ഒന്നിൽ പഠിക്കുമ്പോൾ എനിക്കൊരു കൂട്ടുകാരത്തി ഉണ്ടായിരുന്നു.
സംശയിക്കേണ്ട, അതന്നേന്ന്, നമ്മടെ ഗേൾഫ്രണ്ട്! എൻറെ ചക്കര, എൻറെ ഹൃദയം കവർന്നവൾ, എൻറെ ഉറക്കം കെടുത്തിയിരുന്ന, ഉറങ്ങിയാലും സ്വപ്നത്തിൽ എന്നോടൊപ്പം കളിച്ചിരുന്ന, എൻറെ, എൻറെ സ്വന്തം ലില്ലിക്കുട്ടി.
ജീവിതം എത്ര മനോഹരം എന്ന് എന്നെ തോന്നിപ്പിച്ച, എൻറെ ഹൃദയേശ്വരി!
അക്കാലത്തെ മറ്റെല്ലാ കുട്ടികളെയും പോലെ അവളും വല്ലപ്പോഴും മൂക്കളയും ഒലിപ്പിച്ച് ക്ലാസ്സിൽ വരുമായിരുന്നെങ്കിലും, അവളുടെ മൂക്കിന്, അവളുടെ മൂക്കിന് മാത്രം, അതൊരഴകായിരുന്നു! എനിക്ക് മാത്രം കാണാൻ പറ്റിയിരുന്ന ഒരഴക്!
മഷിതണ്ട് പറിക്കാൻ പോകുമ്പോൾ, ഞാൻ ഉറപ്പായും രണ്ടെണ്ണം കൊണ്ടുവരും, എന്നിട്ട് അവളെ അരികിൽ വിളിച്ചു ഒരെണ്ണം അവൾക്കു കൊടുക്കും.
ഉച്ചക്ക്, അമ്പലക്കുളത്തിലേയ്ക്ക് പോകുന്ന വഴിക്കുള്ള ആലിൻ ചുവട്ടിൽ പക്ഷികൾ കാഷ്ടിച്ചിട്ട അരിമുളക് പെറുക്കി, അത് കൊടുത്ത് റ പോലെ വളഞ്ഞിരിക്കുന്ന അമ്പുട്ടൻറെ, റ പോലെ വളഞ്ഞ കൈകളിൽ നിന്നും വാങ്ങിയ വറുത്ത ചെറുകടലയിൽ പാതി അവൾക്കു കൊടുത്താലേ എനിക്ക് തൃപ്തി വരുമായിരുന്നുള്ളു.
ചുരുക്കി പറഞ്ഞാൽ അവളില്ലാതെ ഞാൻ ഒന്നുമല്ലായിരുന്നു.
അവൾ പകൽ എപ്പോഴും എന്നോടൊപ്പം സഞ്ചരിക്കുന്ന എൻറെ നിഴലായിരുന്നു.
അവൾ രാത്രികളിലെ എൻറെ ഉറക്കം കെടുത്തുന്ന മേനക ആയിരുന്നു.
ഇനി ഉറങ്ങിയാലോ, അവൾ എൻറെ ഉറക്കത്തിലെ സ്വപ്നറാണിയായിരുന്നു.
അവൾ ഞാനും, ഞാൻ അവളും ആയിരുന്നു.
ഞങ്ങൾ ഒന്നായിരുന്നു.
അങ്ങനെയൊരു ദിവസം, ഞങ്ങൾ ഉച്ചസമയത്ത് കടലയും കൊറിച്ച് സൊറയും (അതെന്തെന്നു ഞാൻ പറയില്ല കേട്ടോ, അത് ഞങ്ങളുടെ പേർസണൽ മാറ്റെഴ്സ് ആണ്!!) പറഞ്ഞ് ഇരിക്കുമ്പോൾ, ക്ലാസ് ടീച്ചർ ഗോപാലൻ മാഷ് വരുന്നത് ഞാൻ കണ്ടു.
