മകൾ എഴുതിയ കത്തിൻറെ സഹായത്തോടെ ജാമ്യം കിട്ടി ജയിലിൽ നിന്നും പുറത്തു വന്നിട്ടും, രണ്ടു മാസക്കാലം കണ്ണൂർ വിട്ടുപോകരുതെന്ന കാരണത്താൽ എനിക്ക് മകളെ പോയി കാണുവാൻ സാധിച്ചിരുന്നില്ല. ആ വിലക്ക് നീങ്ങിയത് ഇക്കഴിഞ്ഞ രണ്ടാം തിയതി ശനിയാഴ്ച ആയിരുന്നു.
അന്ന് ആലക്കോട് പോലീസ് സ്റ്റേഷനിൽ പോയി ഒപ്പിട്ടതിനുശേഷം ഞാൻ നേരെ മകളെ കാണാൻ എറണാകുളത്തിന് പോവുകയാണ് ചെയ്തത്.
എറണാകുളത്ത് എത്തിയപ്പോൾ രാത്രി എട്ടര ആയതിനാൽ, കേസ് നടക്കുന്നതിനാൽ അസമയത്ത് അവിടെ പോകേണ്ട എന്നുതോന്നിയതിനാൽ, ഒരു റൂമെടുത്ത് രാത്രി തങ്ങിയതിനുശേഷം ഞായറാഴ്ച്ച രാവിലെ ഞാൻ മകൾ അമ്മയോടൊപ്പം താമസിക്കുന്ന വാടകവീട്ടിൽ എത്തി.
മകളെ ഓണത്തിനും, ക്രിസ്തുമസ്സിനും എന്നോടൊപ്പം കൊണ്ടുപോകാം എന്ന കോടതിവിധി ഉള്ളതിനാൽ, അവളെയും കൂട്ടി അന്നുതന്നെ കണ്ണൂരേക്ക് മടങ്ങണം എന്ന് തീരുമാനിച്ചാണ് ഞാൻ അവിടെ എത്തിയത്.
അവിടെ നിന്നും മകളോടൊപ്പം ഇറങ്ങുമ്പോൾ, മൂന്നുനാലു ദിവസത്തിനുള്ളിൽ ഞാൻ മകളെ തിരിച്ചുകൊണ്ടാക്കാമെന്നും അവിടെയും ഇവിടെയും പരാതി കൊടുത്ത് മകളുടെ സന്തോഷം ഇല്ലാതാക്കരുതെന്നും ഞാൻ അവളുടെ അമ്മയോട് അപേക്ഷിച്ചിരുന്നു.
അങ്ങിനെ പോയ ഞാനും എൻറെ മകളും അന്ന് ഉച്ചവരെ ചെലവഴിച്ചത് മരട് പോലീസ് സ്റ്റേഷനിൽ ആണ്.
എൻറെ മകളുടെ ആഗ്രഹപ്രകാരം അവൾക്കിഷ്ടപ്പെട്ട ഹാപ്പി മീൽസ് വാങ്ങിക്കൊടുക്കാൻ ലുലു മാളിൻറെ കവാടംവരെ എത്തിയിട്ടും, അത് വാങ്ങിക്കൊടുക്കാൻ കഴിയുന്നതിനു മുൻപ് ഞാൻ മകളെ തട്ടിക്കൊണ്ടുപോയി എന്നുപറഞ്ഞ് അവളുടെ അമ്മ മരട് പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തതു പ്രകാരം എസ്ഐ എന്നെ ഫോണിൽ വിളിച്ച് എന്നോട് മകളെയും കൂട്ടി നേരെ പോലീസ് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു.
കോടതി വിധി ഉള്ളതിനാൽ മകളെ എന്നോടൊപ്പം വിടുമെന്ന് ഉറച്ച് വിശ്വസിച്ചതിനാൽ, ഞാൻ നേരെ പോലീസ് സ്റ്റേഷനിൽ എത്തി.
