, വലിയ ആർഭാടങ്ങളോ അണിഞ്ഞൊരുങ്ങലോ ഒന്നും ഇല്ലാതെ നടത്തുന്നതിലാണ് താൽപര്യം എന്നും പറഞ്ഞിരുന്നു. അപ്പോൾ നീ എന്നോട് പറഞ്ഞ വാചകം വളരെ പ്രസക്തമാണ്. നീ പറഞ്ഞു, വിവാഹം എന്നത് രണ്ടു കുടുംബങ്ങൾ നടത്തുന്ന ഒരു ചടങ്ങാണ് അതിനാൽ വിവാഹം നമുക്ക് വീട്ടുകാർ തീരുമാനിക്കുന്നതിന് അനുസരിച്ച് നടത്താം എന്നും, പിന്നെ ജീവിച്ചുതുടങ്ങുമ്പോൾ ചേട്ടൻ (അന്ന് ഞാൻ ചേട്ടൻ ആയിരുന്നു, ഇപ്പോൾ വട്ടനും, കുഴപ്പമില്ല, പ്രാസമൊപ്പിച്ചു പറയുമ്പോൾ കേൾക്കാൻ ഒരു രസമുണ്ട്) പറയുന്നത് പോലെ നീ മാറിക്കോളാം എന്നും വാക്ക് തന്നിരുന്നു. അതന്നു മുതൽ ഇന്നുവരെ നീ പാലിച്ചിട്ടില്ല. പക്ഷെ ഞാൻ കുറ്റപ്പെടുത്തുന്നില്ല, കാരണം, നിനക്ക് വേറൊരു കാഴ്ചപ്പാട് ഉള്ളതിനാൽ അങ്ങിനെ മാറിയാൽ നീ ഒരിക്കലും സംതൃപ്ത ആയിരിക്കില്ല. പക്ഷെ ഇവിടെ നമ്മൾ രണ്ടുപേരും അതിനെ അഭിമുഖീകരിച്ചതിൽ ഒരു വ്യത്യാസം ഉണ്ട്. നീ അന്ന് തന്ന വാക്ക് പാലിക്കാതിരുന്നിട്ടും, അത് നിൻറെ കാഴ്ചപ്പാടിലുള്ള വ്യത്യാസം എന്ന് മാത്രമേ ഞാൻ പറയുന്നുള്ളൂ. പക്ഷെ ഞാൻ എൻറെ കാഴ്ചപ്പാടുകൾ നിന്നോട് മുൻകൂട്ടി പറഞ്ഞിട്ടുപോലും, നീ അതിനനുസരിച്ച് മാറാം എന്ന് പ്രോമിസ് ചെയ്തിട്ട് പോലും, ഇപ്പോൾ ആ പ്രോമിസ് വിസ്മരിച്ചിട്ട് നീയെന്നെ വട്ടൻ എന്ന് വിളിക്കുന്നു, എന്ന് മാത്രമല്ല, അതിനുള്ള ചികിത്സക്കും ശ്രമിക്കുന്നു. അപ്പോൾ ഇനി ഒന്നിച്ചു പോകാൻ പറ്റാത്ത ഒരു സാഹചര്യം നമുക്കിടയിൽ ഉണ്ടെന്നുറപ്പ്.

രണ്ടാമത്തെ ഉദാഹരണം, ഒരിക്കൽ ഞാൻ നിനക്ക് എഴുതി.  അത് ഞാൻ ഒരു ബ്ലോഗ്‌ ആയി പബ്ലിഷ് ചെയ്യുകയും ചെയ്തിട്ടുണ്ട് (http://seban15081969.blogspot.in/2014/10/blog-post_10.html). കൂടെ ഈ ബ്ലോഗും കൂടി വായിക്കണം (http://seban15081969.blogspot.in/2015/01/blog-post_24.html). അതിൽ രണ്ടു പ്രധാനകാര്യങ്ങൾ ആണ് ഞാൻ ആവശ്യപ്പെട്ടത്. ഒന്നാമത്, തന്നിഷ്ടപ്രകാരം വീടുവിട്ടു വാടകവീട്ടിൽ പോയി താമസിക്കാതെ, വീട്ടിൽ വന്ന് നിന്ന് അപ്പനെ നോക്കണമെന്നും, അങ്ങിനെ നോക്കാതെ അപ്പൻ മരിക്കാൻ ഇടയായാൽ, പിന്നെ ഒന്നിച്ചൊരു ജീവിതം ഉണ്ടാകില്ലെന്നും ഞാൻ പറഞ്ഞു. രണ്ടാമത്തേത്, മകൾ വലുതായി സ്വന്തമായി തീരുമാനം എടുക്കാൻ ആകുന്നതുവരെ അവളുടെ കാത് കുത്തരുതെന്ന് ഞാൻ ആവശ്യപ്പെട്ടതാണ്. എൻറെ തീരുമാനത്തെ ധിക്കരിച്ച് കാതുകുത്തിയാൽ മകളാണെ സത്യം, പിന്നീട് ഒന്നിച്ചു ജീവിക്കില്ല എന്ന് പറഞ്ഞിട്ടും നീ മകളുടെ കാത് കുത്തി. അതിലൂടെ ഒന്നിച്ചു ജീവിക്കാൻ പറ്റാത്ത ഒരു സാഹചര്യം നീ ഉണ്ടാക്കി.


No comments:

Post a Comment