കടലകൊറിയിൽ മാത്രം ശ്രദ്ധവച്ചിരുന്ന (അല്ലേലും ഈ പെണ്ണുങ്ങൾ അങ്ങിനെ ആണ്, തിന്നാൻ കിട്ടിയാൽ പ്രാണേശ്വരൻ അടുത്തുണ്ടെന്ന വിചാരം ഒന്നും അവർക്കില്ല) എൻറെ ലില്ലിക്കുട്ടി, മാഷിനെ കണ്ടില്ല.
അവളെതോണ്ടി (എവിടെ തോണ്ടി എന്ന് ചോദിക്കരുത്, അത് സ്ത്രീ പീഡനം ആകും!) , അവൾ ഒന്ന് ചിരിച്ചോട്ടെ എന്ന് കരുതി, ഞാൻ പറഞ്ഞു,
"ലില്ലിക്കുട്ടീ, ലില്ലിക്കുട്ടീ, അതേ, ഗോപാലൻ വരുന്നുണ്ട്."
അവൾ ചാടിപ്പിടഞ്ഞു എഴുന്നേറ്റു, എന്നിട്ട് ബാക്കിയുള്ള കടല മുഴുവൻ വായിൽ ഇട്ടിട്ടു, ഇരുണ്ട കളറുള്ള (വാങ്ങിയപ്പോൾ വെള്ള ആയിരുന്നു!!) പെറ്റിക്കോട്ടിൻറെ അറ്റം പൊക്കി കൈ തുടച്ച് (അതിൽ തന്നെ ഒലിച്ചിറങ്ങുന്ന മൂക്കളയും തുടക്കുന്നത് ഞാൻ കൗതുക പൂർവ്വം നോക്കി നിന്നിട്ടുണ്ട്, അന്നും മൾട്ടി ടാസ്കിംഗ് ഉണ്ടായിരുന്നു!), എനിക്കും മുൻപേ ക്ലാസ്സിലേയ്ക്ക് ഓടിക്കയറി.
മാഷ് ക്ലാസ്സിൽ വന്നതോടെ, ക്ലാസ്സിൽ മുഴുവൻ ഒരു സൂചി വീണാൽ പോലും കേൾക്കാവുന്ന നിശബ്ധത.
പെട്ടെന്ന് ക്ലാസ്സ് നിശബ്ദമായപ്പോൾ, ഉത്തരത്തിൻറെ പൊത്തിൽ നിന്നും പുറത്ത് വന്നു വട്ടമിട്ടു പറന്ന വണ്ടിൻറെ ശബ്ദം മാത്രം.
ഞാൻ നോക്കുമ്പോൾ ലില്ലിക്കുട്ടി എഴുന്നേറ്റു നില്ക്കുന്നു. അതെന്തിന് എന്ന് ആലോചിക്കാൻ സമയം കിട്ടുന്നതിനു മുൻപേ, എന്നെ ചൂണ്ടി കാണിച്ചു കൊണ്ട് അവൾ മാഷിനോട് പറഞ്ഞു.
"മാഷെ മാഷെ, ഈ ചെക്കൻ മാഷിനെ ഗോപാലാ എന്നു വിളിച്ചു"
എൻറെ ഉള്ളിലെ, എൻറെ മാത്രം എന്നു കരുതിയിരുന്ന ലില്ലിക്കുട്ടിയുടെ രൂപം ഒരു ചീട്ടു കൊട്ടാരം പോലെ തകർന്നടിയുന്നതിനു മുൻപു തന്നെ എൻറെ രണ്ടു കയ്കളിലും നീണ്ടു ചുവന്ന പാടുകൾ നിറഞ്ഞിരുന്നു. പക്ഷെ എൻറെ നെഞ്ചിൽ അനുഭവപ്പെട്ട വേദനയുടെ കാഠിന്യം കൊണ്ട്, അടികളുടെ വേദന ഞാൻ അറിഞ്ഞില്ല.
പക്ഷെ അപ്പോഴും ഞാൻ വാങ്ങിക്കൊടുത്ത കടലയുടെ തരികൾ അവളുടെ ചിറിയിൽ അങ്ങിങ്ങായി ഇരിക്കുന്നത് മിന്നായം പോലെ എനിക്ക് കാണാമായിരുന്നു.
അതെ, ഞാൻ വാങ്ങിക്കൊടുത്ത കടലയുടെ തരികൾ!
No comments:
Post a Comment