എസ്ഐ അവിടെ നിന്നും ചൈൽഡ് ഹെൽപ് ലൈനുമായും, മകളെ എന്നോടൊപ്പം വിടണമെന്ന് വിധിച്ച ജഡ്ജുമായും ബന്ധപ്പെട്ടു. അവരെല്ലാവരും ചേർന്ന്, മകളെ എന്നോടൊപ്പം വിടേണ്ടെന്നു വീണ്ടും തീരുമാനിച്ചു.
ഇവരൊക്കെ കാടന്മാരാണോ? അവരെല്ലാം, പോലീസും ചൈൽഡ് ഹെൽപ് ലൈനിലുള്ള ഓഫീസറും ജഡ്ജിയും, ഓരോരോ അധികാര സ്ഥാനങ്ങളിൽ ഇരുന്ന് ഒരു കുട്ടിയുടെ ഇഷ്ടത്തിനെതിരെ തീരുമാനം എടുത്തിട്ട്, ശമ്പളവും വാങ്ങി അവരവരുടെ വീടുകളിൽ പോയി മക്കളോടൊപ്പം ഓണം ആഘോഷിച്ചു.
എൻറെ മകളും, ഞാനും പോലീസ് സ്റ്റേഷനിൽ. പിന്നെ ഞാൻ വീണ്ടും അവിടെ നിന്നാൽ നടപടി എടുക്കേണ്ടിവരും എന്ന് എസ്ഐ കർശനമായി പറഞ്ഞപ്പോൾ ഞാൻ അവിടെ നിന്നും ഇറങ്ങി.
എൻറെ മകൾക്ക് വീണ്ടും അവളുടെ അമ്മയെന്ന് പറയുന്ന, ആ മകളുടെ ആഗ്രഹം ഒരിക്കൽ പോലും അംഗീകരിച്ചു കൊടുക്കാത്ത സ്ത്രീയോടൊപ്പം പോകേണ്ടിവന്നു.
മകളെ കാണാനെന്നും പറഞ്ഞ് അവൾ എറണാകുളത്ത് താമസിക്കുന്ന വീട്ടിൽ പോകാനും പാടില്ലെന്ന് എന്നെ വിലക്കിയിരിക്കുകയാണ്.
ലുലു മാളിൻറെ മുന്നിൽ നിന്നും എസ്ഐയോട് സംസാരിച്ചപ്പോൾ, ഞാൻ മാളിൻറെ മുന്നിൽ ആണെന്നും മകൾക്ക് ഹാപ്പി മീൽസ് വാങ്ങിക്കൊടുത്തിട്ട് ഒരു മണിക്കൂറിനുള്ളിൽ വരാമെന്നു പറഞ്ഞിട്ടും അനുവദിക്കാതെ, എത്രയും പെട്ടെന്ന് പോലീസ് സ്റ്റേഷനിൽ എത്താനാണ് എന്നോട് ആവശ്യപ്പെട്ടത്.
എൻറെ പൊന്നുമകൾക്ക് ഒരു നേരത്തെ ഭക്ഷണം പോലും വാങ്ങിക്കൊടുക്കാൻ അനുവദിക്കാത്ത, ഒരു തേവിടിശ്ശി സ്ത്രീയുടെ മുതലക്കണ്ണീർ കണ്ട് ആ സ്ത്രീ ഇവരെയെല്ലാം വിഡ്ഢികളാക്കുകയാണെന്നു മനസ്സിലാക്കാതെ, ഒരു കുഞ്ഞിന് അവളുടെ പപ്പയോടൊപ്പം കുറെ നല്ല നിമിഷങ്ങൾ ചെലവഴിക്കാൻ അനുവദിക്കാത്ത നാറിയ വ്യവസ്ഥിതി.
എൻറെ മകൾ ഒരു ഇരയും, അവളുടെ പപ്പയായ ഞാൻ അവളെ പീഢിപ്പിച്ച പ്രതിയും ആയാണ് നിരപരാധിത്വം തെളിയിക്കാൻ ഉള്ള എല്ലാവിധ തെളിവുകൾ നൽകിയിട്ടും അവരെല്ലാം കാണുന്നത്.
