Wednesday, 27 July 2016

ക്ലാസ്സ്‌ ബങ്കിങ്: എപിജെ സ്വപ്നത്തിൽ പോലും കാണാത്ത കാര്യം

"നീ ഏതാടാ?!", ക്ലാസ്സിൽ ഒരപരിചിതനെ കണ്ടത് പോലെയാണ് ഗോപാലൻ മാഷ് എന്നോട് ചോദിച്ചത്.

എങ്ങിനെ ചോദിക്കാതിരിക്കും? സ്കൂൾ വർഷം തുടങ്ങിയിട്ട് ആറുമാസമെങ്കിലും ആയി, പക്ഷെ ഞാൻ ആദ്യത്തെ ഒരാഴ്ച്ച  സ്‌കൂളിൽ മുടങ്ങാതെ പോയിരുന്നെങ്കിലും, പിന്നീടിങ്ങോട്ട് പോയിട്ടേയില്ല.

മാത്രവുമോ, അന്ന് സ്‌കൂളിൽ എത്തിയ എനിക്ക് ക്ലാസ് റൂം എവിടെയെന്നു പോലും അറിയില്ലായിരുന്നു, പിന്നെയാണോ ആകെ രണ്ടോ മൂന്നോ ദിവസം മാത്രം ക്ലാസ്സിൽ കണ്ട എന്നെ ഗോപാലൻ മാഷ് ഓർത്തിരിക്കുന്നത്?!!

ക്ലാസ് ബങ്കിങ്ങ് ഒക്കെ നടത്തുന്നത് വലിയ തെറ്റല്ല എന്ന് സ്വപ്നം കാണാൻ കുട്ടികളെ പഠിപ്പിച്ച എപിജെ സാർ അല്പം കളിയായും, അതിലേറെ കാര്യമായും പറഞ്ഞപ്പോൾ, ഒരു ഒന്നാം ക്ലാസ്സുകാരൻ മാസങ്ങളോളം ക്ലാസ് ബങ്കിങ്ങ് നടത്തും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാവില്ല, ഉറപ്പ്!!!

തിമിരി സ്‌കൂളിൽ ഒന്നാം ക്ലാസ്സിൽ ചേർക്കപ്പെട്ട ഞാൻ സ്‌കൂളിൽ പോകാതെ എന്തെടുക്കുകയായിരുന്നു? അതും ഒന്നോ രണ്ടോ ദിവസങ്ങൾ അല്ല, അഞ്ചു മാസങ്ങളോളം!

വീട്ടിൽ നിന്നും വല്ല അസുഖമോ മറ്റോ കാരണം കൊണ്ട് ഞാൻ വരാതിരുന്നതാണോ?

ഞാൻ വീട്ടിൽ നിന്നും സ്‌കൂളിലേക്ക് പുറപ്പെട്ടിരുന്നോ? ഈ കാലയളവിൽ അഞ്ച് വയസ്സുകാരനായ ഞാൻ എവിടെയായിരുന്നു എന്ന് എന്റെ മാതാപിതാക്കൾക്കോ മറ്റാർക്കെങ്കിലുമോ അറിയാമായിരുന്നോ?

ഞാൻ ആരുണ്ടെയെങ്കിലും തടങ്കലിൽ ആയിരുന്നോ?

ഇതുവരെയും സ്‌കൂളിൽ വരാതിരുന്ന ഞാൻ പിന്നെങ്ങനെയാണ്  ഇന്ന് സ്‌കൂളിൽ എത്തിയത്?

അങ്ങിനെ ഒരുപാട് നിഗൂഢതകളുടെ ചുരുളുകൾ അഴിക്കേണ്ടതുണ്ട്!

അതൊരു നീണ്ട കഥയാണ്. ഓട്ടക്കീശയുള്ള ഒരു വള്ളിനിക്കറും, റേഷൻ കടയിൽ നിന്നും കിട്ടിയ തുണികൊണ്ടുണ്ടാക്കിയ  ബട്ടൻസ് പലതും പോയ ഒരുടുപ്പും മാത്രമുണ്ടായിരുന്ന ഒരു അഞ്ചു വയസ്സുകാരൻ നടത്തിയ അതിസാഹസികതയുടെ, വിപ്ലവത്തിന്റെ കഥ.

സ്‌കൂളെന്ന അടിമച്ചങ്ങല പൊട്ടിച്ചെറിഞ്ഞിട്ട്, പക്ഷികളെയും ചിത്രശലഭങ്ങളെയുംപോലെ പാറിപ്പറക്കുകയെന്ന പരമമായ സ്വാതന്ത്ര്യം ആണ് കുട്ടികൾക്ക് വേണ്ടതെന്ന തിരിച്ചറിവിൽ, സ്ലേറ്റിൽ അ, ആ, ഇ ഈ എന്നിങ്ങനെ എന്തെങ്കിലുമൊക്കെ എഴുതുന്നതാണ് വിദ്യാഭ്യാസം എന്ന്  തെറ്റായി വിചാരിച്ച് അതു കുട്ടികളിൽ അടിച്ചേൽപ്പിക്കുന്ന മാതാപിതാക്കൾ അടങ്ങിയ ഇവിടുത്തെ വ്യവസ്ഥിതിയെ ചോദ്യം ചെയ്ത് സ്വാതന്ത്ര്യം ആവോളം ആസ്വദിച്ച് പാറപ്പുറങ്ങളിലൂടെ കൊട്ടപ്പഴങ്ങളും പറിച്ചു തിന്നു പ്രകൃതിയോട് അലിഞ്ഞു ചേർന്ന് ജീവിച്ച ഒരു ധീരവിപ്ലവകാരിയുടെ കഥയാണത്.

സ്വാതന്ത്ര്യം ആണ് അമൃതമെന്നും, പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം ആണെന്നും ആശാൻ വാക്കുകളിലൂടെ പറഞ്ഞപ്പോൾ, മാസങ്ങളോളം ക്ലാസ് ബങ്ക് ചെയ്ത്  ആ സ്വാതന്ത്ര്യം ഒരു തുള്ളി രക്തം പോലും ചൊരിയാതെ നേടിയെടുത്ത് സ്വജീവിതത്തിലൂടെ കാട്ടിക്കൊടുത്ത മൂക്കള ഒലിപ്പിച്ച് നടന്ന ഒരു വീരയോദ്ധാവിന്റെ കഥയാണത്,

അതിവിടെ കുറിക്കണമെങ്കിൽ, ഞാൻ കാലചക്രത്തെ നാലരപതിറ്റാണ്ടോളം പിന്നിലേയ്ക്ക് തിരിക്കണം. ഓടിയോടി ഒരുപാട് തേയ്മാനം സംഭവിച്ചതിനാൽ, ആ ചക്രം തിരിക്കാൻ വളരെ പ്രയാസം ആണെങ്കിലും, ഞാൻ ഒന്നു ശ്രമിക്കട്ടെ!!

(തുടരും)


APJ with Students