എൻറെ മകളെ ഇര ഇര എന്ന് ആവർത്തിച്ച് പറയുന്നതാണ് അവളോട് ചെയ്യുന്ന ക്രൂരത എന്നുപോലും അവർ മനസ്സിലാക്കുന്നില്ല.
എനിക്കെതിരെ ഇവിടുത്തെ എല്ലാ നിയമസംവിധാനങ്ങളും തിരിഞ്ഞിട്ടും മകൾക്കായി പോരാട്ടം നടത്തുന്ന ഞാൻ, 'എൻറെ മകൾ എന്നോടൊപ്പം വരണമെന്ന് പറഞ്ഞ് കരയുമ്പോൾ, ഞാൻ എന്ത് ചെയ്യണം?' എന്ന് എസ്ഐയോട് ചോദിച്ചപ്പോൾ, 'അതിനുള്ള ഉത്തരം തരാനുള്ള ബാദ്ധ്യത എനിക്കില്ല' എന്നാണ് പറഞ്ഞത്.
അതേ ചോദ്യം ഞാൻ വായനക്കാരോടും ചോദിക്കുന്നു, "എൻറെ മകൾ എന്നോടൊപ്പം വരണമെന്ന് പറഞ്ഞ് കരയുമ്പോൾ ഞാൻ എന്ത് ചെയ്യണം?"
എൻറെ മകൾക്കായി പണിയിച്ച വീട്ടിൽ താമസിക്കാനുള്ള യോഗം മകൾക്കില്ല. അവളില്ലാത്ത എന്ത് ഓണം?
അറിയാതെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിയിറങ്ങുന്നൂ. മാളിൻറെ മുന്നിൽ നിന്നും ഓട്ടോയിൽ നിന്നും ഇറങ്ങാതെതന്നെ പോലീസ് സ്റ്റേഷനിലേയ്ക്ക് പോകാൻ ഓട്ടോക്കാരനോട് ഞാൻ ആവശ്യപ്പെട്ടപ്പോൾ, "പപ്പാ നമുക്ക് ഹാപ്പി മീൽസ് കഴിച്ചിട്ട് പോയാൽ പോരെ?" എന്ന് മകൾ ചോദിച്ചത് ഓർക്കുമ്പോൾ, അതിനു കഴിയാതിരുന്ന ഏതൊരാളുടെ കണ്ണിൽ നിന്നുമാണ് കണ്ണുനീർ ഒരുകാതിരിക്കുക?
ഞാൻ എന്താണ് ചെയ്യേണ്ടത്?
എന്നെ കണ്ടപ്പോൾ പനിയും ചുമയുമാണ് എന്ന് പറഞ്ഞ് സങ്കടം പറഞ്ഞ മകൾ എന്നോടൊപ്പം ഇറങ്ങി വെറും പത്ത് മിനിറ്റു കഴിഞ്ഞപ്പോൾ ഓട്ടോയിൽ ഇരുന്നെടുത്ത ഫോട്ടോയാണിത്. അവൾക്ക് ഉല്ലാസവതിയാകാൻ എൻറെ സാമീപ്യം മാത്രം മതി. അതാണവൾക്ക് വേണ്ടത്. അതുമാത്രമാണ്, അല്ലാതെ മാനസികരോഗത്തിനുള്ള മരുന്നല്ല.
ഞാൻ ആരോടാണിതൊക്കെ പറയേണ്ടത്?
<><><><><>
കൂടുതൽ ഈ ബ്ലോഗുകളിൽ ഉണ്ട്:
http://seban15081969.blogspot.in/2017/08/blog-post_6.html
http://seban15081969.blogspot.in/2017/07/blog-post.html
http://seban15081969.blogspot.in/2017/07/blog-post.html
http://seban15081969.blogspot.in/2017/05/blog-post_13.html